വെളുത്തചെമ്പരത്തി –അവസാനഭാഗം, വൈഗ വസുദേവ് എഴുതുന്ന നോവൽ

കഴിഞ്ഞ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഡ്രൈവിംഗിനിടയിലും ദേവ് ഇടയ്ക്കിടെ അച്ഛുവിനെ നോക്കും.

” മഹാദേവാ എൻ്റെ പാതിയെ എനിക്കു തിരിച്ചു തന്നേക്കണേ..” ദേവ് മനമുരുകി പ്രാർത്ഥിച്ചു.

തൻെറ മടിയിൽ തളർന്നു കിടക്കുന്ന അച്ചുവിൻ്റെ നെറ്റിയിൽ വീണു കിടന്ന മുടി വസുധ ഒതുക്കി വച്ചു. മഹാദേവാ എൻ്റെ ദേവിന് അവൻ്റെ അച്ഛൂനെ തിരിച്ചുകൊടുക്കണേ…എൻ്റെ മക്കൾ സന്തോഷത്തോടെ ജീവിക്കുന്നതു കാണണം. നീയെ തുണ…കൈവിടല്ലേ ദേവാ…വസുധ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു.

ലളിതേച്ചി വിഷമിക്കല്ലേ ഓപ്പയ്ക്കും അച്ചുവിനും ഒന്നും സംഭവിക്കില്ല.

എല്ലാം എല്ലാവരുടേയും ആഗ്രഹം അനുസരിച്ചു വന്നപ്പോൾ ഇങ്ങനായല്ലോ വസൂ…നീ പോയതിനുശേഷം നിൻ്റെ ഓപ്പ സന്തോഷിച്ചിട്ടില്ല.

ദേവ് വേഗം….വസുധ പറഞ്ഞു.

പ്രശസ്തമായ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ…

അത്യാഹിത വിഭാഗത്തിൻ്റെ വാതിക്കൽ കാർ നിർത്തി ദേവ് അച്ചൂനെ കോരിയെടുത്തു. അറ്റൻഡർ ഒരാൾകൂടി കാറിലുണ്ട് വേഗം. എല്ലാം നിമിഷത്തിനകം…

ഐസിയു വിൻ്റെ വാതിൽ അവർക്കു മുന്നിൽ അടഞ്ഞു.

ചേട്ടായി…എൻ്റെ അച്ഛനും ചേച്ചിയും…ശരത് ദേവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

ഇല്ലടാ അവർക്കൊന്നും സംഭവിക്കില്ല…വസുധയും സരസുവും ലളിതയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

ഇടയ്ക്കിടയ്ക്ക് ഐ സി യു വിൻ്റെ വാതിൽ തുറന്ന് നേഴ്‌സ് പോവുകയും വരികയും ചെയ്യുന്നുണ്ട് പ്രതീക്ഷയോടെ ദേവ് എണീറ്റു ചെല്ലും..

നോക്കിയിരിക്കെ ഡോക്ടർ ഇറങ്ങിവന്നു ചോദിച്ചു…അഖിലയുടെ ആരാണുള്ളത്.

എന്താ ഡോക്ടർ…?

ഒന്നും പറയാറായിട്ടില്ല. ബ്ലഡ് വേണ്ടിവരും. അതും എത്രയും പെട്ടെന്ന്. ഒ പോസിറ്റീവ് ആണ്, പെട്ടെന്ന് ബ്ലഡ് അറേൻജ് ചെയ്യൂ…സമയം കളയാനില്ല.

ഡോക്ടർ എൻ്റെ ഒ പോസിറ്റീവ് ആണ്. ഞാൻ റെഡി…എത്രവേണേലും എടുത്തോളൂ…എൻ്റെ അച്ചൂനെ തിരിച്ചു കിട്ടണം.

അതിനല്ലേ ഞങ്ങൾ ശ്രമിക്കുന്നത്. ഓക്കെ…സിസ്റ്റർ വേണ്ട കാര്യങ്ങൾ ചെയ്യൂ. വരൂ…സിസ്റ്റർ വിളിച്ചു. ഡോക്ടറിൻ്റേയും സിസ്റ്ററിൻ്റേയും കൂടെ ദേവ് അകത്തേക്ക് നടന്നു.

