ബാഗ് മേശപ്പുറത്തേക്കിട്ട് ദേഷ്യത്തോടെ അയാൾ വേഗം വേഗം എല്ലാം വലിച്ചുവാരിയിട്ട് പരിശോധിക്കാൻ തുടങ്ങി….

_upscale

ഫയൽ..

രചന : ഭാഗ്യലക്ഷ്മി. കെ. സി

:::::::::::::::::::

വേണുഗോപൻ തിരക്ക് പിടിച്ച് പോകാനുള്ള ഒരുക്കത്തിലാണ്. ഇന്നിത്തിരി നേരത്തേ ഇറങ്ങണം. മകൾക്ക് എന്തൊക്കെയോ വാങ്ങാനുള്ള ലിസ്റ്റ് രാവിലെ തന്നെ പോക്കറ്റിൽ ഇട്ടുതന്നിട്ടുണ്ട്. മകന് ഒരു ക്രിക്കറ്റ് ബാറ്റ് വേണമെന്ന് പറഞ്ഞിരുന്നു. അതും വാങ്ങണം.

ഇന്ന് നാല് ബിരിയാണി വാങ്ങിക്കണം. അവൾ ഓഫീസിൽനിന്നും വരാൻ വൈകും. രാത്രി ഫുഡ് ഉണ്ടാക്കൽ തന്റെ ജോലിയാകും. വയ്യ, വല്ലാത്ത ക്ഷീണം. ഈയാഴ്ച്ച അമ്മയെ കാണാൻ പോകുന്നത് ഒന്ന് മാറ്റിവെക്കണം. മരുന്നൊക്കെ കഴിഞ്ഞാഴ്ച വാങ്ങിക്കൊടുത്തതേയുള്ളൂ.

പെങ്ങളുടെ കുട്ടിക്ക് എഞ്ചിനീയറിങ് പഠനത്തിന് അഡ്മിഷൻ കിട്ടി എന്നവൾ വിളിച്ചുപറഞ്ഞിരുന്നു. അവൾ ഹോസ്റ്റലിൽ നിൽക്കാൻ പോകുന്നതിനിടയിൽ ഒന്ന് പോയി കാണണം…മടങ്ങിവരുമ്പോൾ ഏട്ടന്റെ വീട്ടിലും പറ്റിയാൽ ഒന്ന് കയറണം.. രണ്ട് മൂന്ന് മാസമായി കണ്ടിട്ട്..

ചിന്തകൾ ഇത്രത്തോളമെത്തിയപ്പോഴാണ് ഭാര്യയുടെ ഫോൺ വന്നത്.

ദേ, ഗോപേട്ടാ, അമ്മയ്ക്ക് ആസ്ത്മയായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാ..ഞാനിന്ന് അവിടെ പോയി കണ്ട് വീട്ടിലേക്ക് ഒന്ന് പോകട്ടെ..?

ശരി..നാളെ മടങ്ങില്ലേ..?

നോക്കട്ടെ..

അവളുടെ സ്വരം വല്ലാതെ വിറച്ചിരുന്നു. അവളുടെ അമ്മയ്ക്ക് ഇടയ്ക്കുള്ളതാണ് ഈ അസുഖം. അടുത്ത് തന്നെ ഹോസ്പിറ്റൽ ഉള്ളത് ഭാഗ്യമായി.

എവിടെ നിന്നാണ് ഒരു ബാഡ് സ്മെൽ വരുന്നത്..

പെട്ടെന്ന് വേണുഗോപൻ അസ്വസ്ഥനായി. തിരക്കിട്ട് ബാഗും കുടയുമെടുത്ത് പോകാനിറങ്ങുമ്പോൾ ഓരോരോ അലോസരങ്ങൾ..

സൂപ്രണ്ട് ഇറങ്ങിയിട്ട് വേണം പിറകെ തനിക്കുമിറങ്ങാൻ. അതിനിടയിൽ ഇവിടമൊക്കെ ഒന്ന് ക്ലീൻ ചെയ്യാനും സമയമില്ല.

പക്ഷേ എവിടെ നിന്നാണ് ഈ മണമടിക്കുന്നത് എന്നൊരു പിടിയുമില്ല.

ഇനിയിപ്പോൾ എല്ലാ ഫയലും വലിച്ചുവാരിയിട്ടാൽ പണിയാകും. അടുക്കിപ്പെറുക്കി എടുത്തുവെക്കുമ്പോഴേക്കും സമയം വൈകും. അയാൾ ആകെ കൺഫ്യൂഷനിലായി. അവളുടെ അമ്മയ്ക്ക് വല്ലതും പറ്റിയാൽ നാളെ താൻ ലീവായിരിക്കും. പിന്നെ രണ്ടാം ശനിയാഴ്ച, ഞായ൪,‌ തിങ്കളാഴ്ച മുഹറമാണ്. അതും കഴിഞ്ഞ് വരുമ്പോഴേക്കും ഈ ചീഞ്ഞമണം കടുത്ത് ഓഫീസിലാ൪ക്കും ഇരിക്കാൻ പോയിട്ട് അകത്ത് കയറാൻപോലും പറ്റി എന്ന് വരില്ല..

നോക്കാതെ പോകുന്നതെങ്ങനെ..

