കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് അവനെയും അവന്‍റെ ഇഷ്ടങ്ങളേയും മാത്രം സ്നേഹിച്ചും താലോലിച്ചും ജീവിച്ച എന്‍റെ മനസ്സിനെ ഇനിയും മനസ്സിലാക്കാത്ത അവനോട് എന്താ പറയുക

എന്‍റെ സങ്കടങ്ങള്‍ – രചന : NKR മട്ടന്നൂർ

സിസ്റ്റര്‍ സ്റ്റെഫി വന്നു അരികിൽ.

കീര്‍ത്തനയ്ക്ക് ഇന്നു പോവാംട്ടോ. പിന്നെ. മനസ്സിനെ അങ്ങു വിട്ടേക്കുക. ഇത്ര വലിയ ഭാരമൊന്നും കൊടുത്ത് ഇരുപത്തഞ്ചാമത്തെ വയസ്സിലേ അതിനെ തളര്‍ത്തല്ലേ.

ആ മുഖം കാണാന്‍ ഒരു മാലാഖയെ പോലെ തോന്നിപ്പിച്ചു. കര്‍ത്താവിന്‍റെ മണവാട്ടിയാ. പതിയെ എന്‍റെ കവിളിലൊന്നു തലോടിയിട്ട് അവര്‍ മുറിവിട്ട് ഇറങ്ങിപോയി. പിറകേ അമ്മ കയറി വന്നു. എന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു അരികില്‍. ആ ഉടലിലേക്ക് എന്നെ ചേര്‍ത്തു പിടിച്ചു. ആ മനസ്സ് പറയുന്നുണ്ട് ഏതു പ്രതിസന്ധിയിലും ഈ അമ്മയുണ്ടല്ലോ എന്‍റെമോളുടെ കൂടെയെന്ന്.

അതങ്ങനെ തന്നെയാ. സുന്ദരിയാ എന്‍റമ്മ. ഇപ്പോള്‍ പക്ഷേ ആകെ കോലം കെട്ടു പോയിരിക്കുന്നു. ജീവിതം തുടങ്ങിയ നാള്‍ മുതല്‍ പരീക്ഷണങ്ങള്‍ മാത്രായിരുന്നു അമ്മയ്ക്ക്. ഞാന്‍ പോയി ബില്ലടച്ച് വരാമെന്നും പറഞ്ഞ് അമ്മ എഴുന്നേറ്റ് പോയി. റൂമിലുള്ള സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു വെച്ചു ഞാന്‍. മാമന്‍റെ മകന്‍ വന്നിരുന്നു കാറുമായിട്ട്. പിറകിലെ സീറ്റില്‍ അമ്മയുടെ മടിയില്‍ തല വെച്ച് ചുരുണ്ടു കിടന്നു.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ വേദനകള്‍ മാത്രായിരുന്നു കൂട്ട്. സ്വന്തം കുടുംബത്തെ നോക്കാന്‍ വേണ്ടി ഞങ്ങളെ മറന്നു പോയതായിരുന്നു എന്‍റെ അച്ഛന്‍. അവസാനം ആര്‍ക്കും വേണ്ടാതായപ്പോള്‍ വീടിന്‍റെ കോണില്‍ ഓര്‍മ്മകള്‍ കൂട്ടു പിടിച്ചോണ്ട് ഒരേയിരിപ്പായി. അച്ഛന്‍റെ തറവാട് ആരോ കൈക്കലാക്കി. അങ്ങനെ ഞങ്ങള്‍ പെരുവഴിയിലുമായി. അമ്മ അനിയനെയും എന്നെയും കൂട്ടി അമ്മൂമ്മയുടെ നാട്ടിലേക്ക് വന്നു. എല്ലാവരുടേയും സഹായത്താല്‍ ഒരു ചെറിയ വീടു പണിതു കിട്ടി നമുക്ക്. പണി മുഴുവന്‍ തീരാതെ. അതിന് അമ്മൂമ്മയായിരുന്നു ഒത്തിരി കഷ്ടപ്പെട്ടത്. അവര്‍ക്കു കിട്ടുന്ന പെന്‍ഷനും പിന്നെ കൂലിവേല ചെയ്തു സ്വരുക്കൂട്ടി വെച്ചതെല്ലാം ഞങ്ങളുടെ വീടിന് വേണ്ടി ചിലവഴിച്ചു.

