പ്രണയ സ്പന്ദനം – രചന : NKR മട്ടന്നൂർ
കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായിട്ടായിരുന്നു ആദ്യം ‘അവന്‍ ‘വന്നത്.
നല്ല തിരക്കിനിടയില്‍ ശ്വാസം മുട്ടി ‘അക്ഷയ കേന്ദ്ര’ത്തിലെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോൾ, ആളുകള്‍ക്കിടയിലൂടെ നൂഴ്ന്നു വന്നു അവനെന്‍റെ മുന്നിലേക്ക്, ‘എന്താ’ ന്ന് പുരികം കൊണ്ട് ആംഗ്യത്തില്‍ ചോദിച്ചു.
കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണായിരുന്നു.
മുഖത്ത് താടി വളര്‍ത്തിയിട്ടുണ്ട്. ഒരു സുന്ദര രൂപം. കാക്കി ഷര്‍ട്ട് കണ്ടപ്പോള്‍ തന്നെ മനസ്സിലായി ആളൊരു ഓട്ടോ ഡ്രൈവറാണെന്ന്. അപേക്ഷ ശരിയാക്കി പേപ്പറുകള്‍ തിരികേ കൊടുക്കുമ്പോള്‍ ഒരു ‘താങ്ക്സ് ‘പറഞ്ഞതു ഞാന്‍ മാത്രേ കേട്ടുള്ളൂ. പിന്നേയും ഒത്തിരി തവണ വന്നു. ഒരവകാശം പോലെ നേരേ എന്‍റെ മുന്നിലേക്ക്.
മുന്നേ വന്ന ആളുകളോട് പേപ്പറുകള്‍ വാങ്ങാതെ അവന്‍റെ കാര്യങ്ങള്‍ ശരിയാക്കി കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഒരു പ്രാവശ്യം വന്ന പാടേ നേരേ എന്‍റെ നേരേ കടലാസ് നീട്ടിയപ്പോള്‍ കടുപ്പിച്ചൊന്ന് നോക്കി. അവിടെ നില്‍ക്കാന്‍ പറഞ്ഞു. അനങ്ങാതെ കുറച്ചു നേരം നിന്നിട്ട് പിന്നേയും എന്നെ നോക്കി പ്രതീക്ഷയോടെ. അതിന്‍റെ കാര്യം എന്താണെന്നു വെച്ചാൽ, ഒരു ഓട്ടത്തിനുള്ള കോള്‍ വന്നിട്ടുണ്ട്. ഓട്ടം കളയാനും വയ്യ. അവിടെ കാത്തു നില്‍ക്കാനും വയ്യ. ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റും വാങ്ങി നന്ദിയും പറഞ്ഞ് ഓടിപ്പോയി.
കുറേ ദിവസങ്ങള്‍ക്കു ശേഷം പിന്നേയും ഒരു വട്ടം കൂടി വന്നു. പെട്ടെന്ന് ആളെ മുന്നില്‍ കണ്ടപ്പോള്‍ മനസ്സ് പണി തന്നു. ആ മുഖത്തേക്ക് നോക്കി ഒരു ചെറു പുഞ്ചിരി കൊടുത്തു. അവനും തന്നു ഹൃദ്യമായൊരു ചെറു ചിരി. ഇത്തവണ ആളു കുറവായതിനാല്‍ വേഗത്തില്‍ ചെയ്തു കൊടുത്തു. സ്ക്രീനില്‍ ശ്രദ്ധിക്കുന്ന എന്‍റെ കണ്ണുകളിലേക്ക് ആയിരുന്നു അവന്‍റെ നോട്ടം മുഴുവനും. ഞാന്‍ ഒളി കണ്ണിട്ടു നോക്കുമ്പോള്‍ ആ ചുണ്ടില്‍ ഒരു പുഞ്ചിരി കണ്ടു. ചുണ്ടിലുറിയ ഒരു ചിരി ഞാന്‍ കടിച്ചമര്‍ത്തി.
