എടാ നീയൊന്ന് അച്ഛനെ വിളിച്ച് നോക്ക്, ചിലപ്പോൾ അച്ഛനോടൊപ്പം സ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്ന ആരെങ്കിലുമായിരിക്കും…

_upscale

ഓട്ടോ ഡ്രൈവർ

രചന: സജി തൈപറമ്പ്

:::::::::::::::::::::::::::

LKG വിദ്യാർത്ഥിനിയെ പീ ഡി പ്പിച്ച ഓട്ടോ ഡ്രൈവറെ സ്കൂൾ അധികൃതർ പോലീസിന് കൈമാറി .

“ഡാ ഹരി .. നീയിത് കണ്ടോ ? എഫ് ബി യിലൊരുത്തൻ പോസ്റ്റിട്ടിരിക്കുന്നത്, ഇത് നമ്മുടെ അച്ചൂട്ടി പഠിക്കുന്ന സ്കൂളല്ലേ?

“എവിടെ നോക്കട്ടെ , ശരിയാണല്ലോ ,ഇവന്മാരെയൊക്കെ, മുള്ള് മുരിക്കിന്റെ മരത്തിൽ ന ഗ്ന നാ യി കെട്ടിയിട്ട് കടിയനുറുമ്പിന്റെ കൂട് പൊട്ടിച്ച് തല വഴിയെ ഇട്ട് കൊടുക്കുകയാണ് വേണ്ടത്”

അരിശം സഹിക്കാതെ ഹരി, കൂട്ടുകാരൻ വിനോദിനോട് പറഞ്ഞു.

“എടാ നീയൊന്ന് അച്ഛനെ വിളിച്ച് നോക്ക്, ചിലപ്പോൾ അച്ഛനോടൊപ്പം സ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്ന ആരെങ്കിലുമായിരിക്കും”

വിനോദ് ജിജ്ഞാസ സഹിക്കാതെ പറഞ്ഞു.

അപ്പോഴേക്കും ഹരിയുടെ ഫോണിൽ അമ്മയുടെ കോള് വന്നു.

“മോനേ ഹരീ.. അച്ഛനെ പോലീസുകാര് കൊണ്ട് പോയെന്ന്, നീയൊന്ന് വേഗം സ്‌റ്റേഷനിലോട്ട് ചെല്ല് മോനേ”

“ങ്ഹേ, എന്താ അമ്മേ കാര്യം”

ഹരി, ആകാംക്ഷയോടെ ചോദിച്ചു.

“അത് മോനേ, നാറ്റക്കേസാണന്ന ആ ദിവാകരൻ വിളിച്ച് പറഞ്ഞത്, സ്കൂളിൽ, കുട്ടികളെ വിളിക്കാൻ ചെന്നപ്പോഴാണത്രേ , അവര് തടഞ്ഞ് വച്ച് പോലീസിനെ വിളിച്ചത് ,എനിക്കാകെ വെപ്രാളം കേറീട്ട് വയ്യ”

അത് കേട്ടപ്പോൾ ഹരിയുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി .

“ഡാ ഹരീ..ദേ നിന്റെ അച്ഛന്റെ ഫോട്ടോ”

വിനോദ് ,മടിച്ച് മടിച്ച് എഫ് ബിയിൽ വൈറലായി കൊണ്ടിരുന്ന പീ ഡ നവീ രന്റെ ഫോട്ടോ ഹരിയെ കാണിച്ചു.

“വേണ്ടാ എനിക്ക് കാണണ്ട ,അത് എന്റെ അച്ഛനല്ല,”

ഹരി അസഹനീയതയോടെ തല കുടഞ്ഞു.

“ഡാ .. നീ അങ്ങനെ പറയല്ലേ? ഒന്നുമില്ലേലും നിന്റെ അമ്മയുടെ കാര്യമെങ്കിലും നീ ഓർക്കണ്ടേ, നമുക്ക് സ്റ്റേഷനിൽ പോയി കാര്യമെന്താണെന്ന് തിരക്കിയിട്ട് വരാം”

വിനോദ് നിർബന്ധിച്ച് ഹരിയേയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി.

