രചന : ഭാഗ്യലക്ഷ്മി. കെ. സി.
::::::::::::::::::::
പതിനാലിൽ മുടിയുടെ നീളമായിരുന്നു വിഷയം..ഇന്നിപ്പോൾ ബോയ്കട്ട് ആയാലും സാരമില്ല എന്നായി.
പിന്നീട് വെളുപ്പായിരുന്നു വിഷയം..തൊലിയുടെ പുറത്തല്ല അകത്താണ് കാര്യം എന്ന് മനസ്സിലാക്കാൻ കാലങ്ങൾ കഴിയേണ്ടിവന്നു..
കണ്ണുകളുടെ പുറംഭംഗിയെ കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കുന്നത്,.ഇന്നിപ്പോൾ കണ്ണടവെച്ചിട്ടും കാഴ്ച കുറയുന്നുവോ എന്ന ചിന്തകൾ റീപ്ലേസ് ചെയ്തുകളഞ്ഞു..
തൊലി ചുളുങ്ങിയാലും കൊളസ്ട്രോൾ കുറഞ്ഞാൽമതി എന്നായി…പല്ല് കൊഴിഞ്ഞാലും പ്രഷ൪ വരാതിരുന്നാൽമതി എന്നായി..
തടിയിത്തിരി കൂടുമ്പോൾ സ്ലിംബ്യൂട്ടിയാവാൻ കൊതിച്ചത് തടി കുറഞ്ഞില്ലെങ്കിലും അസുഖമൊന്നുമില്ലാതിരുന്നാൽമതി എന്ന ആശ്വാസത്തിലേക്ക് ചേക്കേറി.
മുഖക്കുരു ഓ൪ത്ത് പണ്ട് ഉറക്കുപോയതോ൪മ്മവന്നത്,മുതുകുവേദന കുറയാതെ ഉറങ്ങാൻ വിഷമിക്കുമ്പോഴാണ്..
കാലിന്റെ ഭംഗിയും പാദസരമിടാനുള്ള കൊതിയും കാലുവേദന വരാതിരിക്കാനുള്ള പ്രാ൪ത്ഥനകളിൽ തട്ടിത്തെറിച്ചുപോയി.
വിരലുകളുടെയും നഖങ്ങളുടെയും ഭംഗി മറന്നു, പകരം വയറിനകത്ത് അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്ഥാനം പിടിച്ചു.
പാൻക്രിയാസും, കരളും, കിഡ്നിയും ആരോഗ്യത്തോടെയിരിക്കുന്നതാണ് ഏറ്റവും വലിയ സൗന്ദര്യം എന്ന തിരിച്ചറിവായി..
നീളം കൂടിയാലും കുറഞ്ഞാലും എല്ലുകളുടെ ബലത്തിലാണ് കാര്യമെന്ന് മനസ്സിലായി.
വീട്ടിനകത്ത് പണമുണ്ടായാലും ആഹാരം കഴിക്കാനാകാതെ വിഷമിച്ച് ഇരിക്കുന്നതിനേക്കാൾ നല്ലത്,ദാരിദ്ര്യം നിറഞ്ഞ കാലത്തെ ഏതാഹാരവും രുചികരമായി കഴിക്കാൻ കഴിയുന്ന അവസ്ഥയായിരുന്നു എന്ന ബോധ്യമാണ് ജീവിതം നൽകുന്ന ഏറ്റവും വലിയ പാഠം..