അടുത്ത ദിവസം ആ സ്ലിപ്പുമായ് വന്നു. ഒരാളുണ്ടായിരുന്നു മുന്നില്‍. ക്ഷമയോടെ കാത്തു നില്‍ക്കുന്നു. ഇന്നെന്തു പറ്റീ എന്നോര്‍ത്തു ഞാന്‍ കൈ നീട്ടി. നാലായ് മടക്കിയ പേപ്പര്‍ തുറന്നു നോക്കുമ്പോള്‍ അതിനകത്ത് നല്ല വൃത്തിയുള്ള കയ്യക്ഷരത്തില്‍, ഇത് എന്‍റെ വാട്സാപ്പ് നമ്പറാണ്. ഇഷ്ടമുണ്ടെങ്കില്‍ ഒരു ഹായ് തരാം. എന്നെഴുതി താഴെ ഒരു ഒപ്പ് വെച്ചിരിക്കുന്നു. ചിരിയും വന്നും ദേഷ്യവും വന്നു. ആ മുഖത്തേക്ക് നോക്കുമ്പോള്‍. കണ്ണുകള്‍ ഒരുവട്ടം ചിമ്മിത്തുറന്നു. ഒന്നും സാരമാക്കേണ്ടാന്ന് പറയും പോലെ. നെറ്റീന്നെടുത്ത കോപ്പി കൊടുത്തു. പണവും തന്നു മുഖത്തേക്ക് നോക്കിയപ്പോള്‍ ഒരു കണ്ണിറുക്കല്‍ കൂടി കിട്ടി. അവന്‍ പോയി.
പേപ്പര്‍തുണ്ട് ചുരുട്ടി ചവറ്റു കൂനയില്‍ ഇടാതെ മനസ്സ് പിന്നേയും ചതിച്ചു. ആരും കണാതെ മടക്കി ബാഗില്‍ വെച്ചു. ഒന്നും ചെയ്യാതെ ആ കടലാസിലെ നമ്പറും നോക്കി കിടന്നു ഒരുപാട് രാത്രികള്‍. മനസ്സ് വല്ലാതെ ശ്രമിക്കുന്നുണ്ട് അങ്ങോട്ട് ചായാന്‍. ആ ‘പത്തക്ക’ നമ്പര്‍ മതി ഒരു ജീവിതത്തിന്‍റെ വരുംകാലത്തെ നല്ലതും ചീത്തയുമാക്കാന്‍.
അങ്ങനെ അവനെ കാണാതെ പത്തു ദിവസം കഴിഞ്ഞൂന്ന് ശ്വാസിച്ചു എന്നെ., എന്‍റെ സ്വന്തം മനസ്സ്. വലിയ സംഘര്‍ഷത്തിനൊടുവില്‍ വിരലുകള്‍ അവന്‍റൊപ്പം പോയി. ഒരു ‘ഹായ് ‘എന്ന രൂപത്തില്‍. രാത്രി പതിനൊന്ന് മണിയായിരുന്നു ആ ഹായ് പോവുമ്പോള്‍. ഇങ്ങോട്ട് ഒരു ഹായ് പ്രതീക്ഷിച്ച് കാത്തിരുന്ന് ഉറങ്ങിപ്പോയി.
രാവിലെ ആറരയ്ക്കുണര്‍ന്നു. അരികിലുറങ്ങുകയായിരുന്നു അവനെ ഉണര്‍ത്തി നെറ്റ് ഓണ്‍ ചെയ്യുമ്പോഴേക്കും മെസേജുകള്‍ തുരുതുരാ വന്നു വാട്സാപ്പില്‍. അവന്‍റെ ചാറ്റ്സ് ആറെണ്ണം.
ഹലോ…എനിക്കു ഒത്തിരി പ്രിയപ്പെട്ട ഈ ഹായ് വരുന്നതിന് തൊട്ടു മുന്‍പായിരുന്നു നെറ്റ് ഓഫ് ചെയ്തത്. ഫോട്ടോ കണ്ടപ്പോള്‍ ആളെ മനസ്സിലായി. ഒരു സോറി..ഒരു ശുഭദിനം…പിന്നെ…ഒരു ഹൃദയത്തിന്‍റെ സ്റ്റിക്കറും. എന്താ മറുപടി കൊടുക്കുകാ എന്നോര്‍ക്കവേ, ഒരു ഗുഡ് മോണിങ്ങ് കൊടുത്തു.
