ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു വെളുത്ത പൂച്ചക്കണ്ണന്‍റെ ചിത്രത്തിന് ജീവന്‍ വച്ചതു പോലെ….

ജീവനാംശം

രചന: ദിപി ഡിജു

::::::::::::::::::::::

‘ഏകാന്തത! അതിനേക്കാള്‍ വലിയ ശാപം ഈ ഭൂമിയിലില്ല! അല്ലേ മാക്സണ്‍?’

വിദൂരതയിലേയ്ക്ക് നോക്കി ഇമ വെട്ടാതെ സ്വപ്നത്തിലെന്നപോലെ റെയ്ച്ചല്‍ മന്ത്രിച്ചു. തുറന്നിട്ട ജനലിലൂടെ സ്വതന്ത്രമായി കയറിയിറങ്ങുകയാണ് കൂരിരുട്ട്. ദൂരെ എവിടെയോ കൂട്ടം വിട്ടു ഏകയായി തന്‍റെ ഗതി അന്വേഷിച്ചു അലയുന്നുണ്ട് ഒരു മിന്നാമിനുങ്ങ്. അങ്ങകലെ തെരുവുവിളക്കുകളുടെ ചുറ്റിലും ഈയാംപ്പാറ്റകള്‍ കൂട്ടമായി ചിറകടിച്ചു പറക്കുന്നു.

‘പ്രതീക്ഷ! അതാണല്ലോ ഓരോ ജീവജാലങ്ങളെയും ജീവിക്കാനായ് പിടിച്ചു നിര്‍ത്തുന്നത്. ക്ഷണികമാണ് ഇവയുടെയെല്ലാം ജീവിതം എന്നറിഞ്ഞു തന്നെയാകുമോ ഇവ ഇങ്ങനെ പറന്നു നടക്കുന്നത്? അതോ അവയ്ക്ക് അത് അറിയില്ലായിരിക്കുമോ? ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ തേടി അവ ഇങ്ങനെ പറന്നുകൊണ്ടേ ഇരിക്കും.’

‘നിനക്ക് പേടിയാകുന്നുണ്ടാകുമോ മാക്സണ്‍? ചുറ്റും കുറ്റാകൂരിരുട്ടാകും അല്ലേ? നിനക്കിഷ്ടപ്പെട്ട വെള്ള റോസാപ്പൂവുകള്‍ക്കിടയില്‍ നീ ഉറങ്ങിക്കിടക്കുമ്പോള സന്തോഷമാണോ അതോ? ആ പൂക്കളും നിന്നോടൊപ്പം ഉറക്കമാവുമല്ലേ?’

അലമുറകളും നിലവിളികളും കഴിഞ്ഞ് ‘മാക്സണ്‍സ് വില്ല’ എന്ന വീട് ഇപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയി. തന്‍റെ ശരീരത്തോട് ഒട്ടിക്കിടന്ന് ഉറങ്ങുന്ന മെറ്റി മോളുടെ മുടിയിഴകളില്‍ റെയ്ച്ചല്‍ മെല്ലെ തലോടി. മുറിയുടെ ഒരു മൂലയിലായി വാടിത്തുടങ്ങിയ വെളുത്ത റോസാപ്പൂവുകള്‍ രണ്ടെണ്ണം ചിതറിക്കിടന്നിരുന്നു. മുകളില്‍ വച്ചിരിക്കുന്ന ഫ്ലവര്‍ വേയ്സില്‍ നിന്ന് വീണതാണവ.

‘നിനക്കറിയാമല്ലോ മാക്സണ്‍, വില്‍ക്കാന്‍ വയ്ക്കുന്ന വെളുത്ത പൂക്കള്‍ അതിന്‍റെ നിറം മങ്ങിക്കഴിഞ്ഞാല്‍ വാടി പോകും. പിന്നെ അത് ആര്‍ക്കും വേണ്ടാതെയാകും. ചിലര്‍ വാടിയ ഇതളുകള്‍ അടര്‍ത്തിമാറ്റി അവ വീണ്ടും വില്‍പനയ്ക്ക് വയ്ക്കും. പക്ഷെ അവയ്ക്ക് മറ്റു പൂക്കളുടെ വില ലഭിക്കില്ല. ഈ എന്നെ പോലെ.’

ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു വെളുത്ത പൂച്ചക്കണ്ണന്‍റെ ചിത്രത്തിന് ജീവന്‍ വച്ചതു പോലെ. പുകച്ചുരുളുകള്‍ക്കിടയില്‍ നിന്ന് മാക്സണ്‍ റെയ്ച്ചലിന്‍റെ അടുത്തേയ്ക്ക് നടന്നു വന്നു.  അവന്‍റെ കണ്ണുകളില്‍ ദയനീയത തെളിഞ്ഞു നിന്നു. അവള്‍ അവന്‍റെ കോളറില്‍ പിടിച്ചു പൊട്ടിക്കരഞ്ഞു.

‘പറയൂ മാക്സണ്‍. ഇനി ഞാന്‍ നമ്മുടെ കുഞ്ഞിനെ എങ്ങനെയാണ് വളര്‍ത്തേണ്ടത്? മുന്‍പെല്ലാം ഇതു ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വരുത്താത്ത കുറവുകളുടെ കണക്കുകള്‍ നിരത്തിയിരുന്നല്ലോ നീ. അങ്ങനെ എന്തെങ്കിലും വന്നാല്‍ തന്നെ ആരെല്ലാമൊക്കെയോ ഉണ്ടാകും എന്നും നീ പറഞ്ഞതല്ലേ? എവിടെ മാക്സണ്‍? നീ പറഞ്ഞിരുന്ന ആ നന്‍മ മരങ്ങള്‍? ഇവിടെ ഇപ്പോള്‍ ഞാനും മെറ്റിയും മാത്രമായില്ലേ? ഇനി എങ്ങനെ? ജീവിതം നീ പറഞ്ഞതു പോലെ അത്ര എളുപ്പമല്ല മാക്സണ്‍. ഇനി അങ്ങോട്ട് ഒട്ടുമല്ല.’

പോസ്റ്റ് ഗ്രാജ്വേറ്റ് ആയിരുന്നു റെയ്ച്ചല്‍. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ അത്യാവശ്യം നല്ല ശമ്പളത്തില്‍ ജോലിയും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് മാക്സണ്‍ന്‍റെ കല്ല്യാണാലോചന വരുന്നത്. നല്ല കുടുംബം. നല്ല ജോലി. നല്ല സ്വഭാവം. സാധാരണക്കാരായ റെയ്ച്ചലിന്‍റെ മാതാപിതാക്കള്‍ക്ക് അത് ഏറ്റവും യോജിച്ച ഒരു ബന്ധമായി തന്നെ തോന്നി.

മാക്സണ്‍ അവളെ പൊന്നു പോലെയാണ് നോക്കിയിരുന്നത് എന്നാല്‍ അവള്‍ ജോലിക്ക് പോകുന്നതിനോട് മാത്രം അയാള്‍ക്ക് എതിര്‍പ്പായിരുന്നു. അവളെയും കുഞ്ഞിനേയും നന്നായി നോക്കാന്‍ ഉള്ള വരുമാനം തനിക്കുള്ളപ്പോള്‍ റെയ്ച്ചല്‍ ജോലിക്ക് പോകേണ്ട ആവശ്യം ഇല്ല എന്നതായിരുന്നു അയാളുടെ ഭാഷ്യം

എന്തിനും ഏതിനും വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന വീട്ടുകാരും കൂട്ടുകാരും ഉള്ളപ്പോള്‍ പിന്നെ മറ്റൊരു രീതിയില്‍ ചിന്തിക്കേണ്ട ആവശ്യവും ഇല്ലല്ലോ! ബാങ്കില്‍ നിന്ന് ലോണ എടുത്ത് മനോഹരമായ ഒരു കൊച്ചു വീടും അവര്‍ പണിതു. അതിനവര്‍ പേര് നല്‍കി ‘മാക്സണ്‍സ് വില്ല’.

