എട്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
കാവുംപുറം ലക്ഷ്യമാക്കി വന്ന കാർ മുറ്റത്ത് എത്തി. ഉമ്മറത്ത് നിൽക്കയാരുന്ന അച്ചു കണ്ടു കാർ വരുന്നത്. നെഞ്ചിടിപ്പ് വല്ലാതെ കൂടി അവൾ അകത്തേക്ക് നടന്നു.
നമ്മളെ പ്രതീക്ഷിച്ചാണെന്നു തോന്നുന്നു എല്ലാവരും ഉമ്മറത്ത് ഉണ്ടല്ലോ…കൂട്ടത്തിൽ ഒരാൾ പറഞ്ഞു. അങ്ങോട്ട് ഒതുക്കിയിട്ടോളൂ…കാറിൽനിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ പറഞ്ഞു.
കയറി വരു…ലളിത ആതിഥ്യമര്യാദ കാണിച്ചു. ഇരിക്കൂ…
അല്ല, ഞങ്ങളെ മനസിലായിക്കാണുമല്ലോ…? ബ്രോക്കർ രഘു പറഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ…കാരണവർ അയിട്ടുള്ളയാൾ പറഞ്ഞു.
പറഞ്ഞിരുന്നു. ഇപ്പോൾ വരാം…ലളിത അകത്തേക്ക് പോയി. ശരത് വന്നവരെ ശ്രദ്ധിച്ചു. പ്രായം കൂടിയ രണ്ടുപേരും ഒരു ചെറുപ്പക്കാരനും…ഒറ്റ നോട്ടത്തിൽ ശരത്തിനു ചെറുക്കനെ ഇഷ്ടായില്ല…ഈ ചെറുക്കൻ ചേച്ചിക്കു വേണ്ട…അവൻ തീരുമാനിച്ചു.
വന്നവർ വീടുമൊത്തത്തിൽ ഒന്നുനോക്കി തൃപ്തിയാകാത്ത മട്ടിൽ പരസ്പരം നോക്കി. ഇവർ വീടുവാങ്ങാൻ വന്നവർ ആണോ, പെണ്ണുകാണാൻ വന്നവർ ആണോ…? ശരത്തിനു അവരുടെ ഭാവം ഇഷ്ടായില്ല.
അകത്തുനിന്നും ലളിതയും സുകുവും ഇറങ്ങിവന്നു. ലളിത കസേരയിൽ ഇരിക്കാൻ സുകുവിനെ സഹായിച്ചു. എന്നിട്ട് അടുക്കളയിലേയ്ക്ക് നടന്നു. നേരെ അച്ചുവിൻ്റെ അടുത്തെത്തി.
റെഡിയായി വാ…ഒരുകൂട്ടർ വന്നതു കണ്ടില്ലേ…ഞാൻ ചായ എടുക്കട്ടെ…നടന്നാൽ നമ്മുടെ ഭാഗ്യം. നന്നായി പ്രാർത്ഥിച്ചോളൂ…ലളിത സന്തോഷത്തോടെ ചായ എടുക്കാൻ പോയി.
അച്ചു സ്തംഭിച്ചു നിന്നുപോയി. പ്രാർത്ഥിച്ചോളാൻ അല്ലേ അമ്മ പറഞ്ഞത്. ദേവേട്ടനല്ലാതെ വേറൊരാൾക്കായി പ്രാർത്ഥിക്കാൻ തനിക്കാവുമോ…? എന്താ ചെയ്ക. ഉമ്മറത്തേക്ക് വരില്ലാന്നു പറഞ്ഞാലോ.
എൻ്റെ ദേവീ…എന്തേലും വഴി കാണിച്ചു താ…ചെല്ലാതിരുന്നാൽ, അച്ഛന് ഇനി ഒരു ഷോക്ക് കൂടി പറ്റില്ല. എൻ്റെ അച്ഛനെ വിഷമിപ്പിക്കാതെ ഈ ആലോചന മാറ്റി തരേണമേ…അച്ചു മനമുരുകി പ്രാർത്ഥിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകിയതുപോലും അച്ചൂ അറിഞ്ഞില്ല.
അച്ചൂ വാ…എത്ര നേരായി…ലളിത അക്ഷമയായി. ദാ വന്നു…അച്ചു പറഞ്ഞു. അച്ചുവിനെ കണ്ട ലളിത ചോദിച്ചു, നീ എന്താ ഈ വേഷത്തിൽ…ഡ്രസ്സ് മാറിയില്ലേ…?
