നീ വരുവോളം….
രചന: സജി തൈപറമ്പ്
::::::::::::::::
“ഷബ്നാ…എഴുന്നേല്‌ക്ക് മോളേ ,നീയി കിടപ്പ് തുടങ്ങിയിട്ട് എത്ര ദിവസമായി ,എല്ലാം കഴിഞ്ഞില്ലേ?ഇനിയിപ്പോൾ അതുമോർത്ത് കിടന്നിട്ട് എന്താ കാര്യം ,”
ഉമ്മയുടെ ശകാരം കേട്ട് ശബ്ന, തേങ്ങലൊതുക്കിയ ഒരു നെടുവീർപ്പോടെ എഴുന്നേറ്റ് ,കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു.
“എല്ലാവരും പോയോ ഉമ്മാ …?
“ഉം, മിക്കവരും ഇന്നലെ തന്നെ പോയിരുന്നു ,പിന്നെ ഷഹനയും കെട്ടിയോനും ഇന്ന് രാവിലത്തെ വണ്ടിക്കാ പോയത് ,അവരൊക്കെ സ്വന്തം ബിസിനസും കുട്ടികളുടെ പഠിത്തവുമൊക്കെ കളഞ്ഞിട്ട് ഒരാഴ്‌ചയായിട്ട് ഇവിടെ വന്ന് നില്ക്കുവല്ലേ? എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ച് പോയി, അത് കൊണ്ടാ പറഞ്ഞത്, നീയും ഒന്നെഴുന്നേല്ക്കാൻ”
സുഹർബാൻ മകളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“അവരൊക്കെ തിരിച്ച് പോയത് അവരുടെ പഴയ ജീവിതത്തിലേക്കല്ലേ? പക്ഷേ ,എനിക്കും എന്റെ മക്കൾക്കും തിരിച്ച് പോകാൻ ഇനിയൊരു ജീവിതമില്ലല്ലോ ഉമ്മാ ..”
ആർത്തലച്ച് വന്ന തേങ്ങലൊതുക്കാനാവാതെ ,അവൾ ഉമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
“എന്താ മോളേ ഇത്, നീയിങ്ങനെ തളർന്നാലോ ,നിന്റെ പിഞ്ച്മക്കളുടെ കാര്യം നീയൊന്നോർത്ത് നോക്കിക്കേ, അവർക്ക് ജീവിതം ഇനിയും ബാക്കി കിടക്കുവല്ലേ? നീ വേണ്ടേ, അവരെ ഇനി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരേണ്ടത്”
ജോലി സ്ഥലത്ത് വച്ച് പെട്ടന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന്, അപ്രതീക്ഷിതമായിട്ടായിരുന്നു , ഷബ്നയുടെ ഭർത്താവ് ഫിറോസിന്റെ മരണം.
ആ ദുരന്ത വാർത്ത കേട്ട്, ബോധമറ്റ് വീണ ഷബ്ന ,ഫിറോസിന്റെ ബോഡി കൊണ്ട് വന്നതും, ഖബറടക്കത്തിനായി കൊണ്ട് പോകുന്നതും, അബോധാവസ്ഥയിൽ ആരൊക്കെയോ തന്നെ ,താങ്ങിപ്പിടിച്ച് നടന്നതുമൊക്കെ ഉപബോധമനസ്സ് കൊണ്ട് അവളറിയുന്നുണ്ടായിരുന്നു .
ഉമ്മ പറഞ്ഞത്, ശരിയാണെന്ന് അവൾക്ക് തോന്നി ,താനിങ്ങനെ തളർന്നിരുന്നിട്ട് എന്താ കാര്യം ,പാവം തന്റെ മക്കൾ എന്ത് പി ഴച്ചു, അവരുടെ ഭാവി ഇനി തന്റെ കൈകളിലാണ്, ഉയിർത്തെഴുന്നേല്ക്കണമെന്നും ,അവർക്ക് വേണ്ടി താൻ ഉണർന്ന് പ്രവർത്തിക്കണമെന്നും, അവൾ തീരുമാനിച്ചു.