അന്നു വൈകിട്ട് ആവുമ്പോഴേക്കും പതിവില്ലാതെ ഒരു പത്തു പ്രാവശ്യം ഫോണെടുത്ത് നോക്കി ഞാന്‍. മനസ്സ് കൈവിട്ടുപോയ പോലെ, രാത്രി എല്ലാം കഴിഞ്ഞു കിടക്കാന്‍ നേരം അവനെ കാണാനായ് വാട്സാപ്പ് തുറന്നു. ഒരുപാട് മലയാളത്തില്‍ എഴുതി കൂട്ടിയിരിക്കുന്നു.
അമ്മയുണ്ട് വീട്ടില്‍, വീട് പൊളിച്ചു പുതുക്കി പണിയുകയാണ്. ഒരു ചെറിയ ബാങ്ക് ലോണാക്കിയിട്ടുണ്ട്. അതിന്‍റെ പേപ്പറുകള്‍ എല്ലാം ശരിയാക്കാനായിരുന്നു അവിടെ വന്നിരുന്നത്. ഇരുപത്തിയേഴ് വയസ്സായിട്ടുണ്ട്. അമ്മ നിര്‍ബന്ധിക്കുന്നുണ്ട് ഒരു വിവാഹം ചെയ്യാന്‍. മനസ്സിനിണങ്ങിയ ഒരാളെ കാട്ടിത്തരുവോന്ന് ചോദിച്ചു നിര്‍ത്തിയിരിക്കുന്നു.
അതിനു ശേഷമുള്ള ദിവസങ്ങളില്‍. പിന്നേയും പിന്നേയും കാര്യങ്ങള്‍ എല്ലാം തുറന്നു പറയുന്നുണ്ട്. ഓടി കിട്ടിയ കാശിന്‍റെ കണക്കും പറഞ്ഞു തരുന്നു. അങ്ങനെ അങ്ങനെ ആ മെസേജുകള്‍ക്കായ് കാത്തിരിക്കവേ, ഒരു ദിവസം പെട്ടെന്ന് മുന്നിലേക്ക് കയറി വന്നു. ഒരു പുഞ്ചിരി തന്നു ഒത്തിരി സ്നേഹം നിറച്ച്. ആ മുഖവും ചിരിയും കണ്ടപ്പോള്‍ ഹൃദയത്തിലാകെ ഒരാനന്ദം നിറഞ്ഞതു പോലെ തോന്നി. ഇത്തവണ വന്നത് പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കാനായിരുന്നു.
ഹൃദയം അവനെ സ്വന്തമായ് കണ്ട് മനസ്സിനോട് പറയുന്നു എല്ലാം ചെയ്തു കൊടുക്കാന്‍. മനസ്സ് വിരല്‍ത്തുമ്പിനോടാജ്ഞാപിക്കുന്നു.
എല്ലാം അതിന്‍റെ മുറപോലെ ചെയ്തു കൊടുക്കുന്നു.
എന്തൊരാനന്ദമാണ് ഉള്ളം നിറയേ…പൂക്കളും പൂത്തുമ്പിയും മാത്രമുള്ളൊരു ലോകം അവിടെ ഞാനും അവനും മാത്രം. മാറോടു ചേര്‍ന്നു നില്‍ക്കുന്നു ഒരു പൂമ്പാറ്റയേ പോലെ അവന്‍. ഹൃദയത്തിന്‍ ”സ്പന്ദനം” കേള്‍ക്കാനായ് അവനവിടെ ചെവി ചേര്‍ത്തു പിടിക്കുന്നു. തടയുവാന്‍ വിരലുകള്‍ക്ക് ശക്തി പോരാ.ആ വിരലുകളില്‍ മൃദുവായ് ഒന്നു തലോടാന്‍ കൊതിക്കുന്നു എന്‍റെ കൈകളും. ആ നിമിഷങ്ങള്‍ അവസാനിക്കാതിരുന്നെങ്കില്‍.
