എന്നാലും അവളൊരു അമ്മയാണോ….? നൊന്തു പ്രസവിച്ച ഏതെങ്കിലും അമ്മമാര്‍ക്കാവുമോ ഇങ്ങനെ ചെയ്യാന്‍….?

പെണ്ണായ് പിറന്നാല്‍ – രചന : NKR മട്ടന്നൂർ

പറമ്പു നിറയേ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. അവര്‍ക്കിടയിലൂടെ ഞാനും അവിടേക്ക് കയറി ചെന്നു.

വനിതാ പൊലീസിന്‍റെ അകമ്പടിയോടെ ആ ‘സ്ത്രീയെ’ അവര്‍ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയിരുന്നു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ആക്രോശവും തെറിവിളിയും ഉയര്‍ന്നു കേട്ടു.

പിന്നേയും കുറേ നേരം കഴിഞ്ഞു, അവരെ കൊണ്ടു വരുമ്പോൾ. ആ കാഴ്ച ഹൃദയഭേദകമായിരുന്നു. അച്ഛന്‍റെ കൂടെ ഇരുവശത്തുമായ് ആ രണ്ടു മക്കളേയും വെള്ള പുതപ്പിച്ചു കിടത്തി. നാളികേരമുറിയില്‍ കരിന്തിരി കത്തുന്നു. ആരുടെയൊക്കെയോ നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കാം. പതം പറഞ്ഞു കരയുന്നുണ്ട് സ്ത്രീകള്‍. തലയിലൂടെ സാരിത്തലപ്പു പുതച്ചു കൊണ്ടു പൊലീസുകാര്‍ നേരത്തേ കൊണ്ടു പോയത് ആ പിഞ്ചു മക്കളുടെ അമ്മയേ തന്നെയാ. അവളുടെ ഭര്‍ത്താവിനെയാ ആ വെള്ള പുതപ്പിച്ച് മക്കളുടെ കൂടെ ഉമ്മറത്ത് കിടത്തിയിരിക്കുന്നത്.

ഒരു സാധാ നാട്ടിന്‍ പുറത്തുകാരനും പരിഷ്ക്കാരമെന്തെന്ന് ചിന്തിക്കാനറിയാതിരുന്ന ഒരു പാവം റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്ന രാഘവേട്ടനേയും രണ്ടു മക്കളേയും വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ രാവിലേയാ നാട്ടുകാര്‍ കാണുന്നത്. രാഘവേട്ടന്‍റെ ഭാര്യ രമയാ നാട്ടുകാരെ വിളിച്ചു കരഞ്ഞു കൊണ്ട് വിവരമറിയിച്ചത്. ആളുകള്‍ ഓടിക്കൂടി. പൊലീസുകാരും വന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു രമയുടേത്. കടയില്‍ നിന്നും കൊണ്ടുവന്ന ‘ഷവര്‍മ’ അച്ഛനും മക്കളും കഴിച്ചെന്ന് പറഞ്ഞു ആദ്യം. ‘നിങ്ങള്‍ കഴിച്ചില്ലേ’ എന്ന ചോദ്യത്തിന് ആദ്യം കഴിച്ചെന്നും പിന്നീട് ഇല്ലെന്നും പറഞ്ഞു.

പിന്നീടുള്ള പൊലീസിന്‍റെ ഇടപെടലില്‍ കാര്യങ്ങള്‍ രമ തന്നെ വെളിപ്പെടുത്തി. രമയും, അവളുടെ രഹസ്യ കാമുകനും കൂടി തയ്യാറാക്കിയ പദ്ധതിയായിരുന്നു അത്…!രാത്രി രമയായിരുന്നു മധുരമുള്ള ചായയില്‍ വിഷം പകര്‍ന്ന് സ്വന്തം ഭര്‍ത്താവിന് കൊണ്ടു കൊടുത്തത്. രാഘവേട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാ രമ അടുക്കളയിലേക്ക് പോയത്. അപ്പോഴായിരുന്നു രണ്ടു മക്കളും അച്ഛന്‍ കുടിക്കുന്ന ചായയ്ക്ക് വേണ്ടി അടികൂടിയത്. അങ്ങനെ പാതി ചായ രണ്ടു മക്കള്‍ക്കും കുടിക്കാന്‍ കൊടുത്തു സ്നേഹനിധിയായ ആ അച്ഛന്‍.