ദിവസങ്ങൾ കടന്ന് പോയി, നാല്പതാംഹത്തവും കഴിഞ്ഞ്,ഷബ്നയുടെ ഉമ്മയും ബാപ്പയും ഇളയ മകളുടെ വീട്ടിലേക്ക് പോയി ,അനുജത്തി ഷഹനയുടെ പ്രസവമടുത്തിരിക്കുകയാണ്, മൂത്ത കുട്ടിയുമായി അവളവിടെ തനിച്ചാണ്, ഭർത്താവ് സുഹൈൽ ഗൾഫിലായിരുന്നത് കൊണ്ട്, ഉമ്മയും ബാപ്പയും അവളുടെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്.
കുട്ടികളെ രണ്ട് പേരെയും സ്കൂളിലയച്ചിട്ട്, ഷബ്ന അടുക്കളയിൽ നിന്ന് പാത്രം കഴുകുമ്പോൾ, കോളിങ്ങ് ബെല്ല് മുഴങ്ങി.
കൈ കഴുകിയിട്ട് തോളിൽ കിടന്ന ഷാളെടുത്ത് തലവഴിയെ മൂടിയിട്ട് ,അവൾ മുന്നിലേക്ക് വന്ന് ഡോറ് തുറന്ന് നോക്കി.
മുന്നിൽ അതാ, മുഖം നിറയെ ചിരിയുമായി ഫിറോസ് നിൽക്കുന്നു.
ഒരു നിമിഷം പകച്ചു പോയ ഷബ്ന, അയാളെ കൗതുകത്തോടെ നോക്കി.
“അപ്പോൾ നിങ്ങൾ മരിച്ച് പോയില്ലേ?
ഷബ്ന, അയാളോട്,അതിശയത്തോടെ ചോദിച്ചു.
“ഹ ഹ ഹ ,എനിക്കങ്ങനെ പോകാനൊക്കുമോ? ,അപ്പോൾ പിന്നെ നിങ്ങൾക്കാരാ ഉള്ളത് ,നിന്റെ സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കെല്പില്ലാത്ത നീ ,നമ്മുടെ രണ്ട് മക്കളെ എങ്ങനെ ഒറ്റയ്ക്ക് വളർത്തിയെടുക്കും ,അല്ലെങ്കിൽ തന്നെ, എന്റെ ബൈക്കിന്റെ പിന്നിലിരുന്ന് മാത്രം ഈ വീടിന് പുറത്തേക്ക് പോയിട്ടുള്ള നീ, വരുമാനമുള്ള ഒരു ജോലിക്ക് എങ്ങനെ പോകും ,അത് കൊണ്ടാണ് ഞാൻ നിന്നോട് പണ്ട് മുതലേ പറയുന്നത്, സ്വന്തമായിട്ട് വരുമാനമുണ്ടാകുന്ന എന്തെങ്കിലുമൊന്ന് നോക്കണമെന്ന്, അപ്പോഴൊന്നും നീ കേട്ടില്ലല്ലോ? ഇനിയിപ്പോൾ എന്ത് ചെയ്യും”
ഫിറോസ് കുറ്റപ്പെടുത്തലോടെ അവളോട് ചോദിച്ചു.
“ഇപ്പോൾ നിങ്ങളിങ്ങ് വന്നില്ലേ? പിന്നെ എനിക്കെന്തിനാ ജോലി, എന്റെയും മക്കളുടെയും കാര്യം നിങ്ങള് നോക്കിയാൽ പോരെ?
“ഹ ഹ ഹ ,എടീ മണ്ടീ.. അതിന് ഈ ലോകത്തിനി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, കഴിഞ്ഞ മാസം പതിനഞ്ചോടെ ഞാനിവിടുന്ന് വിട പറഞ്ഞ് പോയതല്ലേ? ഇപ്പോൾ നിനക്കല്ലാതെ മറ്റാർക്കും എന്നെ കാണാൻ കഴിയില്ല”
“ങ്ഹേ..”