അവന്‍ പിന്നേയും ഒരു മന്ദഹാസം ചൊരിഞ്ഞ് അകന്നു പോയി. ഈ പെണ്ണിനിതെന്തു പറ്റിയതാ. അരികിലിരുന്ന സുമിത കൈത്തണ്ടയില്‍ ഒന്നു നുള്ളി. പെട്ടെന്ന് എല്ലാം പഴയതുപോലായി. അക്ഷയയില്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്ന ദിവ്യയായീ…ഞാന്‍ പാന്‍കാര്‍ഡിന് അപേക്ഷ നല്‍കി ഓട്ടോ ഡ്രൈവര്‍ കെ.പി.വിനോദ് സ്ലിപ്പും വാങ്ങി നടന്നു പോയി. വൈകിട്ട് വീട്ടിലെത്തയിയ ഉടനേ മുറിയടച്ച് വാട്സാപ്പ് തുറന്നു. മുപ്പത്തിയാറ് ചാറ്റ്സുണ്ട്. വായിച്ചു തുടങ്ങി.
ഒരു പ്രണയകാലം തുറന്നു വച്ചിട്ടുണ്ട്. അവന്‍റെ ഇഷ്ടങ്ങളെല്ലാം, പിന്നേയും അവസാനം ചോദിച്ചിരിക്കുന്നു. മനസ്സിനിണങ്ങിയ ഒരാളെ കാട്ടിത്തരുമോന്ന്. ഒരു മറുപടി ടൈപ്പ് ചെയ്തു വിരലുകള്‍ എന്നോട് ചോദിക്കാതെ.
കൂലിവേല ചെയ്തു കുടുംബം നോക്കുന്ന നാണുവേട്ടനും സ്കൂളില്‍ ഉച്ചക്കഞ്ഞി വെയ്ക്കാന്‍ പോവുന്ന രാധേച്ചിയുടേയും ഏകമകളും അക്ഷയയില്‍ ജോലി ചെയ്യുന്ന സുന്ദരിയും തല്‍സ്വഭാവിയുമായ ‘ദിവ്യ ‘എന്നൊരു പെണ്ണുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ ഈ വിലാസത്തില്‍ ബന്ധപ്പെടുക. താഴെ വിലാസം ടൈപ്പ് ചെയ്തു. അല്ല പിന്നെ.
മെസേജ് സെന്‍റ് ചെയ്ത് ഫോണും നെഞ്ചോട് ചേര്‍ത്തുപിടിച്ചു മലര്‍ന്നു കിടന്നു. ആരും കാണാതെ ആരോടും പറയാതെ അങ്ങനെ ഞാനും അവനും പരസ്പരം പ്രണയിക്കുകയായിരുന്നു. ആരുമറിയാതെ വിരല്‍ത്തുമ്പിലെ അക്ഷരങ്ങളിലൂടെ. നമ്മള്‍ മാത്രമായിരുന്നു ആ ലോകത്ത്.
അവന്‍റെ അമ്മയെയും കൂട്ടി വന്നു പിന്നേയും ഒരുവട്ടം. ‘ആധാറി’ലെ അക്ഷരത്തെറ്റു തിരുത്താന്‍. ഐശ്വര്യമുള്ള ആ അമ്മ മുഖത്തും കണ്ടു സ്നേഹം നിറഞ്ഞൊരു പുഞ്ചിരി. അമ്മ പോവാന്‍ നേരം ഒരു വാക്ക് പറഞ്ഞു
‘ഞാനും ഇവനും വരുന്നുണ്ട് ഒരു ദിവസം വീട്ടിലേക്ക്. ഈ സ്നേഹം അറിയാതെ പോയിരുന്നെങ്കില്‍ ഒരു ജീവിതം നഷ്മായേനേ.
വലിയ വലിയ മോഹങ്ങളൊന്നുമില്ലായിരുന്നു ഈ പെണ്ണിന് അവനെനിക്ക് പ്രാണനാണ്. അവന്‍റെ ഒരു വാക്കു കേള്‍ക്കാതെ, ദിവസവും ഒരു നോക്കു കാണാതെ ഉറങ്ങാറില്ല ഞാന്‍. ആ മാറില്‍ ചേര്‍ന്നുറങ്ങുന്ന നാളുകളെണ്ണിക്കഴിയുകയാണ് ഞാന്‍. എന്‍റെ ശരീരത്തതിലെ ഓരോ സ്പന്ദനങ്ങളും അവനായ് കാത്തു സൂക്ഷിക്കുന്നു. ഇന്ന് എന്‍റെ ഹൃദയതാളവും അവന്‍…അവന്‍ മാത്രമാണ്….