സിസ്റ്റർ സുകു എന്നയാളിന് എങ്ങനെയുണ്ട്…?

നന്നായി പ്രാർത്ഥിക്കൂ, ഞങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ബാക്കി ഈശ്വരനിൽ ആണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാൻ പറ്റില്ല. ഈ ബെഡിൽ കിടന്നോളൂ…

തൻെറ അച്ചുന് വേണ്ടി ബ്ലഡ് അല്ല ഈ ജീവൻപോലും കൊടുക്കാൻ താനുണ്ട്.

മണിക്കൂറുകളുടെ കാത്തിരിപ്പ്…രണ്ടുപേരുടെയും കാര്യം അറിയാഞ്ഞിട്ട് എല്ലാവരും അക്ഷമരായി. ഇടയ്ക്കിടെ ദേവ് ചെന്നുചോദിക്കും. ഒന്നും പറയാറായിട്ടില്ല എന്ന ഒരേ മറുപടി.

ദേവ് ഒന്നുകൂടി ചോദിക്കൂ…വസുധ പറഞ്ഞു. ദേവ് എണീറ്റു ബെൽ അടിക്കാൻ തുടങ്ങിയതും ഐ സി യു വിൻ്റെ വാതിൽ തുറന്നതും ഒരുമിച്ച്…

അഖില കണ്ണുതുറന്നു, ഒരാൾ കയറി വന്നോളൂ…ദേവ് അവർക്കൊപ്പം നടന്നു. ദേവിൻ്റെ ബ്ലഡ് എടുക്കാൻ കിടത്തിയ ബെഡിൻ്റെ തൊട്ടടുത്ത ബെഡിനടുത്ത് എത്തി.

അഖില…അഖില…സിസ്റ്റർ അച്ചുവിനെ പതിയെ തട്ടിവിളിച്ചു. ക്ഷീണിതയെങ്കിലും അച്ചു ഒന്നുമൂളി. നോക്കൂ അച്ചുവിനെ കാണാൻ ഒരാൾ വന്നത്.

അച്ചൂ…ദേവ് സ്നേഹത്തോടെ വിളിച്ചു. അപ്പോളും അച്ചു മൂളി. കണ്ണുതുറക്കൂ അച്ചൂ…നിൻ്റെ ദേവേട്ടനല്ലേ വിളിക്കുന്നത്…? ദേവിൻ്റെ ശബ്ദം ഇടറിയിരുന്നു.

ദേവേട്ടാ…പരിക്ഷീണയെങ്കിലും അച്ചു വിളിച്ചു. കണ്ണുകൾ പതിയെ തുറന്നു. ദേവിനെ കണ്ട അച്ചുവിൻ്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി. കരയരുത്..നമ്മളെ ആരും പിരിക്കില്ല…ദേവ് അച്ചുവിൻ്റെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

അച്ചുവിൻ്റെ കയ്യിൽ ബ്ലഡ് കയറുന്നുണ്ടായിരുന്നു. അച്ചുവിൻ്റെ കയ്യിലെ മുറിവിൽകൂടി ദേവ് പതിയെ വിരലോടിച്ചു. ചുറ്റും നോക്കിയിട്ട് ആ കയ്യിൽ ഒരുമ്മയും കൊടുത്തു. സങ്കടപ്പെടേണ്ട ഞങ്ങൾ എല്ലാവരും പുറത്തുണ്ട്. അവരോട് പറയട്ടെ അച്ചു മിടുക്കി ആയെന്ന്….ദേവ് എണീറ്റു എന്നിട്ട് അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.

സമയം കഴിഞ്ഞു പുറത്തിറങ്ങിക്കോളൂ…സിസ്റ്റർ വന്നു പറഞ്ഞു. ശരി സിസ്റ്റർ…ദേവ് പറത്തിറങ്ങി.

ഇറങ്ങി വന്ന ദേവിൻ്റെ അടുത്തേക്ക് എല്ലാവരും ഓടിവന്നു. മോനെ അച്ചു സംസാരിച്ചോ…ലളിത ചോദിച്ചു. ദേവിൻ്റെ മുഖത്തെ സന്തോഷം കണ്ടിട്ട് വസുധ മറ്റൊന്നും ചോദിച്ചില്ല.

