അവൾ ഒറ്റയ്ക്കാണ്. കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന അവൾ എന്നെ കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങുന്നത് ഞാൻ കണ്ടു

ഡയറി മിൽക്ക് – രചന: സുധിൻ സദാനന്ദൻ

കമ്പാർട്ട്മെന്റുകൾ ഓരോന്നും കയറി ടിക്കറ്റ് പരിശോധിക്കുന്നതിനിടയിലാണ് ഹെഡ്ഫോൺ ചെവിൽവെച്ച് പുറത്തെ കാഴ്ചകൾകണ്ട് ചുണ്ടിലൊരു മന്ദഹാസവുമായി കയ്യിലിരിക്കുന്ന ബാഗിനെ ഒരു കുഞ്ഞിനെപോലെ മടിയിൽ തന്നെ വെച്ചിരിക്കുന്ന അവളെ ഞാൻ കാണുന്നത്.

ആദ്യ കാഴ്ചയിൽ ഒരു നാട്ടിൻപുറത്തെ തൊട്ടാവാടി പെണ്ണായാണ് എനിക്ക് തോന്നിയത്. അവൾക്ക് നേരെ എതിർവശത്തെ സീറ്റിലിരുന്ന് യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുവാൻ വാങ്ങുമ്പോഴും അവൾ ഒന്നും അറിയാത്ത മട്ടിലങ്ങനെ യാത്ര ആസ്വദിക്കുകയാണ്.

അവളൊഴികെ ബാക്കിയുള്ള യാത്രക്കാരുടെ ടിക്കറ്റെല്ലാം പരിശോധിച്ച ശേഷം, എന്നിലേക്ക് ശ്രദ്ധ ആകർഷിക്കുവാൻ അവളുടെ മുഖത്തിന് നേരെ ഞാനെന്റെ കൈ വീശി കാണിച്ചു.

അത് കണ്ടിട്ടാണോ എന്നറിയില്ല അവൾ കണ്ണുകൾ ഇറുക്കിയടച്ച് എപ്പോഴോ ഉറങ്ങിയ ഒരാളെപ്പോലെ പുറകിലേക്ക് തലയും ചേർത്ത് വെച്ച് ഉറക്കം നടിച്ച് ഇരിക്കുകയാണ്.

അവളെ കണ്ടപ്പോഴുള്ള മുൻധാരണ തെറ്റായിരുന്നു. അവളൊരു കള്ളിയാണെന്ന് മനസ്സിൽ തോന്നി തുടങ്ങി. തട്ടി വിളിച്ചിട്ടും കണ്ണു തുറക്കാതെ ഇരിക്കുന്ന അവളുടെ ഓസ്കാർ അഭിനയം കണ്ട് ഒറ്റ ചവിട്ടിന് അവളെ ട്രെയിനിൽ നിന്ന് പുറത്ത് കളയാൻ തോന്നിയതാണ്.

അടുത്ത കമ്പാർട്ട്മെന്റിൽ ഒരു പയ്യന് ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയതിന് അഞ്ഞൂറ് രൂപ പിഴയും എഴുതി കൊടുത്ത് ഞാൻ തിരികെ അവളിരിക്കുന്ന കമ്പാർട്ട്മെന്റിലെത്തി.

അവൾ ഒറ്റയ്ക്കാണ്. കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന അവൾ എന്നെ കണ്ടതും, എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങുന്നത് ഞാൻ കണ്ടു.

തന്റെ ഉറക്കമെല്ലാം കഴിഞ്ഞെങ്കിൽ ആ ടിക്കറ്റ് ഒന്ന് കാണിച്ചേ…അവളോടായി ഞാനത് പറഞ്ഞ് അവളുടെ എതിർവശത്തുള്ള സീറ്റിൽ ഇരുന്നു. അവൾ ടിക്കറ്റെടുക്കാതെ ഉണ്ട കണ്ണ് തുറിപ്പിച്ച് എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്.

ഏയ്…കുട്ടി എനിക്ക് പോയിട്ട് വേറെ പണിയുണ്ട്. ടിക്കറ്റ് ഉണ്ടോ ഇല്ലയോ…? എന്നിട്ട് വേണം പിഴ ഈടാക്കാനുള്ള റസീപ്റ്റ് എഴുതി തരാൻ…

സാർ…ഞാൻ ടിക്കറ്റ് എടുത്തിട്ടില്ല. പിഴ അടക്കുവാനുള്ള പണവും എന്റെ കൈവശം ഇല്ല. അടുത്ത സ്റ്റേഷനിലാണ് എനിക്ക് ഇറങ്ങേണ്ടത്. എന്നെ പോകുവാൻ അനുവദിക്കണം, പ്ലീസ്സ്….