അത് കേട്ട ഷബ്ന ,ഒരു നിലവിളിയോടെ ,അകത്തെ മുറിയിലേക്ക് ഓടി കട്ടിലിലേക്ക് കമിഴ്ന്ന് വീണു പൊട്ടികരഞ്ഞു.
“സബൂർ ചെയ്യൂ ഷബ്നാ.. അള്ളാഹുവിൻറെ വിധിയെ തടുക്കാൻ നമുക്കാർക്കും ആവില്ല”
ഷബ്നയുടെ അരികിൽ വന്നിരുന്ന് , ഫിറോസ് അവളെ ആശ്വസിപ്പിച്ചു .
“ഒരുപക്ഷേ, എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള ഈ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയിട്ടാവണം ,ഇടക്കിടെഎനിക്കിവിടെ വന്ന്, നിന്നെയും മക്കളെയും കാണാനുള്ള അവസരം റബ്ബ് തന്നത്, നീ ധൈര്യമായിട്ടിരിക്ക് ഷബ്നാ, മറ്റുള്ളവർക്ക് എന്നെ കാണാൻ കഴിയില്ലെങ്കിലും, നിനക്ക് എന്നെ കാണാനുo കേൾക്കാനും പറ്റുന്നുണ്ടല്ലോ ,എന്റെ മക്കളെ ഒന്ന് ചേർത്ത് പിടിക്കാൻ എനിക്കിനി കഴിയില്ലല്ലോ? എന്ന ഒറ്റ വിഷമമേയുള്ളു, സാരമില്ല ,എന്റെ സ്നേഹo കൂടി നീയവർക്ക് കൊടുക്കുന്നുണ്ടല്ലോ? അത് മതി, എങ്കിൽ ഞാൻ പോകട്ടെ ഷബ്നാ എന്റെ സമയം കഴിഞ്ഞു”
“ങ്ഹേ, പോകുവാണോ ? കുറച്ച് കൂടി ഇരിക്കൂ ,ഞാൻ ഒന്ന് നന്നായി നിങ്ങളെ കണ്ടോട്ടെ, എത്ര നാള് കൂടിയിരുന്നാ നിങ്ങളെ കാണുന്നത്, പ്ളീസ് പോകല്ലേ, പ്ളീസ് ,പ്ളീസ് ഒന്ന് നില്ക്കു, ഞാനൊന്ന് പറഞ്ഞോട്ടെ പ്ളീസ്”
അവൾ ഉറക്കെ നിലവിളിച്ചു.
“ഉമ്മാ.. ഉമ്മാ… നിങ്ങളെന്താ ദു:സ്വപ്നം വല്ലതും കണ്ടോ?
വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ കിടന്ന് പിച്ചും പേയും പറയുന്ന ഷബ്നയെ അടുത്ത് കിടന്ന മകൾ തട്ടി വിളിച്ചു.
ഞെട്ടിയുണർന്ന ഷബ്ന സാധാരണ നിലയിലെത്താൻ കുറച്ച് നിമിഷങ്ങളെടുത്തു.
താൻ കണ്ടത് ദു:സ്വപ്നമായിരുന്നില്ല മോളേ… ഉമ്മ കണ്ടതിൽ വച്ച്, ഏറ്റവും മനോഹരമായ സ്വപ്നമായിരുന്നു അതെന്ന് മകളോട് പറയാൻ അവളുടെ നാവ് പൊന്തിയില്ല.
കാരണം ,പഴമക്കാർ പറഞ്ഞിട്ടുണ്ട്, വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ പിന്നെയത് ഫലിക്കില്ലെന്ന്, ചിലപ്പോൾ താൻ കണ്ട സ്വപ്നം എന്നെങ്കിലും ഫലിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ ഷബ്ന വീണ്ടും കാത്തിരിക്കാൻ തുടങ്ങി, വിങ്ങുന്ന ഹൃദയത്തോടെ.