അവളെന്‍റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നു. ആ കണ്‍പീലികളില്‍ ഞാനമര്‍ത്തി ചുംബിച്ചു

മധുര നൊമ്പരക്കാറ്റ് – രചന : NKR മട്ടന്നൂർ

ഏട്ടാ….

ഇന്ന് എന്താ നിങ്ങള്‍ക്കൊരു വിഷമം പോലെ…? അശ്വതിയാ.

ഒന്നുമില്ലാല്ലോ. ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി.

അതൊന്നുമല്ല. നിങ്ങള്‍ക്കെന്തോ സങ്കടമുണ്ട്. അല്ലാതെ ആ മുഖമിങ്ങനെ വാടിപ്പോവില്ലായിരുന്നു.

എന്‍റെ അച്ചൂ ഒന്നുമില്ല. ഞാന്‍ ഓരോന്നോര്‍ത്ത് നടക്കയായിരുന്നു. അപ്പോള്‍ നിങ്ങള്‍ പറയില്ല അല്ലേ…?മറുവശത്തൂന്ന് കോള്‍ കട്ടായി.

ഈ പെണ്ണിന്‍റെ ഒരു കാര്യം. മനുഷ്യനിവിടെ വിഷമിച്ചു നില്‍ക്കുമ്പോഴാ അവളുടെ ഒരു കിന്നാരം. വീട്ടിലെത്തിയപ്പോഴാ അച്ചുവിന്‍റെ കോള്‍ വന്നത്. വരുന്ന വഴിയിലാ അവളുടെ വീട്. ഉമ്മറത്തു നിന്ന് എന്നെ നോക്കുന്നത് കണ്ടിരുന്നു. ഓരോ ആലോചനയില്‍ ഒന്നു കൈ വീശി കാട്ടുക മാത്രേ ചെയ്തുള്ളൂ.

നാളെ രാത്രിയത്തെ ട്രെയിനില്‍ കൊച്ചിക്ക് പോവണം. ഒരു ഇന്‍റര്‍വ്യൂ ആണ്. ഇതു മിക്കവാറും ശരിയാവാനാണ് സാധ്യത. ഓട്ടോമൊബൈല്‍ മെക്കാനിക്കായിട്ട് ഒരു വലിയ കമ്പനിയിലേക്ക്. ഖത്തറിലാണ്. ഒരു കൂട്ടുകാരനുണ്ടാ കമ്പനിയില്‍. സര്‍ട്ടിഫിക്കറ്റുകളുമായ് ഇന്‍റര്‍വ്യൂവില്‍ എന്തായാലും പങ്കെടുക്കാന്‍ അവന്‍ ശട്ടം കെട്ടിയിരിക്കയാ. പോക്കു വരവിനെല്ലാം കൂടി ഒരു മൂവായിരം രൂപയെങ്കിലും വേണം. സ്വരൂകൂട്ടി വെച്ചിരുന്നു അത്രയും പണം. അതീന്നെടുത്താ ഇന്നലെ പാചക ഗ്യാസ് കുറ്റി നിറച്ചത്. ആ വകയില്‍ 750 രൂപ ചിലവായി. അച്ഛനെ കൂട്ടി ഹോസ്പിറ്റലില്‍ പോയി അങ്ങനെ പോയി ആയിരത്തി ഇരുന്നൂറ് രൂപ ഒരു മാസത്തെ മരുന്നു വാങ്ങേണ്ടി വന്നു ഒന്നായിട്ട്.

അമ്മ ചായയുമായ് വന്നു. ഉമ്മറത്തെ കസേരയില്‍ ഞാന്‍ ഓരോന്നോര്‍ത്ത് ഇരിക്കയായിരുന്നു. മോനേ…. ചായകപ്പ് വാങ്ങി ഞാന്‍ ചുണ്ടോട് ചേര്‍ത്തു. അമ്മയ്ക്കും അറിയാം എന്‍റെ എല്ലാ സങ്കടങ്ങളും. നാളെയാണോ മോന്‍ കൊച്ചിക്ക് പോണത്…?

മം…ഞാന്‍ മൂളി.

