വെളുത്തചെമ്പരത്തി – ഭാഗം -7, വൈഗ വസുദേവ് എഴുതുന്ന നോവൽ

ആറാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അച്ചുവും ശരത്തും ഫയലിലും സുകുവിൻ്റെ മുഖത്തും മാറി മാറി നോക്കി.

എന്താ അച്ഛാ അതിൽ…? ആകാംക്ഷ ചോദ്യരൂപേണ പുറത്തായി. സുകു മറുപടി പറയാതെ ഫയൽ തുറന്നു. ഒരു ഫോട്ടോ എടുത്തു. അതിൽ കുറെനേരം നോക്കിയിരുന്നു.

എന്താ ചേച്ചീ…? ശരത് അച്ചുവിനോട് ചോദിച്ചു. എനിക്കറിയില്ല…സുകു ആ ഫോട്ടോ അതുപോലെതന്നെ എടുത്തു വച്ചു.

അച്ചൂ..മോനേ..നിങ്ങൾ രണ്ടാൾക്കും അറിയാത്ത കാര്യങ്ങൾ ഉണ്ട്. ഞാനോ ലളിതയോ സരസയോ ആരും ഇന്നുവരെ നിങ്ങളോട് പറഞ്ഞിട്ടില്ലാത്ത കുടുംബകാര്യങ്ങൾ. പലതും ഉൾക്കൊള്ളാനുള്ള പ്രായം ശരത്തിനായിട്ടില്ല. എങ്കിലും പറഞ്ഞേപറ്റൂ…കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല.

ഇവിടെന്താ എനിക്കും ചേച്ചിക്കും അറിയാത്തതായി…ശരത്തിന് അത് മനസിലായില്ല. എന്നാൽ അച്ചുവിനു മനസിലായി. താൻ ചോദിക്കാതെ എല്ലാം അറിയാൻ കഴിഞ്ഞാൽ അതല്ലെ നല്ലത്.

താൻ ചോദിച്ചാൽ എങ്ങനറിഞ്ഞു എന്നു പറയേണ്ടിവരില്ലേ…ദേവീ നീ എന്നെ കാത്തു…ഇനി അച്ഛന് എന്താവും പറയാനുണ്ടാവുക…? അച്ഛൻ പറയുന്നത് കേൾക്കാൻ കാതോർത്തു.

ദാ ഈ ഫോട്ടോ നോക്കൂ…സുകു കുറച്ചു മുമ്പ് ഫയലിൽ നിന്നും എടുത്ത ഫോട്ടോ അച്ചുവിനു നീട്ടി.

ഇത്…ഇത് ആരാ അച്ഛാ…? അച്ചുവിനു മുന്നേ ശരത് ചോദിച്ചു.

നിങ്ങളുടെ അപ്പച്ചി…എൻ്റെ നേരേ ഇളയവൾ. സരസയുടെ മൂത്തവൾ. സുകു ഒരു നിമിഷം നിർത്തി. അച്ഛൻ പഴയ ഓർമ്മകളിലാണ് എന്ന് അച്ഛൻ്റെ മുഖത്തു നിന്നും അച്ചുവിനു മനസിലായി.

എവിടാണ് ഈ അപ്പച്ചി…? എന്താണ് പേര്…? എന്നിട്ട് എന്താ ഇവിടെ വരാത്തത്…? ശരത് ചോദിച്ചോണ്ടിരുന്നു.

മിണ്ടാതെടാ അച്ഛൻ പറയും…അച്ചു സമാധാനിപ്പിച്ചു.

വസു..വസുധ..എനിക്ക് സരസേക്കാളും ഇഷ്ടം. എന്തിനും ഏതിനും ഓപ്പേ…ഓപ്പേ…വിളിച്ചു പിറകെ കൂടും. അവൾ ഒരു തെറ്റുചെയ്തു. കോളേജിൽ പഠിച്ചോണ്ടിരുന്നപ്പോൾ…അവിടെ ഉള്ള അദ്ധ്യാപകനെ സ്നേഹിച്ചു. ഇതറിഞ്ഞ ഞാനും അച്ഛനും അവളുടെ കല്ല്യാണം നിശ്ചയിച്ചു.

