എന്‍റെ അയ്ഷാ – രചന : NKR മട്ടന്നൂർ
അച്ചൂ, ഇറങ്ങട്ടെ. വെറുതേ ഇരിക്കരുത് ട്ടോ. ഫേസ്ബുക്കില്‍ എന്തേലും കുത്തികുറിക്കാം. അല്ലേല്‍ തന്‍റെ പ്രിയ ആമിയുടെ നോവലുകള്‍ വായിച്ചോണ്ടിരിക്കാം. പിന്നെയും ബോറടിക്കയാണേല്‍ എന്നെ വിളിക്കാം. ഞാന്‍ പറന്നുവരാം തന്‍റെരികിലേക്ക്. ചേര്‍ത്തുപിടിച്ചൊരു ചുംബനം നെറ്റിയില്‍. അവള്‍ ചേര്‍ന്നു നിന്നു. ചെമ്പകപൂവിന്‍റെ ഗന്ധമായിരുന്നു ആ ചുംബനത്തിന്.
യാത്ര പറഞ്ഞിറങ്ങി. ആകാശകാഴ്ചകള്‍ കാണാമായിരുന്ന ആ റൂമിനകത്ത് അച്ചു തനിച്ചായി. ദൂരെ കണ്ണെത്താ ദൂരത്തോളം കാണാം അംബരചുംബികളായ കെട്ടിടങ്ങള്‍. പിന്നെയും തനിച്ചായതു പോലെ. നന്ദന്‍ ജാലകവാതില്‍ ചേര്‍ത്തടച്ചു. കൈയിലിരുന്ന ആ കടലാസിലേക്ക് അവന്‍ നോക്കി.
ഏട്ടാ…നാളെ കഴിയുന്ന ദിവസം അയ്ഷയുടെ കഴുത്തില്‍ നജീബ് താലി ചാര്‍ത്തും. പിന്നെ അയ്ഷയുടെ സ്വപ്നങ്ങള്‍ക്കെല്ലാം നിറം മാറുകയാണ്. ബാപ്പയോടും ഉമ്മയോടും ഒരുപാട് കെഞ്ചി നോക്കി. അവര്‍ പറയുന്നതും ശരിയല്ലേ..? ഞാന്‍ ഒരു അപമാനം വരുത്തിവെച്ചാല്‍ അനിയത്തി സജ്നയുടെ ഭാവി എന്താവുംന്നാ അവരുടെ ചോദ്യം…? ഞാന്‍ അന്യമതത്തില്‍ പെട്ട ഒരുത്തന്‍റെ കൂടെ പോയാല്‍ നാട്ടുകാരും പള്ളികമ്മറ്റിയും എന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ലേ നന്ദേട്ടാ. എന്‍റെ സുഖം മാത്രം നോക്കി പോയാല്‍ അവര്‍ മൂന്നുപേരും എന്നെങ്കിലും എന്നെ ശപിക്കില്ലേ. അങ്ങനെ വേണോ…?
നമ്മള്‍ സ്വപ്നം കണ്ട ജീവിതം അങ്ങനെയൊന്നുമായിരുന്നില്ലല്ലോ, എല്ലാവരുടെയും അനുഗ്രഹവും ആശീര്‍വാദവും നേടി ഒരു ഒന്നാകലല്ലേ നമ്മള്‍ കൊതിച്ചത്. അതിനിനിയും എത്ര വേണേലും കാത്തിരിക്കാന്‍ അയ്ഷ ഒരുക്കമാ…പക്ഷേ…ഞാന്‍ നന്ദേട്ടനെയേ സ്നേഹിച്ചിരുന്നുള്ളൂ. ഇനിയും നന്ദേട്ടനെ മാത്രേ അയ്ഷയ്ക്ക് സ്നേഹിക്കാനാവൂ. എന്നെ ശപിക്കല്ലേ നന്ദേട്ടാ.