ജീവിതം എന്നും ഒരുപോലെ ആയിരിക്കില്ലല്ലോ. മാക്സണ്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഉണ്ടായ ഒരു അപകടത്തില്‍ അയാള്‍ മരണമടഞ്ഞു.

കമ്പനിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരും ചില ബന്ധുക്കളും ചേര്‍ന്ന് അല്ലറചില്ലറ സഹായങ്ങള്‍ തല്‍ക്കാലം ചെയ്തു കൊടുത്തു. എന്നാല്‍ ആളും അരങ്ങും ഒഴിഞ്ഞപ്പോള്‍ അവരെല്ലാം തങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് മടങ്ങി.

റെയ്ച്ചലിന്‍റെ ആവശ്യം ഒരു ജോലിയായിരുന്നു. എന്നാല്‍ ഇത്രയധികം വര്‍ഷം ജോലി ഇല്ലാതിരുന്ന നാല്‍പത്തിരണ്ടുകാരിക്ക് നല്ല ശമ്പളത്തില്‍ ജോലി നല്‍കാന്‍ ആരും തയ്യാറായില്ല. എന്തിന്! മുപ്പതു വയസ്സു കഴിഞ്ഞാല്‍ അപേക്ഷ പോലും സ്വീകരിക്കാന്‍ പല കമ്പനികളും തയ്യാറാവില്ലല്ലോ! വീടിന്‍റെ ലോണ്‍ അടക്കാന്‍ പോലും ചെറിയ ജോലികളില്‍ നിന്ന് ലഭിക്കുന്ന ശമ്പളം തികയില്ല. വീട്ട് ചെലവിന് അന്യന്‍റെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ.

എവിടെ നിന്നോ ഒരു ചിത്രശലഭം  അവളുടെ കൈകളില്‍ പറന്നു വന്നിരുന്നു. തൂവെള്ളയില്‍ തവിട്ട് നിറമുള്ള  ആ ശലഭം അവളുടെ കണ്ണുകളിലേയ്ക്ക് ആഴത്തില്‍ നോക്കുന്നതായി അവള്‍ക്ക് തോന്നി.

‘മാക്സണ്‍, ഞാനും ഇത് പോലൊരു ചിത്രശലഭം ആയിരുന്നല്ലേ? എന്നാല്‍ കൊച്ചു കുഞ്ഞുങ്ങള്‍ ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ? തന്‍റെ കൈയ്യില്‍ നിന്ന് അത് പറന്നു പോകുമോ എന്ന ഭയവും അതിനോടുള്ള സ്നേഹവും എല്ലാം ഉള്ളില്‍ കുമിഞ്ഞു കൂടി അവയുടെ ചിറകുകള്‍ പറിച്ചെടുക്കുകയോ അല്ലെങ്കില്‍ അവയുടെ ദേഹത്ത് നൂലു കെട്ടി പറക്കാന അനുവദിക്കാതിരിക്കുകയോ ചെയ്യും. അതു പോലെ സ്നേഹനൂലില്‍ നീയെന്നെ കുടുക്കിയിട്ടു. പറക്കാന്‍ അനുവദിക്കാതെ.’

അവള്‍ ആ ചിത്രശലഭത്തെ കൈകളില്‍ എടുത്ത് അതിനെ ജനലിലൂടെ പുറത്തേയ്ക്ക് പറത്തി വിട്ടു.

‘ഞാന്‍ വിട്ടു കൊടുക്കില്ല മാക്സണ്‍. ഞാന്‍ ജീവിക്കും. ഈ വീട് നമ്മുടെ സ്വപ്നമാണ്. അതും ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല. എന്നാലും മാക്സണ്‍ എന്നെ എന്തിനാണ് ജോലി ചെയ്യാന്‍ അനുവദിക്കാതെ വീട്ടില്‍ തളച്ചിട്ടത്. എനിക്ക് അന്ന് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ഞാന്‍ ജോലിക്ക് പോയിരുന്നെങ്കില്‍ നീയില്ലാത്ത ഈ നേരത്തും സാമ്പത്തികമായി എങ്കിലും എനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലായിരുന്നോ? ഇനി ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിന്‍റെ ഭാര്യയായി നമ്മുടെ മോളുടെ അമ്മയായി തന്നെ ജനിക്കണം. എന്നാല്‍ അന്നു നീ എന്നെ നിന്‍റെ സ്നേഹക്കൂട്ടില്‍ തളച്ചിടരുതേ.’