‘എല്ലാം ശരിയായെന്ന’ മെസേജ് വാട്സാപ്പില്‍ സെന്‍റ് ചെയ്തു കൊടുത്തിട്ട് വിഷകുപ്പി കട്ടിലിനടിയിലും കൊണ്ടു വച്ചു….! അച്ഛന്‍റെ കൂടെ മക്കളും ഉറക്കം പിടിച്ചതാവും എന്നു കരുതി അവളും ഒരു ‘നല്ല നാളെ ‘സ്വപ്നം കണ്ടു ഉറങ്ങാന്‍ കിടന്നു.

സാമ്പത്തിക പരാധീനത മൂലം ഭര്‍ത്താവ് വിഷം കഴിച്ചു മരിച്ചെന്ന വാര്‍ത്ത നാളേക്ക് വന്നോളുമെന്ന പ്രതീക്ഷയിലായിരുന്നു രമ. കുറച്ചു കടങ്ങളുണ്ടായിരുന്നു രാഘവേട്ടന്. അതെല്ലാം അയാള്‍ മരിച്ചാല്‍ ‘സര്‍ക്കാര്‍ എഴുതി തള്ളുമെന്നും…’ കുറേ മാസങ്ങള്‍ കഴിഞ്ഞാല്‍ നമുക്കൊന്നായ് ജീവിച്ചു തുടങ്ങാം എന്നുള്ള അവരുടെ മോഹങ്ങളെല്ലാം….’മക്കളും‍ മരിച്ചതോടു’ കൂടി അവസാനിച്ചു.

രമയേയും കാമുകനേയും പൊലീസ് കൊണ്ടു പോയി. ശവമടക്കിനുള്ള സമയമായി. ‘ഞാനായിരുന്നു പറഞ്ഞത് മൂന്നുപേരേയും ഒരു കുഴിയില്‍ അടക്കാമെന്ന്…’ ആരൊക്കെയോ പിറുപിറുത്തെങ്കിലും ആ അച്ഛനും മക്കളും പരസ്പരം അത്രമേല്‍ സ്നേഹിച്ചിരുന്നെന്നും….അവര്‍ എപ്പോഴും‍ ഒന്നിച്ചുറങ്ങിക്കോട്ടെ ….!!

അങ്ങനെ പറയുമ്പോള്‍ എന്‍റെ വാക്കുകളും ഇടറിപോയിരുന്നു. പിന്നെ ആരും ഒരു തര്‍ക്കത്തിന് മുതിര്‍ന്നില്ല. തെക്കു ഭാഗത്ത് മൂന്നു പേര്‍ക്കുമായ് ആ ഒറ്റക്കുഴി നേരത്തെ തന്നെ ശരിയാക്കിയിരുന്നു. സമയം നാലുമണി കഴിഞ്ഞിരുന്നു. നേതാക്കളുടെ ഇടപെടലും കൊലപാതകത്തിന് കാരണമായവരെ കയ്യോടെ പിടി കൂടാന്‍ കഴിഞ്ഞതിനാലും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് വേഗം തന്നെ ശരീരങ്ങള്‍ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞു.