അതിനായ് കരുതി വെച്ച കാശെല്ലാം തീര്‍ന്നു പോയി അല്ലേ….?

അമ്മ കയ്യില്‍ ചുരുട്ടിപിടിച്ച ഏതാനും നോട്ടുകള്‍ എന്‍റെ നേര്‍ക്കു നീട്ടി. ഞാനത് വാങ്ങാന്‍ മടിച്ചപ്പോള്‍ അമ്മയെന്നെ നിര്‍ബന്ധിച്ചു പിടിപ്പിച്ചു. അത് അമ്മയുടെ സ്വകാര്യ സമ്പാദ്യമായിരിക്കും കുറച്ചു കോഴികളുണ്ട് വീട്ടില്‍ അമ്മ വളര്‍ത്തുന്നതായിട്ട്. ഞാനതിന്ന് വീട്ടു ചെലവിലേക്ക് ഒന്നും എടുക്കാന്‍ വിടാറില്ല. ആ പണം ഞാന്‍ എണ്ണി നോക്കി. രണ്ടായിരത്തി അഞ്ഞൂറു രൂപയുണ്ട്. പാവം അമ്മ. ഞാനത് അകത്തു കൊണ്ടു പോയി വെച്ചു.

കുളിച്ചു വന്നപ്പോള്‍ ഫോണില്‍ അഞ്ചു മിസ്ഡ് കോള്‍ ഉണ്ടായിരുന്നു. മുറ്റത്തെ കോണില്‍ പോയിരുന്നു അച്ചുവിനെ വിളിച്ചു. ഒറ്റ റിങ്ങില്‍ തന്നെ കോളെടുത്തു.ഏട്ടാ…പെണ്ണിന്‍റെ ശബ്ദം കേട്ടപ്പോള്‍ സങ്കടം തോന്നി. എന്‍റെ അമ്മയേക്കാള്‍ പാവമാ ഈ അവതാരം. എന്തിനാടീ ചിണുങ്ങുന്നേ….? ഞാന്‍ ദേഷ്യം ഭാവിച്ചു ചോദിച്ചു. മിണ്ടുന്നില്ല. കരച്ചില്‍ വന്നു തൊണ്ടയില്‍ കുരുങ്ങി കിടപ്പുണ്ടാവും. ആദ്യമേ സ്നേഹത്തില്‍ സംസാരിക്കേണം പെണ്ണിനോട്‌. എന്‍റെ ഒരു മൂളലില്‍ പോലും സ്നേഹം വേണം അവള്‍ക്ക്…അല്ലെങ്കില്‍ പിന്നെ മിണ്ടില്ല….

എന്‍റെ അച്ചൂ…ഞാന്‍ നാളത്തെ യാത്രയേക്കുറിച്ചോര്‍ത്ത് നടന്നു വരികയായിരുന്നു. അതാ മിണ്ടാതെ പോന്നത്. നീയിങ്ങനെ കുട്ടികളേപ്പോലെ വാശി കാട്ടല്ലേ. ഞാന്‍ ഒരു മാസത്തിനുള്ളില്‍ ഖത്തറിലേക്ക് പോവും. പിന്നെ നിനക്ക് ഇതു പോലെ എന്നും കാണാനൊന്നും ആവില്ല കേട്ടോ. പിന്നേയും കോള്‍ കട്ടായി. കരയുകയാവും…

