രചന : ശിവൻ മണ്ണയം
::::::::::::::::::::::::
”ഒരു vcD പ്ലെയറിൽ ഞാനിട്ട് കാണുന്ന സിനിമയാണ് എൻ്റെ ജീവിതം.ഇഷ്ടമില്ലാത്ത രംഗം വന്നാൽ സ്പീഡിന് ഓടിച്ചു വിടും. ഇഷ്ടമുള്ള രംഗം വന്നാൽ വീണ്ടും വീണ്ടും കാണും. മടുപ്പുള്ള കഥയാണെങ്കിൽ അപ്പോൾ തന്നെ സ്റ്റോപ്പടിച്ച്, സീഡിയെടുത്തൊടിച്ച് പൊട്ടിച്ച് ദൂരെക്കളയും!”
തൻ്റെ പ്രതാപ യൗവനകാലത്ത് വിക്രമൻ ഡയറിയിലെഴുതി വച്ചതാണ് ഇത്. അദ്ദേഹത്തിന് എഴുത്തും വായനയുമൊക്കെ അറിയാം.
വിക്രമൻ ഒരക്രമിയായിരുന്നു, പരാക്രമിയായിരുന്നു. നാട്ടിലെ പെണ്ണുങ്ങൾക്കൊക്കെ അറിയാം. രണ്ടടി വച്ചാൽ നിന്ന് കിതച്ചിരുന്ന, അപാരഭക്ഷണവിഴുങ്ങലികളായ മിക്ക സ്ത്രീകളെയും സുമാർ അരകിലോമീറ്ററോളം നിർത്താതെ ഓടാൻ പഠിപ്പിച്ചത് ഈ ത്രിവിക്രമനാണ്. മണ്ടൻ കുന്നിൽ സ്പോർട്സ് കൊണ്ടുവന്നത് ഈ വിക്രമനാണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല .
തല്ലിപ്പൊളിയായി നടന്ന വിക്രമൻ സ്വന്തം തന്തയെയും തള്ളയെയും തിരിഞ്ഞ് നോക്കിയിരുന്നില്ല. വല്ലതും താടാ എന്ന് പറഞ്ഞ് അമ്മ കൈ നീട്ടിയപ്പോൾ ചാരായ കുപ്പി വച്ചുനീട്ടിയ ഈ ദുഷ്ടന് മണ്ടൻ കുന്നിൽ നിന്ന് പെണ്ണുകിട്ടാൻ ഒരു ചാൻസുമില്ലായിരുന്നെങ്കിലും, സുന്ദരിയായ ഒരു പെൺമണി ഇയാളുടെ കൂടെയങ്ങ് കൂടി .നാട്ടുകാർ അമ്പരന്ന് വാ തുറന്നു പോയി. അക്കാലത്ത് ഗൾഫുകാരാരുന്നു കല്യാണ മാർക്കറ്റിലെ ഐഎഎസുകാർ.അവരുടെ വിവാഹ ആലോചനകളെപ്പോലും തള്ളിക്കളഞ്ഞു കൊണ്ടാണ് ആ പെൺകുട്ടി വിക്രമനെ വരിച്ചത്. അലമ്പൻമാരെയാണത്രേ പെമ്പിള്ളാർക്ക് ഇഷ്ടം.