ഈ വേഷത്തിൽ കണ്ടാൽ മതി. അല്ലേൽതന്നെ ഇത് നടക്കാൻ പോകുന്നില്ലല്ലോ…
പെണ്ണേ നല്ല അടി വെച്ചുതരും പറഞ്ഞേക്കാം…ലളിതയ്ക്ക് അച്ചു പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. എത്രയും വേഗം നിൻ്റെ കല്യാണം നടക്കാനാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. അപ്പോൾ ആണ് ഇമ്മാതിരി വർത്തമാനം. ഈ ചായ എടുത്തുവാ…ലളിതയുടെ പിറകെ അച്ചു ട്രേയുമായി നടന്നു.
ലളിതേ മോളെ വിളി…സുകു പറഞ്ഞു. അച്ചു ചായയുമായി വന്നു. അവൾ വന്നവർക്കും സുകുവിനും ചായ കൊടുത്തിട്ട് അകത്തേക്ക് പോകാൻ തുടങ്ങി. അത് മനസ്സിലായ അവളുടെ കയ്യിൽപിടിച്ചു അടുത്തു നിർത്തി.
മുഴുവൻ പേര് എന്താണ്…? ചെറുക്കൻ ചോദിച്ചു.
അഖില എസ്…
ഞാൻ രാകേഷ്. ബാങ്കിൽ ആണ്. പഠിത്തം എവിടെവരെയായി…?
ഡിഗ്രി സെക്കൻ്റ് ഇയർ.
ഞാൻ അമ്മാവൻ കൃഷ്ണൻകുട്ടി, ഇത് രാകേഷിൻ്റെ അച്ഛൻ ഗോപകുമാർ…അമ്മാവൻ പരിചയപ്പെടുത്തി. ഇനികുട്ടി പൊക്കോളൂ…അമ്മാവൻ പറഞ്ഞു.
അച്ചുവിന് അത് ധാരാളമായിരുന്നു. അവൾ ജീവൻ തിരിച്ചു കിട്ടിയപോലെ തൻെറ മുറിയിലെത്തി. അച്ഛൻ എന്താവും തീരുമാനിക്കുക. ദേവേട്ടാ…എനിക്ക് ദേവേട്ടനെ വിട്ട് പോകേണ്ടിവരുവോ…? എൻ്റെ ദേവി അതിനിടവരല്ലേ…എനിക്കെൻ്റെ അച്ഛനെ വേദനിപ്പിക്കാനാവില്ല. ദേവേട്ടനെ നഷ്ടപ്പെടാനും പറ്റില്ല. അച്ചൂന് ഒരു ജീവിതം ഉണ്ടെങ്കിൽ അത് ദേവേട്ടനൊപ്പം ആയിരിക്കും…തീർച്ച…അച്ചു ഹൃദയം പൊട്ടി കരഞ്ഞു.
അവർ മൂവരും മാറി നിന്ന് ഒന്ന് ആലോചിച്ചു. തിരിച്ചു വന്ന് യഥാസ്ഥാനത്ത് ഇരുന്നു. ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടപ്പെട്ടു…രാകേഷിൻ്റെ അച്ഛൻ പറഞ്ഞു.
സുകുവിൻ്റെ സന്തോഷം മുഖത്ത് കാണാമായിരുന്നു. ലളിതയെ നോക്കി ചിരിച്ചു. കുട്ടിയെ ഇഷ്ടപ്പെട്ട നിലയ്ക്ക് ബാക്കി കാര്യങ്ങൾ കൂടി പറയേണ്ടേ…കൊടുക്കുന്നതിനെപ്പറ്റിയൊക്ക ഒരു തീരുമാനം ആവേണ്ടേ…അനാവശ്യ പോക്കുവരവ് ഒക്കെ ഒഴിവാക്കാം. എന്തേ അതല്ലേ അതിന്റെ ശരി…അല്ലേ അളിയാ…? കൃഷ്ണൻകുട്ടി പറഞ്ഞു.
അതിപ്പോ പെട്ടെന്ന് എങ്ങനാ പറയ്ക. ലളിതയുടെ ആങ്ങളയോടും ആലോചിക്കണം…സുകു പറഞ്ഞു.
