ഒരിക്കലും നോവിക്കാതെ ഒരിക്കലും സങ്കടപ്പെടുത്താതെ എന്‍ പ്രാണനായ് കൂടെ പിടിക്കാമെന്നും നിന്നെ….

ഒരു മോഹം – രചന : NKR മട്ടന്നൂർ

കൊട്ട കണക്കിന് വാരിത്തരാന്‍ പൊന്നും പണവുമില്ല. ആഡംബരത്തോടെ പൂക്കള്‍ വിടര്‍ത്തി പൂമാലയൊരുക്കി കൈ പിടിച്ചു തരാന്‍ കൊതിച്ച സ്നേഹനിധിയായിരുന്ന അച്ഛനിപ്പോഴെന്‍ കൂടെയില്ല.

ഒരമ്മയുണ്ടെനിക്ക്. നീ വന്നു വിലപേശാതെ എന്നെയറിഞ്ഞ് ഈ വീടറിഞ്ഞ് ഇവിടുത്തെ അവസ്ഥയറിഞ്ഞ് സ്നേഹത്തോടെ കൈ പിടിക്കുമെങ്കിൽ വാരികോരിത്തരാന്‍ നെഞ്ചില്‍ നിറയെ സ്നേഹമുണ്ടവരില്‍.

തുളസിക്കതിര്‍ പോലെ പരിശുദ്ധമായൊരു മനസ്സും പ്രകൃതിയുടെ വ്രതവുമായൊരു ശരീരവും, അതാണെന്‍റെ കൈമുതല്‍. നിഷ്ക്കളങ്കമാണത്‌. ഒരിത്തിരി സ്നേഹം മതി. നിന്‍റെ ഹൃദയത്തില്‍ ഒരിടം മതി. ഒരിക്കലും നോവിക്കാതെ ഒരിക്കലും സങ്കടപ്പെടുത്താതെ എന്‍ പ്രാണനായ് കൂടെ പിടിക്കാമെന്നും നിന്നെ, നിന്‍റെ വാശികളെ സ്നേഹിക്കാനും, നിന്‍റെ സ്വപ്നങ്ങളെ താലോലിക്കാനും ഞാന്‍ ഒരുക്കമാണ്. കാരണം എന്നില്‍ അതിമോഹങ്ങളോ വാരി നിറച്ച സ്വപ്നങ്ങളോ ഇല്ല.

നിന്നെ അറിഞ്ഞു ജീവിക്കാം. നിന്‍റെ മക്കളെ പെറ്റു പോറ്റി വളര്‍ത്താം. നിനക്കായ് ജീവിക്കാം. നീ കൊതിക്കുന്ന പെണ്ണായ് നിന്‍റെ പ്രാണനായ് ജീവിക്കാം. ഒരിക്കലൊരുനാള്‍ നിന്‍റെ മടിയില്‍ കിടന്ന് നിന്‍റെ ചൂടേല്‍ക്കേ വീണു മരിക്കണമെനിക്ക്. നിനക്കു മുന്നേ മരിക്കേണമെനിക്ക്.

അതു നിന്‍റെ കൂടെ ജീവിച്ചു മടുത്തിട്ടൊന്നുമല്ലായിരിക്കും. നീ തനിച്ചാക്കി പോവുന്നത് സഹിക്കാന്‍ വയ്യാഞ്ഞിട്ട് മാത്രമായിരിക്കും..