ഇതാണെന്‍റെ അവസ്ഥ. ഇവരെയൊക്കെ വിട്ട് വേണം ആ ജോലി നേടാന്‍. അജയ് പറഞ്ഞത് നല്ല കമ്പനിയാണെന്നാ. മാന്യമായ ശമ്പളവും ഉണ്ടെന്ന്. നാട്ടില്‍ നിന്നാല്‍ ജോലി ചെയ്തു ജീവിച്ചു പോവാം എന്നെല്ലാതെ ഒരു രൂപ മിച്ചം വെയ്ക്കാന്‍ പറ്റുന്നില്ല. അശ്വതിയുടെ വീട്ടില്‍ പെണ്ണിന്‍റെ പിടിവാശി കാരണാ അവരൊന്നും പറയാതിരിക്കുന്നത്‌. പെണ്ണിന് വയസ്സ് ഇരുപത്തിരണ്ടായി. കൂടാതെ എന്നും ആലോചനകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു. ഒരു മോതിരം ആ വിരലില്‍ അണിയിച്ചിട്ട് വേണം വിമാനം കേറാന്‍. അശ്വതി കാത്തിരിക്കും എത്ര നാള്‍ വേണേലും. പക്ഷേ…പ്രായപൂര്‍ത്തിയെത്തിയ പെണ്ണിനെ കെട്ടിച്ചു വിടാതെ ഇങ്ങനെ നിര്‍ത്തുന്നതും ആര്‍ക്കും പിടിക്കണില്ല. നല്ല ഉദ്യോഗമുള്ളവരുടേയൊക്കെ ആലോചനകള്‍ ഒത്തിരി വന്നതാ പെണ്ണിന്. എന്നിട്ടും ഈ സ്ഥിര വരുമാനമില്ലാത്ത എന്നെ കാത്തിരിക്കുന്നതിന്‍റെ കുശുമ്പാ പലര്‍ക്കും.

രാത്രി ഉറങ്ങുന്നതിന് മുന്നേ വിളിച്ചു എന്‍റെ പാവം അശ്വതിക്കുട്ടിയുടെ മനസ്സിനെ സമാധാനിപ്പിച്ചു, കുറേ ഉപാധികളോടെ. ഒന്ന് നാളെ അമ്പലക്കുളപ്പടവില്‍ അവളോടൊത്ത് അരമണിക്കൂര്‍ ഇരിക്കണം. അത്രയും നേരം അവള്‍ക്കു തനിച്ചു കാണണം എന്നെ. പിന്നെ അവളുടെ സ്വകാര്യ സമ്പാദ്യമായ് ആയിരം രൂപയുണ്ട്. അതും ഞാന്‍ വാങ്ങണം. ആ പണം കൊണ്ടൊരു ഷര്‍ട്ട്‌ വാങ്ങണം. അതണിഞ്ഞോണ്ടാവണം ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടത്. എല്ലാം സമ്മതിക്കുകയേ നിര്‍വ്വാഹമുള്ളൂ.

അച്ഛന് പ്രായാധിക്യത്താല്‍ ശരീര വേദനയുണ്ട്, മുടങ്ങാതെ മരുന്നുണ്ട്. അമ്മയ്ക്കും കാണും ശരീര വേദനകളൊക്കെ. എന്‍റെ അവസ്ഥ കണ്ടിട്ട് എല്ലാം സഹിക്കുന്നതാവും. എല്ലാവരും ഒന്നിച്ചിരുന്നാണ് അത്താഴം കഴിച്ചത്. അമ്മയ്ക്ക് നല്ല കൈപുണ്യമാ. അച്ഛനുമമ്മയും എന്നെ കഴിപ്പിക്കുകയായിരുന്നു. അവരെ തനിച്ചാക്കി പോവേണ്ടതോര്‍ത്തപ്പോള്‍ കണ്ണുകള്‍ നനഞ്ഞു. അവരുടെ കാര്യം അശ്വതി ഏറ്റതാണ് ആകെയുള്ള സമാധാനം. എങ്ങനേലും ഒരു മൂന്നു വര്‍ഷം പിടിച്ചു നില്‍ക്കണം. എന്തേലും മിച്ചം പിടിച്ചു നാട്ടില്‍ വന്ന് ഒരു വരുമാനമാര്‍ഗ്ഗം കാണാം.

കുളക്കടവില്‍ ആരുമുണ്ടായിരുന്നില്ല. കല്‍പ്പടവില്‍ അവളെന്നോട് ചേര്‍ന്നിരുന്നു. അവളെയൊരു പ്രാവിന്‍ കുഞ്ഞിനെ പോലെ തോന്നിപ്പിച്ചു. എപ്പോഴും എന്നെ മാത്രം ഓര്‍ത്ത്. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചും വഴിപാടുകള്‍ നേര്‍ന്നും ജീവിച്ചു തീര്‍ക്കുകയാ ഒരു ജന്മം. ഒന്നിനും പരിഭവമോ പരാതിയോ ഇല്ല…എന്നും കാണണം…വിളിക്കണം.