ഞാന്‍ എല്ലാം മറന്നു പഠിക്കയായിരുന്നു. ഒരിക്കല്‍ കേള്‍ക്കുന്നതെന്തും ഹൃദിസ്ഥമാക്കാനാവുമായിരുന്നു എനിക്ക്. പത്താം ക്ളാസ്സിലെത്തിയപ്പോഴായിരുന്നു അമ്മൂമ്മയുടെ ബന്ധുവായ ഒരാളുമായ് ഞാന്‍ ഇഷ്ടത്തിലാവുന്നത്.

അവരുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതായിരുന്നു ഞാനവനെ. കാണാന്‍ സുന്ദനായിരുന്നു ജിത്തു. അവനപ്പോള്‍ എഞ്ചിനിയറിങ്ങിന് പഠിക്കയായിരുന്നു. മാന്യമായ പെരുമാറ്റവും കണ്ണുകളിലെ കുസൃതിയും ആവാം എന്നെ അവനിലേക്കടുപ്പിച്ചത്. ഇഷ്ടമൊന്നും തുറന്നു പറയുന്നതിന് മുന്നേ തന്നെ വാ തോരാതെ സംസാരിക്കുന്ന ജിത്തുവിന്‍റെ പ്രകൃതം എനിക്കിഷ്ടമായിരുന്നു. കേന്ദ്ര സിലബസില്‍ പഠിക്കുന്ന ഞാന്‍. ക്ളാസ്സിലെന്നും ഒന്നാമതായിരുന്നു. +2 റിസല്‍റ്റ് വന്നപ്പോള്‍ മുഴുവന്‍ മാര്‍ക്കും നേടി സ്കൂളിനും ആ നാടിന്നും ഞാനഭിമാനമായപ്പോള്‍. ജിത്തുവും എന്നെ വിളിച്ച് അഭിനന്ദിച്ചു. അപ്പോള്‍ അവനെന്നോട് മനസ്സില്‍ സൂക്ഷിച്ച ഇഷ്ടം കൂടി തുറന്നു പറഞ്ഞു.

അവര്‍ എല്ലാം കൊണ്ടും സമൂഹത്തില്‍ മാന്യമായൊരു കുടുംബമായിരുന്നു. അച്ഛനുമമ്മയും സര്‍ക്കാര്‍ ജോലിക്കാരും. അങ്ങനെ ഒരു ബന്ധം ഒരിക്കലും സ്വപ്നം കാണാന്‍ പോലും ഞാനൊന്നുമല്ലായിരുന്നു. എങ്കിലും ഞാനവനെ ഉള്ളില്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു. എന്‍ട്രന്‍സ് എഴുതാനെന്നെ പ്രേരിപ്പിച്ചതും പിന്നീടങ്ങോട്ട് എല്ലാത്തിനും ജിത്തു ആയിരുന്നു എനിക്ക് കൂട്ട്. ഞങ്ങളെ മനസ്സിലാക്കിയ അമ്മൂമ്മ ജിത്തുവിന്‍റെ വീട്ടുകാരുമായ് എല്ലാം സംസാരിച്ചു സമ്മതിപ്പിച്ചു. അങ്ങനെ എല്ലാവരുടേയും സമ്മതത്തോടെ ഞങ്ങള്‍ പ്രണയിച്ചു.