നന്ദന് ഒന്നു പൊട്ടിക്കരയണമെന്ന് തോന്നി. ആ ജാലക വാതിലിനപ്പുറം അവന്‍റെ പ്രണയമായ അയ്ഷയുണ്ട്. നാലു വര്‍ഷമായ് അവനും അവളും നെഞ്ചില്‍ കൂടു കൂട്ടി അടച്ചുവെച്ച പ്രണയം. ആരുമറിയാതെ ഒത്തിരി ത്യാഗങ്ങളാല്‍ അവര്‍ പരസ്പരം കാത്തു സൂക്ഷിച്ചത് അവരെതന്നെയായിരുന്നു. സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്ന ബോധം അവര്‍ക്കുണ്ടായിരുന്നു. നന്ദനായിരുന്നു അതിന്ന് തുടക്കമിട്ടതും. അയ്ഷയ്ക്ക് അതൊരു നൊമ്പരമാ. ആ സ്നേഹം കണ്ടില്ലാന്നു നടിക്കാനവള്‍ക്കു കഴിയാതെ പോയി.
നന്ദന്‍ അമ്പലത്തിലേക്കിറങ്ങുമ്പോള്‍ ഒന്നു കൈ വീശി കാട്ടണം. കൂടെ വരുന്നോ എന്നൊരു ആംഗ്യ ചോദ്യവും. കൊതിച്ചിട്ടുണ്ട് ഒരു പാട്തവണ…..സെറ്റ് സാരിയുടുത്ത് ആ കൈകളില്‍ ചുറ്റിപ്പിടിച്ച് എവിടെയൊക്കെയോ പോവാന്‍. ബൈക്കില്‍ പോവുമ്പോഴും ചോദിക്കും വെറുതേ അയ്ഷയെ കൊതിപ്പിക്കാന്‍. ആശയും നിരാശയും മാറി മറിയുന്ന അയ്ഷയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ നന്ദേട്ടനും സങ്കടാവും. പിന്നെയാവാംന്ന് കൈകൊണ്ട് കാട്ടിയിട്ടേ പോവൂ.
നന്ദന്‍ മുറിപൂട്ടി ഇറങ്ങി. താഴെ അച്ഛനും അമ്മയും ഉണ്ട്. താനെന്ന സ്വപ്നം താലോലിക്കുന്ന രണ്ടു പാവങ്ങള്‍. അയ്ഷയെ മറ്റൊരാള്‍ സ്വന്തമാക്കുകയെന്നാല്‍ തന്‍റെ മരണമാണ്. ആ ജാലകവാതിലിനപ്പുറം ഇന്നലെ കണ്ട സ്വപ്നങ്ങളെല്ലാം നന്ദനെ തനിച്ചാക്കി ആരുടേതോ ആവാന്‍ പോവുന്നു. ആര്‍ക്കും ആവില്ല അവളുടെ മനസ്സില്‍ ഇനി ഒരു സ്വര്‍ഗ്ഗം തീര്‍ക്കാന്‍.
ആ മനസ്സിന്‍റെ കാര്യമാ കൂടുതല്‍ കഷ്ടം. തനിക്ക് ഒരു ഒളിച്ചോട്ടമാവാം. മറ്റെന്തെങ്കിലും ചെയ്യാം. അയ്ഷയ്ക്കോ. ഇഷ്ടമല്ലാത്ത, ഇഷ്ടപ്പടാനൊരു മനസ്സില്ലാതെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കണം. എന്നെ അയാള്‍ക്ക് ഒരുപക്ഷേ കീഴ്പ്പെടുത്താനാവും.
പക്ഷെ നന്ദേട്ടാ ഈ ജന്‍മം എനിക്കു ഇനി മറ്റൊരാളെ സ്നേഹിക്കാനാവില്ല. ഇഷ്ടപ്പെടാനാവാതെ ഒരു ജീവിതകാലം മുഴുവന്‍ ഞാനുണ്ടാവും എവിടെയെങ്കിലും. നന്ദേട്ടന്‍ ഈ ഭൂമിയിലുള്ള കാലം വരെ. എന്‍റെ നന്ദേട്ടനെ ഞാന്‍ കാത്തിരിക്കും അതു വരും ജന്മത്തിലായാലുംമതി. പാവം പെണ്ണ്. അതിനെ ഒരിക്കലും മോഹിക്കരുതായിരുന്നു. മോഹിപ്പിക്കരുതായിരുന്നു.