അതൊന്നും പറഞ്ഞാൽ പറ്റില്ല. ടിക്കറ്റ് എടുക്കാതെ കള്ളവണ്ടി കയറിയാൽ അതിനുള്ള പിഴ അടച്ചേ മതിയാവൂ…തന്റെ പേര് പറയൂ…അഡ്രസ്സ് പ്രൂഫ് എന്തെങ്കിലും എടുക്കൂ…

ഇങ്ങനെ പിടിക്കപ്പെടുന്നവർക്ക് പറയുവാൻ ഒരുപാട് ന്യായങ്ങൾ ഉണ്ടാവും, അതും പറഞ്ഞ് റസീപ്റ്റ് ബുക്ക് തുറന്ന് പോക്കറ്റിൽ നിന്ന് പേന എടുക്കുവാൻ തുനിഞ്ഞ എന്നെ യാചനയുടെ മുഖത്തോടെ ഇടറിയ ശബ്ദത്തിൽ അവൾ തടഞ്ഞു.

സർ, എന്റെ പേര് സീത. എന്റെ കൈവശം പണമൊന്നുമില്ല സത്യമാണ്. എന്റെ ചെറുപ്രായത്തിൽ അച്ഛൻ എന്നെയും അമ്മേനെയും ഉപേക്ഷിച്ച് പോയി. അമ്മ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. പ്ലീസ്സ് സർ…എന്നെ പോകുവാൻ അനുവദിക്കണം.

ഞാനൊന്ന് അവളെ അടിമുടിയൊന്ന് നോക്കി. തന്റെ വേഷവിധാനവും കയ്യിലിരിക്കുന്ന ഫോണും കണ്ടിട്ട് താൻ അത്ര കഷ്ടപ്പാടുള്ള ഒരു കുട്ടിയാണെന്ന് തോന്നുന്നില്ലല്ലോ…

ഞാൻ പറഞ്ഞതെല്ലാം സത്യമാണ് സർ, എന്റെ അവസ്ഥ അറിയുന്ന കൂട്ടുകാരികൾ എന്നെ സഹായിക്കുന്നതാണ്. അവർ വാങ്ങി തന്നതാണ് ഈ ഫോൺ പോലും….

അവളുടെ കഥകൾ കേട്ടപ്പോൾ എന്തോ, അറിയാതെ മനസ്സിലൊരു വേദനപോലെ…

സാരമില്ല, ഇനി ട്രെയിനിൽ കയറുമ്പോൾ ടിക്കറ്റ് എടുക്കണമെന്ന് അവളോടായി പറഞ്ഞ് ഞാൻ അവിടെ നിന്നും അടുത്ത കമ്പാർട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു നീങ്ങി.

അടുത്ത സ്റ്റേഷനില് ഞാനും ഇറങ്ങി, ഇവിടെ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ എന്റെ വീട്ടിലേക്ക്. ഒരു മാസം കൊണ്ട് നാടാകെ മാറിയിരിക്കുന്നു. ഇലക്ഷൻ പ്രചാരണത്തിന്റെ ഫ്ലക്സ്സുകളും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും…ആകെ മൊത്തം കളറായിട്ടുണ്ട്.

ഞാൻ വരുന്നതും നോക്കി വഴിക്കണ്ണുമായി അമ്മ ഉമ്മറത്ത് തന്നെ നില്പുണ്ട്. ഞാൻ വന്നു കയറിയതും എന്നോട് അമ്മ വിശേഷങ്ങൾ ചോദിക്കുന്നത് കേട്ടാൽ തോന്നും ഒരു മാസമായി എന്റെ വിശേഷങ്ങളൊന്നും അറിയാറില്ലെന്ന്…

ഞാൻ വീട്ടിലെത്താൻ വൈകും, ട്രെയിൻ രണ്ട് മണിക്കൂർ വൈകിയാണ് ഓടികൊണ്ടിരിക്കുന്നതെന്ന് പറയാൻ വിളിച്ചതല്ലേ ഉള്ളൂ…വിശേഷങ്ങളൊക്കെ പിന്നെ…ഞാനൊന്ന് ആദ്യം കുളിക്കട്ടെ എന്നും പറഞ്ഞു കുളത്തിൽ പോയി വിസ്തരിച്ചൊന്ന് മുങ്ങി കുളിച്ചപ്പോഴേക്കും യാത്രാ ക്ഷീണമെല്ലാം ശരീരത്തിൽ നിന്നും വിട്ടൊഴിഞ്ഞു.

