പെട്ടെന്നുള്ള അച്ഛൻ്റെ ഒച്ച കേട്ട് അയാള് അവളുടെ മുടിയിലെ പിടുത്തം വിട്ടു…

രചന: ദിവ്യ കശ്യപ്

:::::::::::::::::::::::

“ആരാടി…****** മോളെ ഇവിടെ ഫാൻ  ഇട്ടിരിക്കുന്നത്..നിൻ്റച്ചൻ കൊണ്ട് വന്നു അടക്കുവോടി എൻ്റെ കുടുംബത്തിലെ കറൻ്റ് ചാർജ്…”??

രാവിലെ കട്ടനും കുടിച്ച് ഫോണും തോണ്ടി ഇരുന്നിട്ട് എപ്പോഴോ ഇറങ്ങി പോയ ഭർത്താവ് കുറച്ച് നേരം കഴിഞ്ഞ് മൂക്കറ്റം കുടിച്ച് മുണ്ടിൻ്റെ കോന്തല കൊണ്ട് കിറിയും തുടച്ച് കയറി വന്നു പറഞ്ഞത് കേട്ടു അപർണ്ണയുടെ പെരുവിരലിൽ നിന്നും പെരുത്ത് കയറി…

സാധാരണ എന്ത് കേട്ടാലും മിണ്ടാതെ നിൽക്കത്തെ ഉള്ളൂ…ഇതിപ്പോ…ഇന്നലെയും അച്ഛൻ കൊണ്ട് തന്ന ആയിരത്തി അഞ്ഞൂറ് രൂപ കൊടുത്താണ് ആ പലചരക്ക് കടക്കാരൻ വേലായുധൻ ചേട്ടനെ ഒന്ന് സമാധാനിപ്പിച്ച് നിർത്തിയിരിക്കുന്നത്…

പ്ലസ് ടുവിന്  പഠിക്കുന്ന സമയത്തായിരുന്നു അമ്മയുടെ മരണം…ക്യാൻസർ ആയിരുന്നു..അമ്മ മരിക്കും വരെ അച്ഛൻ തന്നെയും അമ്മയെയും പൊന്ന് പോലെയാണ് നോക്കിയത്…അച്ഛൻ മീൻകാരനാണ്..കടലിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവരുടെ കൂടെ മീൻ പിടിക്കാൻ പോകും..വെളുപ്പിന് ഒരു മണി ഒന്നര മണി സമയത്ത് പോയാൽ പിന്നെ നേരം വെളുക്കുമ്പോൾ ആണ് തിരിച്ചെത്തൂക..

അമ്മ മരിച്ചു കഴിഞ്ഞപ്പോൾ ആ രണ്ടു മുറി അടച്ചുറപ്പില്ലാത്ത വീട്ടിൽ തന്നെ ഒറ്റയ്ക്കിരുത്തി പണിക്ക്  പോകാൻ അച്ഛന് വലിയ പേടിയായിരുന്നു…എന്നാല് പണിക്ക് പോയില്ലെങ്കിൽ പട്ടിണി ആകുകയും ചെയ്യും..

അങ്ങനെയാണ് പഠിക്കണം എന്ന് പറഞ്ഞിട്ടും കൂടെ നിൽക്കാൻ പറ്റുന്ന ഒരു പയ്യനെ കണ്ടെത്തി തൻ്റെ കല്യാണം നടത്തിയത് അച്ഛൻ…കടലിൻ്റെ അടുത്ത് താമസം പിടിക്കുന്നില്ലാ..ഭയങ്കര മീൻ നാറ്റം ആണെന്നും ഒക്കെ  പറഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ അയാൾക്ക് വീട് മാറണം  എന്നും പറഞ്ഞു വഴക്കായി..ഒടുവിൽ അച്ഛൻ തന്നെ കുറച്ച് കാശ് സംഘടിപ്പിച്ച് തന്നു മറ്റൊരു വീട്ടിലേക്ക് മാറ്റി…എങ്കിലും മാസാമാസം അച്ഛൻ്റെ കയ്യിലുള്ളത് പോലെയൊക്കെ എന്തെങ്കിലും തന്നു സഹായിക്കുകയും ചെയ്യുമായിരുന്നു…

“നീ ആരെ ഓർത്തൊണ്ട് നിൽക്കുവാടി..ചോദിച്ചത് കേട്ടില്ലേ…നിൻ്റെ ത ന്ത കൊണ്ട് തരുമോന്നു കറൻ്റ് ചാർജ്…ഫാനും ഇട്ടിട്ട് അവള് അടുക്കളയിൽ പോയി നിന്ന് ദിവാസ്വപ്നം കാണുന്നു…” അയാള് വീണ്ടും അവളെ കലിപ്പിച്ച് നോക്കി…

“നിങൾ രാവിലെ എഴുന്നേറ്റ് ഫാനും ഇട്ടിരുന്നു കാറ്റ് കൊണ്ടിട്ട് കറൻ്റ് പോയപ്പോ സ്വിച്ച് ഓഫ് ചെയ്യാതെ ഇറങ്ങി പോയതിനു ഞാനും എൻ്റചനും  എന്ത് പിഴച്ചു…ഇറങ്ങി മൂക്കറ്റം മോന്താൻ  പോയപ്പോ ഫാനിൻ്റെ സ്വിച്ച് ഓഫ് ചെയ്തിട്ട് പോകാൻ വയ്യാരുന്നോ..” അവളും വിട്ടില്ല..

