ആണുങ്ങളുടെ സഹായം ഉണ്ടെങ്കിൽ അല്ലേ ഇതൊക്കെ നടക്കൂ…എന്ന ഊള ചോദ്യങ്ങൾ വേണ്ട. എത്ര വിചാരിച്ചാലും എല്ലാവരും ഉണ്ടെങ്കിലേ ഭൂമി നിലനിന്നു പോകു.

പെണ്ണ് (അനുഭവകുറിപ്പ്) – രചന: Aswathy Joy Arakkal

ഇതൊരു അനുഭവ കുറിപ്പാണ്. നാലു മാസങ്ങൾക്കു മുൻപേ ആണ് ഫേസ്ബുക്കിൽ എന്റെ പഴയൊരു ക്ലാസ്സ്‌മേറ്റിന്റെ മെസ്സേജ് വന്നത്. ബന്ധങ്ങള് നിലനിർത്തി കൊണ്ട് പോകുന്നതിൽ ഞാൻ വളരെ പിന്നിലായിരുന്നത് കൊണ്ട് അവളുമായുള്ള ബന്ധം വല്ലപ്പോഴും ഓൺലൈൻ വരുമ്പോൾ ഉള്ള ചാറ്റിംഗ് ആയിരുന്നു.

പിന്നെ ഫോട്ടോസ് ഒക്കെ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നത് കൊണ്ട് കുറെയൊക്കെ ഡീറ്റെയിൽസ് അറിയാമായിരുന്നു. ഇനി കാര്യത്തിലേക്കു കടക്കാം…

അച്ചു നിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ എന്നായിരുന്നു പുള്ളിക്കാരീടെ മെസ്സേജ്. ഞാനപ്പോൾ തന്നെ കൊടുക്കുകയും ചെയ്തു. എന്താ കാര്യം എന്നു ചോദിച്ചു ഞാനയച്ച മെസ്സേജിന് റിപ്ലൈ ഒന്നും കണ്ടതുമില്ല. ഇനി വല്ല വാട്സ്ആപ്പ് ഗ്രൂപ്പിലും ആഡ് ചെയ്യാൻ ആണെന്ന് വിചാരിച്ചു ഞാൻ അതങ്ങു വിട്ടു.

ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ എനിക്കവളുടെ കാൾ വന്നു. പഴയൊരു സുഹൃത്തിന്റെ കാൾ വന്നപ്പോൾ ഞാൻ എക്സ്സൈറ്റഡ് ആയി എന്തൊക്കെയോ പറഞ്ഞു, ഞാൻ കാണിക്കുന്ന സന്തോഷമൊന്നും അവളുടെ സംസാരത്തിൽ കേൾക്കാതായപ്പോൾ ആണ് ഞാൻ കാര്യം തിരക്കുന്നതു.

ഡീ…ഞാൻ മൂന്നാമത്തെ പ്രെഗ്നന്റ് ആണ്, മടിയോടെ അവള് പറഞ്ഞു. സത്യത്തില് ഞാൻ ഷോക്ക് ആയി. അവളുടെ ആദ്യത്തെ മോൾക്ക്‌ മൂന്നര വയസ്സാണ്, രണ്ടാമത്തെ മോൾക്ക്‌ 2 വയസ്സാകുന്നെയുള്ളു. അതും രണ്ടും സിസ്സേറിയൻ. എന്തായിയുന്നു ഇത്ര ധൃതി, സിസ്സേറിയൻ കഴിഞ്ഞാൽ അറ്റ്ലീസ്റ്റ് മൂന്ന് വർഷം ഗ്യാപ് വേണന്നു ഇത്രേം പഠിച്ചവരായിട്ടും നിങ്ങൾക്കറിയില്ലേ…? അതും മൂന്നാമത്തെ കുട്ടി. കുറച്ചു ദേഷ്യത്തില് തന്നെയാണ് ഞാൻ ചോദിച്ചത്.

അതും ഒപ്പം പഠിച്ച പലരും വിവാഹിതരാകുന്നെ ഉള്ളു. അവളുടെ ഭർത്താവൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ കൂടി ആണ്. കുറച്ചു നേരം അവൾ മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു തുടങ്ങി…

ആദ്യത്തെ കുട്ടിയെ പ്രെഗ്നന്റ് ആയപ്പോൾ തൊട്ട് ഭർത്താവിന് ആൺകുട്ടിയെ മതി എന്നായിരുന്നു. ആദ്യം ആൺകുട്ടി ആയാൽ പിന്നെ ടെൻഷൻ ഇല്ലല്ലോ എന്നു അയാൾ പറയുമായിരുന്നത്രെ.