അവന്‍ ബാംഗ്ളൂരില്‍ നല്ലൊരു ജോലിയുമായ് പോയപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ കോളജില്‍ എഞ്ചിനീയറിങ്ങും കഴിഞ്ഞ്, ഏര്‍ണാകുളത്തൊരു വലിയ കമ്പനിയില്‍ ജോലിയും നേടി. അങ്ങനെ പുതു ജീവിതം ആരംഭിച്ചു. കിട്ടുന്ന ശമ്പളം ഞാന്‍ അമ്മയ്ക്ക് അയച്ചു കൊടുത്തു. വീടിന്‍റെ ബാക്കി പണികള്‍ കുറേശ്ശേ ചെയ്തു തുടങ്ങി. അവനായിരുന്നു എനിക്കെല്ലാം. അവന്‍റെ ഇഷ്ടങ്ങളെയെല്ലാം ഞാനുമെന്‍റെ പ്രിയ ഇഷ്ടങ്ങളാക്കി. ഒരു ചുരീദാര്‍ പോലും ഞാനെന്‍റെ ഇഷ്ടത്തിന്, തെരഞ്ഞെടുത്തിരുന്നില്ല.

ജോലി സ്ഥലത്ത് ആയിരുന്നപ്പോള്‍ എന്നും വിളിക്കുമായിരുന്നു. കാണാന്‍ കൊതിച്ചപ്പോഴെല്ലാം കണ്ടു കൊണ്ട് സംസാരിച്ചും അവധി ദിവസങ്ങളില്‍ അവനും കുടുംബത്തോടുമൊപ്പം യാത്ര പോയും ജിത്തു എന്‍റെ മനസ്സു നിറച്ചു. ആ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല.

കമ്പനിയിലെ ഏറ്റവും മിടുക്കിയായ എന്നെ അവര്‍ ലണ്ടനിലേക്ക് അയക്കാന്‍ തീരുമാനിച്ചു. നല്ല ശമ്പളം കൂടി എനിക്കു തരാമെന്നേറ്റു. ജിത്തുവേട്ടന്‍ അതിന് എതിരു നിന്നുകൊണ്ട് തന്നെ ആദ്യത്തെ പ്രഹരംഎനിക്കു തന്നു.

ഒടുവില്‍……. അവന്‍റേയും, എന്‍റേയും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു പാതി സമ്മതം തന്നു. ഒരുപാട് വേദനിച്ഛും മനഃസ്സമാധാനം ഇല്ലാതെയും കുറേ ദിവസങ്ങള്‍ക്കൊടുവില്‍ ഒരു മോതിരം മാറല്‍ ചടങ്ങും കഴിഞ്ഞു ഞാന്‍ ലണ്ടനിലേക്ക് യാത്രയായി. അവിടേയും അവനെന്നെ പ്രണയത്തേക്കാളും ചോദ്യം ചെയ്യലുകളും വേദനിപ്പിക്കലുമായിട്ടായിരുന്നു കൊണ്ടു പോയത്. എന്തിനും ഞാന്‍ കൊടുക്കുന്ന ഉത്തരങ്ങള്‍ അവന് മതിയാകാതെ പോയി. അവന്‍ വിളിക്കുമ്പോള്‍ എന്‍റെ ഫോണ്‍ ബിസിയാണേല്‍ വഴക്കു പറയാന്‍ കൂടി ആരംഭിച്ചതോടെ ജീവിതം സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തേക്ക് പോയ് തുടങ്ങി. ജിത്തുവിന്‍റെ സ്നേഹം നഷ്ടമാവാതെ കാത്തു സൂക്ഷിക്കാന്‍ ഞാന്‍ ആവുന്നതും പരിശ്രമിച്ചു. അപ്പോഴും അവന്‍ തന്നെയായിരുന്നു എനിക്കെല്ലാം.

അങ്ങനെ രണ്ടു വര്‍ഷക്കാലം ഞാനവിടെ പിടിച്ചു നിന്നു. വിവാഹമാണെന്നും പറഞ്ഞ് നാട്ടിലേക്ക് മാറ്റം ഒപ്പിച്ച് ഏര്‍ണാകുളത്ത് ജോലിയില്‍ പ്രവേശിച്ചു. ജിത്തുവേട്ടന് അവരുടെ കമ്പനിയില്‍ നിന്നും വിദേശത്ത് പോവാനൊരു അവസരം വന്നപ്പോള്‍ പിന്നെയും കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു.

