ജോഗിന് വന്ന, സുമതിയുടെ മടിയിൽ തല വച്ച് കിടന്ന്, അവളോട് ചളി പറയുകയായിരുന്നു….

രചന: സജി തൈപറമ്പ്

::::::::::::::::::::::::

“മനുവേട്ടാ..

ദേ മണി ഏഴ് കഴിഞ്ഞു ,കുട്ടികളുടെ സ്കൂൾ ബസ്സ് എട്ടരയാകുമ്പോൾ എത്തും ,ഒന്നെഴുന്നേറ്റ് വന്ന് എന്നെ ഒന്ന് സഹായിക്ക്”

“നീ ഒന്നു പോകുന്നുണ്ടോ? മനുഷ്യൻ പാതിരാവായപ്പോഴാ ,വന്ന് കിടന്നത് ,

എങ്ങനെയെങ്കിലും ,നീ ഒന്ന് മാനേജ് ചെയ്യ്, ഞാൻ ഇത്തിരിയൊന്നുറങ്ങട്ടെ”

“ഈശ്വരാ.. ഞാനിനി എത്ര കിടന്ന് ഓടിയാലാ, ഈ കുട്ടികളെ ഒന്ന് ഒരുക്കി വിടുന്നത്”

ഇന്ദുലേഖ ,

വെപ്രാളത്തോടെ അടുക്കളയിലേക്ക് കയറി.

ഇങ്ങനെയൊരു മനുഷ്യൻ ,ബാക്കിയുള്ളവര്,ഇതിനകത്ത് കിടന്ന് ശ്വാസംമുട്ടി പണി ചെയ്താലും, ഒന്ന് തിരിഞ്ഞ് നോക്കത്തില്ല,

അല്ലേൽ ഒന്നെഴുന്നേറ്റ് കുട്ടികളെ കുളിപ്പിച്ച് ഒരുക്കുകയോ,

അവരുടെ യൂണിഫോം ഒന്ന് തേച്ചിടുകയോ ചെയ്താലെന്താ?

കൈയ്യൊടിഞ്ഞ് പോകുമോ?

അടുക്കളയിൽ ഓടിനടന്ന് പണി ചെയ്യുന്നതിനിടയിൽ ഇന്ദുലേഖ പിറുപിറുത്ത് കൊണ്ടിരുന്നു.

“ഇന്ദൂ …

പണിയൊക്കെ കഴിഞ്ഞോ?

അപ്പുറത്തെ അടുക്കളയിൽ നിന്ന് ,ശ്രീദേവി വിളിച്ച് ചോദിക്കുന്നു.

“ഇല്ല ശ്രീദേവീ ,ഉറങ്ങിപ്പോയി, ഇപ്പോഴാ എഴുന്നേറ്റത്”

“ആണോ, എന്നെ ഇവിടൊരാൾ വെളുപ്പിന് അഞ്ചരയ്ക്ക് വിളിച്ചുണർത്തി അടുക്കളയിലേക്ക് വിടും ,എന്തിനാന്നോ ,ഇല്ലെങ്കിൽ കുട്ടികളെ ഞാൻ സമയത്ത് സ്കൂളിൽ

വിടില്ലന്നും പറഞ്ഞ്”

ഹോ !എന്തൊരു ഉത്തരവാദിത്തമുള്ള ഭർത്താവ്, അവളുടെയൊക്കെ ഒരു ഭാഗ്യം.

ഇന്ദുലേഖയ്ക്ക് അസൂയ തോന്നി.

“എന്നിട്ട് കക്ഷി എന്തേ ശ്രീദേവി.. ,

മോണിങ്ങ് വാക്കിന് പോയോ?

“പിന്നല്ലാതെ, അത് മാത്രം മുടക്കാറില്ല, അത് കൊണ്ടല്ലേ ഇപ്പോഴും, ആളിത്ര ഹാൻസമായിരിക്കുന്നത്”

കിട്ടിയ അവസരം നോക്കി ശ്രീദേവി ഒരു വെടി പൊട്ടിച്ചു.

