രാവിലെ തന്നെ ഏട്ടന്റെ ഫോൺ കോൾ കണ്ടപ്പോൾ എന്തെങ്കിലും സഹായം ചെയ്യാനായിരുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്

രചന: അബ്ദുൾ റഹീം

രാവിലെ തന്നെ ഏട്ടന്റെ ഫോൺ കോൾ കണ്ടപ്പോൾ എന്തെങ്കിലും സഹായം ചെയ്യാനായിരുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. കാരണം അങ്ങനെ വല്ല കാര്യവും പറയാൻ മാത്രമാണ് അവൻ എനിക്ക് വിളിക്കാറുള്ളത്.

അതുകൊണ്ട് തന്നെ ഫോൺ എടുത്ത ഞാൻ നേരെ കാര്യം അന്വേഷിച്ചു, ആ പറ, എന്താ കാര്യം…?

അത് പിന്നെ…നിന്റെ കടയിലേക്ക് ഒരു ജോലിക്കാരനെ വേണമെന്ന് പറയുന്നത് കേട്ടിരുന്നു, ആളെ കിട്ടിയോ…?

ഇല്ല, ആരെങ്കിലും ഉണ്ടെങ്കിൽ പറ…

ആ ഒരുത്തൻ ഉണ്ട്. അവൻ എന്ത് ജോലി വേണമെങ്കിലും എടുക്കും. ആളൊരു പാവമാണ്. നീ കണ്ടറിഞ്ഞു പ്രതിഫലം കൊടുക്കണം.

ആഹ്, അതൊക്കെ നമുക്ക് നോക്കാം, നാളെത്തെ ചെന്നൈ മെയിലിൽ തന്നെ അവനെ ഇങ്ങോട്ട് കയറ്റി വിട്ടേക്ക്…

അങ്ങനെയാണ് അഷ്‌കർ ഞങ്ങളുടെ അടുത്തെത്തുന്നത്. ആൾ ചെറിയൊരു കുട്ടിയാണ്. പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ അതുകൊണ്ട് തുടർ പഠനത്തിൽ ആഗ്രഹം ഉണ്ടോ എന്നും പണമില്ലാത്തതിന്റെ പേരിൽ പഠനം അവസാനിപ്പിക്കരുതെന്നും അതിനുള്ള പണം നമുക്ക് കണ്ടെത്താമെന്നും ഞാൻ അവനോട് പറഞ്ഞപ്പോൾ തുടർ പഠനം ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അവന്റെ മറുപടി.

ഇന്നേക്ക് അവൻ വന്നിട്ട് ആറ് മാസം തികയുകയാണ്. അതിനിടയിൽ ഞാനും കൂട്ടുകാരനും രണ്ട് പ്രാവശ്യം മാറി മാറി നാട്ടിലേക്ക് പോയി വന്നു. എല്ലാമാസവും അവസാന ദിവസം അവന്റെ സാലറി ഞങ്ങൾ കൃത്യമായി അവന് നൽകും. അത് അവൻ നേരെ വീട്ടിലേക്ക് അയക്കും. എന്നും വൈകീട്ട് വീട്ടിലേക്ക് വിളിക്കും.

പക്ഷെ ഒരിക്കൽ പോലും അവൻ നാട്ടിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചില്ല. അന്നൊന്നും ഞങ്ങൾ അവനോട് അതിന്റെ വിശദീകരണം തേടിയിരുന്നില്ല. എന്നാൽ ഇന്നലെ ഞങ്ങൾ അവനോട് നാട്ടിൽ പോകാനും ഉപ്പയെയും ഉമ്മയെയും വീട്ടുകാരെയും പോയി കണ്ടിട്ട് വരാൻ ആവശ്യപ്പെടുകയും ചെയ്തു.

ആ സമയത്താണ് നിറ കണ്ണുകളോടെ അവൻ ആ സത്യം തുറന്നു പറയുന്നത്…എനിക്ക് നാട്ടിലേക്ക് പോകണ്ട. അവിടെയുള്ളവരൊക്കെ എന്നെ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത്. ഇനിയും അവിടെപ്പോയി പരിഹാസങ്ങളും ആക്ഷേപ വാക്കുകളും കേൾക്കാൻ എനിക്ക് വയ്യ…

അതിന് മാത്രം എന്ത് തെറ്റാണ് നീ ചെയ്തത്…?

ഞാനോ എന്റെ വീട്ടുകാരോ ഒരു തെറ്റും ചെയ്തിട്ടില്ല. ഉമ്മയുടെ രണ്ടാമത്തെ പ്രസവത്തിൽ അത്യാവശ്യമായി ഉമ്മാക്ക് മറ്റൊരാളുടെ രക്തം സ്വീകരിക്കേണ്ടി വന്നു. അതിലൂടെ ആയിരിക്കണം ഉമ്മാക്ക് എച്ച് ഐ വി എന്ന രോഗം പിടിപെടുന്നത്, അത് തിരിച്ചറിയാതെ അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ഉപ്പക്കും ഉമ്മയുടെ മുലപ്പാൽ നുകർന്നതിലൂടെ അനിയനും ഈ രോഗം സ്ഥിതീകരിച്ചു.

വീട്ടിലുള്ളവർക്കൊക്കെ ഈ രോഗം സ്ഥിതീകരിച്ചതിനാൽ തന്നെ എനിക്കും ആ രോഗം പിടിപെട്ടിട്ടുണ്ടാകുമെന്ന് സമൂഹം തെറ്റിദ്ധരിച്ചു. അവർ എന്നെ ഒറ്റപ്പെടുത്തി. ആക്ഷേപ വാക്കുകളും പരിഹാസ്യങ്ങളും ഞാൻ കേൾക്കേണ്ടി വന്നു.

ആ സമയത്താണ് നിങ്ങളുടെ ഏട്ടൻ എനിക്ക് ഇങ്ങോട്ടുള്ള ഒരു വഴി പറഞ്ഞു തന്നത്. സത്യത്തിൽ ഇപ്പൊ അവിടെത്തേക്കാൾ എനിക്കേറെ ഇഷ്ടം ഇവിടെയാണ്‌. ആരും എന്നെ പരിഹസിക്കുന്നില്ല. അതുകൊണ്ട് എന്നോട് നാട്ടിലേക്ക് പോവാൻ പറയരുത്.

അവന്റെ വാക്കുകൾ കേട്ടതോടെ എന്റെ കണ്ണുകൾ നിറഞ്ഞു. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് അവൻ തുടർന്ന് പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും അവനെ ഞങ്ങൾ ചേർത്ത് പിടിക്കുകയും ചെയ്തു.

അവഗണിക്കപ്പെടേണ്ടവരല്ല ചേർത്ത് നിർത്തപ്പെടേണ്ടവരാണ് അവർ (കഥക്കുള്ള പ്രചോദനം – കോമഡി ഉത്സവം, ഫ്ളവേഴ്സ് )