ഒരു കച്ചിത്തുരുമ്പ് – രചന : NKR മട്ടന്നൂർ
അനിതേ, കുഞ്ഞിന് ചോറെടുത്തു കൊടുത്താട്ടെ. എന്തൊരിരിപ്പാ ഇത്…? എത്ര നാളാ നീ ഇങ്ങനെ കരഞ്ഞോണ്ടിരിക്കുക. എന്തൊരു കോലമാ ഇത്. തിന്നാതെയും കുടിക്കാതെയും ഇങ്ങനെ ഇരുന്നാല്‍ പോയവര്‍ തിരിച്ചു വരുമോ….?
അമ്മയാ…സുധേട്ടന്‍റമ്മ. ഞാനെന്താ ചെയ്യേണ്ടത്. ഒന്നും വയ്യ. അതാ തെക്കേ മൂലയ്ക്ക് തീ ഇപ്പോഴും അണഞ്ഞിട്ടുണ്ടാവില്ല. നാലു ദിവസം കഴിഞ്ഞു. മൂന്നു മക്കളേയും എന്നെയും തനിച്ചാക്കി പോയിട്ട്. മക്കളൊന്നും പറക്കമുറ്റാറായിട്ടില്ല. അഭി പത്താം ക്ളാസ്സിലെത്തിയിട്ടുണ്ട്. അമല്‍ അഞ്ചിലും ഇളയവന്‍ അക്ഷയ് ഒന്നാം ക്ളാസിലും. ആരാ ഇനി ഇവരെ നോക്കാനുള്ളത്. എങ്ങനെയാ ഇനി മുന്നോട്ട് പോവേണ്ടത്.
പത്തു ദിവസം മുന്നേ ഈ വീടൊരു സ്വര്‍ഗ്ഗമായിരുന്നു. പെയിന്‍റിങ്ങ് ജോലിയായിരുന്നു സുധേട്ടന്. എല്ലാ ദിവസവും ജോലിക്ക് പോവുമായിരുന്നു. പണി കുറഞ്ഞ ഏതെങ്കിലും ഞായറാഴ്ചകളില്‍ മാത്രാ വീട്ടില്‍ ഒന്നു കാണാന്‍ കഴിയുക. അച്ഛന്‍ കൊടുത്ത പത്തുസെന്‍റ് സ്ഥലത്ത് ഒരു ചെറിയ വീട് പണിയാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷത്തോളമായി. അന്നന്നു കിട്ടുന്നതിന്ന് വീട്ടുചെലവും മറ്റു കാര്യങ്ങളും കഴിഞ്ഞു കിട്ടുന്നതിന്ന് പരമാവധി മിച്ചം പിടിച്ച പണം കൊണ്ട് കെട്ടിപൊക്കിയതായിരുന്നു ആ വീട്.
അവസാനത്തെ പണികള്‍ക്കു വേണ്ടി കുറച്ചു ബേങ്കീന്ന് ലോണാക്കുകയും ചെയ്തിട്ടാണ് പാലു കാച്ചല്‍ കഴിച്ചു കേറി താമസം തുടങ്ങിയത്. ആറു മാസത്തിനുള്ളില്‍ അച്ചന്‍ കുറച്ചു സ്ഥലം വിറ്റപ്പോള്‍ ഒരു വിഹിതം തന്നത് കൊണ്ട് ബാങ്ക് ലോണിന്‍റെ മൂന്നിലൊരു ഭാഗം അടച്ചു തീര്‍ത്തു. കുറച്ചു കടങ്ങളെല്ലാം കഴിഞ്ഞു ഇത്തിരി സമാധാനത്തോടെ ഒന്നുങ്ങി തുടങ്ങിയതേ ഉള്ളൂ.
ഒരു ദിവസം സുധേട്ടന്‍ പറഞ്ഞു കാല്‍ മുട്ടിന് വേദനയാണെന്ന്. അതു അടുത്തുള്ള ഡോക്ടറെ കാണിച്ചു സുഖമാവാതെ പോയി. കുറച്ചു നാളുകള്‍ കൊണ്ട് വേദന കൂടി വന്നു. ഡോക്ടര്‍മാര്‍ക്കൊന്നും വേദനയുടെ കാരണം മനസ്സിലാവാതെ വന്നപ്പോഴാ മെഡിക്കല്‍ കോളജില്‍ പോയത്. അവിടുത്തെ രക്തപരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇനി രക്തം മാറ്റുക മാത്രേ പോംവഴിയുണ്ടായിരുന്നുള്ളൂ.
എന്നാലും എത്ര നാള്‍….കഴിഞ്ഞു ആ ജീവിതം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ചികിത്സ തുടങ്ങുന്നതിന് മുന്നേ രോഗിയെ രോഗവിവരം അറിയിക്കണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശം മാനിച്ച് അറിയിച്ചു. ആ വാര്‍ത്ത താങ്ങാനുള്ള ശക്തി സുധേട്ടന്‍റെ ഹൃദയത്തിനുണ്ടായിരുന്നില്ല.
