ദുര്‍വിധി – രചന : NKR മട്ടന്നൂർ
അച്ഛനുറങ്ങുന്നുണ്ട് ട്ടോ അകത്ത്.
ശ്രുതി ശബ്ദം താഴ്ത്തി ബാബുവേട്ടന്‍റെ കാതില്‍ പറഞ്ഞു. സമയം പന്ത്രണ്ട് കഴിഞ്ഞതേ ഉള്ളൂ. അച്ഛനുണരാന്‍ ഇനിയും അഞ്ചു മണിക്കൂര്‍ കഴിയണം. കാവ്യയും രാവിലെ ആവാതെ വെടി വെച്ചാല്‍ പോലും ഉണരില്ലെന്‍റെ മുത്തേ. അവന്‍റെ കൈക്കുള്ളിലായിരുന്നു അവള്‍.
ബാബുവേട്ടാ ഇതിങ്ങനെ എത്ര നാള്‍ കൊണ്ടു പോവും…? ആരെങ്കിലും കണ്ടാല്‍ തീരും ഈ കള്ളക്കളി. അമ്മയെങ്ങാനും അറിഞ്ഞാല്‍ ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല കേട്ടോ. പിന്നെ എന്നെ മൂന്നാം നാള്‍ നോക്കിയാല്‍ മതി.
ഒന്നും സംഭവിക്കില്ലെന്‍റെ പെണ്ണേ. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞു അവളവിടുന്ന് എഴുന്നേറ്റു പോവുമ്പോള്‍. വീടിന്‍റെ പിന്നാമ്പുറത്തെ ചെറു വരാന്തയില്‍ അവര്‍ ആ സംഗമം തുടങ്ങിയിട്ട് നാളുകള്‍ ഒത്തിരി കഴിഞ്ഞിരിക്കുന്നു. അവര്‍ക്കു പരസ്പരം പങ്കുവെച്ചു മതിയാവുന്നില്ല.
ബാബുവിന് ഒരു ചുംബനം കൂടി നല്‍കിയിട്ട് ശ്രുതി ശബ്ദമുണ്ടാക്കാതെ അവനെ പുറത്താക്കി ഗ്രില്‍സും അടുക്കളവാതിലും പൂട്ടി കാവ്യയുടെ അരികില്‍ പോയി കിടന്നു.
കാവ്യ അപ്പോഴും നല്ല ഉറക്കമായിരുന്നു. ഹോസ്പിറ്റലിന്ന് രാധിക വരുമ്പോഴും മക്കളും അച്ഛനും നല്ല ഉറക്കമായിരുന്നു. വാതില്‍ തുറക്കാന്‍ ഒത്തിരി മുട്ടി വിളിക്കേണ്ടി വന്നു. ശ്രുതി അമ്മയ്ക്ക് മുഖം കൊടുക്കാതെ പിന്‍തിരിഞ്ഞു നടന്നു. രാധിക അവളോടൊപ്പം നടന്നു വന്നു. എന്താ നിനക്കിത്ര ക്ഷീണം. ഞാന്‍ പോവുമ്പോള്‍ പറഞ്ഞതല്ലേ രാവിലെ ഉണര്‍ന്നു അരി അരച്ചു ദോശ ചുട്ടു വെയ്ക്കണംന്ന്.
സമയം എട്ടുമണിയാവാറായി. നിങ്ങള്‍ക്കിന്നു കോളജില്‍ പോവണ്ടേ…? അച്ഛനും മക്കളും എല്ലാം ഒരു പോലത്തെയാ. ഒന്നിനും കൊള്ളില്ല. രാധിക പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി. അതാണെന്‍റെ അമ്മ. നേഴ്സാണ് കേട്ടോ. ഒരു കിലോമീറ്റര്‍ അപ്പുറത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍.
എന്നെ മുടിഞ്ഞ സംശയാ. നമ്മള്‍ എപ്പോഴും വഴക്കാ. കാരണം ഞാനിത്തിരി സുന്ദരിയാ,… അടങ്ങി ഒതുങ്ങി നടക്കുന്നില്ലാന്നാ അമ്മയുടെ എപ്പോഴത്തെയും പരാതി. ഇത്തിരി തടിച്ചു വെളുത്ത എന്നെ കാണുമ്പോള്‍ ഒന്നു കൂടി നോക്കാതെ ആരും പോവാറില്ല. ഞാനാണെങ്കിലോ ബാബുവേട്ടന് ഇഷ്ടമായി എന്നു പറഞ്ഞതു കൊണ്ട് ഇപ്പോള്‍ പട്ടു പാവാടയും ബ്ളൗസും മാത്രേ ഉപയോഗിക്കാറുള്ളൂ.