അവിടെ ചെല്ലുമ്പോൾ സ്റ്റേഷന്റെ മുറ്റത്ത് വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു.

തല കുനിച്ചുകൊണ്ടാണ് ഹരി , എസ് ഐയുടെ റൂമിലേക്ക് കയറി ചെന്നത്.

“സർ, ഞാൻ നേരത്തെ ഇവിടെ കൊണ്ടുവന്ന വിജയൻറെ മോൻ ഹരിയാണ്”

“ഓഹോ, അച്ഛനെ ജാമ്യത്തിലിറക്കാൻ വന്നതായിരിക്കും അല്ലെ?

പരിഹാസത്തോടെയുള്ള എസ്ഐയുടെ ചോദ്യത്തിൽ ഹരി ചൂളിപ്പോയി.

“വേണ്ട സാർ ,അച്ഛൻ തെറ്റുകാരൻ ആണെങ്കിൽ ഒരിക്കലും പുറത്തു വരാത്ത രീതിയിൽ തുറുങ്കിലടയ്ക്കണം സാർ , വിരോധമില്ലെങ്കിൽ എനിക്കൊന്ന് അദ്ദേഹത്തെ കാണാൻ പറ്റുമോ?

“ദാ ‘അവിടെ നില്പ്പുണ്ട് ,ഞങ്ങൾ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, ആ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ ,അച്ഛനെയും കൂട്ടി പോലീസുകാർ തിരിച്ചറിയലിന് വേണ്ടി പോകുന്നുണ്ട് ,കുട്ടി പ്രതിയെ തിരിച്ചറിഞ്ഞാൽ ഇന്ന് തന്നെ അറസ്റ്റുണ്ടാവും”

നെഞ്ചിനകത്ത് വലിയൊരു ഭാരം കയറ്റി വച്ചത് പോലെ ഹരിക്ക് തോന്നി.

റൈറ്ററുടെ മുന്നിൽ, ഭിത്തിയോടു ചേർന്നു, കണ്ണടച്ച് ചാരി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ ,ഹരിക്ക് വെറുപ്പും ദേഷ്യവും ഒരുപോലെ വന്നു .

“സാർ എനിക്ക് മറ്റൊന്നും വേണ്ട ,അദ്ദേഹത്തോടൊന്ന് സംസാരിക്കണം, അത്രേയുള്ളു”

അടുത്തുനിന്ന പോലീസുകാരനോട് ,Si ,ആംഗ്യം കാണിച്ചു.

പോലീസുകാരനുമായി ഹരി അച്ഛൻറെ മുന്നിൽ ചെന്നു നിന്നു.

ശബ്ദം കേട്ട് കണ്ണ് തുറന്ന വിജയൻ ,മുന്നോട്ട് വന്നു ഹരിയുടെ തോളിൽ പിടിച്ചു.

“ഹരി..മോനേ, ഞാൻ…”

“വേണ്ട, ഇനി എന്നെ അങ്ങനെ വിളിക്കരുത്, എന്തിനുവേണ്ടിയായിരുന്നു, നിങ്ങളീ വൃത്തികെട്ട പരിപാടിക്ക് പോയത് ,നാണക്കേട് കൊണ്ട് മനുഷ്യന്റെ തൊലിയുരിഞ്ഞു പോകുന്നു, ഞാനും അമ്മയും അശ്വതിയുമൊക്കെ ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നിങ്ങൾ ചിന്തിച്ചോ?

“മോനേ ഇല്ലെടാ.. അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല, അച്ഛനെ അവർ തെറ്റിദ്ധരിച്ചതാണ്, അതാ ഷണ്മുഖന്റെ ഓട്ടോയിൽ പൊയ്ക്കൊണ്ടിരുന്ന കുട്ടിയാണ്,അവൻ ,ഓട്ടോറിക്ഷ വർക്ക്ഷോപ്പിൽ കയറ്റിയപ്പോൾ ,ആ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിട്ട്,എന്നെ ഏൽപ്പിച്ചതാണ്, അച്ഛൻ ഇന്ന് രാവിലെയാണ്, ആദ്യമായി കുട്ടിയെ സ്കൂളിൽ കൊണ്ടാക്കിയത്, എന്നിട്ട് വൈകുന്നേരം വിളിക്കാൻ ചെന്നതാണ്, അപ്പോഴാണ് ടീച്ചർമാർ എല്ലാംകൂടി, അച്ഛനെ പിടിച്ചുവെച്ച് പോലീസിനെ വിളിച്ചത്, ആ കുട്ടി ടീച്ചർമാരോട് പറഞ്ഞത്രേ , ഓട്ടോ മാമൻ ആ കുട്ടിയെ പേടിപ്പിച്ചെന്ന് , അച്ഛൻ അങ്ങനെ ചെയ്യുമോടാ, നമ്മുടെ അശ്വതിക്കുമില്ലേ ആ പ്രായത്തിൽ ഒരു മോള് ,”