അമ്മായി അവൾ മിടുക്കിയായി കിടക്കുന്നു. ഇനി പേടിക്കാനില്ല. ഇനി അമ്മാവൻ്റെ കാര്യം കൂടി അറിഞ്ഞാൽ സമാധാനം ആയി.

സുകുമാരൻ്റെ കൂടെയുള്ളയാളിനെ ഡോക്ടർ വിളിക്കുന്നു…ഒരു സിസ്റ്റർ വന്നു പറഞ്ഞു.

ഡോക്ടറുടെ റൂമിലേക്ക് സിസ്റ്ററിൻ്റെ കൂടെ ദേവും ശരത്തും കടന്നു ചെന്നു. ഇരിക്കൂ…ഡോക്ടർ പറഞ്ഞു.

പേഷ്യൻ്റിന് ഇപ്പോൾ അപകടനില തരണം ചെയ്തു. എന്നാൽ ഇനി ഒരറ്റാക്ക് താങ്ങില്ല. മോളെ കാണണം എന്നു പറഞ്ഞു. കെയർഫുൾ ആയിരിക്കണം. ബ്ലഡ് കയറ്റിക്കൊണ്ടിരിക്കയാണ്. അതുകഴിയട്ടെ. സിസ്റ്ററിനോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ദേവും കൂടെ ഉണ്ടാവണം.

ശരി ഡോക്ടർ…ദേവും ശരത്തും റൂമിൽ നിന്നും പുറത്തിറങ്ങി.

അച്ഛാ…അച്ഛാ…

ഉംം….മൂളിക്കൊണ്ട് സുകു കണ്ണുതുറന്നു. അച്ചും, ദേവും….

സുകുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.

ദേവ്…എൻ്റെ മോൾ…

അമ്മാവാ…ഞങ്ങളുടെ കല്യാണം അമ്മാവൻ്റെ അനുഗ്രഹത്തോടെ വേണം എന്നാണ് ഞാൻ ആഗ്രഹിച്ചത്.

അതുണ്ടല്ലോ ദേവ്…സുകു അച്ചുവിൻ്റെ കൈ എടുത്ത് ദേവിൻ്റെ കയ്യിൽ വെച്ച്, എന്നിട്ട് ആ കൈകൾ തൻെറ നെഞ്ചോട് ചേർത്ത് പിടിച്ചു.

ഇപ്പോൾ ആണ് സമാധാനമായത്. അച്ചു കാര്യമറിയാതെ അച്ഛൻ്റെയും ദേവിൻ്റെയും മുഖത്തേയ്ക്ക് മാറിമാറി നോക്കി. അച്ചുവിൻ്റെ നോട്ടം കണ്ട ദേവ് കണ്ണിറുക്കി കാണിച്ച്, ഒന്നു പുഞ്ചിരിച്ചു. ആ സാഹചര്യത്തിലും അച്ചുവിനു നാണം വന്നു.

അവരെ കൺകുളിർക്കെ നോക്കിക്കിടന്ന സുകു കണ്ടു അവരുടെ മുഖത്തെ ഭാവങ്ങൾ. സുകുവിൻ്റെ മനസ്സ് നിറഞ്ഞു. സമയം കഴിഞ്ഞു…ഒരു സിസ്റ്റർ വന്ന് പറഞ്ഞു.

അമ്മാവാ…ഞങ്ങൾ പുറത്തുണ്ട്.

അച്ഛൻ വന്നിട്ട് ഉടനെ ബാക്കികാര്യങ്ങൾ നടത്താം. എൻ്റെ മോൾ വിഷമിക്കേണ്ട…

അച്ഛാ….

പൊക്കോ എന്ന് സുകു പറഞ്ഞു.

രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ശേഷം…ദേവും ലളിതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ശശി എവിടെ ലളിതേ…ശശിയേട്ടന് തിരക്കാണ്. നമ്മൾ ചെല്ലുമ്പോൾ വീട്ടിലേയ്ക്ക് വന്നേക്കാം എന്നുപറഞ്ഞു. അവനോടാലോചിച്ച് എല്ലാം എത്രയും വേഗം ചെയ്യണം…കാറിലിരിക്കെ സുകു പറഞ്ഞു.

വീട്ടിൽ ചെല്ലട്ടെ അമ്മാവാ…ഇപ്പോൾ അതൊന്നും ചിന്തിക്കേണ്ട…ദേവ് ചെറുചിരിയോടെ പറഞ്ഞു. ലളിത സുകുവിൻ്റെ കയ്യെടുത്തു മടിയിൽ വെച്ചു. സുകുവേട്ടാ…എല്ലാം സുകുവേട്ടൻ ആഗ്രഹിക്കുംപോലെ തന്നെ നടക്കും…വീടെത്തും വരെ ആ കയ്യിൽ ലളിത പിടിച്ചിരുന്നു. ധൈര്യം പകരാനെന്നപോലെ…സുകു കണ്ണടച്ചിരുന്നു.

സുകുവേട്ടാ…വീടെത്തി…കണ്ണുറന്ന സുകു ഒന്നമ്പരന്നു. കാറിൽ ഇരുന്ന് വീടും മുറ്റവും ആകെയൊന്നു നോക്കി. എന്താ ഇതൊക്കെ…?

പറയാം…ആദ്യം കാരണവർ ഇങ്ങോട്ടിറങ്ങിയാട്ടെ…ശശി പറഞ്ഞു.

വസുധ…അച്ചു…സരസു…ശരത്…എല്ലാവരും കാറിനടുത്തേയ്ക്ക് വന്നു. എല്ലാവരുടേയും മുഖത്ത് സന്തോഷം മാത്രം. താൻ ആഗ്രഹിച്ച സ്വപ്നം കണ്ടിരുന്ന തൻെറ കുടുംബം. സന്തോഷം കൊണ്ട് സുകുവിൻ്റെ കണ്ണു നിറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ സുകുവിനെ ശരത്തും ദേവും പിടിച്ച് ഉമ്മറത്തിട്ടിരുന്ന കസേരയിൽ കൊണ്ടിരുത്തി.

ശശീ…സുകു വിളിച്ചു. നമ്മുടെ മക്കളുടെ കല്യാണം എന്തിനാ വെച്ചു താമസിപ്പിക്കുന്നത്.

ഇന്ന് നിശ്ചയവും മോതിരം മാറ്റവും നാളെ കല്യാണം. എന്താ പോരെ…ശശി ചോദിച്ചു.

അപ്പോൾ വിളിയൊക്കെ…?

അതെല്ലാം കഴിഞ്ഞു…ഉച്ച കഴിയുമ്പോൾ തൊട്ട് ആൾക്കാർ വന്നുതുടങ്ങും.

ശശീ നീ…സുകു ശശിയുടെ കയ്യിൽ പിടിച്ചു. നമ്മുടെ മക്കളുടെ കല്യാണം കേമമാക്കണം. അതെ നമ്മുടെ മക്കൾ…സുകു ആവർത്തിച്ചു.

നീ വിശ്രമിക്ക്…കുറച്ചു കാര്യങ്ങൾ കൂടി അടുപ്പിക്കാനുണ്ട്…ശശി മുറ്റത്തേക്ക് ഇറങ്ങി. എല്ലാം വീക്ഷിച്ച് ആത്മനിർവൃതിയോടെ സുകുവും.

വൈകിട്ട് തുളസിതറയിൽ വിളക്കുവെച്ചിട്ട് അച്ചു മോട്ടിട്ടു നിൽക്കുന്ന വെളുത്ത ചെമ്പരത്തിയോട് കിന്നാരം പറയാൻ മറന്നില്ല.

രാവിലെ തന്നെ ആൾക്കാർ എല്ലാം വന്നുതുടങ്ങി. വന്നവർ വന്നവർ പെണ്ണിനെ തിരക്കി. അവൾ ഇപ്പോൾ വരും അമ്പലത്തിൽ പോയതാ…ലളിത മറുപടി പറഞ്ഞു പറഞ്ഞു മടുത്തു.

