കനിവ് – രചന :NKR മട്ടന്നൂർ
വേണി സോപ്പുകളുടെ റാക്ക് ഒരുക്കുകയായിരുന്നു. വിനയന്‍ അവളുടെ കണ്‍വെട്ടത്തു തന്നെ ഉണ്ടായിരുന്നു. അവള്‍ ഒളി കണ്ണാല്‍ അവനെ നോക്കി. അവന്‍ ഫ്രീസറില്‍ ഐസ്ക്രീം നിറയ്ക്കുകയായിരുന്നു.
പാവം…ഈ വേണിയെ പൊതിഞ്ഞു പിടിച്ചോണ്ട് നടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാവാന്‍ പോവുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കേറിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആദ്യമൊന്നും ഞാന്‍ ആരോടും അധികം അടുപ്പം കാട്ടാറുണ്ടായിരുന്നില്ല. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ചര വരെയാ ജോലി. പിന്നെ ഇരുപത് മിനിറ്റു നടക്കണം വീട്ടിലേക്ക്. അമ്മ കാത്തിരിപ്പുണ്ടാവും ഉമ്മറത്ത്. ഈ വേണിയെ കാത്തിരിക്കാന്‍ ആ അമ്മ മാത്രേ ഉള്ളൂ ഈ ലോകത്ത്.
അമ്മ മതി…അമ്മ മാത്രം കാത്തിരുന്നാല്‍ മതി. വിനയനെ കാണാഞ്ഞിട്ടല്ല. അവന്‍റെ മനസ്സില്‍ എന്താണെന്നും അറിയാഞ്ഞിട്ടുമല്ല. വേണ്ട ഒന്നും. ആരും ഇനി സ്നേഹിക്കരുത് ഈ വേണിയെ. ആരെയും ഇനി സ്നേഹിക്കില്ല ഈ വേണി.
വിനയന്‍ വേണിക്കരികിലേക്ക് വന്നു. ആ സോപ്പുകളൊക്കെ പൊടി തുടച്ചു വെച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞതല്ലേ ഉള്ളൂ. ഇത്തിരി നേരം വിശ്രമിച്ചൂടെ. അവനങ്ങനെയാ. അല്ല, ഞാനാ പ്രശ്നം ഒരു നിമിഷം പോലും അനങ്ങാതെ നില്‍ക്കുന്നത് എനിക്കിഷ്ടമല്ല. ഷോപ്പില്‍ ആരു വന്നാലും അവരെ നന്നായി സഹായിക്കും. ഒഴിവു സമയങ്ങളില്‍ സാധനങ്ങളെല്ലാം പൊടി തുടച്ചു വെയ്ക്കും. അല്ലെങ്കില്‍ എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കും. അതുകൊണ്ട് മാനേജര്‍ക്കും മുതലാളിക്കും വേണിയെ ഇഷ്ടമാ. ഒന്നും പറഞ്ഞു ചെയ്യിക്കേണ്ടാ. എല്ലാം കണ്ടറിഞ്ഞു ചെയ്തോളും.
വിനയന്‍ പറഞ്ഞത് കേള്‍ക്കാഞ്ഞിട്ടല്ല. ഞാന്‍ മുഖമുയര്‍ത്തി അവനെ നോക്കി. ഒരു പുഞ്ചിരിയിലാ കക്ഷി. അതു കണ്ടപ്പോള്‍ ഒന്നു ചിരിക്കാതിരിക്കാന്‍ എനിക്കും കഴിഞ്ഞില്ല. ആ മുഖം ഒത്തിരി തെളിഞ്ഞു. വല്ലപ്പോഴും എന്നില്‍ നിന്നും കിട്ടുന്ന ഒരു ചെറു പുഞ്ചിരിക്കു പോലും അവനെത്രയാ കൊതിക്കുന്നത്. എന്തുമാത്രം വിലയാ തരുന്നത്. അപ്പോള്‍ ആ മനസ്സില്‍ എത്ര ഇഷ്ടം സൂക്ഷിച്ചിട്ടുണ്ടാവും.
ഒന്നും പറഞ്ഞില്ല ഞാന്‍. ആരോടും വെറുതേ ഒന്നും സംസാരിക്കാന്‍ നില്‍ക്കാറില്ല. അവനപ്പുറത്ത് നിന്നും എന്തോ ജോലിയില്‍ മുഴുകി. പാവം വിനയേട്ടന്‍…അവള്‍ക്കു മനസ്സലിവു തോന്നി. വേണ്ട…ഉള്ളിലിരുന്ന് ആരോ വിലക്കി. മറന്നോ എല്ലാം…? അനുഭവിച്ചതെല്ലാം. ഒന്നും മറക്കരുത്. ഒരിക്കലും. അവള്‍ ഉള്ളില്‍ ഉഗ്രശപഥം ചെയ്തു.