വേണുഗോപൻ ധ൪മ്മസങ്കടത്തിലായി. അപ്പോഴാണ് പ്യൂൺ വന്ന് ജനലുകളൊക്കെ അടയ്ക്കാൻ തുടങ്ങിയത്.

താനൊന്ന് എന്നെ സഹായിച്ചാട്ടെ..ഇവിടെ എന്തോ ചത്തുകിടക്കുന്നുണ്ട്. മൂക്കും കൊണ്ട് ഇവിടെ ഇരിക്കാൻ വയ്യ. നമുക്ക് വേഗമിതൊന്ന് പരതിനോക്കാലോ..

അയ്യോ സാറേ, എനിക്ക് പോയിട്ട് അത്യാവശ്യമുള്ളതാ.. നമുക്ക് അടുത്ത ദിവസം നോക്കാം..

അവൻ അടുത്ത മുറിയുടെ ജനലുകളടക്കാനായി പോയി.

സൂപ്രണ്ട് ഇറങ്ങിയതും വേണുഗേപന്റെ കൈ ബാഗിലേക്ക് നീണ്ടു. എഴുന്നേൽക്കാൻ തുടങ്ങിയതും ആ വൃത്തികെട്ട ഗന്ധം അയാളെ പിന്നെയും ഇരുത്തിച്ചു. ബാഗ് മേശപ്പുറത്തേക്കിട്ട് ദേഷ്യത്തോടെ അയാൾ വേഗം വേഗം എല്ലാം വലിച്ചുവാരിയിട്ട് പരിശോധിക്കാൻ തുടങ്ങി.

ഒരു ഫയലിനിടയിലും യാതൊന്നും ‌കണ്ടെത്താനായില്ല.

പിന്നെന്താണ് ഈ ചീഞ്ഞുകിടക്കുന്നത്..

അയാൾ ആശങ്കാകുലനായി. വീണ്ടും ഓരോ ഫയലായി തുറന്നുനോക്കാൻ തുടങ്ങി. അനേകരുടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പെട്ടെന്ന് അയാൾക്ക് തന്റെ വിളി കാത്ത് അവശതയോടെ പുറത്ത് കാത്തിരിക്കുന്ന നഫീസുമ്മയെ ഓ൪മ്മവന്നു.

എത്ര പ്രാവശ്യമായി അവർ ഇവിടെ കയറിയിറങ്ങുന്നു. അമ്പതിനായിരം ഉറുപ്പിക പാസ്സായിട്ടുണ്ട്. ഒരു ഒപ്പിട്ട് സീലും വെച്ച് കടലാസ് കൊടുക്കാനുള്ള പണിയേ ബാക്കിയുള്ളൂ..

സാറേ, ഉമ്മാനെ ഇങ്ങനെ നടത്തിക്കല്ലേ സാറേ.. എനിക്ക് ദിവസവും കൂടെ വരാൻ വയ്യ, മോളൊരു സൂക്കേടുകാരിയാ..അവളെ വീട്ടിൽ തനിച്ചാക്കി വരാൻ ഭയങ്കര ബുദ്ധിമുട്ടാ..എങ്ങനെയെങ്കിലും ഒന്ന് പാസ്സാക്കിത്താ സാറേ..

നഫീസുമ്മയുടെ മകൾ രണ്ടാഴ്ചമുമ്പ് വന്നപ്പോൾ കരഞ്ഞുകൊണ്ട് പറഞ്ഞതാണ്. അതിലൊന്നും തന്റെ കരളലിഞ്ഞില്ല. പലരുടെയും പലവിധത്തിലുള്ള ആവലാതികൾ കണ്ടും കേട്ടും മനസ്സൊക്കെ മരവിച്ചിരുന്നു..

നഫീസുമ്മാ..അയാളാ ഫയലിൽ ഒപ്പിട്ടുകൊണ്ട് പുറത്തേക്ക് നീട്ടിവിളിച്ചു. അവർ ക്ഷീണത്തോടെ പതിയെ നടന്നുവരുന്നതുകണ്ടപ്പോൾ വേണുഗോപന് ലേശം ആത്മനിന്ദ തോന്നി. സീലും വെച്ച് ആ പേപ്പ൪ കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു:

നാളെ ഇതുമായി ബാങ്കിൽ പോയാൽ മതി.

അവ൪ സന്തോഷത്തോടെ തലയാട്ടി. പേപ്പറും വാങ്ങി വേച്ചുവേച്ച് അവ൪ നടന്നുപോകുമ്പോൾ അയാൾ ദീ൪ഘമായൊന്ന് നിശ്വസിച്ചു. എന്നിട്ട് വീണ്ടും മുക്ക് വിട൪ത്തി ശ്വസിച്ചുനോക്കി..ഭാഗ്യം..! ആ ദുർഗന്ധം പോയിരിക്കുന്നു..

അയാൾ വേഗംതന്നെ ബാഗുമെടുത്ത് പുറത്തിറങ്ങി. ബസ്സിലിരിക്കുമ്പോൾ അയാൾ ആലോചിച്ചു:

എന്തായിരുന്നു ഫയലിൽ നിന്നുയ൪ന്ന ആ ബാഡ് സ്മെൽ..അവരുടെ ജീവിതത്തിന്റെ ദയനീയതയുടേതാണോ അതോ തന്റെ ദു൪വ്വാശിയുടെയോ..