ആൺകുട്ടി ആയാൽ തലമുറയായി, വയസ്സാം കാലത്തു നോക്കാൻ ആളായി, പിന്നെ പെൺകുട്ടികളെ വളർത്തുന്നതും പഠിപ്പിക്കണതും എല്ലാം നഷ്ട കച്ചോടത്രേ…നാളെ അവരെ കൊണ്ട് ലാഭം അന്യ വീട്ടുകാർക്ക് ആണല്ലോ…പിന്നെ കല്യാണം അതൊരു വല്യ ചിലവല്ലേ…അങ്ങനെ എന്തൊക്കെയോ വികലമായ ചിന്തകളാണ് അയാൾക്ക്‌…

ആദ്യത്തെതു പെൺകുട്ടി ആയപ്പോ തന്നെ അയാൾക്ക്‌ ഇഷ്ടക്കേടായിരുന്നു. ഉടനെ രണ്ടാമത്തെ വേണെന്നായി…അവളുടെ ആരോഗ്യമൊന്നും അയാൾക്കൊരു പ്രശ്നമേ അല്ലായിരുന്നു. രണ്ടാമത്തെ പ്രേഗ്നെൻസി തുടക്കം തൊട്ടു സമാധാനം എന്താണെന്നു അറിഞ്ഞട്ടില്ല അവളെന്നു പറയുമ്പോ കരയായിരുന്നു പാവം.

അതും പെൺകുട്ടി ആയപ്പോ ഹോസ്പിറ്റലിൽ നിന്ന് പോയ ആള് ആഴ്ചകള് കഴിഞ്ഞാണ് അവളേയും, കുഞ്ഞിനേയും കാണാൻ ചെല്ലുന്നത്…ആ ദിവസങ്ങളിലൊക്കെ അവളനുഭവിച്ചു തീർത്തത് കേൾക്കുമ്പോ ഇങ്ങനയൊക്കെ മനുഷ്യരുണ്ടോ എന്നു തോന്നി പോകും…ഭർത്താവിന് സപ്പോർട്ട് അങ്ങോരുടെ അമ്മയും…

വീണ്ടും ഇപ്പൊ മൂന്നാമത്തെ ആൺകുട്ടിക്കുള്ള ശ്രമം, നാലര മാസം ആയിരിക്കുന്നു. മാനസികമായി വല്ലാതെ തളർന്നിരുന്നു അവൾ. എന്തൊക്കെയോ പറഞ്ഞു അവളെ സമാധാനിപ്പിച്ചു.

ആൺകുട്ടി ആകാൻ ഞാനും പ്രാർത്ഥിക്കാം എന്നു പറയാതെ…പെൺകുട്ടികളുടെ വാല്യൂ പറഞ്ഞാൽ മനസ്സിലാകുന്ന അവസ്ഥയിലൊന്നും ആയിരുന്നില്ല അവള്…

ഇതിപ്പോ ഇവിടെ പറയാൻ കാരണം, അവളുടെ കാൾ വന്നിരുന്നു. മെയ്‌ ഇരുപത്തിഏഴിന് അവൾക്കൊരു ആൺകുഞ്ഞുണ്ടായി എന്ന സന്തോഷ വാർത്ത അറിയിക്കാൻ…

ഓർക്കുമ്പോൾ സന്തോഷത്തേക്കാൾ ഏറെ പലരോടും സഹതാപമാണ് തോന്നുന്നത്.

നമുക്ക് സയന്റിഫിക് ആയിട്ട് തന്നെ നോക്കാം. ഞാനൊരു ഹ്യൂമൻ ജനറ്റിക് പ്രൊഫഷണൽ ആണ്. അതുകൊണ്ട് ആധികാരികമായി തന്നെ എനിക്ക് പറയാൻ സാധിക്കും.