എടുത്തു ചാടി നടത്തിയ തീരുമാനം അല്ല…നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്നതാണ്. ശശിയേട്ടനെകൊണ്ട് അവളെ കെട്ടിക്കാം എന്ന്. എന്നാൽ എങ്ങനെ എന്നറിയില്ല. കല്യാണ മണ്ഡപത്തിൽ അവളെ വിളിക്കാൻ അവൻ വന്നു. പലരും പിന്തിരിപ്പിക്കാൻ നോക്കി. ഉന്തും തള്ളും ആകെ ബഹളം…

അവൻ പറഞ്ഞു, വസു എന്നെ വേണ്ടെന്നു പറഞ്ഞാൽ തിരിച്ചു പൊക്കോളാമെന്ന്…വസുധ പറയട്ടെ എന്ന് ശശിയേട്ടൻ പറഞ്ഞു. ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തിക്കൊണ്ട് അവൾ പറഞ്ഞു…അവൾക്ക് അയാളെ മതിയെന്ന്…അവൾ അയാളുടെ കൂടെ പോയി.

അന്നു നടക്കാനിരുന്ന എൻ്റെയും ലളിതയുടെയും കല്യാണവും നടന്നില്ല. വന്നവർ എല്ലാവരും പോയി. സുകു…ഞങ്ങൾ വീട്ടിൽ വരെ പോകട്ടെ വല്ലാത്ത ക്ഷീണം. അച്ഛനും അമ്മയും വീട്ടിലോട്ടുപോന്നു.

എല്ലാക്കാര്യങ്ങളും തീർത്ത് ഞാനും ശശിയേട്ടനും വീടെത്തിയപ്പോൾ രാത്രി പത്തു കഴിഞ്ഞു. അവരെന്തിയേ സരസേ…

ക്ഷീണമാണെന്നും പറഞ്ഞ് കിടന്നു. ഇന്നു ഒന്നും കഴിച്ചിട്ടില്ല…

അച്ചനേയും അമ്മയേയും വിളിക്ക്.

ശരി ഓപ്പേ…സുകു മുറിയിലേക്ക് പോയി.

ഓപ്പേ…ശശിയേട്ടാ…ഓടിവാ…

ശശിയേട്ടാ…എന്താ അത് സരസയാണല്ലോ…വാ നോക്കാം. എന്താടി…?

കതക് പുട്ടിയിരിക്കുവാ. സരസ കരഞ്ഞും കൊണ്ട് പറഞ്ഞു. ശശിയും സുകുവും കതക ചവിട്ടി തുറന്നു. ഒന്നേ നോക്കിയുള്ളൂ. കയറിൽ തുങ്ങി അച്ഛനും അമ്മയും…ഇതുകണ്ട സരസ ബോധംകെട്ടു വീണു.

പിറ്റേദിവസത്തെ പത്രവാർത്ത…അപമാനഭാരം സഹിക്കാനാവാതെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു എന്നാരുന്നു. മൃതദേഹം പോസ്മോർട്ടം കഴിഞ്ഞു കൊണ്ടുവന്നു. ആരോക്കെയോ പറഞ്ഞു വസുധയെ അറിയിക്കേണ്ടെ എന്ന്…വേണ്ടാന്നു പറഞ്ഞു.

ചടങ്ങുകൾ നടക്കുന്ന സമയത്ത് ആവർ എത്തി. ഞാൻ സമ്മതിച്ചില്ല…എൻ്റെ കാലുപിടിച്ചു കരഞ്ഞു. എനിക്ക് ദയതോന്നിയില്ല. രണ്ടു മക്കളെ ഉള്ളൂ എന്നുപറഞ്ഞു. ഇറക്കി വിട്ടു. പിന്നെ അവളെപറ്റി ഒന്നും അറഞ്ഞില്ല. തിരക്കിയില്ല എന്നതാവും ശരി.

വീണ്ടും അവളെ കാണുന്നത് അഞ്ചു വർഷത്തിനു ശേഷമാരുന്നു. പതിനൊന്നു മണിയായി കാണും, പറമ്പിൽ വാഴയ്ക്ക് തടം എടുക്കുകയായിരുന്നു സുകു. കുഞ്ഞിനേയും എടുത്ത് അവൾ തറവാട്ടിലേയ്ക്ക് വരുന്നതും ലളിത വന്നു കൂട്ടുന്നതും കണ്ടു.

