രചന: ഗായത്രി ശ്രീകുമാർ
നനഞ്ഞ അടിവസ്ത്രങ്ങളും വിയർത്തൊട്ടിയ മേൽവസ്ത്രങ്ങളുമായി പരീക്ഷ മുറിയിൽ ഇരിക്കുമ്പോൾ അമ്മുവിന്റെ മനസിൽ മുഴുവൻ ഭീകരമായ ഇരുട്ടായിരുന്നു.
ഒരു മണിക്കൂർ മുമ്പ് തന്നെ പിച്ചിച്ചീന്തിയ ഉന്നതന്റെ ശബ്ദം അവളുടെ ചെവിയിൽ അലയടിച്ചു. അയ്യാൾ വീണ്ടും ദേഹത്തേക്ക് ചാടി വീഴുന്നതായി തോന്നി.
ഉറക്കെ കരയണമെന്നുണ്ട്. പക്ഷേ ശാന്തമായി പരീക്ഷ എഴുതുന്ന കൂട്ടുകാരുടേയും കാവലിരിക്കുന്ന അദ്ധ്യാപകരുടേയും സാന്നിധ്യം അവളെ പിടിച്ചു നിർത്തി.
ഓർമയിൽ നിന്ന് പെറുക്കി പെറുക്കി ഉത്തരങ്ങൾ എഴുതിത്തുടങ്ങി. അപ്പോഴും ജീവിതം ഉത്തരം കിട്ടാത്തൊരു ചോദ്യമായി അവശേഷിച്ചു.
വേദന സഹിക്കാനാവാതെ നിലവിളിക്കുന്ന അമ്മയുടെ മുഖം. അവർ വീണിട്ട് വർഷം ഒന്ന് തികയുന്നു. അമ്മയുടെ ശരീരം തേടി മാത്രം പാതിരാത്രി മൂക്കറ്റം കുടിച്ചു കയറി വരുന്ന അച്ഛൻ…അമ്മയെ കൊള്ളാതായതോടെ അയ്യാളുടെ നോട്ടം അമ്മുവിലായി.
പതുക്കെ പതുക്കെ അയ്യാളുടെ ചങ്ങാതിമാർക്കും അമ്മുവിന്റെ ശരീരം പങ്കിട്ടു കൊടുക്കാൻ അയാൾ കൂട്ടിക്കൊണ്ട് വന്നു. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണി. എല്ലാം കഴിഞ്ഞ് പോകുമ്പോൾ അവർ ചിലപ്പോൾ പത്തോ അമ്പതോ കൊടുക്കും. ഇതെല്ലാം കണ്ട് ജീവച്ഛവം ആയി കിടക്കാനേ അമ്മയ്ക്ക് കഴിഞ്ഞുള്ളു.
ഡീ…നിന്റെ തള്ളേടെ അസുഖം മാറും. ഞാൻ ആശുപത്രിയിൽ പോയി ചോദിച്ചു…പക്ഷേ ഒരു ലക്ഷം രൂപ വേണം. അച്ഛൻ ഒരു ദിവസം ഇതു പറഞ്ഞപ്പോൾ അമ്മുവിന് സന്തോഷമായി.
പക്ഷേ പണം എവിടുന്നു കിട്ടും. അതിനുള്ള ഉത്തരവും അയാളുടെ കൈയിൽ ഉണ്ടായിരുന്നു. ശീതികരിച്ച മുറിയിൽ കിടക്കുമ്പോൾ അമ്മുവിന്റെ മനസ്സിൽ അമ്മയുടെ മുഖം മാത്രമായിരുന്നു.
പക്ഷേ അമ്മയുടെ അസുഖം മാറില്ല എന്നും പണം സമ്പാദിക്കാൻ അയാൾ നടത്തിയ നാടകം ആണിതെന്നും അവളറിഞ്ഞില്ല.
പരീക്ഷ കഴിഞ്ഞ് പൊരിവെയിൽ കൊണ്ട് വീട്ടിലെത്തിയപ്പോഴും അമ്മ പട്ടിണി ആരെന്നന്നുള്ള ആധിയായിരുന്നു അവൾക്ക്. പക്ഷേ ജീവനറ്റു കിടക്കുന്ന ആ ശരീരത്തിന് ഇനി ഭക്ഷണം ആവശ്യമില്ലായിരുന്നു.
അമ്മയുടെ തണുത്തു വിറങ്ങലിച്ച കൈകൾ…ഇന്നലെ രാത്രി ഒറ്റക്കിട്ടു പോയതാ പാവത്തിനെ…ഒരു തുള്ളി വെള്ളം പോലും ഇറങ്ങാതെയുള്ള മരണം…അവൾ ഏങ്ങി ഏങ്ങി കരഞ്ഞു.
വഴിയേ പോയവർ ആരൊക്കെയോ കയറി നോക്കിയിട്ടു പോയി. കുറച്ചു കഴിഞ്ഞ് ചൂടുള്ള പരുപരുത്ത ഒരു കൈത്തലം അവളുടെ തോളിൽ വന്നു തൊട്ടു. അവരെ കണ്ട അമ്മു ഒന്നു ഭയന്നു.
പേടിക്കണ്ട…മോൾ ഇന്നലെ വന്ന ഹോട്ടലിൽ ഞാനും ഉണ്ടായിരുന്നു…നഗരത്തിലെ പ്രധാന വേശ്യയെന്ന് ആ സ്ത്രീ പറയാതെ പറഞ്ഞു.
ശരിയാണ്. ആ ഹോട്ടലിൽ എവിടെയോ ഒരു നിഴൽ പോലെ ഈ സ്ത്രീയെ കണ്ടിരുന്നു. അവരുടെ തീക്കനൽ പോലെയുള്ള നോട്ടം അമ്മു ശ്രദ്ധിച്ചിരുന്നു.
മോളേ…ഇന്നലെ നിന്റെ ഗതികേടുകൊണ്ടാണ് നീ ആ പണിക്ക് വന്നത്. പക്ഷേ ഞങ്ങളെപ്പോലെ നീ നാളെ ഒരു വേശ്യയായി അറിയപ്പെടേണ്ടവളല്ല…അവർ അവളുടെ കണ്ണീർ ഒപ്പി.
ഞങ്ങൾക്കൊരു സംഘടനയുണ്ട്. അവർ ഇവിടെയെത്തും. ഡോക്ടർമ്മാരും വക്കീലമ്മാരുമെല്ലാം നമ്മളെ സഹായിക്കും. നിനക്ക് പഠിക്കാനും ജോലി നേടാനും ഞങ്ങൾ സഹായിക്കാം…ആ സ്ത്രീ പറഞ്ഞു.
അവർ ഒരു ഫോൺ കോൾ ചെയ്തു. അവരെപ്പോലെ കുറേ സ്ത്രീകൾ വന്നു. അമ്മയുടെ ശരീരം പൊതുശ്മശാനത്തിൽ മറവു ചെയ്യാൻ നടപടി ആരംഭിച്ചു.
അപ്പോഴും അമ്മുവിനെ ആ സ്ത്രീ ചേർത്തു പിടിച്ചു…നിനക്ക് ഇനി ഞങ്ങളൊക്കെ അമ്മമാരാണ്. നീ പഠിക്ക്…നിന്നെ ഇനിയും തെറ്റിന്റെ വഴിയിലേക്ക് ആരും ഉന്തി വിടില്ല….ആ സ്ത്രീ അവളെ മാറോടടക്കി പിടിച്ചു.