പെണ്ണൊരുമ്പെട്ടാൽ….
രചന: സജി തൈപറമ്പ്
::::::::::::::::::::::::::::
ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെങ്കിലേ ,ഇക്കാലത്ത് ഒരു കുടുംബം പുലർത്തനാകു, എന്ന തിരിച്ചറിവിലാണ് ഞാൻ ജോലിയുള്ള പെണ്ണിനെ തന്നെ കണ്ട് പിടിച്ച് കെട്ടിയത്.
രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ട് നടപ്പനുസരിച്ച് കുടുംബത്തിലെ മൂത്ത സന്തതിയായ എനിക്ക്, അവിടുന്ന് പടിയിറങ്ങേണ്ടി വന്നു.
അവളുടെ വീട് വടക്കേ മലബാറിലായതിനാൽ ഞങ്ങളുടെ വീട് ഒരു അണുകുടുംബമായി മാറി.
പക്ഷേ, കല്യാണവും കഴിഞ്ഞ്, രണ്ട് പ്രസവവും കഴിഞ്ഞപ്പോൾ എനിക്കും അവൾക്കും സമയത്ത് ഓഫീസിൽ എത്താൻ പറ്റാതായി.
അടുപ്പിച്ചുള്ള രണ്ട് പ്രസവമായത് കൊണ്ട് ഇളയതിന് പാല് കൊടുക്കുമ്പോൾ മൂത്തതും കിടന്ന് കാറും.
ഒടുവിൽ മൂത്തതിനെ കുപ്പിപ്പാല് കൊടുത്ത് ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം എന്റെ തലയിലായി.
അവള് പ്രസവം കഴിഞ്ഞ് അധികനാളാകാത്തത് കൊണ്ട്, ഓഫീസിൽ കുറച്ച് താമസിച്ച് ചെന്നാലും മേലുദ്യോഗസ്ഥൻ ഒന്നും പറയാറില്ല.
പക്ഷേ, എന്റെ കാര്യം അങ്ങനല്ലല്ലോ?
ഭാര്യയുടെ രണ്ട് പ്രസവത്തിന്റെ പേരും പറഞ്ഞ്, ഞാൻ കിട്ടാവുന്നത്ര ലീവെടുത്ത് സുഖിച്ചത് കൊണ്ട്, ഓഫിസറുടെ കണ്ണിൽ ഞാനൊരു നോട്ടപ്പുള്ളിയാണ്
ബുദ്ധിമുട്ട് കൂടിയപ്പോൾ, ഞാനവളോട് പറഞ്ഞതാ,ഒരു സർവ്വൻറിനെ വെയ്ക്കാമെന്ന്.
അപ്പോൾ അവൾക്കൊരു ഡിമാന്റ്,അറുപത് കഴിഞ്ഞ തള്ളമാരെ കിട്ടുമോന്ന് നോക്കാൻ.
എന്നെ വിശ്വാസ കുറവുണ്ടായിട്ടല്ല കേട്ടോ ,എന്നാലും അവൾക്കൊരു പേടി.
അപ്പോൾ ഞാൻ പറഞ്ഞു.
“അത് വേണ്ട ടീ,ചിലപ്പോൾ അറുപത് കാരിയേം കൊണ്ട് ഒളിച്ചോടാൻ എനിക്ക് തോന്നിയാലോന്ന്
ഹല്ല പിന്നെ, എങ്ങനെ ദേഷ്യം വരാതിരിക്കും.
ഇനീപ്പോ ഒരൊറ്റ മാർഗ്ഗമേയുള്ളു രണ്ടിലൊരാൾ ജോലി രാജിവയ്ക്കുക.
പക്ഷേ, ഞാനെങ്ങനെ രാജി വയ്ക്കും.
അഞ്ചക്ക ശബ്ബളമുള്ള ഉദ്യോഗസ്ഥൻ.
ചുമട്ട് തൊഴിലാളിയായ എന്റെ ബാപ്പ,ഒരു പാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ച് ഒരു ജോലിക്കാരനാക്കിയത്.
