രചന: ബിബിൻ മോഹൻ
ഈ മുറിയിൽ കിടന്നു ഞാൻ ഒരുപാട് കരഞ്ഞിട്ടുള്ളത് ആണല്ലോ…ഇപ്പൊ എന്തെ പറ്റാത്തെ….
അവൾ കിടക്കയിൽ എണീറ്റ് ഇരുന്നു….പുറത്തു മഴ പെയ്തു തളർന്നിരിക്കുന്നു. ഇപ്പോൾ ഇടറിയ താളം ആണ് മഴയ്ക്ക്.
ജീവിതത്തിലെ കണ്ടു പരിചയിക്കാത്ത ഏതോ ലോകത്തെ കാഴ്ചകൾ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നപ്പോൾ സമയം മൂന്ന് മണി.
ഉറക്കത്തിനിനും ഉണർച്ചക്കും ഇടയിൽ ലോകം ഊഞ്ഞാൽ ആടുമ്പോൾ ദുസ്വപ്നത്തിന്റെ അർഥം തേടി ഭയത്തിന്റെയും സംശയത്തിന്റെയും സംയുക്ത ഭാവങ്ങൾ പേറിയ ഒരു മനുഷ്യ കോലം ജനാലക്കരികിൽ നിൽക്കുന്നത് ഈ ലോകത്തു ആരെങ്കിലും അറിയുന്നുണ്ടോ ആവോ…
എല്ലാവരും സുഖമായി ഉറങ്ങുന്നു. മഴയുടെ തണുപ്പ് കുത്തിക്കയറുമ്പോൾ ഇവിടെ എല്ലാവരും സമം. എന്നത്തേയും പോലെ വളരെ വൈകി ആണ് ഉറക്കത്തിന്റെ ചീളുകൾ ഞാൻ പെറുക്കി എടുത്തത്. പക്ഷെ ദുസ്വപ്നങ്ങൾ ഇന്നും ക്ഷണിക്കപ്പെടാതെ കടന്നു വന്നു.
സ്വയം സൃഷ്‌ടിച്ച കഥകൾ കെട്ടി ആദ്യ ആ രൂപങ്ങൾ ഇന്നും എന്നെ ഉണർത്തി. അവരിപ്പോൾ എന്റെ ചുറ്റും ഇല്ല. അവരുടെ ഉദ്ദേശം നടത്തി അവർ പോയി. ഒരു കഥ പോലെ ആലോചിച്ചു എടുക്കാൻ മാത്രം കോർത്തിണക്കപ്പെട്ടവ ആയിരുന്നില്ല ആ സ്വപ്‌നങ്ങൾ ഒന്നും.
നിര തെറ്റിയ…ഭയപ്പെടുത്തുന്ന…എന്തൊക്കെയോ കാഴ്ചകളിലൂടെ ഉള്ള ഒരു യാത്ര. ഇതെന്ന് അവസാനിക്കും എന്നറിയില്ല…ഇനിയൊരു പക്ഷെ എന്റെ എല്ലാ രാത്രികൾക്കും ഇതേ കഥ തന്നെ ആവും ആവർത്തിക്കാൻ ഉള്ളത്…
കുറ്റബോധം പുറത്തു വരുന്നത് ഇങ്ങനെയൊക്കെ ആയിരിക്കാം…പക്ഷെ ഞാൻ ഇപ്പോളും തെറ്റ് ചെയ്യാൻ പോകുന്നേയുള്ളു…അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു…
പുലരാൻ ഇനിയും സമയം ഉണ്ട്. നാളെ രാത്രി ആവുമ്പോളേക്കും ഞാൻ ആ തെറ്റിന്റെ ഭാഗം ആവും. ഈ സമൂഹത്തിനു മുന്നിൽ അഭിമാനിക്കുന്ന മുഖം നിലനിർത്താൻ ആയി ചെയ്യുന്ന ഒന്നിനെ തെറ്റായി കാണേണ്ട കാര്യം ഇല്ല എന്നാണ് മുത്തശ്ശി മടിയിൽ കിടത്തി പറഞ്ഞു തന്നത്.
അല്ലെങ്കിലും തെറ്റും ശെരിയും അവരവരുടെ സൗകര്യം ആണല്ലോ…അതിനു വേണ്ടി ന്യായങ്ങൾ നിരത്താൻ ആർക്കും ആവും…
പുറത്തെ മഴയുടെ തണുപ്പ്…കണ്ണുകൾക്ക് ആ മഴയുടെ കനം വന്ന പോലെ…വല്ലാത്തൊരു കനം…ഒന്ന് കരയാൻ പറ്റിയിരുന്നു എങ്കിൽ കുറച്ചു ആശ്വാസം കിട്ടിയേനെ…പക്ഷെ പറ്റുന്നില്ല…എന്താണെന്നു മനസിലാവുന്നില്ല.
ഈ മുറിയിൽ കിടന്നു ഞാൻ ഒരുപാട് കരഞ്ഞിട്ടുള്ളത് ആണല്ലോ…ഇപ്പൊ എന്ത് കൊണ്ടോ അത് എവിടെയോ തടയുന്നു.
ഈ മുറിക്കു പഴയതിൽ നിന്നും ഏറെ മാറ്റം വന്നിട്ടുണ്ട്…പഴയ അടുക്കും ചിട്ടയും ഇപ്പൊ ഇല്ല. ഒരു പക്ഷെ അതുകൊണ്ടാവുമോ…?