ഒരു നിശബ്ദമായ അറ്റാക്കിലൂടെ…പോയി സുധേട്ടന്‍…!
നാലും അഞ്ചും ആറും ദിവസങ്ങള്‍ അല്ല വര്‍ഷങ്ങള്‍ കഴിഞ്ഞാലും മറക്കാനാവില്ല ആ സ്നേഹം. അക്ഷയ് ഇന്നലെ മുതല്‍ അച്ഛനെ വിളിച്ചോണ്ടു വീടു മുഴുവന്‍ തേടി നടക്കുവാ….! അവന്‍ കണ്ടിട്ടുണ്ട് വെള്ള പുതപ്പിച്ചു കിടത്തിയ അവന്‍റച്ഛനെ. പക്ഷേ ആ കാഴ്ച അവന്‍ മറന്നു കാണും. അകത്തെവിടെയോ അവനെ കാണാതെ ഒളിച്ചിട്ടുണ്ടെന്നും പറഞ്ഞ് അച്ഛാ…ന്നും വിളിച്ചോണ്ട് നടക്കുന്നു.
ആരോ പറഞ്ഞു നിന്‍റച്ഛന്‍ ഇനി വരില്ലാന്ന്. അപ്പോള്‍ തുടങ്ങീ കരച്ചിൽ. അമ്മേ അച്ഛനെവിടേയാ പോയേന്നും ചോദിച്ചു എന്‍റെ മടിയിലും വന്നിരുന്നു കരഞ്ഞു. ഞാനും കരഞ്ഞു….സങ്കടം തീരുവോളം. ഒടുവില്‍ സാരിത്തലപ്പു കൊണ്ടു എന്‍റെ കണ്ണുകള്‍ തുടച്ചു തന്നിട്ട് പറഞ്ഞു അമ്മ കരേണ്ടാ….അച്ഛന്‍ നാളെ വരുംന്ന്.
എഴുന്നേറ്റു പോയി അഭിയോട് ചോദിച്ചു അച്ഛനെവിടെയാ പോയേന്ന്. ഒടുവില്‍ അവന്‍ പറഞ്ഞു അച്ഛന് ജോലി കിട്ടിയിട്ട് ദൂരെ പോയതാ കുറേ ദിവസങ്ങള്‍ കഴിഞ്ഞാല്‍ കുറേ മിഠായികളുമായ് അച്ഛന്‍ വരുംന്ന്. അക്ഷയ് എഴുന്നേറ്റു പോയപ്പോള്‍ അഭി പുറം കൈകൊണ്ട് മിഴികളില്‍ തുടക്കുന്നുണ്ടായിരുന്നു.
എനിക്കു വയ്യ ഈ മക്കളേയും കൊണ്ട്. എവിടുന്നാ തുടങ്ങേണ്ടത്. എന്താ ചെയ്യേണ്ടത്. ഒന്നുമറിയാതെ ദിവസങ്ങള്‍ ഓടിമറഞ്ഞു. ആരോ പറഞ്ഞു ഇങ്ങനെ വീട്ടില്‍ മൂടിക്കെട്ടിയിരുന്നാല്‍ ഒന്നും മറക്കാനാവില്ലാന്ന്. അങ്ങനെ പോയതാ ആ ഷോപ്പില്‍.
പണികള്‍ കുറവായിരുന്നു. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചുവരെ….വയ്യ. കണ്ണുകള്‍ വെറുതേ നിറഞ്ഞൊഴുകുകയാ. മറക്കാനാവുന്നത് ഒന്നുമില്ല. ഒരു കാഴ്ച വസ്തു പോലെ അവിടുന്ന് ഉരുകുകയായിരുന്നു. ആരൊക്കെയോ വന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒന്നും എന്‍റുള്ളിലേക്ക് പ്രവേശിക്കാതെ മറു ചെവിയിലൂടെ ഇറങ്ങിപോയി.
കണ്ണീരുണങ്ങാത്ത ദിവസങ്ങള്‍. കരയാനായുള്ള ഇനിയത്തെ ജീവിതത്തെ വെറുക്കാന്‍ തുടങ്ങീ. ജീവിച്ചു കൊതി തീരാതെ പോയ സുധേട്ടന്‍റെ കൂടെ മക്കളെയും കൂട്ടി പോവാന്‍. അതാ നല്ലത്. എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ജീവിക്കണം. ഓര്‍ത്തോര്‍ത്ത് തലവേദന വന്നു. സഹിക്കാന്‍ പറ്റാത്ത വേദനയുമായ് കൈകളില്‍ തല താങ്ങി മേശമേല്‍ ചാഞ്ഞിരിക്കുകയായിരുന്നു.