ഉണ്ണാന്‍ പോവുന്നില്ലേ…? സമയം രണ്ടാവാറായി. ഓ മറന്നൂല്ലോ. അവള്‍ അവനോടൊരു സോറി പറഞ്ഞിട്ട് പിറകിലെ ഊണു കഴിക്കുന്ന മുറിയിലേക്ക് പോയി. ഒന്നരയ്ക്കാ എന്‍റെ സമയം. രണ്ടു മണിക്കു ഞാന്‍ വന്നാലെ വിനയേട്ടന്‍ ഉണ്ണാന്‍ പോവൂ…അതും ഒരു പതിവാ. പോരാത്തതിന്ന് ഇപ്പോള്‍ പിന്‍ തിരിഞ്ഞു നോക്കിയാല്‍ കാണാം. ഞാന്‍ പോവുന്നതും നോക്കി നില്‍ക്കയാവും. ഒന്നും അറിയാഞ്ഞിട്ടല്ല. പാവമാണ് ആ മനസ്സെന്നനറിയാം, തന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും, താന്‍ ഒരു വാക്ക് പറഞ്ഞാല്‍ നൂറുവട്ടം സമ്മതമാവും ആ മനസ്സില. കഴിഞ്ഞതൊന്നും മറക്കാനാവാതെ മനസ്സിന്‍റെ അകത്തളങ്ങളില്‍ നിറഞ്ഞു കിടപ്പുണ്ട്.
അമ്മയും വേണിയും മാത്രമായൊരു ലോകമേ എന്നുമെന്‍റെ സ്വപ്നങ്ങളിലുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവിടെ രമേഷ് കയറി വന്നു. പി.എസ്.സി കോച്ചിംഗ് ക്ളാസിനു പോവുമ്പോള്‍ കാണാം എന്നും വഴിയരികില്‍. ഒരുപാട് തവണ എന്നെ നോക്കി ചിരിച്ചിട്ടും അതെല്ലാം അവഗണിച്ച് ഒരു ജോലി എന്ന സ്വപ്നത്തെ മാത്രം ഞാന്‍ സ്നേഹിച്ചു. ഒടുവില്‍ ശല്യം സഹിക്കാന്‍ വയ്യാതെ അവനു മുന്നില്‍ തോറ്റു ഞാന്‍.
ഒരുദിവസം വീട്ടിലേക്ക് പോവുമ്പോള്‍ കൂടെ വന്നു. ആളുകള്‍ കാണുമെന്ന ഭയം കാരണം ഞാന്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഞാനല്ലാതെ വേറൊരു പെണ്ണിനെ ഒരിക്കലും സ്നേഹിക്കാനാവില്ലാന്നും ഇഷ്ടാണെന്ന് പറഞ്ഞാല്‍ പൊയ്ക്കൊള്ളാമെന്നും പറഞ്ഞ് കൂടെ തന്നെ നടന്നു. ഒടുവില്‍ തോറ്റു ഈ വേണി.
പിന്നെ അവനെ ഞാനും സ്നേഹിച്ചു തുടങ്ങി. ആളൊരു സുന്ദരനായിരുന്നു, കൂടെ നല്ല സംസാരവും. ഏതൊരു പെണ്ണും കൊതിക്കുന്ന പെരുമാറ്റവും. രാവിലെ ക്ളാസിലേക്ക് പോവുമ്പോള ശിവന്‍റമ്പലത്തില്‍ കയറി തൊഴാറുണ്ടായിരുന്നു. അവിടെയും എത്തി നാട്ടുകാരെയൊക്കെ അറിയിച്ചു കഴിഞ്ഞു. പഠിക്കാനുള്ള മനസ്സിനെയും അവന്‍ കൊണ്ടുപോയി.
ഒരുദിവസം ബൈക്കില്‍ കറങ്ങാന്‍ ക്ഷണിച്ചു. വരില്ലാന്ന് ഞാനും. അതും പറഞ്ഞ് ആദ്യം കെഞ്ചി. ഒടുവില്‍ വഴക്കിലെത്തി. തന്നെയേ ഈ ജീവിതത്തില്‍ സ്നേഹിച്ചിട്ടുള്ളൂന്നും വിവാഹം കഴിക്കാന്‍ പോവുന്ന പെണ്ണിനെ കൂട്ടി ബൈക്കില്‍ കറങ്ങുന്നത് അത്ര വലിയ തെറ്റെല്ലാന്നും പറഞ്ഞ് പിണങ്ങി പോയി. രണ്ടു ദിവസം വരെ കാത്തിരിക്കുമെന്നും അപ്പോഴേക്കും തീരുമാനം മാറ്റിയില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാണെന്ന് താന്‍ കാണുമെന്നും.
കുറച്ചു ദിവസങ്ങള്‍ കാണാതായപ്പോള്‍ മനസ്സിന്‍റെ വേദന താങ്ങാതായപ്പോൾ തീരുമാനം ഞാന്‍ മനസ്സീന്ന് മാറ്റിയതായിരുന്നു. ഒന്നു വിളിച്ചെങ്കില്‍ സമ്മതം അറിയിക്കാന്‍ കാത്തിരുന്ന എന്‍റെ മുന്നിലൂടെ കൃത്യം പത്താം നാള്‍ അവനൊരു പെണ്ണിനേയും പിറകിലിരുത്തി ബൈക്കില്‍ കറങ്ങി. ഒന്നും രണ്ടുമല്ല രാവിലെ ക്ളാസിലേക്ക് പോവുമ്പോള്‍ മുതല്‍ ഉച്ചയ്ക്ക് വീട്ടിലെത്തുന്നതു വരെ കുറേ പ്രാവശ്യം കണ്ടു അവരെ. പൊട്ടിക്കരഞ്ഞുപോയി.