മ്ഹും ,അങ്ങനാ ആണുങ്ങള്, ഇവിടൊരാള് കണ്ടില്ലേ ? കുടവയറും ചാടിച്ച് നടക്കുന്നത്.

ഇന്ദുലേഖയുടെ കുശുമ്പ് വീണ്ടും കൂടി.

ഈ സമയം ,മോണിങ് വാക്കിനിറങ്ങിയ, ശ്രീദേവിയുടെ ഭർത്താവ് രവിചന്ദ്,

മറൈൻ ഡ്രൈവിലെ ടൈൽസിട്ട, ചാര്ബഞ്ചിൽ, ഭർത്താവിനെ ഗൾഫിലേക്ക് വിളിച്ച് അനുവാദം ചോദിച്ചിട്ട്

ജോഗിന് വന്ന, സുമതിയുടെ മടിയിൽ തല വച്ച് കിടന്ന്, അവളോട് ചളി പറയുകയായിരുന്നു.

ഒട്ടും കോമഡി തോന്നിയില്ലെങ്കിലും ,അവനെന്ത് തോന്നുമെന്ന് കരുതി സുമതി ,തന്റെ മാംസള ശരീരമിളക്കി പൊട്ടിച്ചിരിച്ച് കൊണ്ടിരുന്നു.

അടുക്കളയിൽ ഗ്യാസ് സ്റ്റൗവ്വിനോടും ,

അലറിക്കരയുന്ന മിക്സിയോടും തന്റെ പരിഭവങ്ങൾ എണ്ണിപ്പറഞ്ഞ്, ഇന്ദുലേഖ ഒടുവിൽ, കുട്ടികൾക്ക് സ്കൂളിൽ കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് റെഡിയാക്കി.

ഹോ! ഇനി കുട്ടികളെ വിളിച്ചുണർത്തി കുളിപ്പിക്കണം.

അവൾ ധൃതി പിടിച്ച് ബെഡ് റൂമിലേക്കോടി വന്നു.

അവിടെ കണ്ട കാഴ്ച്ച അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു.

കുട്ടികൾ രണ്ട് പേരും കുളിച്ചിട്ട് ഫുൾ യൂണിഫോമിൽ നില്ക്കുന്നു.

സ്കൂൾ ബാഗിൽ,

ടൈംടേബിൾ അനുസരിച്ച് പുസ്തകങ്ങളും തയ്യാറാക്കി വച്ചിരിക്കുന്നു.

“ഇതൊക്കെ എന്റെ മക്കൾ തനിയെ ചെയ്തോ?

അവൾ അത്ഭുതത്തോടെ ചോദിച്ചു.

“അല്ലമ്മേ ..

എല്ലാം അച്ഛൻ ചെയ്ത് തന്നതാ”

“എന്നിട്ട് അച്ഛനെവിടെ?

“അച്ഛൻ, തെക്കേപറമ്പിലെ പുളിമാവിൽ, തൂങ്ങാൻ പോയി”

“ങ് ഹേ..

തൂങ്ങാനോ?

“എൻറമ്മേ.. വയറ് കുറയ്ക്കണമെന്നും പറഞ്ഞ് മാവിന്റെ കൊമ്പിൽ ,

രണ്ട് വളയം കെട്ടിയിട്ട് അതിനകത്ത് കിടന്ന് തൂങ്ങാൻ പോയെന്ന്”

“ഹോ ! മനുഷ്യൻ

പേടിച്ച് പോയി,

പാവം മനുവേട്ടൻ’

വെറുതെ താൻ അദ്ദേഹത്തെ കുറെ കുറ്റപ്പെടുത്തി”

ബെഡ് റൂമിന്റെ ജനാല തുറന്ന് ,തെക്കേപറമ്പിലെ മാങ്കൊമ്പിൽ കിടന്ന് തൂങ്ങിയാടുന്ന മനുവിനെ നോക്കി ഇന്ദു ,സഹതപിച്ചു.