പെണ്ണുങ്ങൾക്ക്, വയലൻ്റായി സമൂഹത്തിൻ്റെ ചിട്ടവട്ടങ്ങൾക്ക് വിരുദ്ധരായി നടക്കുന്ന, ക്ഷിപ്രകോപി സ്ഥാനാസ്ഥാന കൈക്കരുത്ത് പ്രകടിത പുരുഷ പ്രമാണികളോടാണത്രേ പ്രിയം. മര്യാദക്ക് കുടുംബം നോക്കി നടക്കുന്നവർ പെമ്പിള്ളാരുടെ ദൃഷ്ടിയിൽ വെറും പാളേങ്കോടൻ പഴങ്ങൾ. കഞ്ചാവുമടിച്ച് തല്ലും കൊലയുമായി നടക്കുന്നവർ വീരൻമാർ ! അടിപിടിയിലേർപ്പെട്ട് ആണുങ്ങൾ ചാകുന്ന ഏർപ്പാടിൻമേൽ വീരാരാധന വന്ന് തുടങ്ങിയത് പെണ്ണുങ്ങളുടെ ഈ ചിന്താധാരയാലാണ് പോലും. യുദ്ധങ്ങൾപ്പോലും ഇങ്ങനെയാണത്രേ ആരംഭിച്ചത്. യുദ്ധത്തിന് പോയാലേ വീരനാകൂ എന്ന ചിന്ത ആണുങ്ങളുടെ മേൽ പെണ്ണുങ്ങൾക്ക് ഉണ്ടായതിനാൽ പല യുദ്ധങ്ങളും വെറുതെ നടന്നു. ഈ കപട വീരാരാധന ആണുങ്ങളെ മുച്ചൂടും കൊന്നൊടുക്കാൻ ,1200 AD യിൽ രൂപം കൊണ്ട ഒരു സ്ത്രീജന്യ രഹസ്യ സംഘടനയുടെ ഗൂഢപദ്ധതിയായിരുന്നത്രേ. എഴുതാൻ വന്ന വിഷയവുമായി വലിയ ബന്ധമില്ലാത്ത ഈ പാരഗ്രാഫ് ഇതിലേക്ക് തിരുകി കയറ്റാൻ ശ്രമിച്ചത്, മണ്ടൻ കുന്നിലെ പ്രശസ്ഥ ചരിത്ര ഗവേഷകനും ഫിലോസഫറുമായ ജയന് ഒരാദരവ് അർപ്പിക്കാനാണ്. ജയൻ BAഹിസ്റ്ററി, MA ഫിലോസഫി .ഇപ്പോൾ ചികിത്സയിലാണ്; ഊളമ്പാറയിൽ .എത്രേം വേഗം ഭേതമാകട്ടെ.
വിക്രമന് പെണ്ണ് കിട്ടി.രണ്ട് പിള്ളാരുമായി. തല്ലുന്ന ആണിനെ ആരാധിച്ച് കേറി വന്ന പെണ്ണിന്, ദിവസവും തല്ല് കിട്ടിയപ്പോൾ ,തല്ല് നല്ല ഒരു ഏർപ്പാടല്ല എന്ന് ബോധ്യമായി. അഞ്ചു പൈസയുടെ വരുമാനം കുടുംബത്തിന് കൊടുക്കാതെ കുടിച്ച് നടന്ന ഭർത്താവിനെ കണ്ടപ്പോൾ കൈകരുത്തും മുൻകോപവും അല്ല വീരൻ്റ ലക്ഷണം എന്നുമവൾക്ക് മനസിലായി. പക്ഷേ കാലം ഓടിപ്പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ല.
വിക്രമൻ്റെ അച്ഛൻ ശരീരം തളർന്ന്, ഒരേ കിടപ്പിൽ കിടന്ന് മരുന്നും ആഹാരവും കിട്ടാതെയാണ് നരകിച്ച് മരിച്ചത്.അമ്മ അതു കണ്ട് വേദനിച്ചാകണം അറ്റാക്ക് വന്ന് മരിച്ചു.
സ്വന്തം ത ന്തയെയും ത ള്ളയെയും തിരിഞ്ഞു നോക്കാതെ ,നരകിപ്പിച്ച് കൊ ന്ന വിക്രമനോട് പലരും പറഞ്ഞു “നിനക്കും ഈ ഗതി വരുമെടാ !”
എന്തിനാ ഇങ്ങനെ നരകിക്കാൻ കിടന്നത്? അവർക്ക് ആ ത്മഹ ത്യ ചെയ്തു ടാരുന്നോ? വിക്രമ ൻ്റെ ഉത്തരം അതാരുന്നു.