നാട്ടിലെ ആരോടും തുറന്നു സംസാരിക്കുന്ന പ്രകൃതാ എനിക്കു. അതും അമ്മയ്ക്കിഷ്ടോല്ല. പിന്നെ ഒരു ദിവസം ഞാന്‍ ഉറക്കത്തില്‍ പറഞ്ഞുപോലും മൊബൈല്‍ അമ്മയെങ്ങാനും കണ്ടാല്‍ എന്തു ചെയ്യുംന്ന്….? അന്നു മുതല്‍ ചോദ്യം ചെയ്യലും തുടങ്ങി. എത്ര ചോദിച്ചിട്ടും എല്ലാവരും എന്‍റെ മുറി മുഴുവന്‍ അരിച്ചു പൊറുക്കിയിട്ടും കിട്ടാത്തോണ്ടാ വെറുതേ വിട്ടത്. അല്ലെങ്കിലെന്നെ കൊന്നേനെ.
സത്യത്തില്‍ ഒരു വര്‍ഷായിട്ട് ഒരു സ്മാര്‍ട്ട് ഫോണ്‍ ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അമ്മയല്ല ആരു വിചാരിച്ചാലും അതു കണ്ടു പിടിക്കാനാവില്ല. അതെന്‍റെ പഠനമേശയിലെ തടിച്ച ഡിക്ഷ്ണറിയില്‍ നിശബ്ദനായി ഉറങ്ങുകയാവും എന്നും. ബാബുവേട്ടന്‍റെ ബുദ്ധിയാ അത്.
അതിന്‍റെ നടുഭാഗത്ത് ആ ഫോണിന്‍റെ വലിപ്പത്തില്‍ പേജുകള്‍ മുറിച്ചെടുത്ത് ഒരറയുണ്ടാക്കി അതിനകത്ത് സുഖമായുറങ്ങും അവന്‍. ബാബുവേട്ടന്‍ തന്നതാ അത്. അതിലൂടെ ബാബുവേട്ടന് വേണ്ടതെല്ലാം ഞാന്‍ കൊടുക്കാറുണ്ട്. ഒരു കുറവേ ഞാന്‍ ബാബുവേട്ടനില്‍ കണ്ടുള്ളൂ. കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുണ്ട്. അതൊന്നും സാരോല്ല.
കാരണം അച്ഛനും അമ്മയും ഇവിടുന്ന് പയണത് ഞാന്‍ കേള്‍ക്കാറുണ്ട്. ഓരോ ചേച്ചിമാര്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകന്‍റെ കൂടെ ഓടി പോയതും രാത്രിയില്‍ ഭര്‍ത്താവില്ലാത്ത നേരങ്ങളില്‍ അന്യ പുരുഷന്‍മാരെ വീട്ടിലേക്ക് വിളിച്ചു കേറ്റിയ ചേച്ചിമാരുടെയും ഒക്കെ കഥകള്‍. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ലാന്നാ അമ്മ എപ്പോഴും പറയുക. അങ്ങനെയൊക്കെ ഇപ്പോള്‍ നാട്ടില്‍ സര്‍വ്വ സാധാരണമാ. പിന്നെന്താ ഈ ശ്രുതിക്ക് മാത്രം പ്രശ്നം.
ബാബുവേട്ടന് എന്നെ ജീവനാ. ആ സ്നേഹം കാരണം ഇപ്പോള്‍ പഠിക്കാന്‍ പോലും പറ്റുന്നില്ല. പുസ്തകത്തില്‍ നിറയേ ആ മുഖം മാത്രാ. വേണംച്ചാല്‍ കെട്ടിയോളെ ഉപേക്ഷിച്ച് വരുംന്ന് പറഞ്ഞിട്ടുണ്ട്. ഡിഗ്രി കഴിയട്ടേന്ന് ഞാനാ പറഞ്ഞെ.
ആവുന്നവരെല്ലാം രണ്ടുനാള്‍ തന്നാലാവുന്നത് ചെയ്തു. അതില്‍ സര്‍ക്കാര്‍ പ്രഥിനിധികളും ഉണ്ടായിരുന്നു. നാട്ടിലെ കവലകളിലും രണ്ടാള്‍ കൂടുന്നിടത്തെല്ലാം അതു തന്നെ സംസാരവിഷയം
പറയുന്ന നാവുകളിലെല്ലാം പുച്ഛഭാവം മാത്രാ. ബാബുവേട്ടനെയാ എല്ലാവരും കുറ്റപ്പെടുത്തുന്നത്. അവനു ബുദ്ധിയുണ്ടായിരുന്നില്ലേ. അവനല്ലേ ഓര്‍ക്കേണ്ടിയിരുന്നത്. എന്നും എപ്പോഴും നമ്മള്‍ക്കിടയിലും ഈ നാട്ടിലും ഏതു നേരവും കയറി ഇറങ്ങാന്‍ സ്വാതന്ത്ര്യം കിട്ടിയിരുന്ന അവനീ കൊലച്ചതി ചെയ്യരുതായിരുന്നു.
അങ്ങനെ പോയ സംസാരം മൂന്നാംനാള്‍ നിന്നു. ഞാനപ്പോള്‍ ഒഴുകി നടക്കുകയായിരുന്നു. ശരീരത്തിന്‍റെ ഭാരമെല്ലാം ഇന്നേക്ക്….പോയി…നല്ലോണം തടിച്ചു. പിന്നെ മീനുകളൊക്കെ വന്നെന്‍റെ ശരീരം മുഴുവന്‍ കടിക്കുന്നുണ്ട്. പക്ഷേ വേദനയില്ല. ഞാനൊന്നും അറിയുന്നുമില്ല.