കുട്ടി ആണോ പെണ്ണോ എന്നു തീരുമാനിക്കുന്നതിൽ അമ്മക്ക് ഒരു റോളും ഇല്ല. കുഞ്ഞു ആണാകുന്നതോ പെണ്ണാകുന്നതോ അച്ഛനെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നാണ്.

ഒന്നുകൂടെ വിശദമായി പറഞ്ഞാൽ 23 ജോഡി ക്രോമസോം ആണ് ഉള്ളത്. അതിൽ ഒരു ജോഡി ആണ് സെക്സ് ക്രോമസോം. അതായതു ആണോ പെണ്ണോ എന്നു തീരുമാനിക്കുന്നത്. ആണുങ്ങളിലേതു XY ആയി കാണപ്പെടുമ്പോൾ, സ്ത്രീകൾക്കതു XX ആണ്. ഭ്രൂണം ഉണ്ടാകുന്ന സമയത്തു പുരുഷ ഭീജം Y ക്രോമസോം കൊടുക്കാൻ തയ്യാറയാല് മാത്രമേ ആൺകുട്ടി ഉണ്ടാകു.

സ്ത്രീ എത്ര ശ്രമിച്ചാലും ഇല്ലാത്ത Y ക്രോമസോം എവിടെ നിന്ന് കൊടുക്കാൻ…

അതുകൊണ്ട് പെണ്ണിന്റെ വീട്ടിൽ മൂന്ന് പെൺകുട്ടികളാണ്, അതാണ് അവള് പെൺകുട്ടീനെ മാത്രം പ്രസവിക്കൂ എന്നൊക്കെ തള്ളുന്നതിനു മുൻപ് മനസിലാക്കുക, ആൺകുട്ടി ഉണ്ടാകാത്തത് ഒരു കുറവാണെന്ന തെറ്റായ ചിന്താഗതി ഉള്ള ആളാണ് നിങ്ങളെങ്കിൽ അതു നിങ്ങളുടെ മാത്രം കഴിവ് കേടാണ് എന്ന്, മനസ്സിലായല്ലോ…?

പിന്നെ ആണായാലും പെണ്ണായാലും വേണ്ടില്ല ഒരു കുഞ്ഞുണ്ടായാൽ മതിയെന്ന് നോമ്പും, പ്രാർത്ഥനയും, വഴിപാടും, ചികിത്സകളുമായ് കാലം തള്ളി നീക്കുന്ന പതിനായിര കണക്കിന് ആളുകളുടെ ഇടയിലാണ് നമ്മള് ജീവിക്കുന്നത്. അവരുടെ ഇടയിൽ കിടന്നാണ് നിങ്ങടെ ഈ നെഗളിപ്പെന്നു മറന്നു പോകരുത്.

പെൺകുഞ്ഞിന് എന്താണ് കുഴപ്പം…? മിടുക്കികളല്ലേ നമ്മുടെ മക്കൾ…? അവര് നന്നായി പഠിക്കുന്നു. ലക്ഷങ്ങൾ സമ്പാദിക്കുന്ന ജോലി വാങ്ങുന്നു. കുടുംബത്തിന് താങ്ങും തണലുമാകുന്ന എത്ര മിടുക്കികളെ നമുക്കറിയാം…ചൊവ്വയിൽ പോകാൻ നിൽക്കുന്നത് നമ്മുടെ പാലക്കാടുകാരി ശ്രദ്ധ അല്ലേ…

സ്ത്രീകളെത്താത്ത മേഖല ഏതാണ്…? പ്രതിരോധ രംഗത്തൊക്കെ എത്ര മികവാർന്ന പ്രകടനങ്ങളാണ് സ്ത്രീകൾ കാഴ്ച വെക്കുന്നത്. പ്രതിഭ പാട്ടിൽ രാഷ്‌ട്രപതി ആയിരുന്ന രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്. ഇന്ദിരാ ഗാന്ധി, പ്രതിരോധമന്ത്രി ആയിരുന്ന നിർമല സീതാരാമൻ, എവറസ്റ്റ് കീഴടിക്കായവർ, സ്പോർട്സ് താരങ്ങൾ…അങ്ങനെ എത്രയെത്ര സ്ത്രീ രത്നങ്ങൾ…എന്നിട്ടും പെൺകുട്ടി ഉണ്ടാകുന്നതു വിഷമം.