കോളിംഗ് ബെല്‍ കേട്ട് അച്ചു എഴുന്നേറ്റു പോയി വാതില്‍ തുറന്നു. അത്താഴം റെഡിയാക്കി കുളി കഴിഞ്ഞു വായനയിലായിരുന്നു അവള്‍. സമയം ഏഴു കഴിഞ്ഞു. നന്ദന്‍ അകത്തേക്ക് കയറി വന്നു. അച്ചൂ…ഞാനിത്തിരി വൈകിപ്പോയി. ഓഫീസില്‍ ഇന്ന് നല്ല തിരക്കായിരുന്നു. അച്ചു അവനരികിലേക്ക് വന്നു. സാരോല്ല, ഞാനിന്ന് ഒരുപാട് വായിച്ചു.
അച്ചു അവന് ഫ്ളാസ്കീന്ന് ചൂടു ചായ പകര്‍ന്നു കൊടുത്തു. ചായ കുടിച്ചു നന്ദന്‍ കുളിക്കാന്‍ പോയി. അത്താഴം വിളമ്പി. രണ്ടുപേരും ഒന്നിച്ചിരുന്നു കഴിച്ചു. കിടക്കയില്‍ രണ്ടരികിലായ് പതിവു പോലെ ഇന്നും കിടന്നു. അവള്‍ എഴുന്നേറ്റു നന്ദന്‍റെ മാറില്‍ മുഖം ചേര്‍ത്തു കിടന്നു.
നന്ദേട്ടാ ഉറങ്ങിയോ….? ഇല്ല…അവന്‍ അവളുടെ മുടിയിഴകളില്‍ തലോടി സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു. ഇന്ന് സജ്നയും റഷീദും വിളിച്ചിരുന്നു. അവരുണ്ട്, വീട്ടില്‍. അവനിനിയും ഒരു മാസത്തെ ലീവു കൂടി ബാക്കിയുണ്ട്. ഉപ്പയ്ക്കും ഉമ്മായ്ക്കും സുഖമാണെന്ന് പറഞ്ഞു സജ്ന. നീണ്ട മൗനം. അവളൊന്നു നെടുവീര്‍പ്പിട്ടു. നന്ദേട്ടാ എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നോ ഈ അയ്ഷ സ്വന്തമാകുമെന്ന്….?
ഇല്ല….വേദനിച്ചു ഒരുപാട്, പ്രാര്‍ത്ഥിച്ചു ഒത്തിരി. ഒന്നും അച്ചുവിനെ സ്വന്തമാക്കാനായിരുന്നില്ല. താന്‍ സന്തോഷമായിരിക്കാന്‍ വേണ്ടി, തന്‍റെ നന്മയ്ക്ക് വേണ്ടി തനിക്ക് ഇനിയും വേദനകള്‍ ഉണ്ടാവല്ലേന്ന്. അത്രയും പുണ്യം ചെയ്തുവോ ഈ അയ്ഷ…. അതൊന്നുമാവില്ല…
നന്ദേട്ടനെ വേദനിപ്പിക്കാതിരിക്കാനാവും ,
നന്ദേട്ടന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാവും. അല്ലെങ്കില്‍ മജീദ്ക്കയ്ക്ക് മനസ്സലിവ് തോന്നുമായിരുന്നോ. അവരുടെ ഉമ്മയെ പോലൊരു ഉമ്മ കാണില്ല വേറെവിടേയും. എല്ലാം എന്‍റെ നന്ദേട്ടന്‍റെ മനസ്സിന്‍റെ നന്മ കൊണ്ടു മാത്രാ. എല്ലാം ഒന്ന് ശാന്തമായാല്‍ പോവണം നമുക്ക് ആദ്യം മജീദ്ക്കയുടെ വീട്ടിലേക്ക്. പിന്നെ അയ്ഷ ജനിച്ചു വളര്‍ന്ന വീട്ടിലേക്ക്. ആര്‍ക്കെങ്കിലും വെറുക്കാനാവുമോ. വെറുത്തിട്ടുണ്ടാവ്വോ ആരേലും…?