മാക്സണ്‍ അവളുടെ തല അവന്‍റെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കാനെന്നോണം മുടിയിഴകളില്‍ തലോടി. അവളെ ജോലിക്ക് വിടുന്ന കാര്യം പറയുമ്പോള്‍ അവന്‍റെ മുഖത്ത് തെളിഞ്ഞിരുന്ന കുസൃതിയും കുറുമ്പും നിറഞ്ഞ ‘എന്തിന്?’ എന്ന ഭാവത്തിന്‍റെ സ്ഥാനത്ത് ചെയ്തു പോയ തെറ്റിനെക്കുറിച്ചുള്ള പശ്ചാത്താപം ഇപ്പോള്‍ നിഴലിച്ചു കാണാം. അവന്‍റെ കണ്ണുകളില്‍ നിന്ന് നീര്‍ക്കണങ്ങള്‍ ഊര്‍ന്നിറങ്ങി.

‘അരുത് മാക്സണ്‍. നീ കരയരുത്. ഞാനും ഇനി കരയില്ല!’

അവന്‍റെ അരികില്‍ തിരികെ വന്ന് അവനെ ഗാഢമായി പുണര്‍ന്ന് അവന്‍റെ നെറുകയില്‍ അവള്‍ സ്നേഹചുംബനം നല്‍കി.

‘മമ്മാ. മമ്മാ. ഇതെന്താ ഈ കിടന്ന് പിച്ചും പെയ്യും പറയുന്നത്? ഇന്നലെ പപ്പായീടെ കുഴിക്കേല്‍ പോയി വന്നപ്പോള്‍ മുതല്‍ ആകെ മൂഡ് ഔട്ട് ആണ്. ഞാന്‍ ശ്രദ്ധിച്ചിരുന്നു. എല്ലാം കഴിഞ്ഞതല്ലെ മമ്മാ. വാ എഴുന്നേറ്റു ഫ്രഷ് ആകൂ.’

മെറ്റി കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം ആണ് ഇപ്പോള്‍ താമസം. മാക്സണ്‍ന്‍റെ ആണ്ട് കുര്‍ബാനയ്ക്ക് വരുമ്പോള്‍ രണ്ടു ദിവസം റെയ്ച്ചലിനോടൊപ്പം നിന്നിട്ടെ അവള്‍ പോകാറുള്ളൂ.

പതിയെ കട്ടിലില്‍ എഴുന്നേറ്റിരുന്നു. പ്രായം തളര്‍ത്താത്ത മനസ്സുമായി റെയ്ച്ചല്‍ എന്ന ആ വിജയിയെ നോക്കി മുന്നില്‍ ഉള്ള കണ്ണാടിയിലെ പ്രതിബിംബം പുഞ്ചിരിച്ചു. കുറച്ചു നാള്‍ മുന്‍പുള്ള കാര്യങ്ങള്‍ അവളുടെ കണ്ണുകളില്‍ മിന്നിമറഞ്ഞു.

തല്‍ക്കാലം ലഭിച്ച ഒരു കണക്കെഴുത്തുകാരിയുടെ ജോലിയില്‍ നില്‍ക്കുന്നതിനിടയില്‍ അവള്‍ തന്നെ പോലെയുള്ള കുറച്ചു സ്ത്രീകളെ സംഘടിപ്പിച്ച് ഒരു കാറ്ററിങ്ങ് സര്‍വീസ് തുടങ്ങി വച്ചു. ദൈവാനുഗ്രഹം കൊണ്ട് അത് നല്ല രീതിയില്‍ പച്ച പിടിച്ചു. അതോടെ കൂടുതല്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ അവരെക്കൊണ്ട് സാധിച്ചു.