ആദ്യം സന്തോഷം തോന്നി. അവളോട് സ്നേഹത്തോടെ സംസാരിക്കണം എന്നുകരുതി തന്നെയാണ് ഞാൻ പറമ്പിൽ നിന്നും പോന്നത്. പക്ഷേ നേർക്കുനേർ കണ്ടപ്പോൾ അച്ഛനും അമ്മയും തൂങ്ങിനിൽക്കുന്നതാണ് മനസ്സിൽ വന്നത്. വെറുപ്പായി…അത് വാക്കുകളാൽ പ്രകടിപ്പിക്കുകയും ചെയ്തു.

അറ്റുപോയ ബന്ധം കൂട്ടിച്ചർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന്. എൻ്റെ വാക്കുകൾ അവളിൽ സങ്കടവും അരിശവും കൂട്ടി. അന്ന് അവൾ പോകാതിരുന്നെങ്കിൽ ഒരുപക്ഷേ പിണക്കം മാറിയേനെ…

അന്ന് നീ ഉണ്ടായിട്ടില്ല അച്ചൂ…എങ്കിലും അവൾ പറഞ്ഞു…ഓപ്പയ്ക്ക് പെൺകുട്ടി ആണെങ്കിൽ അവളുടെ മകൻ്റെ ഭാര്യയായി അവളുടെ അടുത്ത് വരും എന്ന്…മഹാദേവനെ വിളിച്ചു സത്യം ചെയ്തു. ഞാൻ അത് ചിരിച്ചു തള്ളി.

എന്നാൽ…അവളുടെ ആഗ്രഹം പോലെ നാലു വർഷത്തിനുശേഷം നീ ജനിച്ചു. അപ്പോൾ എനിക്ക് പേടിയായി. വസുധയെ പറ്റിയോ അവളുടെ ശപഥത്തിനെ പറ്റിയോ ഒന്നും നിങ്ങൾ രണ്ടാളും അറിയാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചു.

മറ്റുള്ളവർ പറയുന്നത് അവരുടെ രീതിക്കും ഭാവനയ്ക്കും അനുസരിച്ചാവും. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വേറൊരാൾ പറഞ്ഞ് അറിയുന്നതിലും നല്ലത് ഞാൻ പറയുന്നതാണെന്നു കരുതി. സുകു ധൈര്യം നഷ്ടപ്പെട്ടവനെപ്പോലെ പറഞ്ഞു.

അച്ചൂ…അച്ഛൻ്റെ ശരികളായിരുന്നു അതൊക്കെ. കാലം എന്നെയും മാറ്റി. ഇപ്പോൾ പിണക്കത്തിൻ്റെയും വെറുപ്പിൻ്റെയും സ്ഥാനത്ത് പഴയ സ്നേഹം തിരിച്ചു വന്നുതുടങ്ങി. അച്ഛൻ്റെ ശരികളെ നിങ്ങൾക്ക് ഉൾക്കൊള്ളാൻ ആവില്ലാന്നറിയാം.

ഇത്രയും കാലവും ഇതൊക്കെ മറച്ചുവെച്ചതിന് ഞങ്ങളോട് ദേഷ്യം തോന്നേണ്ട. ലളിതേ കുറച്ചു വെള്ളമെടുക്ക്…സുകു പിന്നെയും ഫയൽ തുറന്ന് എന്തൊക്കയോ പേപ്പറുകൾ എടുത്തു.

അച്ചു, ഇതിൽ ഈ തറവാട്ടിൽ അവൾക്കുള്ള അവകാശം ആണ്. അവളും മോനും ഇപ്പോൾ എവിടാണെന്നോ എങ്ങനെനാണെന്നോ അറിയില്ല…എന്നെങ്കിലും വന്നാൽ അവൾക്ക് കൊടുക്കണം. ഞങ്ങൾ ഇല്ലാത്ത കാലത്താണേൽ അവളോട് പറയണം ഞങ്ങൾ അവളോട് പൊറുത്തിരുന്നു എന്ന്…

ഇതൊക്കെ കേട്ടിട്ട് അച്ചുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അങ്ങനൊന്നും പറയല്ലേ അച്ഛാ…അപ്പച്ചി വരും…

എങ്ങനെ…അച്ചൂ…?

*** *** ***

ദേവ്…മോനേ…മയക്കത്തിൽ ആയിരുന്ന ദേവ് വസുധയുടെ വിളിയിൽ ഉണർന്നു.

എന്താ അമ്മേ…?

വസുധ മിണ്ടിയില്ല. അമ്മേ…എന്താ ആകെ വല്ലാതെ…?

എടാ അവൾ ഇനി വരുമോ…?

അതെന്താ അമ്മയ്ക്ക് അങ്ങനെ തോന്നാൻ…?

മനസ്സ് വല്ലാതെ കലങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞതൊക്കെ അവൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ലാന്നു വന്നാലോ…?

അമ്മ വിഷമിക്കാതെ അങ്ങനൊന്നും സംഭവിക്കില്ല. എനിക്ക് മഹാദേവനിൽ പൂർണ്ണവിശ്വാസം ഉണ്ട്.

ഇതുവരെയും വസുധ ആരുടെ മുന്നിലും തോറ്റിട്ടില്ല. ആരുടെ മുന്നിലും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കെഞ്ചാതെയും പണത്തിനായായി കൈനീട്ടാതെയും ജീവിച്ചു. എന്നാലും നിനക്കുവേണ്ടിയും അച്ചുവിനുവേണ്ടിയും ഓപ്പയുടെ മുന്നിൽ യാചിക്കണമെങ്കിൽ അതും ഞാൻ ചെയ്യും…പറഞ്ഞു വന്നപ്പോൾ വസുധയുടെ കണ്ണു നിറഞ്ഞു.

അതിനൊന്നും ഇടവരില്ല. അമ്മ വിഷമിക്കേണ്ട…ദേവ് പറഞ്ഞു.

*** *** ***

എങ്ങനെയെന്ന് അറിയില്ല അച്ഛാ…? അച്ഛാ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല. ഇത്രയും കാലവും എന്തുകൊണ്ട് അപ്പച്ചിയെ അന്വേഷിച്ചില്ല. അപ്പച്ചിയുടെ ഭർത്താവ് മരിച്ചു എന്നറിഞ്ഞതല്ലേ…എന്നിട്ടും എന്തേ അന്വേഷിച്ചില്ല. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് ജീവിച്ചു.

അവർക്ക് സ്വന്തം വീട്ടുകാരുടെ സഹായം വേണ്ട അവസരത്തിൽ കൊടുക്കാതെ ഇരുന്നിട്ട് ഇപ്പോൾ ഈ സമ്പത്ത് കൊടുത്തിട്ട് എന്തുകാര്യം. അവർ ഇത് സ്വീകരിക്കുമോ…?

പണത്തിലും വലുതാണച്ഛാ സ്നേഹവും സഹോദരബന്ധവും. സഹോദരങ്ങളും സ്വന്തം വീടും ഉണ്ടായിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന അപ്പച്ചി എത്രമാത്രം വേദനിച്ചിട്ടുണ്ടാവും. നാളെ ഞാൻ ഇതു ആവർത്തിച്ചാൽ….

അച്ചൂ…നീ എന്തൊക്കെയാണ് പറയുന്നത്…? ലളിത അരിശത്തോടെ ചോദിച്ചു.

തെറ്റായിട്ട് എന്താ അമ്മേ ഞാൻ പറഞ്ഞത്…തിരുത്താൻ പറ്റാത്ത തെറ്റല്ലേ നമ്മൾ ചെയ്തിട്ടുള്ളത്. അവർ കഷ്ടത്തിലാരുന്നപ്പോൾ അവർക്ക് അവകാശപ്പെട്ട മുതൽ നമ്മൾ അനുഭവിക്കുകയായിരുന്നു…അച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ചില തെറ്റുകൾക്ക് പ്രായശ്ചിത്തം പരിഹാരമാവില്ല അമ്മേ…

ചേച്ചി, മതി…അച്ഛനും അമ്മയും ചേച്ചിയും പറഞ്ഞതെല്ലാം കേട്ട് നിശബ്ദനായിരുന്ന ശരത് പറഞ്ഞു. കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ചേച്ചി അച്ഛനെ കൂടുതൽ വിഷമിപ്പിക്കത്തേ ഉള്ളൂ. അച്ഛനു പറ്റിയ തെറ്റ് ഞാൻ തിരുത്തും.

പക്ഷേ അവർ എവിടാന്നറിയില്ലല്ലോ. അച്ഛൻ വിഷമിക്കേണ്ട…ഞാൻ അന്വേഷിച്ചു കണ്ടുപിടിക്കും. ശരത് സുകുവിൻ്റെ കൈ എടുത്തു മടിയിൽ വച്ചു…ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്നുപറയുംപോലെ…

അപ്പച്ചിയെ ഞാൻ കണ്ടു എന്നു പറഞ്ഞാലോ…വേണ്ട അതു വിപരീത ഫലം ചെയ്യും. അച്ഛനേയും അപ്പച്ചിയേയും ഒന്നിപ്പിക്കാൻ എന്താണൊരു വഴി. അച്ചു മനസ്സിൽ ചിന്തിച്ചു.

അച്ചു…അവൾക്ക് അവകാശപ്പെട്ട ഒരു രൂപപോലും നമ്മൾ എടുത്തിട്ടില്ല. എല്ലാം അവളുടെ പേരിൽ ബാങ്കിൽ ഉണ്ട്…സുകു പറഞ്ഞു.

അതുകൊണ്ടെന്തു കാര്യം എന്നു പറയണം എന്നുണ്ടായിരുന്നു…അച്ചു വേണ്ടാന്നു വച്ചു.

സുകുവേട്ടാ…മതി കിടന്നോളൂ. ഇതൊന്നും ഓർത്തു വിഷമിക്കേണ്ട…ലളിത പറഞ്ഞു. അച്ചൂ…ശരത്…വാ അച്ഛൻ ഉറങ്ങട്ടെ. അവർ മൂവരും മുറിക്കുപുറത്തിറങ്ങി.

എന്തിനെന്നറിയാതെ സുകുവിൻ്റെ കണ്ണുനിറഞ്ഞു. എന്തിനായിരുന്നു വാശി. എന്നിട്ട് എന്തുനേടി…കുറ്റബോധം വല്ലാതെ നോവിക്കാൻ തുടങ്ങി. ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…സുകു കണ്ണുകൾ ഇറുകെ അടച്ചു.

അച്ചു…അച്ഛനെ വിളിക്ക്. ചേറെടുത്തുവച്ചു…ലളിത പറഞ്ഞു. അച്ഛനെ വിളിക്കാൻ മുറിലെത്തിയ അച്ചു കണ്ടു വേദനകൊണ്ട് പുളയുന്ന അച്ഛനെ.

എൻ്റെ ദേവീ, എൻ്റെ അച്ചന് എന്താ പറ്റിയത്. അമ്മേ വേഗം വാ…നിലവിളിച്ചു കൊണ്ട് ഓടിവന്നു നെഞ്ച് തടവികൊടുത്തു.

മോളെ…അച്ഛനു വയ്യ…അമ്മേ വിളി. സുകുവേട്ടാ…ലളിത ഓടി എത്തി. അച്ചു…ശരത്തിനെ വിട്ട് വണ്ടി വിളിപ്പിക്ക്. പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ സുകുവിനെ രക്ഷിക്കാനായി…

ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം സുകു തിരിച്ചു വീടെത്തി. പരിപൂർണ്ണ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചു. അച്ചുവിനോടും ലളിതയോടും ഡോക്ടർ പറഞ്ഞു. ഇനി ഒരു അറ്റാക്ക് ഉണ്ടായാൽ രക്ഷപെടാനുള്ള സാധ്യത ഇല്ല. നല്ല കരുതൽ വേണം.

ഇത്രയും ദിവസമായിട്ടും ദേവേട്ടന് ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ…താൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാനെങ്കിലും…അച്ചു ദേവിനെപറ്റി ചിന്തിച്ചിരുന്നു.

എന്താ അച്ചു ആലോചിക്കുന്നത്. പരീക്ഷ അടുത്തില്ലേ, പഠിക്കാൻ നോക്കൂ…രണ്ടാഴ്ചയായി ഒന്നും പഠിച്ചിട്ടില്ല രണ്ടു പേരും…

അമ്മ അടുത്തു വന്നത് അച്ചു കണ്ടില്ല. എത്രയും വേഗം അച്ചുവിൻ്റെ കല്യാണം നടത്തണം. കുറെ പഠിപ്പിച്ചിട്ട് എന്തുകാര്യം…സുകുവേട്ടന് എന്തെങ്കിലും സംഭവിച്ചാൽ…ലളിത ചിന്തിച്ചുറപ്പിച്ചു.

നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ അവൾ പാടുപെട്ടു. എക്സാം വരെ കാക്കുകതന്നെ…അച്ചു പഠിക്കാനായി മുറിയിലേയ്ക്ക് നടന്നു.

*** *** ***

സ്റ്റഡിലീവ് ആയതിനാൽ ദേവിന് അച്ചുവിനെ കാണാൻ കഴിഞ്ഞില്ല. ഫോൺചെയ്യാൻ നിർവാഹവും ഇല്ല. ലാൻഡ്‌ഫോണാണ് അച്ചുവിന്റെ വീട്ടിൽ. ഒരു മൊബൈൽ വാങ്ങൂ എന്ന് എത്ര പറഞ്ഞതാ കേൾക്കില്ല. ഒരെണ്ണം വാങ്ങിതരാം എന്നുപറഞ്ഞതാ സമ്മതിക്കില്ല. എന്തു കാരണത്താലും വീട്ടിലേക്ക് ഫോൺ ചെയ്യരുതെന്നാണ് ആദ്യത്തെ കണ്ടീഷൻ.

ദേവിന് അരിശവും സങ്കടവും വന്നു. ഇനി എക്സാം വരെ കാത്തിരിക്കേണ്ടി വരുമോ…? ദേവ് ഓരോന്നോർത്തു കിടന്നു. വസുധയ്ക്ക് തൻ്റെ പ്രതീക്ഷകൾ എല്ലാം വെറുതെ ആയെന്ന് തോന്നിത്തുടങ്ങി. എപ്പോഴും എങ്ങനാണ് ദേവിനെ അച്ചുവിന്റെ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത്. തൻെറ വാശിയാണ് ഇതിനൊക്കെ കാരണം.

ഒരാഴ്ച പിന്നിട്ടു രണ്ടാഴ്ച പിന്നിട്ടു …അച്ചുവിന്റെ ഒരു വിവരവും ഇല്ല. ദേവിനു വട്ടു പിടിക്കുന്ന പോലെയായി. വസുധയ്ക്ക് മനസ്സിലായി അച്ചുവിന്റെ വിവരം ഒന്നും ദേവിനും അറിയില്ലെന്ന്.

ദേവ്, നമുക്ക് കാവുംപുറത്ത് പോയാലോ…?

അത് വേണോ അമ്മേ…അവർ എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ…

അച്ചു…നിൻ്റെയാണ്. അവർ വേറെ കല്യാണം ആലോചിച്ചാൽ…

ഏയ് ഇല്ലമ്മേ…അവളുടെ അപ്പച്ചി വസുധയാണ്…ആ ധൈര്യം അവൾക്കും ഉണ്ടാകും…

അങ്ങനെയല്ല ദേവ്…എന്തോ ഒരു പേടി…കുറച്ചുകൂടി നോക്കാം അമ്മേ…

നീണ്ടു പോകേണ്ട ദേവ്…

ദിവസങ്ങൾ പിന്നെയും കടന്നുപോയി. വീട്ടുപടിക്കൽ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം മുറിയിൽ കിടക്കുകയായിരുന്ന സുകു കേട്ടു.

അച്ചൂ…ലളിതേ…ആരോ വന്നെന്നു തോന്നുന്നു ആരാന്നു നോക്കൂ…? പഠിക്കുകയായിരുന്ന അച്ചുവോ…അടുക്കളയിൽ ആയിരുന്ന ലളിതയോ…സുകു വിളിച്ചതും പറഞ്ഞതും കേട്ടില്ല.

തുടരും