അന്നു അമ്മ വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്ക് രണ്ടാഴ്ച അടുപ്പിച്ചു പകല്‍സമയത്തായിരുന്നു ഡ്യൂട്ടി. ബാബുവേട്ടന് എന്നെ കാണാതെ നില്‍ക്കാന്‍ വയ്യാതായിട്ട്. പത്ത് ദിവസം വരെ പോയി ഇനി നാലു ദിവസം കാത്തിരുന്നാല്‍ അമ്മയ്ക്ക് പിന്നെയും രാത്രിയിലാവുമായിരുന്നു ഡ്യൂട്ടി.
അന്നൊരു പൊതി കൊണ്ടുതന്നിട്ട് പറഞ്ഞു രാത്രി അമ്മയ്ക്ക് പാലില്‍ കലക്കി കൊടുക്കാന്‍. സ്നേഹത്തോടെ കൊടുത്ത പാല്‍ അമ്മ കുടിക്കാന്‍ തുടങ്ങിയപ്പാഴായിരുന്നു ഞാന്‍ അടുക്കളയില്‍ നിന്നും പോയത്. രാത്രി പതിവു സമയത്ത് ബാബുവേട്ടന്‍ വന്നു. ശബ്ദമുണ്ടാക്കാതെ ഞാനെഴുന്നേറ്റു പോയി.
ഹോ…എന്തൊരാര്‍ത്തിയാ ഇത് ഞാനവന്‍റെ കാതില്‍ മന്ത്രിച്ചു. അവനൊട്ടും ക്ഷമയുണ്ടായിരുന്നില്ല. ലൈറ്റ് തെളിഞ്ഞപ്പോള്‍ മുന്നില്‍ അമ്മ. കിട്ടിയതെടുത്ത് വാരി ചുറ്റി പുറത്തിറങ്ങി ഓടിയതാ. ബാബുവേട്ടനെന്നെ അപ്പോഴും വിടാതെ പിടിച്ചിരുന്നു. ആരും അടുത്തേക്ക് വരുന്നില്ല.
വീട്ടിലെ വരാന്തയിലാ ഞാനിപ്പോൾ. തണുക്കുന്നതറിഞ്ഞോണ്ടാവും ആരോ വെള്ള കൊണ്ട് മുഖമൊഴികേ പുതപ്പിച്ചു തന്നിട്ടുണ്ട്. എന്നെ കാണാന്‍ വരുന്നുവരുടെ മുഖത്തൊന്നും എന്നും കാണുമ്പോഴുണ്ടാവുന്ന സ്നേഹമില്ല. കുറച്ചപ്പുറത്ത് നിന്ന് നമ്മുടെ അയല്‍ക്കാരനായ രാഘവേട്ടന്‍ ആരോടോ പറയുന്നത് കേട്ടു.
പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ പോലും. എന്നും അവളിവിടെ വിളിച്ചു വരുത്താറാ പതിവ്. കാണുമ്പോള്‍ എന്തു നല്ല കുട്ടിയായിരുന്നു. എത്ര സ്നേഹത്തോടെയാ കണ്ടാല്‍ മിണ്ടിയിരുന്നത്. ഇവളുടെയൊക്കെ ഉള്ളില്‍ ഇങ്ങനൊയൊക്കെയായിരുന്നൂന്ന് കണ്ടാല്‍ തോന്നില്ലായിരുന്നു….
അതു കള്ളമാ. ഞാനും ബാബുവേട്ടനും ഈ ബന്ധംതുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. പക്ഷേ ശബ്ദം പുറത്തേക്ക് വരാത്തതിനാല്‍ ഞാന്‍ മിണ്ടാതെ കിടന്നു. ആ ചെക്കന്‍റെ പോസ്റ്റുമോട്ടം കഴിഞ്ഞ് ശവം വാങ്ങാന്‍ ആരും ഇതുവരേയും പോയില്ല പോലും. അവനെ ആര്‍ക്കും ഇനി കാണണ്ടാന്ന്. ആരുടേയോ കരച്ചില്‍ കേട്ടു.
മോളെ അമ്മ പറയാറില്ലേ ഉള്ളിലെന്തെങ്കിലും ഉണ്ടേല്‍ ഈ അമ്മയോട് പറയണംന്ന്. അത്രയും പറഞ്ഞപ്പോഴേക്കും താങ്ങിപിടിച്ചവരുടെ കൈകളിലേക്ക് അമ്മ കുഴഞ്ഞു വീണു. ആരൊക്കെയോ എന്നെ എടുത്തോണ്ടു പോയി……..പിറകുവശത്തേക്ക്.
(ഇതൊരു ശ്രുതിയുടെ മാത്രം കാര്യമല്ല. ഇതുപോലുള്ള ബാബുമാരും കാണും നമുക്ക് ചുറ്റും ….എട്ടും പൊട്ടും തിരിയാത്ത നമ്മുടെ പെണ്‍മക്കളുടെ നന്മയ്ക്കായ് എല്ലാ അച്ഛനമ്മമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു….)