അത്താഴത്തിന് അമ്മയുടെ മാസ്റ്റർ പീസ് ഐറ്റം ചിക്കൻ കറി ആസ്വദിച്ച് കഴിച്ച് കോഴിക്കാല് കടിച്ച് പറിക്കുമ്പോഴാണ്…എന്നത്തെയും പോലെ മൂഡ് കളയാനായിട്ട് അമ്മ എന്റെ കല്യാണ കാര്യം എടുത്തിട്ടത്.

ഭക്ഷണം മതിയാക്കി തീൻമേശയിൽ നിന്ന് എണീക്കുവാൻ തോന്നിയെങ്കിലും കയ്യിലിരിക്കുന്ന ചിക്കൻ അതിൽ നിന്നും എന്നെ നിരുത്സാഹപ്പെടുത്തി.

ആകെ കൂടി ആഴ്ചയിൽ കിട്ടുന്ന ലീവ് ഏതെങ്കിലും ഒരു പെണ്ണിന്റെ വീട്ടിൽ പോയി എന്നെകൊണ്ട് ചായ കുടിപ്പിച്ചാലെ അമ്മയ്ക്ക് സമാധാനമാവൂ.

നീ എന്താടാ ചെക്കാ പിറുപിറുക്കുന്നേ…എന്ന് ചോദിച്ച് എന്നെ കടുപ്പിച്ച് നോക്കി നില്ക്കുന്ന അമ്മയോട്, നാളെ നമ്മൾ ഏത് ജില്ലയിലേക്കാണ് അമ്മേ ചായ കുടിക്കാൻ പോവുന്നേ….

എന്റെ ചോദ്യം കേട്ട് ചെറുപുഞ്ചിരിയോടെ അമ്മ എന്റെ തലമുടിയിൽ തലോടികൊണ്ട്, ഇവിടെ അടുത്താണ് ചെക്കാ…ഏട്ടത്തിയായി കൊണ്ടുവന്ന ആലോചനയാണ്. പോയി പെണ്ണ് കണ്ടില്ലെങ്കിൽ ഏട്ടത്തിയ്ക്ക് അതൊരു മുഷിച്ചിലാവും. നല്ല കുട്ടിയാണെന്നാ പറഞ്ഞത്. അത്യാവശ്യം പഠിപ്പും ഉണ്ട്. പോരാത്തതിന് വല്യ തറവാട്ടുക്കാരാണ്. പെൺക്കുട്ടിയുടെ അച്ഛന് ഗൾഫിൽ ബിസ്സിനസ്സാണ്….

അടിപൊളി…അപ്പൊ ചായയ്ക്ക് ഈന്തപ്പഴം ഉണ്ടാവൂലോ, പിന്നെ പെണ്ണിന്റെ അച്ഛൻ ഉരുവിൽ ഗൾഫിൽ പോയ തള്ളലും…ഞാനത് മനസ്സിൽ പറഞ്ഞുകൊണ്ട് കൈ കഴുകി മുറിയിൽ പോയി കിടന്നു.

*** ***

” രാമനിലയം, ദാ ആ കാണുന്നതാ കണ്ണാ ഏട്ടത്തി പറഞ്ഞ വീട്.”

വീടിന്റെ മുറ്റത്ത് കാർ ഒതുക്കി നിർത്തി ഞാനും അമ്മയും കാറിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ഞങ്ങളെ സ്വീകരിക്കാൻ ഒരു കൂട്ടം ആളുകൾ പുറത്ത് നില്ക്കുന്നുണ്ടായിരുന്നു.

അംബിക പറഞ്ഞിരുന്നു…ഉച്ചയ്ക്ക് മുൻപ് എത്തുമെന്ന്…ചെക്കൻ റെയിൽവേയിൽ ആണല്ലേ…അതും പറഞ്ഞ് ആ കൂട്ടത്തിലെ ഒരു കാരണവർ മുറ്റത്തേക്ക് മുറുക്കി തുപ്പി.