“അച്ഛൻ നിരപരാധിയാണെങ്കിൽ ടീച്ചർമാർ എന്തിനാ അച്ഛനെ പിടിച്ച് പോലീസിൽ ഏൽപിച്ചത് “

“എനിക്കറിയില്ല മോനെ.. അവർ അപ്പുറത്തുണ്ട്, സ്കൂൾ പ്രിൻസിപ്പാളും ടീച്ചർമാരും ഒക്കെ വന്നിട്ടുണ്ട്,”

“ഉം ശരി ,ഞാൻ അവരോടൊന്ന് സംസാരിക്കട്ടെ”

ഹരി വിനോദിനെയും കൂട്ടി ,സ്റ്റേഷനു മുൻവശത്തേക്ക് ചെന്നു നോക്കി,.അവിടെയവർ നിൽപ്പുണ്ടായിരുന്നു.

“സാർ’ ഞാൻ, നിങ്ങൾ പോലീസിലേല്പിച്ച വിജയൻറെ മകനാണ്”

“ഉം ,എന്താ കാര്യം?

കൂട്ടത്തിൽ കട്ടി ഫ്രെയിമുള്ള കണ്ണട വെച്ച പുരുഷൻ അവനോട് ചോദിച്ചു.

“എന്താ സാർ ശരിക്കും സംഭവിച്ചത്, അത് എന്താണെങ്കിലും എന്നോട് പറയൂ”

“കുട്ടിയെ, തന്റെ അച്ഛനാണ് രാവിലെ സ്കൂളിൽ കൊണ്ടു വിട്ടത്, അതിനുശേഷം കുട്ടി ,ക്ലാസ്സിൽ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കാതിരുന്നപ്പോൾ ടീച്ചർ കാര്യമന്വേഷിച്ചു, അപ്പോൾ കുട്ടിക്ക് ഗു ഹ്യ ഭാഗത്ത് വല്ലാത്തവേദനയുണ്ടെന്ന് പറഞ്ഞു, ടീച്ചർ കുട്ടിയോടു വിശദമായി ചോദിച്ചപ്പോഴാണ് ഓട്ടോമാമൻ, കുട്ടിയോട് മോശമായി പെരുമാറിയ കാര്യം പറഞ്ഞത്, അറിഞ്ഞ ഉടനെ ഞങ്ങൾ പോലീസിൽ അറിയിക്കുകയായിരുന്നു, അപ്പോൾ അവരാണ് പറഞ്ഞത് ന്യൂസ് പുറത്ത് വിടണ്ടന്നും , കുട്ടിയെ എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കണമെന്നും, ക്ലാസ്സ് കഴിയുമ്പോൾ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ ഡ്രൈവറെത്തുമ്പോൾ തടഞ്ഞ് വച്ചിട്ട് അവരെ അറിയിക്കണമെന്നും,

അത് കൊണ്ടാണ് ഞങ്ങൾ കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിട്ട് അപ്പോൾ തന്നെ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും, വൈകിട്ട് തന്റെ അച്ഛൻ വന്നപ്പോൾ പോലീസിനെ വിളിച്ചതും”

“ഓക്കേ സർ ,ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി, “

നെഞ്ചിടിപ്പോടെ ഹരി, പോലീസ്സ്റ്റേഷന്റെ മുറ്റത്ത്, ആ കുട്ടിയെ കാണാൻ പോയ പോലീസുകാരെയും കാത്ത് അക്ഷമയോടെ നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷന്റെ മുറ്റത്തേക്ക് ഒരു ജീപ്പ് വന്ന് നിന്നു, അതിൽ നിന്നും, പോലീസുകാർ അച്ഛനെയും കൊണ്ട് എസ്ഐ യുടെ റൂമിലേക്ക് കയറി പോകുന്നത് , ഹൃദയവേദനയോടെ ഹരി ,നോക്കി നിന്നു.