ആയിക്കോട്ടെ…എത്രയും പെട്ടന്നായാൽ നന്ന്…ഗോപകുമാർ പറഞ്ഞു. നിങ്ങൾ ആലോചിച്ചു അറിയിക്കുക. ഞങ്ങൾ ഇറങ്ങട്ടെ…ശുഭസ്യ ശീഘ്രം എന്നാണ്. അവർ പോകുന്നത് സുകുവും ലളിതയും സന്തോഷത്തോടെ നോക്കി നിന്നു.
സുകുവേട്ടാ…ഇതു നടത്തണം. ചെറുക്കനും കൊള്ളാം, നല്ലൊരു ജോലിയും ഉണ്ട്
ഉം…എനിക്കും ബോധിച്ചു. ശശിയോടും ആലോചിച്ചിട്ടാവാം ബാക്കി കാര്യങ്ങൾ.
ഇപ്പോൾ തന്നെ വിളിച്ചു പറയാം, ശശിയേട്ടനോടും സരസൂനോടും വരാൻ.
ശരി…വൈകിട്ടത്തേക്ക് വരാൻ പറയ്. ലളിതേ എല്ലാംകൊണ്ടും മനസിനു സന്തോഷമാണ്. വർഷങ്ങളായി കാണാതിരുന്ന വസു ഇന്നു വന്നു. അവൾ വീടുവിട്ടുപോയപ്പോൾ നഷ്ടപ്പെട്ട എൻ്റെ സന്തോഷം, അവൾ തിരികെ വന്നപ്പോൾ തിരികെ കിട്ടി. അവൾ വന്നതേ ഉള്ളൂ കണ്ടില്ലേ അച്ചുവിനു നല്ലൊരു ആലോചനയും വന്നത്.
ശരിയാ സുകുവേട്ടാ…
ഇവരുടെ ഈ സന്തോഷം ഒന്നും അറിയാതെ ഈ ആലോചന ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുകയായിരുന്നു പാവം അച്ചു.
*** *** ***
അമ്മേ….നമുക്ക് എന്തു ചെയ്യാൻ പറ്റും…ആലോചിച്ചിട്ട് തല പെരുക്കുന്നു…
ഞാനും അതാ ആലോചിക്കുന്നത്. കാലങ്ങൾകൂടി കാണുമ്പോൾ ഞാൻ എങ്ങനെയാണ് പെണ്ണുചോദിക്കുന്നത്. അങ്ങനെ ചോദിച്ചാൽ ഓപ്പ എങ്ങനാവും പ്രതികരിക്കുക. അതറിയില്ലല്ലോ…എൻ്റെ മഹാദേവൻ ചതിക്കില്ല. നീ വിഷമിക്കേണ്ട അച്ചു നിനക്കുള്ളതാ…ഇത് മഹാദേവൻ്റെ തീരുമാനമാണ്. അതാണെൻ്റെ വിശ്വാസം…
അവൾ വേറൊരു കല്യാണത്തിനു സമ്മതിക്കില്ല. അതാണ്. ഇഷ്ടമല്ലെന്ന് അവൾ അമ്മാവനോട് പറയുകയും ഇല്ല. അതാ പ്രശ്നം…
അവൾ നന്ദികേട് കാണിക്കില്ല. അവൾക്ക് ആരെയും വേദനിപ്പിക്കാനും ആവില്ല ദേവ്…അത്രയ്ക്കും നല്ല കുട്ടിയാ…
അതെ അമ്മേ അവൾ പാവമാ…ദേവിൻ്റെ കണ്ണു നിറഞ്ഞു. പിന്നീട് ആരും ഒന്നും മിണ്ടിയില്ല. ആ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ദേവിൻ്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അച്ചുവിൻ്റെ വീട്ടിൽ നിന്നുമാണല്ലോ…ദേവ് കോളെടുത്തു.
ഈശ്വരാ അച്ചു വല്ല അവിവേകവും…
ഹലോ…ശരി വരാം…ദേവ് പറഞ്ഞു.
ആരാ ദേവ്…? വസുധ ചോദിച്ചു.
അമ്മാവൻ…
എന്തിന്…?
നാളെ അവിടെ വരെ ചെല്ലണം എന്ന്…
കാരണം പറഞ്ഞില്ലേ…
ഇല്ല…ആകെ പ്രശ്നമാകുമല്ലോ അമ്മേ…കല്യാണക്കാര്യമാണെങ്കിൽ…?