അംബിക ഇവന്റെ അമ്മായിയാണ്. എനിക്ക് ഇവൻ മാത്രമേ ഉള്ളൂ, എന്റെ കണ്ണടയുന്നതിന് മുൻപ് ഇവനൊരു കൂട്ട് വേണം, അമ്മ പറയുന്നത് കേട്ട്, അമ്മയുടെ കയ്യിൽ ഞാൻ അമർത്തി പിടിച്ചു.

സെന്റിയടിച്ച് കുളമാക്കരുത് എന്നാണ് അതിന്റെ അർത്ഥമെന്ന് അമ്മയ്ക്കും മനസ്സിലായതുകൊണ്ട് അമ്മ വേഗം നിശബ്ദമായി.

പിന്നീട് സംസാരിച്ചതെല്ലാം പെണ്ണിന്റെ അച്ഛനായിരുന്നു. അദ്ദേഹത്തിന് ആണും പെണ്ണുമായി ഈ ഒരു മകളേ ഉള്ളൂയെന്നും…സ്നേഹ നിധിയായ തന്റെ ഭാര്യയുടെ ഒരുപാട് വർഷത്തെ വഴിപാടുകൾക്കും നേർച്ചകൾക്കും ഒടുവിൽ ദൈവം അവർക്ക് നൽകിയതാണ് തന്റെ മകളെ…

മകൾക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വേണം ഭർത്താവായി വരുവാൻ, അത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നെന്നും ഇരുപത്തിമൂന്ന് വർഷമായുള്ള പ്രവാസ ജീവിതത്തെകുറിച്ചും ഈ വീടിനെ കുറിച്ചും അദ്ദേഹം വാചാലനായി.

പച്ചയ്ക്ക് പറഞ്ഞാൽ പെണ്ണിനെ കാണിച്ച് തരാതെ കത്തിവെച്ച് കൊല്ലാതെ കൊന്നു…

അദ്ദേഹം പറഞ്ഞപ്പോലെ വലിയ വീട് തന്നെയാണ്, വീടിന്റെ ഉള്ളിലേയ്ക്ക് എത്തി നോക്കിയ എന്റെ ദൃഷ്ടി പരിചിതമായ ഒരു മുഖത്തിൽ ചെന്ന് പതിച്ചു. അധികം പഴക്കമില്ലാത്ത മറവിയുടെ പൊടിപിടിയ്ക്കാത്ത ആ മുഖം വളരെ വേഗത്തിൽ ഞാൻ ഓർത്തെടുത്തു.

ഇന്നലെ ട്രെയിനിൽ കണ്ടവൾ സീത…

ചിലപ്പോൾ ഇവിടെ ഈ വീട്ടിൽ പണിക്കാരുടെ കൂട്ടത്തിൽ അവളുടെ അമ്മയും ഉണ്ടാകും. ഇന്ന് അവധി ആയതിനാൽ അവൾ അമ്മയെ സഹായിക്കുവാൻ വന്നതാവും. പാവം ഈ പ്രായത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നുണ്ട്.

മോൻ എന്താ ഒന്നും കഴിക്കാത്തത്. സ്വന്തം വീടാണെന്ന് കരുതി ഇഷ്ടമുള്ളതെല്ലാം കഴിക്കൂട്ടോ, മുന്നിൽ നിരത്തി വെച്ചിരിക്കുന്ന മധുരപലഹാരത്തിലേക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി കൊണ്ട് പെണ്ണിന്റെ അമ്മ അത് പറയുമ്പോഴാണ് ട്രെയിനിലെ ഓർമ്മയിൽ നിന്നും ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്.

രാഹു കാലത്തിന് മുൻപ് പെണ്ണിനെ വിളിച്ചോളൂ…മുറ്റത്തേയ്ക്ക് മുറുക്കിതുപ്പികൊണ്ട് കാരണവർ അത് പറയുമ്പോൾ പെണ്ണിനെ കാണുവാനുള്ള ആകാംക്ഷയിലായിരുന്നു ഞാനും.