‘മമ്മാ. ഇതെന്താ ഇങ്ങനെ കണ്ണാടിയില്‍ നോക്കി ഇരിക്കുന്നത്? ജോലിക്ക് പോകുന്നില്ലേ? സമയം വൈകിയല്ലോ?’

റെയ്ച്ചല്‍ മെറ്റിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ എഴുന്നേറ്റു ഭക്ഷണമുറിയോട് ചേര്‍ന്നുള്ള വാഷ് ബേസിന്‍ ലക്ഷ്യമാക്കി നടന്നു. വാഷ് ബേസിന്‍റെ മുകളിലായി നീല നിറത്തിലെ ഫ്രേമില്‍ പ്രൗഢിയോടെ തിളങ്ങി നില്‍ക്കുന്ന ഒരു കണ്ണാടി ഉണ്ട്. അവള്‍ അതിലേയ്ക്ക് സ്വല്‍പനേരം നോക്കി നിന്നു.

നന്നേ നേര്‍ത്ത വെള്ളി വരകള്‍ ഇപ്പോള്‍ തലയില്‍ ആകെ നിറഞ്ഞിട്ടുണ്ട്. ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ എരിച്ചെടുത്താണ് ദൈവം വെള്ളി മുടിയിഴകള്‍ മനുഷ്യന് സമ്മാനിക്കുന്നത് എന്ന്.

തണുത്ത വെള്ളത്തില്‍ മുഖം കഴുകി തുടച്ചു കൊണ്ട് നില്‍ക്കുമ്പോഴാണ് അയലത്തെ മരിയയുടെ വീട്ടില്‍ നിന്ന് ടോണിയുടെ ശബ്ദം ഉയര്‍ന്നു കേട്ടത്.

‘നീ ഇവിടെ സമ്പാദിച്ചു കൊണ്ടു വന്നിട്ടൊന്നും വേണ്ട ഇവിടെ കുടുംബം കഴിയാന്‍. ജോലിക്ക് പോണോത്രേ ജോലിക്ക്!’

‘അല്ല ഇച്ചായാ. എന്‍റെ ആവശ്യങ്ങള്‍ നടത്താനെങ്കിലും!’

‘നിനക്ക് ഇവിടെ ഇപ്പോള്‍ എന്തിന്‍റെ കുറവുണ്ടായിട്ടാ നീ ഇപ്പോള്‍ ജോലിക്ക് പോണമെന്ന് പറയുന്നത്? തിന്നാന്‍ കിട്ടുന്നില്ലേ? ഉടുക്കാന്‍ കിട്ടുന്നില്ലേ? ആവശ്യങ്ങള്‍ എല്ലാം ഞാന്‍ നടത്തി തരുന്നുമില്ലേ? പിന്നെ വേറെ എന്താ നിനക്ക് ആവശ്യം. മിണ്ടാതെ ഇവിടെ അടങ്ങിയൊതുങ്ങി കഴിഞ്ഞോണം. കേട്ടോടി’

‘ഇച്ചായാ ഭക്ഷണം കഴിച്ചിട്ട് പോകൂ.’

‘എനിക്ക് വേണ്ട!’

ബാഗുമെടുത്ത് ദേഷ്യത്തോടെ ടോണി ബൈക്ക് ഓടിച്ചു പോയി. നിരാശയോടെ മരിയ വാതിലടച്ച് വീടിനകത്തേയ്ക്കും.

‘മാക്സണ്‍സ് വില്ല’യുടെ ഉമ്മറത്ത് തൂങ്ങിക്കിടന്നിരുന്ന മാലയിട്ടു വച്ച ചിത്രത്തിനു മുന്നില്‍ വച്ചിരുന്ന വെളുത്ത റോസാപ്പൂവിന്‍റെ വാടിയ ഒരു പൂവിതള്‍ അപ്പോള്‍ അടര്‍ന്നു താഴേയ്ക്ക് വീണു.