സ്നേഹത്തോടെയുള്ള രണ്ടു വാക്ക് കിട്ടിയാല്‍ മതി. കാണാതെ മിണ്ടാതെ പോയാല്‍ കരഞ്ഞു തീര്‍ക്കും സങ്കടങ്ങള്‍. അതൊരു വിചിത്ര ജന്മമാ. എന്താണ് എന്നോടിത്ര ഇഷ്ടത്തിന് കാരണമെന്നറിയില്ല. അവളുടെ ഓര്‍മ്മ വെച്ച കാലം മുതല്‍ കാണുന്നതാ എന്നെ.

പ്ളസ്ടുവിന് പഠിക്കുമ്പോള്‍ ഒരു ദിവസം സ്കൂളീന്ന് വരുമ്പോള്‍ എതോ ഘോഷയാത്രയില്‍ കുടുങ്ങി അവള്‍ കേറിയ ബസ്സ് ലേറ്റായി. ടൗണീന്ന് വീട്ടിലേക്ക് പതിനഞ്ചു മിനിറ്റ് നടക്കാനുണ്ടായിരുന്നു. വരുന്ന വഴിയില്‍ ആരൊക്കെയോ അവളെുടെ പിറകേ വരുന്നതായ് തോന്നിയിട്ട് ഓടുകയായിരുന്നു. അപ്പോഴായിരുന്നു ഞാന്‍ ടൗണിലേക്ക്എന്തോ വാങ്ങാനായിട്ട് പോവുന്നത്. ഓടി വന്നു നിന്നത് എന്‍റെ മുന്നിലായിരുന്നു. പെണ്ണ് കരയുന്നുണ്ടായിരുന്നു. ഒന്നും പറയാനും കിട്ടുന്നില്ല. നടന്നു വന്ന മൂന്നു പേര്‍ എന്നെ കണ്ടപ്പോള്‍ വന്ന വഴിയേ തിരിച്ചു പോയി. ഒരുവിധം കാര്യം എന്നോട് പറഞ്ഞൊപ്പിച്ചു.

പാവം അന്നാ മുഖം കാണേണ്ടതു തന്നെയായിരുന്നു. കരച്ചില്‍ വന്നു നനഞ്ഞ കണ്‍പോളകളും വിളറി വെളുത്ത മുഖവും. എന്നെ കണ്ടപ്പോള്‍ അവിടെ തെളിഞ്ഞ ആശ്വാസവും. അന്നു വീട്ടില്‍ കൊണ്ടു വിട്ടു. അകത്തേക്ക് കേറി പോവുന്നത് വരെ പടിക്കല്‍ ഞാന്‍‍ നിന്നിരുന്നു. വാതിലടയ്ക്കുന്നതിന് മുന്നേ എന്നോട് കൈവീശി കാട്ടി.

പിന്നെ കാണുമ്പോഴൊക്കെ ഒരു ഹൃദ്യമായ പുഞ്ചിരി കിട്ടിത്തുടങ്ങി. എവിടെ കണ്ടാലും എത്ര തിരക്കിനിടയിലും പെണ്ണെന്നെ കണ്ടാല്‍ അതിന്ന് പിശുക്കു കാട്ടിയില്ല. ഒരു വട്ടം ഞാന്‍ ചുമ്മാ ആ തെളിഞ്ഞ മുഖത്തു നോക്കി ഒന്നു കണ്ണിറുക്കി കാട്ടി. ഓ…നാണത്താല്‍ തുടുത്തുപോയി മുഖം. പിന്നെ അതും ഒരു ശീലമാക്കി. അങ്ങനെ തുടങ്ങിയതാ സ്നേഹം വാരി കോരി തരാന്‍.