ശരത്തിനൊപ്പം അമ്പലത്തിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ അച്ചുവിനോട് വാരസ്യാർ ചോദിച്ചു. മുഹൂർത്തം അപ്ലാ കുട്ട്യേ…

പതിനൊന്നരയ്ക്കാ…വാരസ്യാരേ…വന്നേക്കണേ…

വരും കാവുംപുറത്തെ കല്യാണമല്ലേ…വരും. ഞാനും ഉണ്ടാവും കുട്ടീ…തിരുമേനി പറഞ്ഞു.

രണ്ടാളും വരണം ഒപ്പം അനുഗ്രഹവും ഉണ്ടാവണം. ഞങ്ങൾ പോട്ടെ…വാ ശരത്.

അവർ പോകുന്നത് നോക്കി നിന്ന തിരുമേനി പറഞ്ഞു…ഈ കൂട്ടി ഏതുവീട്ടിൽ ചെന്നുകേറിയാലും അവിടെ ഐശ്വര്യം വർദ്ധിക്കുകയേ ഉള്ളൂ…

ശരിയാ തിരുമേനി…

*** ***

ശശീ…പതിനൊന്നായല്ലോ…അവരെ കണ്ടില്ലല്ലോ…ഇപ്പോൾ വരും…എന്നെ ഇപ്പോൾ വിളിച്ചതേ ഉള്ളൂ…ദാ വരുന്നുണ്ട് കാർ…ശശി പറഞ്ഞു.

പന്തലിൽ നാദസ്വരം നടക്കുന്നതിനാൽ പ്രായമായവർ അവിടിരുന്നു. ചെറുക്കനെ സ്വീകരിച്ച് പന്തലിലേയ്ക്ക് ആനയിച്ചു.

മൂഹൂർത്തമായി, പെണ്ണിനെ ഇറക്കിക്കൊണ്ടുവരൂ…തിരുമേനി പറഞ്ഞു.

അച്ചുവിനെ മണ്ഡപത്തിൽ ഇരുന്ന ദേവിനടുത്തായിരുന്നു. തിരുമേനി എടുത്തു കൊടുത്ത താലി ദേവ് അച്ചുവിൻ്റെ കഴുത്തിൽ ചാർത്തി. ദേവിൻ്റെ അച്ചൻ്റെ സ്ഥാനത്തു നിന്ന് ശശി ബാക്കികാര്യങ്ങൾ ചെയ്തു.

നാട്ടുകാരേയും ബന്ധുജനങ്ങളേയും സാക്ഷിയാക്കി. മാതാപിതാക്കളുടെ ആശീർവാദത്തോടെ, അച്ചു ദേവിനു സ്വന്തം. സുകു ദേവിന് അച്ചുവിൻ്റെ കൈ പിടിച്ചുകൊടുത്തു. ദക്ഷിണ വാങ്ങി തിരുമേനി അവരെ അനുഗ്രഹിച്ചു.

ഉമാമഹേശ്വരൻമാരേപ്പോലെ ആവട്ടെ…എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ…ചെറുക്കൻ വീട്ടിലേയ്ക്ക് പോകാൻ ഉള്ള സമയം ആയി.

എല്ലാവരുടോടും യാത്ര പറഞ്ഞു കാറിൽ കയറിയ അച്ചുവിൻ്റെ അടുത്തേയ്ക്ക് സരസു എത്തി…എൻ്റെ വകയായി ഇതു നിനക്കിരിക്കട്ടെ. അച്ചു സന്തോഷത്തോടെ പറഞ്ഞു…വെളുത്ത ചെമ്പരത്തി…

വെളുത്തചെമ്പരത്തി ഉമാമഹേശ്വരസങ്കല്പമാണ്…സരസു പറഞ്ഞു.

അച്ചുവും ദേവുംകൂടി ചെടി വാങ്ങി. അങ്ങനെ ദേവ് സ്നേഹിച്ച അച്ചുവും അച്ചുവിനോടൊപ്പം വെളുത്തചെമ്പരത്തിയും ദേവിൻ്റെ വീട്ടിലേയ്ക്ക്….

ശുഭം