എന്താ തലവേദനയാണോ. നിറഞ്ഞ കണ്ണുകളോടെ മുഖമുയര്‍ത്തി നോക്കി. കണ്ണു തുടച്ചെങ്കിലും അനുസരിക്കാതെ ഓരോ തുള്ളികളടര്‍ന്ന് മേശമേല്‍ വീണു. പാവം അവനും സങ്കടായീന്ന് തോന്നുന്നു. വിക്സ് കൊണ്ടു തരട്ടേന്ന് ചോദിച്ചപ്പോള്‍ വേണ്ടാന്ന് തലയാട്ടിയെങ്കിലും അവന്‍ പോയി. വേഗം വിക്സുമായ് വന്നെന്‍റെ കൈകളില്‍ തന്നിട്ട് പറഞ്ഞു.
ഈ കരച്ചിലൊന്ന് നിര്‍ത്തിക്കൂടെ….? ഒരു ഭംഗിയുമില്ലാട്ടോ ഇങ്ങനെ കരയുന്നത് കാണാന്‍. അവന്‍ ചെറു ചിരിയോടെ പോയി.. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ശബ്ദത്തീന്ന് പല ഉപദേശങ്ങളും കേട്ടു തുടങ്ങീ.
ഉച്ചയ്ക്ക് എല്ലാവരും ഊണു കഴിക്കാന്‍ പോയ സമയങ്ങളിലൊക്കെയാ കക്ഷി വരുകാ. ഒരു ദിവസം ഓട്ടോ നിര്‍ത്തി ഷോപ്പിന് മുന്നില്‍. എന്നിട്ടെന്നെ നോക്കി. അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ഞാനവന്‍റെ മുഖത്തേക്ക് ഒന്നു നോക്കി. ഒരു ചെറുചിരിയോടെ പറഞ്ഞു. കരഞ്ഞാലും കരഞ്ഞാലും നിങ്ങള്‍ക്ക് മടുക്കില്ലേ….? എന്താ കിട്ടുന്നത് ഇങ്ങനെ കണ്ണീര്‍ ഒഴുക്കിയിട്ട്, പോയവരാരും തിരിച്ചു വരില്ല കേട്ടോ.
അവനെന്നെ തീരാ ദുഃഖത്തീന്ന് പതിയെ പതിയെ മോചിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. പഴയ മുഖം മാറിയിട്ടുണ്ടെന്നും കുറച്ചു സുന്ദരിയായിട്ടുണ്ടെന്നും പറഞ്ഞു കുറേ നാളുകള്‍ക്കു മുന്നേ. ഒരു ദിവസം അവനരികില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്‍റെ ചിന്തകള്‍ മോശമാവാന്‍ തുടങ്ങീന്ന്. അതു സത്യമായിരുന്നു. എന്‍റെ മനസ്സ് ആ സാമിപ്യവും ആ സാന്ത്വനവും ആ സ്നേഹവും കൊതിച്ചു തുടങ്ങിയിരിക്കുന്നു….
എന്താ അങ്ങനെ ….? അയ്യോ അങ്ങനെയൊന്നും പാടില്ല കേട്ടോ. വൈഫറിഞ്ഞാല്‍ തീരും ഈ അടുത്തു വരവും ഇപ്പോള്‍ കിട്ടുന്ന ഈ സ്വാതന്ത്ര്യവും. പിറ്റേന്ന് അവനടുത്ത് വരാതെ ദൂരെ നിന്നു ഒന്നു നോക്കിയിട്ട് പോയി. പിന്നെയും കരച്ചിലില്‍ ആശ്വാസം കണ്ടെത്തിയപ്പോള്‍ അടുത്തു വന്നു പറഞ്ഞു.
ഓ പിന്നെയും തുടങ്ങിയോ. ആ ശബ്ദം കേട്ടപ്പോള്‍ കണ്ണു നീര്‍ താനെ വറ്റി. എന്നെ കൊലയ്ക്ക് കൊടുക്കരുത് കേട്ടോ…?
അവനെ മോഹിച്ചു തുടങ്ങിയ മനസ്സിനെ ആശ്വസിപ്പിക്കാന്‍ കുറേ നാളെടുത്തു. എല്ലാ രാത്രികളിലും അവന്‍റെ ശബ്ദം കേള്‍ക്കാതെ എനിക്കുറങ്ങാന്‍ കഴിയുന്നില്ല. വീണിടത്തു നിന്ന് ഒരു കൈ തന്ന് സഹായിച്ച അവന്‍റെ കുടുംബം തകരാതെ നോക്കാനാ ഇപ്പോഴൊത്തിരി പ്രയാസം.
എന്നാലും അവന്‍ തരുന്ന സ്നേഹം നഷ്ടപ്പെടുത്താതെ അവനൊന്നും നഷ്ടമാവാതെ കൊണ്ടു പോവുകയാ ഓരോ നാളും.
( മരണത്തീന്ന് തിരികെ കൊണ്ടുവന്ന് ഇത്തിരി ജീവശ്വാസം തന്ന അവനോട് ഒരിക്കലും നന്ദികേടു കാണിക്കില്ല കേട്ടോ ഞാന്‍….)