അതാ ഞാനും ചിന്തിക്കുന്നത്…
കാര്യങ്ങൾ തുറന്നുപറയണം. അല്ലെങ്കിൽ ശരിയാവില്ല. ഇത് ഞങ്ങളുടെ ജീവിതമാണ്. അച്ചു എന്താണ് ചെയ്യുക എന്നുപറയാൻ പറ്റില്ല. ദേവിന് ഓരോന്നാലോചിച്ചിട്ട് വട്ടു പിടിച്ചപോലായി.
അച്ഛാ…ശരത് സുകുവിനടുത്തെത്തി.
എന്താടാ…?
ഈ ചെറുക്കൻ ചേച്ചിക്കുവേണ്ട.
ങേ…അതെന്താ…ആ ചെറുക്കന് എന്താ ഒരു കുറവ്.
അതെനിക്കറിയില്ല…ചേച്ചിക്ക് ഈ ചെറുക്കൻ വേണ്ട. ഒട്ടും ചേരില്ല. അവർക്ക് ചേച്ചിയേക്കാളും ഇഷ്ടം സ്വത്താണെന്നുതോന്നുന്നു.
ശരത്, നീ ചെറിയ കുട്ടിയാണ്. വലികാര്യങ്ങളൊന്നും തീരുമാനിക്കാറായില്ല.
അച്ഛാ…ഈ കല്യാണം നടത്തിയാൽ ഞാൻ…ശരത് എന്തോ പറയാൻ വന്നിട്ട് വേണ്ടെന്നു വച്ചു. അച്ഛന് ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചതിനാൽ അല്ലേ അപ്പച്ചിയുമായി ഇത്രയും കാലവും പിണങ്ങിയിരുന്നത്. വീണ്ടും അത് ആവർത്തിക്കണോ…?
ചെറിയ വായിൽനിന്നും വലിയ വാക്കുകൾ കേട്ട സുകു മറുപടി പറയാൻ വിഷമിച്ചു. ചേച്ചിക്ക് ഇഷ്ടാണോന്ന് അച്ഛൻ ചോദിച്ചോ…ഇല്ലല്ലോ…ചേച്ചിക്ക് ഇഷ്ടമല്ലെന്ന് എനിക്ക് മനസിലായി. അച്ഛൻ ചോദിച്ചു നോക്കൂ. ചേച്ചിക്ക് ഇഷ്ടമില്ലാത്ത കല്യാണം നടത്തേണ്ട…എനിക്കും ഇഷ്ടമല്ല.
സുകു ആലോചനയിലായി. ശരത് പറഞ്ഞതിൽ കാര്യം ഉണ്ട്. അവന് ജീവനാണ് ചേച്ചി. അച്ചുവിനു ഇഷ്ടമാണോ എന്ന് ചോദിച്ചില്ല.
ലളിതേ…ലളിതേ…
ദാ വന്നു…സുകുവിനു കുടിക്കാൻ വെള്ളവുമായി ലളിത വന്നു. സുകുവേട്ടാ വസുനേ വിളിച്ചില്ലേ…
വിളിച്ചു വരാന്നു പറഞ്ഞു. ശശിയ്ക്ക് നാളയല്ലെ പറ്റൂ…അതുകൊണ്ട് വസൂനോടും നാളെ വരാൻ പറഞ്ഞു. ലളിതേ…അച്ചൂനേ വിളിച്ചേ…അവൾക്ക് സമ്മതാണോന്ന് ചോദിച്ചില്ലല്ലോ…?
എന്തു ചോദിക്കാൻ സുകുവേട്ടാ…അതിന്റെ ആവശ്യം ഇല്ല. സുകുവേട്ടൻ തീരുമാനിച്ചാൽ മതി. അത് അവൾക്ക് ഇഷ്ടാവും.
അതല്ല ലളിതേ…ഒരനുഭവം നമുക്കുണ്ടല്ലോ…ഇനിയും ആവർത്തിക്കാതിരിക്കാനാണ്.
അതെന്നാ സുകുവേട്ടാ…അവൾക്ക് ഇഷ്ടമല്ലെന്ന് ആരു പറഞ്ഞു.
ആരും പറഞ്ഞില്ല ലളിതേ…അച്ചൂനോട് ചോദിക്കണം അത്രേ ഉള്ളൂ…വരാൻ പറയ് ഞാൻ ചോദിച്ചോളാം.