അല്ലെങ്കിൽ തന്നെ, ഒരു കുടുംബത്തിലെ കുടുംബനാഥൻ ,ഉള്ള ജോലിയും കളഞ്ഞ് വീട്ടിലിരുന്നിട്ട്, ഭാര്യയെ ജോലിക്ക് വിട്ടാൽ നാട്ട്കാരെന്ത് പറയും.
അവളോട് പറയാം, ജോലി രാജിവയ്ക്കാൻ.
അവളുടെത്, തുശ്ച വരുമാനമുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റാണ്.
പിന്നെ, ഒരു പാട് സ്വത്ത് ഉള്ള കുടുംബത്തിൽ നിന്ന് വന്ന അവൾക്ക് വേണ്ടി അവളുടെ ബാപ്പ, കഷ്ടതകൾ അനുഭവിച്ച് കിട്ടിയ ജോലിയൊന്നുമല്ല,വെറുമൊരു നേരം പോക്കിന് വേണ്ടി നേടിയ ജോലിയാണ് , അത് പോയാലും വലിയ നഷ്ടമൊന്നുമില്ല.
“ടീ ആബിദാ..ഞാനാലോചിച്ചിട്ട് ഒറ്റ വഴിയെ ഉള്ളു,നീ നിന്റെ ജോലിയങ്ങ് രാജിവയ്ക്ക്, രണ്ട് പെറ്റപ്പോൾ തന്നെ, നിനക്ക് അവശ്യത്തിന് ജോലിയായി, നീ ഇനി മുതൽ പിള്ളാരേം നോക്കി വീട്ടിലിരുന്നാൽ മതി “
“എന്തോ …എങ്ങനേ …രണ്ട് പെറ്റതേ, എന്റെ മാത്രം കുറ്റം കൊണ്ടല്ലല്ലോ? അതിന് നിങ്ങള് കൂടി ഉത്തരവാദിയല്ലേ? പിന്നെ ,എന്റെ ജോലി, അത് ഞാൻ വീട്ടിൽ ഫെയ്സ് ബുക്ക് നോക്കിയിരുന്നപ്പോൾ ,ആരും വന്ന് ,ദാ.. നിനക്കൊരു ജോലി ഇരിക്കട്ടെ, എന്നും പറഞ്ഞ്, കൈവെള്ളയിൽ വച്ച് തന്നതുമല്ല, ചെറുപ്പം മുതലേ വാശിയോടെ കഷ്ടപ്പെട്ട് പഠിച്ച്, പരീക്ഷയെഴുതീട്ട് തന്നെയാ, സർക്കാർ ജോലി നേടിയത് ,ആ യോഗ്യതയുള്ളത് കൊണ്ട് മാത്രമാ, നിങ്ങളെ പോലൊരു ഉദ്യോഗസ്ഥൻ, എന്നെ വന്ന് കെട്ടിയതും,
വേണമെങ്കിൽ നിങ്ങള് പോയി രാജിവയ്ക്ക്, എന്നിട്ട് വെറുതെ വീട്ടിലിരുന്നാൽ മതി ,ഞാൻ കാണിച്ച് തരാം , ജോലിക്കും പോയി , ഒരു വീട്ടിലെ മുഴുവൻ കാര്യങ്ങളും നോക്കി, എങ്ങനാ ജീവിക്കുന്നതെന്ന്
അവൾ എന്നെ വെല്ല് വിളിച്ചു.
ശ്ശെടാ ..കടുവയെ പിടിക്കുന്ന കിടുവയോ?
എന്റെ മുന്നിൽ വീറോടെ നില്ക്കുന്ന, ആബിദയെ കണ്ടപ്പോൾ, ഒരു നിമിഷം ഞാൻ, വാളോങ്ങി നില്ക്കുന്ന, ഝാൻസി റാണിയെ ഓർത്ത് പോയി.
ഇനി അവളോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ, നേരം കളയാതെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങി .