ദേവ് മനസ്സിൽ ആ കാഴ്ച വീണ്ടും വീണ്ടും റീവൈൻഡ് ചെയ്തു കണ്ടോണ്ടിരുന്നു. കൺപോളകൾക്ക് ഘനം വച്ചുതുടങ്ങുംവരെ

വെളുത്തചെമ്പരത്തി – ഭാഗം 2 – രചന: വൈഗ വസുദേവ്

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അഖില ആകാംക്ഷയോടെ തിരിഞ്ഞു. ഈശ്വരാ…ദേവ്സാർ.

അവൾ ആശ്ചര്യത്തോടെ തന്നത്താൻ പറഞ്ഞുകൊണ്ട് ദേവിനടുത്തേയ്ക്ക് നടന്നു. നിഷ്കളങ്കമായ ചിരിയോടെ തൻെറ അടുത്തേക്ക് വരുന്ന അഖിലയെ ദേവ് കൺകുളിർക്കെ നോക്കി നിന്നു.

ഹെൽമറ്റ് വച്ചതിനാലാണ് സാറിനെ മനസിലാകാഞ്ഞത്. പിന്നെ സാറെന്തിനാ ഇവിടെ നിന്നത്…?ആരെക്കാണാനാ…?ഒത്തിരി നേരായോ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്…?

ഓരോന്നായി ചോദിക്ക്. എല്ലാം ഒറ്റയടിക്ക് ചോദിച്ചാൽ പറയാൻ പാടാണ്…ദേവ് പറഞ്ഞു. ഞാൻ അഖിലയെ കാണാനാണ് നിന്നത്. പാലത്തിൽകൂടി വരുന്നത് കണ്ടു. എന്നാൽ ഒന്നു മിണ്ടിയിട്ടുപോകാം എന്നുവച്ചു.

ചമ്മൽകാരണം അഖില തലതാഴ്ത്തി നിന്നു. അപ്പോൾ താൻ വീണത് സാറുകണ്ടുകാണും. ശ്ശെ…നാണക്കേട്…ഇനി എങ്ങനെ മുഖത്തുനോക്കും…അഖില മനസ്സിൽ ചിന്തിച്ചു.

അതുകൊണ്ട് ഒരു കാഴ്ചയും കാണാൻ പറ്റി.

എന്ത്…?

ഈ കഥയിലും സിനിമയിലും പോലെ…അമ്പലത്തിൽ പോയിവരുന്ന ശാലീനസുന്ദരിയായ നാടൻപെൺകുട്ടിയെ കാണാൻ പറ്റീന്ന്…

ങേ…അപ്പോൾ താൻ വീണത് കണ്ടില്ല. എൻ്റെ ദേവിയമ്മേ…നീ കാത്തു.

പിറന്നാളാണോ ഇന്ന് അമ്പലത്തിൽ പോകാൻ…?

അല്ല…പിറന്നാൾ അടുത്തമാസം പത്തൊമ്പതിനാ. സാറെവിടെ പോകുവാ…?

എൻ്റെ ഫ്രണ്ട് ഇവിടെ അടുത്ത് താമസമുണ്ട്. ഇന്ന് ഓഫ് അല്ലേ…അവനുമായി കൂടാം എന്നുകരുതി.

എൻ്റെ വീടും ഇവിടെ അടുത്താ സാറുവരില്ലേ…

വരും തീർച്ചയായും പിന്നെയാവട്ടെ. എന്നാൽ ഞാൻ പോവാ. ഉംം.. ആയിക്കോട്ടെ…അഖില വേഗം നടന്നു.

അഖിലാ…വീഴാതെ പോകണം കേട്ടോ…ദേവ് വിളിച്ചു പറഞ്ഞു. അഖിലയ്ക്ക് ചമ്മൽകാരണം തിരിഞ്ഞു നോക്കാൻ പോലും പറ്റിയില്ല.

തെക്കേലെ സരസച്ചിറ്റയുടെ വീടുങ്കൽ എത്തിയതും അഖിലയുടെ കണ്ണുകൾ അറിയാതെ തന്നെ തുളസിത്തറയോടു ചേർന്നു നിൽക്കുന്ന ചെടിയിലായി.

വെളുത്ത ചെമ്പരത്തി…

താൻ എത്ര തവണ കമ്പുകൊണ്ടുപോയി നട്ടതാണ്. ഒന്നുംപിടിച്ചില്ല…ഇനി ഇതിൻ്റെ കമ്പുമുറിക്കാൻ വന്നേക്കല്ലേ അച്ചൂ, എന്നു പറഞ്ഞിട്ടുള്ളതാണ് സരസച്ചിറ്റ. എന്നാലും നിറയെ പുത്തുനിൽക്കുന്നതു കാണുമ്പോൾ എങ്ങനെ ചോദിക്കാതിരിക്കും.

ചിറ്റേ…സരസച്ചിറ്റേ…അഖില എന്ന അച്ചു മുറ്റത്തു നിന്നു നീട്ടി വിളിച്ചു.

ദാ എത്തീ…അകത്തു നിന്നും ചിറ്റ ഉറക്കെ പറഞ്ഞുകൊണ്ട് തിണ്ണയിലേയ്ക്ക് വന്നു.

നീ ആരുന്നോ…നീ എവിടെ പോയി…?

അമ്പലത്തിൽ പോയതാ ചിറ്റേ…

നീ ഒറ്റയ്ക്കോ…? പിന്നെ സുകുവോപ്പ വിട്ടതുമാ…

സത്യാ ചിറ്റേ…

ആണോ എന്നാൽ വേഗം ചെല്ല്…ഇല്ലേൽ ഓപ്പ വിഷമിക്കും.

ഉംം.. പൊക്കോളാം. ചിറ്റേ…എനിക്കീ ചെറിയകമ്പ് മുറിച്ചുതാ. ഇനിഞാൻ ചോദിക്കത്തേയില്ല.

എൻ്റെ കുട്ടീ അത് കുറച്ചുകൂടി വളരട്ടെ…

താ, ചിറ്റേ…ഈ ചെറിയ കമ്പു മതീ.

ഉംം…ഇനി അതിനുവേണ്ടി കിണുങ്ങേണ്ട, എന്നുംപറഞ്ഞ് സരസച്ചിറ്റ അവൾ കാണിച്ചുകൊടുത്ത കമ്പ് മുറിച്ചു കൊടുത്തു. അച്ചുവിൻ്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു.

ചിറ്റേ…ഇതു പിടിക്കും, ഇനി കമ്പു ചോദിക്കില്ലാട്ടോ….അച്ചു പടികൾ ഇറങ്ങി ഓടി.

ശരി..ശരി…വീഴാതെ പോ…

ങേ…ചിറ്റയും വീഴാതെ പോകാനല്ലേ പറഞ്ഞത്. ചിറ്റ എങ്ങനറിഞ്ഞു താൻ വീണത്.

അച്ചു ദൂരേന്നേ കണ്ടു, മുറ്റത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ…അരിശത്തിലാണോ…അമ്മയും ഉണ്ടല്ലോ തിണ്ണയിൽ തൂണും ചാരി നിൽപ്പുണ്ട്.

സുകുവേട്ടാ…ദാ അവൾ എത്തി. സുകു നടത്തം നിർത്തി. എന്താ താമസിച്ചത് അച്ചൂ…സുകു ചോദിച്ചു.

താമസിച്ചില്ലച്ഛാ…സരസച്ചിറ്റയുടെ അടുത്തുകേറി അതേ ഉള്ളൂ. ങും…വീട്ടിലിരിക്കുന്നവരുടെ വിഷമം പോകുന്നവർക്ക് അറിയേണ്ടല്ലോ. ശരി പോയി വല്ലതും കഴിക്ക്…

അമ്മേ ഇത് നട്ടിട്ടു വരാം…അച്ചു ലളിതയോടുപറഞ്ഞു. അച്ചു തുളസിത്തറയോടു ചേർന്ന് നട്ടു. ഈശ്വരാ ഇതു പിടിക്കണേ…മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.

അത് എന്തു ചെടിയാ അച്ചു…തുളസിത്തറയുടെ അടുത്ത് കണ്ടതൊന്നും നടാൻപാടില്ല, അറിയില്ലേ നിനക്ക്…

എൻ്റമ്മേ ഇത് നല്ലചെടിയാ…വെളുത്തചെമ്പരത്തി…അമ്മ കണ്ടിട്ടില്ലേ…സരസച്ചിറ്റയുടെ വീട്ടിൽ നിൽക്കുന്നത്‌ അതാ…

ശരി, വാ…ആരും ഒന്നും കഴിച്ചില്ല, നീ വരാൻ നോക്കിയിരിക്കയാരുന്നു. അച്ഛനേയും വിളിക്ക്, ഞാൻ കാപ്പി എടുത്തു വെക്കാം. ലളിത അകത്തേക്ക് നടന്നു.

*** *** ***

ദേവ് തിരിച്ചു റൂമിലെത്തിയപ്പോൾ നാലുമണികഴിഞ്ഞു. വേഗം കളിച്ചിറങ്ങി. എന്താനറിയാത്ത ഒരു സന്തോഷം ഉള്ളിൽ. നിറം എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ പാടിയ പാട്ട് മനസിൽ നിറഞ്ഞു നിൽക്കുന്നു.

മിഴിയറിയാതെ വന്നു നീ
മിഴിയുഞ്ഞാലിൽ…കനവറിയാതെ ഏതോ…

മൂളിപ്പാട്ടു പാടിക്കൊണ്ട് ഫോൺ എടുത്തു. നമ്പർ സെലക്ട് ചെയ്ത് കോൾ കൊടുത്തു. ചെവിയോടു ചേർത്ത് അക്ഷമനായി. ശ്ശെ…എവിടാ വേഗം എടുക്ക്…ബെല്ലടിച്ചു നിന്നതല്ലാതെ ആരും കോൾ എടുത്തില്ല. വീണ്ടും ശ്രമിച്ചു. ഹോ, എടുത്തു.

എന്താ താമസിച്ചത് എടുക്കാൻ…എത്രനേരായി. ഇന്നു ഞാൻ കണ്ടു സംസാരിച്ചു.

ഉംം..ശരി…ഓക്കെ…ബൈ, കോൾ കട്ട് ചെയ്തു. ഒന്നു മയങ്ങാം…ദേവ് കണ്ണടച്ചു. കണ്ണിലും മനസ്സിലും രാവിലെ കണ്ട കാഴ്ച അങ്ങനെ നിൽക്കുന്നു. ദേവ് മനസ്സിൽ ആ കാഴ്ച വീണ്ടും വീണ്ടും റീവൈൻഡ് ചെയ്തു കണ്ടോണ്ടിരുന്നു. കൺപോളകൾക്ക് ഘനം വച്ചുതുടങ്ങുംവരെ.

*** *** ***

വൈകിട്ട് പാടത്തുനിന്നും കയറി വന്ന സുകുവിൻ്റെ മുഖം അരിശംകൊണ്ട് ചുവന്നിരുന്നു. ലളിതേ…എടീ…ലളിതേ…അകത്തോട്ടു നോക്കി ഗൗരവത്തിൽ വിളിച്ചു.

എന്താ സുകുവേട്ടാ, എന്തിനാ അരിശം…?

നീ കാരണമാ ഇന്നു അവളെ ഒറ്റയ്ക്ക് വിട്ടത്.

അതിനിപ്പോ ന്താ..ണ്ടായേ…?

ഉണ്ടായത് പറയാം…ആദ്യം അവളെ വിളി. കാര്യം…ഗൗരവമുള്ളതാണെന്ന് ലളിത ഊഹിച്ചു. അച്ഛൂ…അച്ചൂ…മുറിയിലിരുന്ന് വായിക്കുകയാരുന്നു അച്ചു.

എന്താ അമ്മേ…? അച്ഛൻ വിളിക്കുന്നു. അച്ചു ലളിതയ്ക്കൊപ്പം തിണ്ണയിൽ എത്തി.

എന്താ അച്ഛാ…?

തുടരും