ഇഷ്ടപ്പെടാത്ത മട്ടിൽ ലളിത അച്ചുവിൻ്റെ മുറിയിലേയ്ക്ക് നടന്നു. ലളിത വാതിൽ പതിയെ തള്ളി. കുറ്റിയിട്ടിരിക്കയാണല്ലോ…? അച്ചൂ…അച്ചൂ…വാതിൽ തുറക്ക്…എന്തിനാ കുറ്റിയിട്ടത്…?
അല്പ സമയം കഴിഞ്ഞാണ് വാതിൽ തുറന്നത്. അച്ചുവിൻ്റെ കണ്ണും മുഖവും ചുമന്നിരിക്കുന്നു. കരയുകയായിരുന്നെന്നു ലളിതയ്ക്ക് മനസിലായി.
അച്ചൂ നീ കരയുകയാരുന്നോ…എന്തിന്…ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നല്ലൊരു ആലോചനയിണ്. അച്ഛന് ഇഷ്ടാവുകയും ചെയ്തു. ഇതു നടക്കണം, അച്ഛന് വയ്യെന്ന് നിനക്കറിയാലോ…എന്തെങ്കിലും സംഭവിക്കുന്നതിനുമുമ്പ് നിൻ്റെ കല്യാണം നടക്കണം. നടന്നേ പറ്റൂ…വെറുതെ കരഞ്ഞ് അച്ഛനെ വിഷമിപ്പിക്കരുത്.
അമ്മേ…എൻ്റെ പഠിത്തം തീരട്ടെ എന്നിട്ടു മതി കല്യാണം.
കല്യാണം കഴിഞ്ഞാലും പഠിക്കാം, ഞങ്ങൾ അവരോട് പറയാം. അച്ഛൻ വിളിക്കുന്നു വാ…മുഖം നന്നായി കഴുകി വാ…
കാര്യങ്ങൾ എല്ലാം തനിക്കെതിരാകുന്നു എന്ന് അച്ചുവിനു ബോധ്യായി. അമ്മ പൊക്കോ ഞാൻ വന്നേക്കാം. വേഗം ആവട്ടെ…
അച്ചു ചെന്നപ്പോൾ സുകു മാത്രേ ഉണ്ടായിരുന്നുള്ളൂ. എന്തിനാ അച്ഛൻ വിളിച്ചത്…?
ഇങ്ങുവാ അച്ഛൻ ചോദിക്കട്ടെ. അച്ചു സങ്കടം പുറത്തു കാണിക്കാതെ ചെന്നു കട്ടിലിൽ ഇരുന്നു. ഇന്നു വന്ന ആലോചന നിനക്ക് ഇഷ്ടായോ…? അച്ചു തല കുനിച്ചിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
അച്ചൂ നിന്നോടാ ചോദിച്ചത്…? എന്തായാലും തുറന്നു പറയ്. നിനക്ക് ഇഷ്ടമില്ലെങ്കിൽ നമുക്ക് വേണ്ടെന്നു വയ്ക്കാം. നിനക്ക് ഇഷ്ടമില്ലാത്തതിന് അച്ഛൻ നിർബന്ധിക്കില്ല.
അച്ഛാ എനിക്ക് പഠിക്കണം ഡിഗ്രി പൂർത്തിയാക്കണം.
അമ്മ പറഞ്ഞതെല്ലാം അച്ചു ഓർത്തു. അച്ഛന് ഈ ആലോചന ഇഷ്ടമായി എന്ന്. അതിനാൽ അച്ചു കൂടുതൽ ഒന്നും പറഞ്ഞില്ല. കണ്ണുകൾ നിറയുന്നത് അച്ഛൻ കാണാതിരിക്കാൻ അച്ചു പാടുപെട്ടു.
എനിക്കറിയാം എൻ്റെ ഇഷ്ടത്തിനപ്പുറം നിനക്ക് ഒന്നുമില്ലെന്ന്…സുകു ആത്മവിശ്വാസത്തോടെ പറഞ്ഞു. പൊക്കോളൂ…അച്ഛന് സമാധാനമായി. അച്ചുവേഗം മുറിക്കു പറത്തിറങ്ങി.