കടന്നു പോകുന്ന ഓരോ നിമിഷങ്ങളും, വളരെയധികം ദൈർഘ്യമുള്ളതുപോലെ ഹരിക്ക് തോന്നി, കുറച്ച് സമയത്തിന് ശേഷം ,ഒരു പോലീസുകാരൻ പുറത്തുവന്ന് ഹരിയെ അകത്തേക്ക് വിളിച്ചു.

“ങ്ഹാ ,ഹരി അങ്ങോട്ട് ഇരിക്കൂ”

si ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞു.

“ങാഹ് ഹരി, ചെറിയൊരു മിസ്സ് അണ്ടർസ്റ്റാൻഡിങ് സംഭവിച്ചതായിരുന്നു, അത് കൊണ്ടാണ് കുറച്ചു നേരത്തേക്കെങ്കിലും തന്റെ അച്ഛൻ പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വന്നത്, സോറി പറയാനേ ഞങ്ങൾക്ക് കഴിയു, ആ സ്കൂളധികൃതരുടെ എടുത്ത് ചാട്ടമാണ് എല്ലാത്തിനും കാരണം”

അതുകേട്ട് ഹരി ഒന്നും മനസ്സിലാവാതെ നിന്നു.

“എന്താണ് സാർ സംഭവിച്ചത്”

“അതോ, അത് പിന്നെ , കുട്ടി പീ ഡി പ്പി ക്കപ്പെട്ടു എന്നുള്ളത് ശരിയാണ്, പക്ഷേ, അതിനുത്തരവാദി തൻറെ അച്ഛനല്ല, അച്ഛനെ രണ്ടുദിവസത്തേക്ക് സവാരി ഏൽപ്പിച്ച, ആ ഷൺമുഖനാണ് പ്രതി ,കുട്ടിയുടെ നാവിൽ നിന്നും ഞങ്ങളതറിഞ്ഞു, സ്കൂൾ ടീച്ചേഴ്സിനോട് കുട്ടി ഓട്ടോ മാമൻ എന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ, അതുകൊണ്ടാണ് തൻറെ അച്ഛനെ ഇവിടെ കൂട്ടിക്കൊണ്ടു വന്നത് ,എന്നിട്ടും കുട്ടി ആളെ തിരിച്ചറിഞ്ഞിട്ട് മതി അറസ്റ്റെന്ന് സിഐ സാർ പറഞ്ഞിരുന്നു ,അതിന് വേണ്ടിയാണ്, അദ്ദേഹത്തെ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടു പോയത്”

“കൊള്ളാം സാർ നിങ്ങളുടെയൊക്കെ സംശയത്തിന്റെ പേരിൽ കുറച്ചുനേരത്തേക്കാണെങ്കിൽ പോലും, ഞാനും എന്റെ കുടുംബവും എത്രമാത്രം വേദനിച്ചെന്നറിയാമോ ? സോഷ്യൽ മീഡിയയിലൂടെ കുപ്രസിദ്ധി നേടിയ പാവം എന്റെ അച്ഛൻ ,അദ്ദേഹം നിരപരാധിയാണെന്ന് ഈ ലോകത്തോട് ഇനി ആരു പറഞ്ഞു വിശ്വസിപ്പിക്കും സാർ”

നിസ്സഹായതയോടെ ഹരി ചോദിച്ചു.

“ഹരി.. തെറ്റ് എല്ലാവർക്കും സംഭവിക്കാം, ഒരിക്കൽക്കൂടി തന്നോടും , അച്ഛനോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു, താങ്കൾ അച്ഛനെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ”

നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അച്ഛനെ, നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ട്, ഹരി പോലീസ് സ്റ്റേഷന്റെ പടികളിറങ്ങി.