കാണുമ്പോഴൊക്കെ ചോദിക്കാറുണ്ടായിരുന്നു ജോലിക്കാര്യവും വീട്ടിലെ വിശേഷങ്ങളും. ഡിഗ്രി കഴിഞ്ഞതേ ഉള്ളൂ. ഒരു ജോലിക്ക് ശ്രമിക്കുന്നുണ്ട്. കൂടെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ചേര്‍ന്നിട്ടുണ്ട്.

ഏട്ടാ…

ഓര്‍മ്മകളീന്നുണര്‍ന്നു…

ഈ ജോലി കിട്ടും ട്ടോ എന്തായാലും. പിന്നെ പോയി വല്യ പണക്കാരനായിട്ട് വരണം. ഈ പെണ്ണിനെ മറന്നു പോവ്വോ…?

കണ്ണുകളില്‍ കുസൃതിയാ. നല്ല ചന്തമുണ്ട് പെണ്ണിനപ്പോള്‍.

ഏട്ടന് ടെന്‍ഷനുണ്ടോ മനസ്സില്‍….?

എന്തിനാ അത്…..?ഞാനും ആ കണ്ണുകളിലേക്ക് തന്നെ നോക്കി.

ഇല്ലേ…?അച്ഛനുമമ്മയും തനിച്ചാവുമെന്നോര്‍ത്ത്. അവരെ കാണാതെ മാറി നില്‍ക്കേണ്ടതോര്‍ത്ത്. അസുഖം വന്നാല്‍ കൂട്ടിപോവാനാരാണ് ഉണ്ടാവുക എന്നോര്‍ത്ത്….?പിന്നെ…..അതിനെല്ലാം താഴെ ഒരു ചെറിയ കോണില്‍ ഈ അശ്വതിയെ കാണാതിരിക്കുവാനാവില്ല എന്നുള്ള ഒരു കുഞ്ഞു സങ്കടംകൂടി.

മുഖത്ത് നോക്കി മനസ്സു വായിക്കുകയാ പെണ്ണ്. അവളെന്‍റെ മുന്നിലെ താഴ്ന്ന പടവില്‍ എഴുന്നേറ്റു നിന്നു. എന്‍റെ തോളില്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഞാനും അവളോടടുത്ത് ആ പടവില്‍ നിന്നു. ഒന്നിനും ഭയക്കേണ്ടതില്ലാ ട്ടോ. ഇവിടെ ആരുമില്ലെന്നോര്‍ത്ത് പേടിക്കയും വേണ്ട. നല്ല തെളിഞ്ഞ മനസ്സോടെ പോയി ആ ജോലി നേടണം. അവള്‍ പതിയെ എന്നോട് ചേര്‍ന്നു നിന്നു. ഞാനും അവളെ അണച്ചു പിടിച്ചു.

ഈ നിമിഷം മതി ഈ പെണ്ണിന് എത്ര നാള്‍ വേണമെങ്കിലും കാത്തിരിക്കാന്‍. അവളെന്‍റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നു. ആ കണ്‍ പീലികളില്‍ ഞാനമര്‍ത്തി ചുംബിച്ചു. അവള്‍ കാണാതെ ആ ചുണ്ടുകളിലും ഒരു ചുംബനം കൊടുത്തു. മിഴികളില്‍ തിളക്കം കൂടുതല്‍ കണ്ടു തിരികേ പോവുമ്പോള്‍. മതി സമാധാനം നിറഞ്ഞ ഈ മനസ്സുമായ് ഞാന്‍ പൊയ്ക്കോളാം ലോകത്തിന്‍റെ ഏതു കോണിലേക്കു വേണേലും. നീ എനിക്കായ് കാത്തിരിക്കുമെന്ന ഓര്‍മ്മകളുമായ്.

അങ്ങനെ പുതിയ പ്രതീക്ഷകളോടെ ഞാന്‍ ആ ജോലി നേടി ഖത്തറിലേക്ക് യാത്രയായി. എന്‍റെ അശ്വതിയുടെ പ്രാര്‍ത്ഥനകളോടൊപ്പം നിങ്ങളും പ്രാര്‍ത്ഥിക്കില്ലേ ഞങ്ങള്‍ക്കു വേണ്ടി.