ശരത് ഓടി അവളുടെ അടുത്തെത്തി. ചേച്ചീ എന്തിനാ അച്ഛൻ വിളിച്ചത്…? കണ്ണു നിറഞ്ഞല്ലോ…അച്ഛൻ വഴക്കുപറഞ്ഞോ. ചേച്ചീ വാ…അവൻ അവളെ കൂട്ടി അവൻ്റെ മുറിയിലേയ്ക്ക് പോയി. അകത്തുകടന്ന് വാതിൽ കുറ്റിയിട്ടു.
ചേച്ചി ഇനി പറയ് എന്തിനാ അച്ഛൻ വിളിച്ചത്. പൊട്ടിക്കരച്ചിലാരുന്നു മറുപടി. കരയാതെ ചേച്ചീ…എന്താണേലും പറയ്. ഞാൻ ചേച്ചീടെ കൂടെയുണ്ട്…അവൻ അവളുടെ കണ്ണു തുടച്ചു. ചേച്ചീ…ഈ കല്യാണം എനിക്ക് ഇഷ്ടമല്ല. ചേച്ചിക്കും ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം. ഇഷ്ടമല്ലെന്ന് അച്ഛനോട് പറയാരുന്നില്ലേ…
അത്…അച്ഛൻ്റെ ഇപ്പോഴത്തെ അവസ്ഥ.
ജീവിതം ചേച്ചീടെയല്ലേ…അച്ഛൻ്റെ അല്ലല്ലോ…
ഇളയവനായ ശരത്തിൽ നിന്നും ഇങ്ങനൊക്കെ കേട്ട അച്ചു വിശ്വാസം വരാതെ അവനെ നോക്കിയിരുന്നു. ചേച്ചിക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ…
ശരത് എനിക്ക് വേണ്ട ഈ കല്യാണം. പക്ഷെ എങ്ങനെ അച്ഛനോട് പറയാൻ പറ്റില്ല. എന്തു ചെയ്യും…
ചേച്ചി വിഷമിക്കാതെ. വഴിയുണ്ടാക്കാം…ശരത് എന്തോ ഉറപ്പിച്ച മട്ടിൽ പറഞ്ഞു.
പിറ്റേ ദിവസം പത്തുമണി.
ശശിയും സരസുവും ചെല്ലുമ്പോൾ ലളിത അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. ലളിതയുടെ ഓരോ പ്രവർത്തിയിലും കാണാം മനസിൻ്റെ സന്തോഷം. ലളിതേച്ചി…സരസു വിളിച്ചു.
ശശിയേട്ടൻ എവിടെ സരസൂ…?
ഓപ്പയുടെ അടുത്തേക്കു പോയി. ലളിതേച്ചി…വസുധേച്ചി വന്നിട്ട് ഓപ്പ എന്തു പറഞ്ഞു.
നിൻ്റെ ഓപ്പയല്ലെ മനസിലെ സ്നേഹം എത്രനാൾ മൂടിവയ്ക്കാൻ പറ്റും. കാണാതിരിക്കുമ്പോൾ അരിശവും പിണക്കവും ആവും, നേരിട്ടു കാണുമ്പോൾ അവർ പഴയ ഓപ്പയും പെങ്ങളുമാ…സുകുവേട്ടൻ ഒരുപാട് സന്തോഷത്തിലാ…വസുധയുടെ മകൻ നല്ല സ്നേഹവും വിനയവും ഉള്ള കുട്ടിയാ…കോളേജ് അദ്ധ്യാപകനാ…എന്നാൽ അതിന്റെ യാതൊരു ഭാവവുമില്ല. അവർ വരും. അപ്പോൾ നേരിട്ടറിയാം നിനക്ക്…
ലളിതേച്ചി, വസുധേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചതാ…ഇന്നാവും അതിനുള്ള അവസരം. എന്തായാലും വന്നല്ലോ…
അവർകൂടി വരട്ടെ എന്നിട്ട് ഒന്നിച്ചിരുന്ന് കാപ്പികുടിക്കാം. മറ്റുകാര്യങ്ങളും പറയാം.
ലളിതേച്ചി, അച്ചൂന് ഇഷ്ടായോ ചെറുക്കനെ…?
പിന്നെ ഇഷ്ടാവാതെ…ചെറുക്കന് ബാങ്കിൽ ആണ് ജോലി. കാണാനും തരക്കേടില്ല. നീ ഇരിക്ക് ഞാൻ ഈ ചൂടുവെള്ളം സുകുവേട്ടന് കൊടുത്തിട്ടു വരാം. ലളിത വെള്ളവുമായി നടന്നു.