“തർക്കുത്തരം പറയുന്നോടി…അടങ്ങി കിടന്നോണം ഇവിടെ…ഞാൻ കൊണ്ട് വരുന്നതും വെച്ച് തിന്നൊണ്ട്…നിനക്കൊക്കെ തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറിയിട്ടാ ഇത്ര അഹങ്കാരം..”അയാള് അവളുടെ മുടിക്കുത്തിന് കയറി പിടിച്ചു വലിച്ചു..

“വിട്…വിട്…” അവള് അയാളെ നോക്കി ദയനീയമായി പറഞ്ഞു…

“മോളെ…” പെട്ടെന്നുള്ള അച്ഛൻ്റെ ഒച്ച കേട്ട് അയാള് അവളുടെ മുടിയിലെ പിടുത്തം വിട്ടു…

അച്ഛൻ അവൾക്ക് നേരെ രണ്ടു മുഷിഞ്ഞ അഞ്ഞൂറിൻ്റെ നോട്ട് നീട്ടി…അച്ഛൻ്റെ മുഖം സങ്കടത്താൽ വിങ്ങിയിരിക്കുന്നത് അവള് ശ്രദ്ധിച്ചു…തകർന്നു പോയി അപർണ്ണ..

“ഇതാ..ഇന്നലെ കവലയിൽ വെച്ച് കണ്ടപ്പോൾ വേലായുധൻ പറഞ്ഞു പലചരക്ക് പറ്റ് ഇനിയും ആയിരം കൂടി ചെല്ലും എന്ന്…ഇത് കൊണ്ടുപോയി അയാൾക്ക് കൊടുക്ക്..”

അവള് കൈ നീട്ടി ആ പൈസ വാങ്ങി..

“അച്ഛൻ നിൽക്ക്…പോകല്ലേ..ഞാനും വരുന്നു കവലയിലേക്ക് …” പറഞ്ഞിട്ട് അകത്തേക്ക് ചെന്നു പ്ലസ് ടു വരെയുള്ള സർട്ടിഫിക്കറ്റ് അടങ്ങിയ കൂടുമെടുത്ത് അവള് അച്ഛൻ്റെ ഒപ്പം ഇറങ്ങി…നിന്നിരുന്ന വേഷത്തിൽ…

വേലായുധൻ ചേട്ടൻ്റെ കടയുടെ  തൊട്ടപ്പുറത്തെ ബുക് സ്റ്റാളിൽ നിന്നും അച്ഛൻ കൊടുത്ത പൈസ കൊടുത്ത്  ഒരു  റാങ്ക്  ഫയലും വാങ്ങി അവള് അച്ഛൻ്റെ ഒപ്പം നടന്നു കടൽ തീരത്തെ അടച്ചുറപ്പില്ലാത്ത ആ വീട്ടിലേക്ക്..

വെളുപ്പിന് കടലിൽ പോകാൻ നേരം അച്ഛന് കട്ടനും  ഇട്ടു കൊടുത്ത് തനിക്കും ഒരു ഗ്ലാസ്സ് കട്ടനും  ആയി അവള് പഠിക്കാനിരുന്നൂ…

“മോളെ…അടച്ചുറപ്പു ഇല്ലാത്ത ഈ വീട്ടിൽ…നിന്നെ തനിച്ച് വിട്ടിട്ട്…..”അച്ഛനെ മുഴുമിപ്പിക്കാൻ അവള് സമ്മതിച്ചില്ല..

“മനസ്സിന് ഉറപ്പുള്ളടതോളം വീടിന് ഉറപ്പില്ലെലും കുഴപ്പമില്ല അച്ഛാ…പിന്നെ എൻ്റച്ചൻ ഈ വെളുപ്പാൻ കാലത്ത് ഉണർന്നിരുന്നു പണി ചെയ്യുന്നു എന്നൊരോർമ്മ മതി ഈ മകൾക്ക് ഉണർന്നിരുന്നു ആവേശത്തോടെ പഠിക്കാൻ…നമ്മൾ വിജയിക്കും അച്ഛാ..”

അവളുടെ ശിരസ്സിൽ ഒന്ന് തഴുകി പുറത്തേക്ക് ഇറങ്ങുമ്പോൾ ആ വീടിൻ്റെ അടച്ചുറപ്പില്ലാത്ത വാതിൽ അച്ഛൻ മലർക്കെ തുറന്നിട്ടു…