അന്നു രാത്രി മുഴുവന്‍ കരയുകയായിരുന്നു. അമ്മ ഒരുപോള കണ്ണടയ്ക്കാതെ, എന്നാല്‍ ഒരക്ഷരം മിണ്ടാതെ എനിക്കു കാവലിരുന്നു. അമ്മയ്ക്ക് സ്നേഹിക്കാനും മിണ്ടാനും പറയാനും അന്നും ഞാന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. രമേഷിനെ കിട്ടിയപ്പോള്‍ ഞാനതു മറന്നിരുന്നു. പാവമെന്‍റമ്മയെ ഇനി ഒരിക്കലും മറക്കില്ലാന്നുള്ള തീരുമാനവുമായ് വേണി പിന്നെയും ജീവിച്ചു. ആരുടെ മുന്നിലും ഒരു തവണകൂടി തോല്‍ക്കാതിരിക്കാനാ ഈ കപട ഗൗരവം. അല്ലെങ്കില്‍ ഒരു പാവമാ ഈ വേണി.
വൈകിട്ട് മുന്നിലെ പെര്‍ഫ്യൂം സെക്ഷനില്‍ ആയിരുന്നു ഞാന്‍. അകത്തേക്ക് കയറി വരുന്നയാളെ കണ്ടപ്പോള്‍…
രമേഷ് അടുത്തു വന്നു പറഞ്ഞു. എനിക്കു തന്നെ തനിച്ചൊന്നു കാണണം.
എന്തിനാ…? ഞാന്‍ ഗൗരവം വിടാതെ ചോദിച്ചു.
ഒന്നും വേണ്ടിയിട്ടല്ലാ. തന്നോടെനിക്കൊന്ന് മാപ്പ് പറയണം. അവള്‍ക്കെന്‍റെ പണം മാത്രം മതിയായിരുന്നു. താനായിരുന്നു ശരി. വേണീ….
മതീ….!!എന്‍റെ ശബ്ദം ഉയര്‍ന്നുവോ. ആരൊക്കെയോ നമ്മളെ നോക്കി. പൊയ്ക്കോ….വരരുത് ഇനിയെന്‍റെ കണ്‍മുന്നില്‍. എന്‍റെ കണ്ണില്‍ തീയായിരുന്നു. അവനവിടെ തന്നെ നിന്നിട്ടുണ്ടായിരുന്നു.
ഞാനുടന്‍ വിനയേട്ടന്‍റെ അരികിലേക്ക് പോയി. ഇതുവരെ അവനെന്നോട് ചോദിച്ചതിനെല്ലാം ഒരേ ഒരു മറുപടി മാത്രേ വേണ്ടിയിരുന്നുള്ളൂ. അപ്പോള്‍ ആ നിമിഷത്തില്‍ അതിനുള്ള മറുപടി ഞാനവന്‍റെ കാതിലെന്നോണം മന്ത്രിച്ചു. അപ്പോള്‍ അവിടുന്ന് നിരാശനായൊരാള്‍ ഇറങ്ങിപോയിട്ടുണ്ടാവും.
വിനയേട്ടന്‍ അത്ഭുതത്താല്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാനെന്തൊക്കയോ മറുപടിയും കൊടുത്തു. എന്‍റെ ശ്രദ്ധ മുഴുവന്‍ അപ്പോള്‍ രമേഷിലായിരുന്നു. വേദനിക്കട്ടെ…എനിക്കു തന്നതിന്‍റെ പത്തിലൊന്ന് ആയിട്ടില്ല ഇപ്പോഴും….
(എല്ലാവരും രമേഷ് അല്ലാന്നും, അമ്മയെ കാണിച്ചപ്പോള്‍ ഇഷ്ടമായീന്നും പറഞ്ഞു വിനയേട്ടന്‍. പിന്നെ ആ മനസ്സിന്‍റെ സ്നേഹം എനിക്കറിയാം. ഒരു വര്‍ഷമായ് എനിക്കു മാത്രം കരുതി വെച്ച ആ സ്നേഹം ഇനി വേണ്ടാന്ന് വെയ്ക്കാന്‍ എനിക്കാവില്ല. പിന്നെ ആ രമേഷ് പുതിയ അടവുമായ് വരുന്നതിനു മുന്നേ വിനയേട്ടന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറി അവനു മുന്നിലൂടെ ഒരു സവാരി നടത്തുകയും വേണമെനിക്ക്. അതിപ്പോഴൊരു വാശിയാ എന്‍റെുള്ളിലെ……പാവപ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ച് ചതിക്കുന്ന വേദനിപ്പിക്കുന്ന അവനെയൊക്കെ……..)