അതിന് ശേഷം ഭാര്യയെയും മക്കളെയും നോക്കാതെ കുടിച്ചും പെണ്ണുപിടിച്ചും തല്ല് കൂടിയും നടന്ന വിക്രമനോട് പലരും പറഞ്ഞു: എടാ കുടുംബത്തെ നോക്കിയില്ല എങ്കിൽ നരകിച്ച് ചാവേണ്ടി വരും.
അവരു നോക്കണ്ട ഞാൻ ആത്മ ഹ ത്യ ചെയ്തോളാം!വിക്രമൻ പറഞ്ഞു.
ഈ വിക്രമൻ തൻ്റെ മരണത്തെ കുറിച്ച് ഡയറിയിലെഴുതിയ വിചാരങ്ങളാണ് ഞാൻ ആദ്യം പങ്കുവച്ചത്.
മോശമായ സീനുകൾ സ്ക്രീനിലേക്ക് വന്നാൽ അപ്പോൾ റിമോട്ടിൽ സ്റ്റോപ്പടിക്കും. അതിനായി കുറച്ച് സയനൈയ്ഡും വിക്രമൻ സംഘടിപ്പിച്ച് വച്ചു.ആരോഗ്യമുള്ള കാലത്തോളം അടിച്ചു പൊളിച്ച് ജീവിക്കണം.ആരോഗ്യം നഷ്ടപ്പെടുന്ന ആരോരുമില്ലാ കാലത്ത് അച്ഛനെയും അമ്മയെയും പോലെ നരകിച്ച് ചാവാൻ നില്ക്കാതെ സ്വയം കൊ ല്ലണം. കൈയിലുള്ള സയനൈഡ് കുപ്പി വല്ലാത്ത ധൈര്യമാണ് വിക്രമന് കൊടുത്തത്.
വർഷങ്ങൾ പലത് കടന്നു പോയി.
എല്ലാ പച്ചഇലകളെയും പോലെവിക്രമനും പഴുത്തു .
ഉണങ്ങി ശുഷ്കിച്ചു.ഇരിക്കാനും നടക്കാനും വയ്യാത്ത ശ്വാസം മുട്ട്.
വിക്രമൻ പ്രതീക്ഷിച്ചതു പോലെ ഭാര്യയോ മക്കളോ അന്വേഷിക്കാൻ വന്നില്ല.
സയനൈഡിൻ്റെ കുപ്പി കൈവശമുണ്ട്. പക്ഷേ ഉപയോഗിക്കാൻ തോന്നിയില്ല.
എല്ലാം ശരിയാകുമെന്ന് വിചാരിച്ചു.
വിക്രമൻ പതിയെ കിടക്കയിലേക്ക് കൊഴിഞ്ഞു വീണു.
പരിചരിക്കാൻ ആരും വന്നില്ല.
അപ്പോഴും അയാൾ സയനൈഡ് കുപ്പിയെ കുറിച്ചോർത്തു. പക്ഷേ ഉപയോഗിക്കാൻ ഒരു മടി.
എല്ലാം ശരിയാകുമായിരിക്കും. ഇനിയും ജീവിക്കണം. ഒരു പാട് കാലം: അയാൾ ചിന്തിച്ചു.
ശരീരത്തിൻ്റെ ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്ന കാലത്ത് അയാൾ, തൻ്റെ കൈവശമുള്ള സയനൈഡ് കുപ്പിയുടെ കാര്യമോർത്ത് ഭയന്ന് ഞെട്ടി! ആരെങ്കിലുമതെടുത്ത് തൻ്റെ വായിലേക്കൊഴിച്ച് തന്നാലോ?
മുന്നിലേക്ക് വരുന്ന ഓരോ ആളെയും അയാൾ ഭയത്തോടെ ഉൾക്കിടിലത്തോടെ നോക്കി!