‘ആ കുഴിമാടത്തില്‍ മൂന്ന് പേരുടെ മേലെയും ഒരു പിടി പച്ച മണ്ണ് വാരിയിട്ടു.’ കരയാതിരിക്കാനാവില്ല ആര്‍ക്കും..!ഇന്നലെ വരെ ഈ മുറ്റത്തും തൊടിയിലും ഓടി ചാടി നടന്നിരുന്ന ആ കുഞ്ഞുങ്ങള്‍ ഇനി ഇവിടില്ല. അവരുടെ ജീവിതം അവസാനിച്ചിരിക്കുന്നു. നൊന്തു പ്രസവിച്ച ആ സ്ത്രീ തന്നെ അവരെ മടക്കി അയച്ചിരിക്കുന്നു. അത് തന്നെയായിരുന്നു നല്ലത്. കാരണം ആ ”അച്ഛനില്ലാതായാല്‍”. പിന്നെ ആ സ്ത്രീയുടെ പുതിയ ഭര്‍ത്താവ് ആ മക്കള്‍ക്ക് കൊടുക്കുന്ന ജീവിതം ഒരു പക്ഷേ നരകതുല്യമായിരിക്കും. പിന്നേയും മുന്നോട്ടുള്ള ജീവിതത്തില്‍ മക്കളും ഒരു ബാധ്യതയായി തോന്നിയാല്‍ ആ സ്ത്രീ തന്നെ ഒരു പക്ഷേ അവരെ കൊന്നു കളഞ്ഞേക്കാം. അല്ലെങ്കില്‍ അവന്‍ അങ്ങനെ ചെയ്തേക്കാം. പൊയ്ക്കോട്ടെ ആ മക്കള്‍ സ്വന്തം അച്ഛന്‍റെ കൂടെ എവിടേക്കായാലും.

ആ സ്ത്രീയെ അമ്മ എന്നു വിളിക്കാവോ….? മാതൃത്വം നെഞ്ചിലേറ്റുമ്പോഴല്ലേ ഒരു സ്ത്രീ മാതാവ് ആവുക…?

വീട്ടിലേക്ക് നടക്കുമ്പോള്‍ ശരീരം മുഴുവന്‍ ഒരു തളര്‍ച്ച പോലെ തോന്നി. കിണറ്റില്‍ നിന്നും തണുത്ത വെള്ളം കോരി കുളിച്ചപ്പോള്‍ ചെറിയൊരുന്മേഷം തോന്നി. ലുങ്കിയും ഷര്‍ട്ടുമിട്ട് മുന്നിലേക്ക് വരുമ്പോള്‍. വരാന്തയിലേക്ക് വരികയായിരുന്നു എന്‍റെ മൂന്നു വയസ്സുകാരി ശ്രീക്കുട്ടി.

അച്ഛാ…ആഹ്ളാദത്തോടെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. ഞാനവളെ വാരിയെടുത്തു..
കുളികഴിഞ്ഞു പൗഡറിട്ട്, കണ്ണില്‍ കരിമഷിയിട്ട്, ഞാനാ കവിളിലൊരു ഉമ്മ കൊടുത്തു. മുടിയില്‍ കാച്ചെണ്ണയുടെ മണമുണ്ടായിരുന്നു. ശ്രീക്കുട്ടി എന്തൊക്കെയോ കിന്നാരം പറയുകയായിരുന്നു. ഞാനവളെ വരാന്തയിലിരുന്ന് മടിയിലിരുത്തി. അപ്പോഴേക്കും ഉണ്ണിക്കുട്ടനും ഓടി വന്നു മടിയിലിരുന്നു. ആ രണ്ടിളം ശരീരങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കവേ ഉള്ളിലിരുന്ന് ആരോ കരയുന്നത് പോലെ. ഈ നിഷ്ക്കളങ്ക ബാല്യങ്ങളെന്തു പിഴച്ചു.

ഏട്ടാ…

അഞ്ജനയാ….

കുളി കഴിഞ്ഞു ഈറന്‍ മുടിയില്‍ തോര്‍ത്തു ചുറ്റിയിട്ടുണ്ട്. കോട്ടന്‍ സാരിയാ വേഷം. പതിയെ വന്നെന്‍റെ അരികിലിരുന്നു. മടിയില്‍ ഇരുന്നു കളിക്കയായിരുന്നു മക്കള്‍. ഇടതു കയ്യാല്‍ ഞാനവളെ എന്നോട് ചേര്‍ത്തമര്‍ത്തി. ആകെ പേടിച്ച പോലെയുണ്ട് മുഖം. കഴിഞ്ഞോ എല്ലാം…?സങ്കടത്തോടെ അവളെന്നോട് ചോദിച്ചു.