ഇതെന്താ…അണിഞ്ഞൊരുങ്ങി ഇവൾ വരുന്നത്, അതും കയ്യിൽ ചായ ഗ്ലാസ്സ് നിറച്ച ട്രേയും പൊക്കിപിടിച്ച്…സീതയെ നോക്കി ഒന്നും മനസ്സിലാവാതെ മിഴിച്ചിരിക്കുകയായിരുന്നു ഞാൻ.

ഞാനാണ് പെണ്ണ് കാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ സീതയുടെ മുഖത്ത് നവരസങ്ങൾ മിന്നി മറയുന്നത് ഞാൻ കണ്ടു. ചമ്മലോടെ അവൾ എനിക്ക് നേരെ നീട്ടിയ ട്രേയിൽ നിന്നും ചായ എടുക്കുമ്പോൾ അവളുടെ അച്ഛൻ എന്റെ അമ്മയോട് പറയുന്നുണ്ടായിരുന്നു ഇതാണ് ഞങ്ങളുടെ മൈഥിലി എന്ന്…

മൈഥിലിയോ…അപ്പൊ സീത…ആത്മഗതം പറഞ്ഞതിന് അല്പം ഒച്ച കൂടിയപ്പോൾ അതിന് മറുപടിയെന്നോണം അവളുടെ അമ്മയാണ് പറഞ്ഞത്…

അതേ മോനെ, മൈഥിലിയും ജനകിയും എല്ലാം സീതാദേവി തന്നെയാണ്. ഒരുപാട് വഴിപാടുകൾക്കൊടുവിൽ ഞങ്ങൾക്ക് കിട്ടിയതല്ലേ, അതാണ് ഇവൾക്ക് സീതാദേവിയുടെ പേര് തന്നെ ഇട്ടതെന്ന്…

നന്നായി എന്ന അർത്ഥത്തിൽ ഞാനും തലയാട്ടി കൊടുത്തു. കുട്ടികൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കുവാൻ ഉണ്ടാവൂലോ, മോൻ മുകളിലേക്ക് ചെന്നോളൂട്ടോ, മൈഥിലി അവിടെ കാണും എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞ് തീരുമ്പോഴേക്കും ഞാൻ അവളെ കാണുവാൻ കസേരയിൽ നിന്ന് എണീറ്റിരുന്നു.

എന്നെ പറഞ്ഞ് പറ്റിച്ചതിന് അവളോട് നാല് വാക്ക് പറയുവാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്നെ പ്രതീക്ഷിച്ചിരുന്ന അവൾ എന്റെ മുഖത്ത് നോക്കാതെ ഉടുത്തിരിക്കുന്ന സാരിതലപ്പ് കയ്യിലെടുത്ത് നൂലിഴകൾ പിഴുതെടുക്കുകയാണ്. അത് കണ്ടപ്പോൾ ഉള്ളിലെ ദേഷ്യമെല്ലാം മാറി.

ഞാനെന്ത് പറയും എന്ന് ആലോചിച്ച് നല്ല ടെൻഷനുണ്ട് അവൾക്ക്.

ഇയാളെ ഉപേക്ഷിച്ചു പോയ അച്ഛനെ വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അഷ്ടിക്ക് വകയില്ലാത്ത കുടുംബം, അമ്മയുടെ കഷ്ടപ്പാട്…ഇനി എന്തൊക്കെയാടോ താൻ പറഞ്ഞ കള്ളങ്ങൾ.

കൃത്രിമ ദേഷ്യം മുഖത്ത് വരുത്തി ഞാനത് അവളോട് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ ഒരു പാവത്തെ പോലെ നില്ക്കുയാണ് അവൾ…

ഇന്നലെ നടന്ന കാര്യങ്ങളൊന്നും ആരോടും പറയല്ലേ, വീട്ടിൽ പണം ഉണ്ടെങ്കിലും ആവശ്യത്തിൽ അധികം പണമൊന്നും എനിക്ക് അമ്മ തരില്ല. എന്ത് ആവശ്യമുണ്ടെങ്കിലും വീട്ടിൽ പറഞ്ഞാൽ വാങ്ങി തരുന്നുണ്ട്. പിന്നെ എന്തിനാ നിനക്ക് പണം എന്ന് ചോദിക്കും…

അപ്പൊ ട്രെയിനിൽ കയറുമ്പോൾ ടിക്കറ്റ് എടുക്കുന്നത് അതിൽ പെടുന്നില്ലേ…?