നാട്ടിലെത്തി ആദ്യത്തെ കൂടികാഴ്ചയില്‍ അവനെന്നോട് പറഞ്ഞു. നീ ജോലി കളഞ്ഞ് എന്‍റെ കൂടെ വിദേശത്തേക്ക് വരണമെന്ന്. എനിക്കും നിനക്കും ജോലിയുടെ ആവശ്യമൊന്നും ഇല്ലാന്നും. എന്‍റെ അമ്മയ്ക്കും, പഠിക്കുകയായിരുന്ന എന്‍റെ അനുജനും ആകെ ആശ്രയം എന്‍റെ ശമ്പളം മാത്രാ. വീടിന്‍റെ പണി തീര്‍ത്തതിനാല്‍ അതുവരേയുള്ള സമ്പാദ്യമെല്ലാം ശൂന്യമായിരുന്നു. ആരും ജിത്തുവിന്‍റെ തീരുമാനത്തോട് യോജിക്കാതെ എന്‍റെ കൂടെ നിന്നു. അവന്‍ പക്ഷേ അച്ഛനുമമ്മയേയും ധിക്കരിച്ചു കൊണ്ട് അതേ അഭിപ്രായത്തില്‍ തന്നെ ഉറച്ചു നിന്നു. ഒടുവില്‍ അവസാനത്തെ മറുപടി പറയാന്‍ എനിക്കു വിട്ടു തന്നു എല്ലാവരും.

ഞാനവന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് അവനെയും അവന്‍റെ ഇഷ്ടങ്ങളേയും മാത്രം സ്നേഹിച്ചും താലോലിച്ചും ജീവിച്ച എന്‍റെ മനസ്സിനെ ഇനിയും മനസ്സിലാക്കാത്ത അവനോട് എന്താ പറയുക. പ്രണയമായിരുന്നില്ല ആ കണ്ണുകളില്‍. അവനാകെ മാറിപോയിരിക്കുന്നു. ഒരിത്തിരി സ്നേഹത്തോടെ ഒന്നു ചേര്‍ത്തു പിടിച്ചെങ്കിലെന്ന് കൊതിച്ചു നിന്ന എന്‍റെ മനസ്സിന് വല്ലാത്ത നൊമ്പരം തോന്നി. എന്താ തീരുമാനം എന്ന് ചോദിച്ച അവനോട് ഞാന്‍ പിന്നെയും കെഞ്ചി നോക്കി.

എന്‍റെ കുടുംബത്തെ വഴിയാധാരമാക്കിയിട്ട് ഞാന്‍ നിങ്ങളുടെ കൂടെ എന്തു സമാധാനത്തിലാ വരികയെന്ന് ചോദിച്ചപ്പോള്‍. ജിത്തുവിനെ വേണെങ്കില്‍ അങ്ങനെ ചെയ്യേണ്ടിവരും എന്നു പറഞ്ഞു. എന്‍റെ പഠിപ്പും ജോലിയും ജീവിതവും എല്ലാം ഈ സ്നേഹശൂന്യനു മുന്നില്‍ അടിയറ വെച്ചിട്ട് കിട്ടാന്‍ പോവുന്നതെന്താ ….? ദൂരെ ഏതോ നാട്ടില്‍ ഒരു ഏകാന്തവാസം. പിന്നെ എന്നോ സ്നേഹിച്ചു പോയ ഈ മനുഷ്യന്‍റെ ഭാര്യാപദവി. കുറച്ചു കഴിഞ്ഞാല്‍ ഒന്നുമല്ലാത്ത എന്നേയും ഇയാള്‍ വേണ്ടാന്ന് വെയ്ക്കില്ലേ…?