മം…..

എന്നാലും അവളൊരു അമ്മയാണോ….?
നൊന്തു പ്രസവിച്ച ഏതെങ്കിലും അമ്മമാര്‍ക്കാവുമോ ഇങ്ങനെ ചെയ്യാന്‍….?അവള്‍ക്കരിശം അടക്കാനാവുന്നില്ല.

അവര്‍ അവരുടെ ഭര്‍ത്താവിനേയാ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നത്. പക്ഷേ നല്ലവനായ ഈശ്വരന്‍ ആ മക്കളേയും ആ അച്ഛനോടൊപ്പം പറഞ്ഞയച്ചതാവും……!ഞാന്‍ പറഞ്ഞു.

ഇനി ആ സ്ത്രീയുടെ അവസ്ഥ എന്താവും ഏട്ടാ ….? ഇനിയുള്ള ജീവിതം നരകതുല്യമാവില്ലേ….? അതിന്‍റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ അവള്‍ക്ക്…?കിട്ടിയ ജീവിതം കണ്ടവനെ ഓര്‍ത്ത് തല്ലിത്തകര്‍ക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണത് അല്ലേ….?

അതെ…ശ്രീക്കുട്ടി ഇറങ്ങി അഞ്ജനയുടെ മടിയില്‍ കയറി ഇരുന്നു. സ്വന്തം മക്കളെ വേണ്ടാതാവ്വോ ഏട്ടാ ആര്‍ക്കെങ്കിലും…? കൊല്ലാന്‍ കഴിയ്യോ അങ്ങനെ…? എന്താ എല്ലാവരും ഇങ്ങനെ…?കല്യാണം കഴിഞ്ഞു ഒരു ഭര്‍ത്താവും രണ്ടു മക്കളും. ആ ലോകം പോരേ ഒരു പെണ്ണിന്. പിന്നെയും കാമുകനെ തേടി പോവുന്നവളെയൊക്കെ. ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി. കനലെരിയുന്നുണ്ടവിടെ.

മതി….ഇനിയും അതൊന്നും ഓര്‍ക്കേണ്ടാ. നമുക്ക് നമ്മുടെ മക്കളേക്കുറിച്ചോര്‍ക്കാം ഇവരെ പൊതിഞ്ഞു പിടിക്കാം ആയുസ്സുള്ള കാലം വരേ…..!!ആരും കണ്ടു പഠിക്കേണ്ടതാ എന്‍റെ കുട്ടികളുടെ അമ്മയെ. രാവിലെ ഉണര്‍ന്നു വൈകിട്ട് വരേ അവരുടെ പിറകേയാ. ഉണ്ണിക്കുട്ടനെ സ്കൂളിലയച്ച് കഴിയുമ്പോഴേക്കും ശ്രീക്കുട്ടി വരും. അവളെ പല്ലു തേപ്പിക്കാനും തീറ്റിക്കാനും എന്തൊരിഷ്ടമാ പെണ്ണിന്. പറമ്പില്‍ നിന്നും പൊറുക്കുന്ന തേങ്ങ കൊപ്പരയാക്കി ആട്ടിയ വെളിച്ചെണ്ണയേ കാച്ചിയെടുത്ത് മക്കളുടെ തലയില്‍ തേക്കാറുള്ളൂ. അതുകൊണ്ടാവാം കുട്ടികള്‍ക്ക് ജലദോഷം വരെ വളരേ അപൂര്‍വ്വമായേ വരാറുള്ളൂ. മക്കളെ നോക്കുന്നതിന്‍റെ കൂടെ എന്‍റെ കാര്യവും ഭംഗിയായ് ചെയ്യുന്നു. വസ്ത്രങ്ങളെല്ലം തേച്ചു മടക്കി അലമാരയില്‍ അടുക്കി വെയ്ക്കും. ഇതിനെല്ലാം എവിടുന്നാ സമയം കിട്ടുന്നതെന്ന് ഓര്‍ക്കാറുണ്ട് ഞാന്‍.