ചുമരിന്റെ മൂലകളിൽ പൊടിയും അഴുക്കും പറ്റിയിരിക്കുന്നു. മുഷിഞ്ഞ തുണികൾ വലിച്ചു കെട്ടിയ ചരടിൽ തൂങ്ങുന്നു. മിഴി തട്ടി മറിഞ്ഞു നീല കറ പിടിച്ച ചില്ലു മേശയിൽ വാരി വലിച്ചു കിടക്കുന്ന പുസ്തകങ്ങൾ. മുറി വിട്ടു പുറത്തിറങ്ങാതെ എന്നാൽ മുറിയിൽ നിറഞ്ഞു നിൽക്കുന്ന മുഷിഞ്ഞ മണം. അത് മാറ്റാൻ റൂമിൽ ഞെക്കി പരത്തിയ ലണ്ടൻ റൂം ഫ്രഷ്‌നറിന്റെ മനം മടുപ്പിക്കുന്ന ഗന്ധം. ഇതെല്ലം എനിക്ക് പുതിയത് അല്ലെ…
എന്റെ എടുത്തു ചാട്ടത്തിന്റെ സമ്മാനം എന്ന് ഇവരൊക്കെ പറഞ്ഞ ഇപ്പൊ എന്റെ വയറ്റിൽ പൊട്ടി മുളച്ചിട്ടുള്ള ജീവനും എനിക്ക് പുതിയത് അല്ലെ…?
അതിനെ എന്ത് വിളിക്കാം എന്ന് എനിക്കറിയില്ല. മുളച്ചതിനെ പിഴുതു കളയാൻ ആണ് വിത്തിട്ടവനും ഇവിടുത്തെ അഭിമാനികളും നിർബന്ധിക്കുന്നത്. ഈ പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ ഇതൊക്കെ സാധാരണം ആണെന്ന് പറഞ്ഞു അതിനെ പിഴുതു കളയാൻ പ്രോത്സാഹിപ്പിച്ച മറ്റു ചിലരും…
ആ പൊട്ടി മുളച്ച ജീവൻ എടുത്തു കളയാൻ സമ്മതിച്ച അന്ന് മുതലാണ് എന്റെ രാത്രികൾ ഇങ്ങനെ ആയത്. ആകൃതിയില്ലാത്ത ജീവനുള്ള എന്തോ ഒന്ന്…അത് മാത്രമാണ് വയറ്റിലെ ആ വസ്തു. അത് നശിപ്പിക്കപ്പെടാൻ ഇനി ഏതാനും മണിക്കൂറുകൾ…
നാളെ കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമാകും. എന്റെ തെറ്റിന്റെ അവസാന അടയാളവും മായ്ക്കപ്പെടും. കന്യക ആയ മകൾ ആയി ഞാൻ വീണ്ടും ഈ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടും. ലോകം അത് വിശ്വസിച്ചേ പറ്റു…അല്ല…വിശ്വസിക്കും.
ആ വിശ്വാസത്തിൽ നാളെ ഒരുത്തൻ വരുമ്പോൾ അവന്റെ വിയർപ്പിന്റെ ദുർഗന്ധം എന്റെ ശരീരത്തിൽ പറ്റുമ്പോൾ മാത്രമാണ് ഞാൻ ഇനി കന്യക ആവാതാവാൻ പോകുന്നത്. വിഡ്ഢികൾ…ഞാനും അവരും അവനും….പക്ഷെ ആരും അങ്ങോട്ടും ഇങ്ങോട്ടും സമ്മതിക്കില്ല എന്ന് മാത്രം…
തിരികെ വന്നു അവൾ കിടക്കയിൽ ഇരുന്നു. തലമുടിയിലെ എണ്ണ പടർത്തിയ കറ നിറഞ്ഞ തലയിണയിൽ അവൾ മുഖം പൂഴ്ത്തി. എന്റെ കരച്ചിൽ ആയാലും സന്തോഷം ആയാലും അതീ മുറി വിട്ടു പുറത്തിറങ്ങാതിരിക്കാൻ ഈ തലയിണ ഒരുപാടു സഹായിച്ചിട്ടുണ്ട്.
പക്ഷെ ഇപ്പൊ…വലിയൊരു കാത്തിരിപ്പ് അവസാനിക്കാൻ പോകുമ്പോ…എനിക്ക് കരയാൻ പറ്റുന്നില്ല…ഒരു പക്ഷെ ഈ രാത്രി കരയാൻ ആയില്ല എങ്കിൽ ഇനി ഒരു രാത്രിയും എനിക്ക് കരയാൻ ആവില്ല…
നാളെ എന്റെ തെറ്റുകൾ മായ്ച്ചു എല്ലാം ന്യായീകരിക്കപ്പെടും. ഞാൻ തെറ്റുകാരി അല്ലാതാവും. എന്റെ വയറ്റിൽ ഒരു കുഞ്ഞു പുഴു വളർന്ന കഥ ഒരു തമാശ പോലെ ആർക്കെങ്കിലും എന്നെങ്കിലും പറഞ്ഞു കൊടുത്തു ചിരിക്കാൻ എനിക്ക് കഴിഞ്ഞേക്കും…കഴിയണം…കാരണം…നാളെ മുതൽ ഞാൻ തെറ്റുകാരി അല്ലല്ലോ…
നാളെ കഴിഞ്ഞു ഈ കിടക്കയും തലയിണയും നന്നായി കുടഞ്ഞു വിരിക്കണം. ഇന്ന് വരെ ഈ തലയിണയിൽ മുഖം പൂഴ്ത്തി വച്ച് കണ്ട കാഴ്ചകൾ എല്ലാം കുടഞ്ഞു കുടഞ്ഞു കളയണം….അപ്പോൾ ചിലപ്പോൾ എനിക്ക് വീണ്ടും കരയാൻ കഴിഞ്ഞാലോ…..