മുറ്റത്ത് ഒരു വണ്ടി വന്ന ശബ്ദം. സരസു എണീറ്റ് ഉമ്മറത്തേക്കു വന്നു. ആദ്യം ഇറങ്ങിയത് ദേവ് ആരുന്നു. സരസുന് പരിചയം തോന്നിയില്ല. ദേവ് ഇപ്പുറംവന്ന് ഡോർ തുറന്നു. വസുധ ദേവിൻ്റെ കയ്യിൽ പിടിച്ചിറങ്ങി. സരസുവിന് ഒറ്റ നോട്ടത്തിൽ ആളെ മനസിലായി. ഇത്തിരി തടിച്ചു എന്നേ ഉള്ളൂ…
വസുധേച്ചീ…സരസു ഓടിയിറങ്ങി വന്നു. എൻ്റെ വസുധേച്ചി…കെട്ടിപ്പിടിച്ചു കൊണ്ട് സരസു വിളിച്ചു. സരസൂ…വസുധയുടെ കണ്ണുകളും നിറഞ്ഞു.
രണ്ടുപേരും മുറ്റത്തുനിന്നു കരയാതെ അകത്തേക്ക് പോയിരുന്നു കരയ്…ദേവ് കളിയാക്കി പറഞ്ഞു.
മോനെ…ഇതാണ് സരസുചിറ്റ. കണ്ടപ്പോളെ എനിക്ക് മനസിലായി.
കേറിവാ മോനെ…സരസു പറഞ്ഞു. ലളിതേച്ചി പറഞ്ഞപോലെ, ആർക്കും ഇഷ്ടാവും വസുധേച്ചിയുടെ മോനെ…സരസു മനസ്സിൽ പറഞ്ഞു. അച്ചുവിനു വസുധയുടെ മോനായിരുന്നെങ്കിൽ നന്നായിരിക്കും…സരസു വെറുതെ ചിന്തിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും സുകുവിൻ്റെ മുറിയിൽ ഒത്തുകൂടി. നമ്മുടെ അച്ചൂന് ഒരു ആലോചന വന്നു. ചെറുക്കൻ ബാങ്കിൽ ജോലിക്കാരനാണ്. പറഞ്ഞു കേട്ടിടത്ത് കൊള്ളാം എന്നുതോന്നുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പറയ്. അവരുടെ വീട്ടിൽ പോകണം. കൊടക്കുന്നതിനെപ്പറ്റി ഒക്കെ ഒന്നു തീരുമാനിക്കണം…സുകു പറഞ്ഞു.
നമുക്ക് ചേരുന്നതാണെങ്കിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാം…ശശി പറഞ്ഞു.
ഓപ്പേ…ഒന്നു ചോദിച്ചോട്ടെ. അച്ചുവിനു സമ്മതാണോ…ആദ്യം അത് അറിയണം. എന്നിട്ട് മുന്നോട്ടു പോയാൽ മതി. അതല്ലേ നല്ലത്…വസുധ പറഞ്ഞു.
അതെ…അതാണു ശരി…ശശി വസുധയുടെ അഭിപ്രായത്തോട് യോജിച്ചു.
ചേട്ടായി ഒന്നു വരൂ…ഇവരുടെ ചർച്ച കേട്ടുകൊണ്ടിരുന്ന ദേവിനെ അങ്ങോട്ടുവന്ന ശരത് വിളിച്ചു. ദേവ് ശരത്തിനൊപ്പം പുറത്തേയ്ക്ക് ഇറങ്ങി. പുറത്തേക്ക് നടന്നതല്ലാതെ ശരത് ഒന്നും മിണ്ടിയില്ല.
എന്താടാ…എന്തിനാ ഇങ്ങോട്ടുവന്നത്.
അത് ചേട്ടായി…ഞാൻ പക്വതയില്ലാത്ത ചെറിയ കുട്ടിയാ എന്നു കരുതി ഞാൻ പറയുന്നത് തള്ളിക്കളയരുത്.
ഇല്ല…നീ കുട്ടിയാണേലും കാര്യബോധമുള്ളവനാണെന്ന് എനിക്കറിയാം പറയൂ…എന്താണ്…?
എൻ്റെ ചേച്ചിയെ ചേട്ടായിക്ക് കല്യാണം കഴിച്ചുകൂടെ…
തുടരും…