ആലോചനയ്ക്കു മുന്നില്‍ അക്ഷമനായ് നിന്ന അവനോട്, നമ്മള്‍ക്കൊന്നു കൂടി ആലോചിച്ചിട്ട് തീരുമാനിച്ചു കൂടെ എന്നു മാത്രാ ചോദിച്ചുള്ളൂ. നിനക്ക് നിന്‍റെ ഇഷ്ടം പോലെ ചെയ്യാമെന്നും പറഞ്ഞ് എന്നെ വലിച്ചെറിഞ്ഞു പൊയ്ക്കളഞ്ഞു. അന്നു മുഴുവന്‍ വിളിച്ചിട്ടും കോളെടുക്കാതെ അവനെന്നെ അവഗണിച്ചു. ഒന്നും പറയാതെ മാറി നിന്നു.

ആ വേദന എന്‍റെ മനസ്സിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കരഞ്ഞു തളര്‍ന്നു വീണു. മനസ്സ് എന്നെ കൈവിട്ടു പോയി. ആരൊക്കെയോ ചേര്‍ന്നെന്നെ സ്റ്റെഫിയുടെ മുന്നിലെത്തിച്ചു. എനിക്കു പേടിയാ എല്ലാത്തിനും. നാലു നാളത്തെ കൗണ്‍സിലിങ്ങും പരിപാലനത്തിനു ഒടുവില്‍ ഇപ്പോള്‍ ഞാന്‍ ഒരു തീരുമാനത്തിലെത്തുകയാ. ജിത്തുവിനെ എനിക്കു വേണം. അവനില്ലാതെ എനിക്കു ജീവിക്കുവാന്‍ വയ്യ. അവനു വേണ്ടി എന്തും ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്.

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ എന്നെ കാത്തിരിക്കയായിരുന്നു എല്ലാവരും. വേദനിക്കുന്ന എല്ലാ മുഖത്തേക്കും നോക്കി ഞാന്‍ പുഞ്ചിരിച്ചു. ഒന്നു കുളിച്ചപ്പോള്‍ പഴയ ഉന്മേഷം തിരികേ കിട്ടി. രാത്രി ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു ജിത്തുവേട്ടന്‍. ഞാനവനോട് ഇന്‍ബോക്സില്‍, നാളെ ഒന്നു കാണാന്‍ പറ്റുമോ എന്നു ചോദിച്ചു. കുറേ സമയങ്ങള്‍ക്കപ്പുറം സോറി എന്നൊരു മെസേജ് കിട്ടി. എന്തിനാ സോറി എന്നു ചോദിച്ചു. തന്നെ വേദനിപ്പിച്ചതിനെന്ന മറുപടിയും തന്നു. അവന്‍റെ മനസ്സലിഞ്ഞോ എന്നോര്‍ത്തിരിക്കവേ, രാവിലെ കുളിച്ചു റെഡിയായിരിക്കാന്‍ പറഞ്ഞു.

ഞാനവന് കൊടുത്ത സ്നേഹവും വിശ്വാസവും അവന്‍ മറന്നതായിരുന്നില്ല. അവനെന്നെ പിരിഞ്ഞിരിക്കാന്‍ വയ്യാത്തതു കൊണ്ടാ അങ്ങനെ പറഞ്ഞതും പെരുമാറിയതും എന്നും പറഞ്ഞെന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചപ്പോഴേ എനിക്കു ആശ്വാസമായുള്ളൂ.

കൈവിട്ടു പോയെന്നോര്‍ത്ത് ഒത്തിരി വേദനിച്ച അവന് വേണ്ടി എല്ലാം ഉപേക്ഷിച്ചു കൂടെ പോവാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍, വിദേശത്തേക്ക് പോവാതെ അവനും ഞാനും കൂടി ബാംഗ്ളൂരിലൊരു കമ്പനിയില്‍ ജോലി നേടി.

എനിക്കു കിട്ടുന്നത് മുഴുവന്‍ എന്‍റെ അമ്മയ്ക്ക് അയച്ചു കൊടുക്കുന്നത് അവന്‍ തന്നെയാ. ദൈവം എന്നെ മനസ്സിലാക്കിയിട്ടുണ്ടാവും. അതല്ലേ കൊടിയ വേദനകള്‍ തരാതെ അവനെതന്നെ എനിക്കു തന്നത്.