അത്…ഞാൻ ആ പൈസയ്ക്ക് ഡയറി മിൽക്ക് വാങ്ങി തിന്നു. കുറച്ച് പതിഞ്ഞ സ്വരത്തിൽ അവളത് പറഞ്ഞപ്പോൾ എന്റെ ഉള്ളിലടക്കിപ്പിടിച്ച ചിരി അറിയാതെ പുറത്ത് വന്നുപോയി.

ഡയറി മിൽക്കോ….??!!

അതിശയത്തിൽ ഞാനത് ചോദിച്ചപ്പോൾ, അവളൊരു കള്ളച്ചിരിയോടെ പറഞ്ഞു, അതേ…എല്ലാ ദിവസവും ടിക്കറ്റ് എടുക്കും. ആരും ടിക്കറ്റ് ചെക്കിംങിനായി വരാറില്ല, എന്തിനാ എന്നും ടിക്കറ്റ് എടുക്കുന്നത് എന്നു കരുതി ഇന്നലെ ഞാൻ ആ പൈസയ്ക്ക് ഡയറി മിൽക്ക് വാങ്ങി തിന്നു.

പക്ഷെ ഇതുവരെ വരാതിരുന്ന ആൾ ഇന്നലെ വന്നു. പിടിക്കപ്പെട്ടു എന്ന് ഉറപ്പായപ്പോൾ എനിക്ക് രക്ഷപ്പെടുവാൻ കള്ളം പറയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. സോറി കണ്ണേട്ടാ, ആരോടും ഒന്നും പറയല്ലേ…

കുസൃതി നിറഞ്ഞ സംസാരവും അവളുടെ മൂക്കിൻ തുമ്പിലെ തിളങ്ങുന്ന മൂക്കുത്തിയും, പിന്നെ കണ്ണേട്ടാ എന്നുളള വിളിയും എനിക്ക് അവളെ വളരെയധികം ഇഷ്ടമായി.

ഏയ്, ഡയറി മിൽക്കേ….ഞാനൊരു കാര്യം ചോദിക്കട്ടെ എന്നെ ഇഷ്ടായോ തനിക്ക്…?

നിന്നെ ഞാൻ കെട്ടിയാൽ തനിക്ക് വേറെയും പ്രയോജനമുണ്ട്. തനിക്കും നമ്മുടെ മക്കൾക്കും ടിക്കറ്റെടുക്കാതെ ട്രെയിനിൽ എവിടെ വേണമെങ്കിലും പോവാം. ആ പൈസയ്ക്ക് ഇഷ്ടം പോലെ ഡയറി മിൽക്ക് വാങ്ങി തിന്നുകയും ചെയ്യാം.

അവൾ കുറച്ച് പരിഭവത്തോടെ എന്റെ അരികിലേക്ക് വന്ന്, എനിക്കും ഇഷ്ടാണ്…പക്ഷെ ഇതും പറഞ്ഞ് എന്നെ കളിയാക്കില്ലെങ്കിൽ എന്നെ കെട്ടിക്കോ എന്ന് പറയുമ്പോൾ ഇത് എന്റെ അവസാനത്തെ പെണ്ണുകാണലാണെന്ന്
ഞാൻ തിരിച്ചറിഞ്ഞു.

ചിറ്റേ…നമ്മൾ ഫ്രിഡ്ജിൽ തണുക്കാൻ വെച്ചിരുന്ന ഡയറി മിൽക്ക് ഐസായി, ഇതാ നോക്കിക്കേ…എന്ന് പറഞ്ഞ് രണ്ട് ഡയറി മിൽക്ക് മിഠായികളുമായി ഞങ്ങളുടെ ഇടയിലേക്ക് ഓടിയെത്തിയ ആ കൊച്ചു പെൺക്കുട്ടിയുടെ കയ്യിൽ നിന്നും ഒരെണ്ണം ഞാനെടുത്തു.

ഈ ഡയറി മിൽക്ക് ഞാൻ കൊണ്ടു പോവുന്നു. വലിയ ഡയറി മിൽക്കിനെ കൊണ്ടുപോവാൻ ഞാൻ ഒരു വരവ് കൂടി വരുന്നുണ്ടെന്ന് അവളുടെ ചെവിയോരം പോയി പറഞ്ഞപ്പോൾ…അവളുടെ മുഖത്തെ സന്തോഷത്തിന് ഡയറി മിൽക്കിനേക്കാൾ മധുരമായിരുന്നു.