എല്ലാവർക്കും ആൺമക്കളെ മാത്രം മതിയെങ്കിൽ സ്ത്രീകൾക്ക് മാത്രം പറ്റാവുന്ന ചില കാര്യങ്ങളുണ്ട്…അതാര് ചെയ്യും…? ഗർഭം ധരിക്കാൻ…പ്രസവിക്കാൻ…

ആണുങ്ങളുടെ സഹായം ഉണ്ടെങ്കിൽ അല്ലേ ഇതൊക്കെ നടക്കൂ…എന്ന ഊള ചോദ്യങ്ങൾ വേണ്ട. എത്ര വിചാരിച്ചാലും എല്ലാവരും ഉണ്ടെങ്കിലേ ഭൂമി നിലനിന്നു പോകു.

പലരും പെണ്മക്കൾ മാത്രമുള്ളവരെ എന്തോ സഹതാപത്തോടെയൊക്കെ ആണ് നോക്കുന്നത്. എന്തോ കുറവുകൾ ഉള്ളവരെ പോലെ….ഞാനൊരു പുരുഷ വിരോധി അല്ല…പക്ഷെ അവളുടെ അനുഭവം എന്നെ വല്ലാതെ ഉലച്ചു. അവൾ തന്നെയാണ് എഴുതാൻ എന്നോട് പറഞ്ഞതും…

കാരണം സെയിം സിറ്റുവേഷൻ ഫേസ് ചെയ്യുന്ന ആരെങ്കിലും വായിച്ചാൽ ഒരു തിരിച്ചറിവുണ്ടായാലോ…

പിന്നെ പറയാതിരിക്കാൻ വയ്യ പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ ആണ് എന്നു പറയുന്ന പോലെ വെറുതെ ഇരിക്കുന്ന ആൺമക്കളെ പിരികേറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അമ്മമാരും കുറവല്ല…

ഇതെഴുതുമ്പോ ഒന്ന് കൂടെ ഓർമ വരാണ്, ഡിഗ്രി കഴിഞ്ഞു ഞാൻ പോസ്റ്റ്‌ ഗ്രാഡുവേഷന് ചേരാൻ നിൽക്കുന്ന സമയം, എന്റെ അപ്പനോട് ഞങ്ങടെ ബന്ധുവായ ഒരു സ്ത്രീ ചോദിച്ച കാര്യമാണ്. എന്തിനാ ജോയ് ചേട്ടാ ഇത്രേം കാശൊക്കെ മുടക്കി പഠിപ്പിക്കുന്നത്. എത്ര കാശു മുടക്കിയാലും വെല്ലോ വീട്ടുകാർക്കല്ലേ ഉപകാരം എന്നു…ഇനി കല്യാണം നടത്താനും കാശു മുടക്കണ്ടേ എന്നു…

എന്റെ അപ്പൻ പറഞ്ഞൊരു മാസ്സ് മറുപടി ഉണ്ട്, പഠിപ്പിക്കുന്നതും മക്കളെ വളർത്തുന്നതും അവർക്കു അറിവുണ്ടാവാനും നന്നായി ജീവിക്കാനും ആണ്. അല്ലാതെ നാളെ അവരിൽ നിന്നു ഒരു ലാഭം ഉണ്ടാകാൻ അല്ല എന്നു…

മക്കളെ വളർത്തുമ്പോ ദയവു ചെയ്തു കല്യാണം എന്ന ലക്ഷ്യത്തോടെ വളർത്തിരിക്കുക. ആണോ പെണ്ണോ ആകട്ടെ…തരം തിരിവില്ലാതെ അവരെ പഠിപ്പിക്കേണ്ടതും വളർത്തേണ്ടതും നമ്മടെ കടമയാണ്. അതൊരിക്കലും നാളെ ഇന്നത് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാകരുത്…ഉപാധികളില്ലാതെ സ്നേഹിക്കാൻ പഠിക്കുക.

ലിംഗനിർണയം നടത്തി പെൺകുഞ്ഞിനെ നശിപ്പിച്ചു കളഞ്ഞിരുന്ന ആ പൈശാചിക കാലത്തേക്ക് മടങ്ങി പോകാതിരിക്കാൻ വിദ്യ കൊണ്ട് പ്രബുദ്ധരെന്നു അഹങ്കരിക്കുന്ന നമുക്കെങ്ങിലും ശ്രമിക്കാം…