എന്നും വൃത്തിയിലും വെടിപ്പിലും മാത്രേ കാണാന്‍ കഴിയൂ അവളെ. അവള്‍ക്കു ടിവി കാണുന്നതിനും പിന്നെ ഫോണില്‍ കളിക്കുന്നതിനോടൊന്നും താല്‍പര്യമില്ലാ. ഞാനും മക്കളും മാത്രം അടങ്ങിയ ഒരു കൊച്ചു ലോകം മതിയെന്ന് പറയും എപ്പോഴും. ഇവളും ഒരു പെണ്ണല്ലേ….? രാത്രി മക്കളുറങ്ങുന്നതും നോക്കി ആ ചാരത്തിരിക്കയായിരുന്നു ഞാന്‍. അഞ്ജന വന്നാലേ എന്നും കിടക്കാറുള്ളൂ. അടുക്കളയെല്ലാം ഒതുക്കി അവള്‍ വരുമ്പോള്‍ പതിനൊന്നു മണിയായി. ഏട്ടന്‍ കിടന്നില്ലായിരുന്നോ..? ഞാന്‍ വെറുതേ ആ കണ്ണുകളിലേക്ക് നോക്കി. എന്‍റെ നെഞ്ചില്‍ തല ചേര്‍ത്തു വെച്ചു കിടന്നു അവള്‍.

ഏട്ടാ…സ്ത്രീകള്‍ക്ക് എന്തെല്ലാം ചെയ്യാനിരിക്കുന്നു. ഒരു ജീവിതം കിട്ടിയാല്‍ അതു പൊതിഞ്ഞു പിടിക്കേണ്ടത് അവളുടെ മാത്രം കടമയല്ലേ. മക്കളെ നല്ലവരായി വളര്‍ത്താനും നേര്‍വഴിക്കു നയിക്കാനും അമ്മയോളം മറ്റാര്‍ക്കാ കഴിയുക…..അല്ലേ…? എന്നിട്ടും അതെല്ലാം മറന്ന് എന്തൊക്കെയാ പലരും ചെയ്തു കൂട്ടുന്നത്….? പല ആണുങ്ങളും ഉണ്ടല്ലോ അത്തരക്കാരായിട്ട് അല്ലേ…?

മം….ഞാനങ്ങനെയാണോ…? ഞാനാ മനസ്സറിയാനായ് വെറുതേ ചോദിച്ചു.

അല്ല എന്‍റെ ഏട്ടന്‍ നല്ലവനാ. ശ്രീക്കുട്ടിക്കും ഉണ്ണിക്കുട്ടനും എന്നേക്കാളും ഇഷ്ടം ഏട്ടനോടാ. അതു കാണുമ്പോഴൊക്കെ എനിക്കിത്തിരി കുശുമ്പു തോന്നാറുണ്ട് ട്ടോ ഏട്ടനോട്. അപ്പോഴൊക്കെ നിങ്ങളെല്ലാവരും എന്‍റേതല്ലേ എന്നോര്‍ത്താ ഞാന്‍ സമാധാനിക്കാറ്.

ഞാനവളെ ഒന്നു കൂടി ചേര്‍ത്തമര്‍ത്തി. എന്‍റെ പെണ്ണിന്‍റെ മനസ്സു നല്ലതായോണ്ടാ അങ്ങനെ ..! ‘നീ പുണ്യമാ ഞങ്ങളുടേയെല്ലാം….’ നമുക്ക് ആരേയും നേരേയാക്കാനോ ഉപദേശിക്കാനോ പോവേണ്ടാ. നമ്മുടെ ജീവിതം നമുക്ക് നന്നായിട്ട് ജീവിച്ചു തീര്‍ക്കാം. അതേ….അങ്ങനെ മതി ഏട്ടാ എനിക്കും അതാ ഇഷ്ടം.