എന്തായിരുന്നു നന്ദേട്ടന്‍റെ അവസ്ഥ. ബാംഗ്ളൂരില്‍ ജോലിയും ശരിയാക്കി അജയ് കാത്തിരിക്കയായിരുന്നു. അച്ചുന്‍റെ കല്യാണതലേന്ന് വീട്ടിന്നിറങ്ങി. ഒന്നും വയ്യ. എന്തു ചെയ്യും എങ്ങോട്ട് പോവും എന്നറിയാതെ ഏതോ പെരു വഴിയില്‍ അകപ്പട്ടതു പോലെ. അലഞ്ഞു നടന്നു ഒരുപാട്. ആ ജാലകവാതിലിനപ്പുറത്തെ സ്വര്‍ഗ്ഗം ഇനിയൊരിക്കലും കിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അച്ചൂനെ ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയായിരുന്നു. ഇനിയും അവളെ വേദനിപ്പിക്കരുതേന്നും എല്ലാം സഹിക്കാന്‍ അവള്‍ക്ക് കഴിയണേന്നും മാത്രായിരുന്നു പ്രാര്‍ത്ഥന.
അച്ചൂ, പിന്നീടൊരിക്കലും നന്ദേട്ടനെ കണ്ടുമുട്ടാതിരുന്നാല്‍….?
അയ്ഷ അവന്‍റെ വായ് പൊത്തി …മതി. അറിയോ….? മജീദ്ക്കായുടെ റൂമില്‍ ഒരു നൂറു രാത്രികള്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ശബ്ദമുണ്ടാക്കാതെ. തൊണ്ടയില്‍ ഗദ്ഗദം കുടുങ്ങി ഒരിറ്റു പ്രാണവായുവിന് അലഞ്ഞിട്ടുണ്ട്. വലിയ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞ പോലെ. മൂകമായ് കരയുമായിരുന്നു എന്നും.
പകല്‍ അവരുടെ ഉമ്മയോടൊപ്പം സമയം പോവുന്നതറിയാറില്ലായിരുന്നു. ആരോടും ഒന്നും പറയാതെ കിണറ്റില്‍ ചാടി മരിച്ചാലോന്ന് ഓര്‍ത്തിട്ടുണ്ട്. അന്നെല്ലാം നന്ദേട്ടനെ ഓര്‍ത്തു സഹിച്ചു പിടിച്ചു നിന്നു. ഒന്നും പറയാതെ നന്ദേട്ടനെ തനിച്ചാക്കി പൊവാന്‍ വയ്യാഞ്ഞിട്ടാ. അയ്ഷയുടെ കണ്ണീര്‍ വീണു നന്ദന്‍റെ മാറിടം നനഞ്ഞു. ഓര്‍ക്കാന്‍ വയ്യ ഒന്നും. അയ്ഷ പൊട്ടിക്കരഞ്ഞു പോയി. അവനവളെ നെഞ്ചോടു ചേര്‍ത്തു ആശ്വസിപ്പിച്ചു. പോട്ടെ സാരമില്ലെടാ. അച്ചൂ ഇനി നമ്മളെ മരണത്തിന് മാത്രേ വേര്‍പിരിക്കാനാവൂ.
(മജീദ്ക്കയുടെ മണിയറയില്‍ കിടന്ന് പിച്ചും പേയും പറയാന്‍ തുടങ്ങിയ അയ്ഷയെ അനിയത്തി സജ്നയും ഭര്‍ത്താവ് റഷീദും ചേര്‍ന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. മജീദ്ക്കയെ വിവരങ്ങള്‍ ധരിപ്പിക്കുന്നു. ബാംഗ്ളൂരില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നന്ദനെ കണ്ടെത്തുകയും അയ്ഷയെ നന്ദന്‍റെ കൈകളില്‍ ഭദ്രമായ് ഏല്‍പിക്കുകയും ചെയ്തിട്ട് ഇന്നേക്ക് പത്തു ദിവസങ്ങള്‍. ഒന്നും ഓര്‍ക്കാതെ അവര്‍ പരസ്പരം പ്രണയിച്ചു പോയി. ഒരുപക്ഷെ ഇരുട്ടറയിലോ ഒരു ചങ്ങല കൊളുത്തിലോ തീര്‍ന്നു പോവുമായിരുന്ന അയ്ഷയുടെ ജീവിതം ഒന്നു മിന്നിത്തുടങ്ങുകയാണ്. അതൊന്നു തെളിഞ്ഞു കത്തി നന്ദന്‍റെയും കൂടി ജീവിതത്തില്‍ ഒരു വലിയ പ്രകാശമായ് തീര്‍ന്നോട്ടെ…ല്ലേ…….? )