ഇരവിൽ ഒരു കതിരവൻ…
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
:::::::::::::::::::::::::
മൂന്നാം യാമം.അയാളുടെ അരികിൽ നിന്നെഴുന്നേറ്റ്, അവൾ ഇരുട്ടു തപ്പി ബാത്റൂമിന്റെ ലൈറ്റിട്ട്, സാവധാനത്തിൽ അകത്തു കയറി.കുളിമുറിയിൽ നിന്നും പുറത്തേക്കരിച്ച നേർത്ത വെളിച്ചത്തിൽ വ്യക്തമായിക്കാണാം;അവൾ വാരിപ്പുതച്ച ബെഡ് ഷീറ്റിന്റെ ഇളം നീല നിറം.വാതിലടഞ്ഞു.വെള്ളം വീഴുന്ന ശബ്ദം.
വീണ്ടും, മുറിയിൽ ഇരുട്ടു പടർന്നു.അയാൾ കയ്യെത്തിച്ചു തലയ്ക്കൽ ഭാഗത്തു വച്ച മഗ്ഗിൽ നിന്നും,തണുത്ത വെള്ളം മടുമടാ കുടിച്ചു.ദാഹം, തീരാത്ത പോലെ.ഇരുട്ടിൽ, കട്ടിലിൽ കിടന്ന് കൈകാലുകളാൽ പരതി.എപ്പോഴോ ഊർന്നു പോയ വേഷ്ടികൾക്കായി.ഒടുവിൽ, ചുളിഞ്ഞുലഞ്ഞു ഉരുണ്ടു കൂടിയ വസ്ത്രങ്ങൾ കൈവന്നു.അവ ധരിച്ചു.
കട്ടിലിന്റെ വിളുമ്പിലേക്കു വീണുപോയ വിലയേറിയ ഫോണിൽ, ഒരു വാട്സ് ആപ്പ് സന്ദേശം വിരുന്നു വന്നു.അലസമായി ഫോണെടുത്ത് , അതിലേക്കു കണ്ണോടിച്ചു.
“നൈറ്റ് ഷിഫ്റ്റാണ് മോനേ,ഈദ് ആണെങ്കിലും ഞങ്ങൾക്കവധിയില്ല.നഴ്സുമാർക്ക് നാടും മിഡിൽ ഈസ്റ്റും സമം തന്നേ,ശമ്പളത്തിലേയുള്ളൂ വ്യത്യാസം.ശരീ ട്ടാ, വന്നിട്ടു വിളിക്കാം”
ചുംബനത്തിന്റെ ഇമോജികൾ സന്ദേശത്തിനു അകമ്പടിയായി പെയ്തിറങ്ങുന്നു..അവളുടെ പ്രൊഫൈൽ ചിത്രത്തിനു മാറ്റമില്ല.വിവാഹ ഫോട്ടോ തന്നെയാണ്.വരന്റെ വേഷത്തിലിരിക്കുന്ന തനിക്ക്, എത്ര നിഷ്ളങ്ക ഭാവമാണ്.അയാൾ വെറുതേയോർത്തു.പ്രണയത്തിന്റെയും ചുംബനങ്ങളുടേയും ഇമോജികൾ മറുപടിയായി പറന്നകന്നു.
കുളിമുറിയുടെ വാതിൽ,പതിയേ തുറന്നു നിറയൗവ്വനം പുറത്തിറങ്ങി.അവൾ കിടപ്പുമുറിയിലെ വെളിച്ചമിട്ടു.തീഷ്ണപ്രകാശത്തിൽ വ്യക്തമായിക്കാണാം.ചുവരിൽ മാലയിട്ടലങ്കരിച്ച ആ യുവാവിന്റെ വലിയ ചിത്രത്തേ.അകാലത്തിൽ പൊലിഞ്ഞവന്റെ ചുണ്ടുകളിലൊരു പുഞ്ചിരി നിശ്ചലമായിക്കിടപ്പുണ്ട്.ഏറ്റവുമടുത്ത ചങ്ങാതിയായതിനാലാകാം, അവൻ തന്നെ സൂക്ഷിച്ചു നോക്കുന്ന പോലെ തോന്നിക്കുന്നു.
ശയനമുറിയുടെ വാതിൽ തുറന്ന്, മെല്ലേ നടുവകത്തെത്തി.അവളുടെ കൈകൾ, അയാളുടെ അരക്കെട്ടിൽ ചുറ്റിയിരുന്നു.ഏതോ വാസന സോപ്പിന്റെ ഹൃദ്യഗന്ധം പ്രസരിക്കുന്നു.ഹാളിനോടു ചേർന്ന, പാതി ചാരിയിട്ട മുറിയിൽ നിന്നും ഒരു ചെറുബാല്യക്കാരിയുടെ ഉഛാസതാളങ്ങൾ കേൾക്കാം.ശാന്തമായുറങ്ങുന്ന പെൺകുട്ടി.അവളുടെ മകൾ.
ഉമ്മറവാതിൽ കടന്ന്, മുറ്റത്തു പാർക്ക് ചെയ്ത കയറി പതിയേ റോഡിലേക്കിറങ്ങി. അയൽബന്ധങ്ങളന്യമായ നഗരം ചിലപ്പോഴൊക്കെ ഒരനുഗ്രഹം തന്നെയാണ്..നാഗരികതയുടെ തിരക്കുകൾ നിറഞ്ഞ റോഡിലെ,മഞ്ഞവെളിച്ചം ആസ്വദിച്ച്,അയാൾ യാത്ര തുടർന്നു.
പോക്കറ്റിൽ വിശ്രമിക്കുന്ന ഫോണിലേക്ക്, അപ്പോളും വാട്സ് ആപ്പ് സന്ദേശങ്ങൾ വന്നുകൊണ്ടേയിരുന്നു.മധ്യപൂർവ്വേഷ്യയിലെ അതിപ്രശസ്തമായ ആ ആതുരാലയത്തിന്റെ കോട്ടമതിലുകളും കടന്ന്;
കാർ ഓടിക്കൊണ്ടിരുന്നു.തരിമ്പും കുറ്റബോധമില്ലാതെ അയാളുടെ സഞ്ചാരം തുടർന്നു.പതിവുകൾ തുടരാനായി….