വിശ്വാസം – രചന : NKR മട്ടന്നൂർ
പൂക്കുടയുമായ് ഈറന്‍ മുടിയില്‍ തുളസിക്കതിരും ചൂടി ഗായത്രി എന്നും നടന്നു വരാറുള്ള സമയത്ത് ഞാന്‍ കാത്തിരിക്കയായിരുന്നു. അമ്പല നടയിലെ അരയാല്‍ തറയില്‍.
ദാ..വരണുണ്ട്. മഞ്ഞ പട്ടു പാവാടയുടുത്ത് വയല്‍ വരമ്പിലൂടെ ഒരു പൂമ്പാറ്റയേ പോലെ പാറി വരികയായിരുന്നു. കയ്യിലുള്ള പൂക്കടയാണെങ്കില്‍ അവളൊരു പൂക്കാലമാ.
മൂവാണ്ടന്‍ മാവിന്‍ ചോട്ടില്‍ വീണ തേന്‍കുടം പോലുള്ള മാങ്ങകള്‍ അവളെ കൊതിപ്പിച്ചെങ്കിലും ഞാന്‍ നോക്കി നില്‍ക്കുന്നതും കണ്ടിട്ടാവാം പെണ്ണ് കൊതി മാറ്റിവെച്ച് ഒഴുകി വരികയായിരുന്നു. അരികിലൂടെ കടന്നു പോകവേ കാച്ചെണ്ണയുടെ മണമെന്‍റെ മൂക്കിലേക്ക് തുളച്ചുകയറി.
എന്തൊരഴകാണെന്നോ….!!
കണ്ടു കൊതി തീരും മുന്നേ നടന്നകന്നു പോയി. എന്നാ ഈ രൂപം കണ്ടു മതിവരുകയെന്ന് പോലും അറിയില്ലാ. പറയാതെ കാത്തുസൂക്ഷിച്ച അനുരാഗം ഇന്നും വെറുതേയായീ. ആ മുന്നിലെത്തുമ്പോള്‍ വാക്കുകളും കിട്ടാതാവുന്നു. നാളെ പറയാം. ഞാന്‍ മനസ്സിനോട് പറഞ്ഞാശ്വസിപ്പിച്ചു.
ഈ കാത്തിരിപ്പിനുമുണ്ടൊരു സുഖം. ആരേലും കൊത്തി കൊണ്ടു പോയാല്‍ ഈ ജീവിതകാലം മുഴുവന്‍ അതൊരു തീരാ നൊമ്പരമാവുമെന്ന് അകത്തിരുന്ന് ആരോ പറഞ്ഞപ്പോള്‍ ഉള്ള സമാധാനവും പോയിക്കിട്ടി. ഇരിക്കാനും നില്‍ക്കാനും വയ്യ. കിടന്നിട്ട് ഉറക്കവും വരുന്നില്ല. ഇരുന്നും എഴുന്നേറ്റ് നടന്നും എങ്ങനെയോ നേരം പുലര്‍ത്തി. ഓഫീസില്‍ വിളിച്ചു പറഞ്ഞു ഇന്നേക്ക് ലീവിനു വേണ്ടി.
പുലര്‍കാലത്തെപ്പോഴോ ഇത്തിരി ഉറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. കണ്ണുകള്‍ നീറുന്നു. കുളിച്ചിട്ടു വന്നു. അനുപമ കൊണ്ടു വന്ന ചായ ഒരു കവിള്‍, കുടിച്ചിട്ട് ബാക്കി മോളു കുടിച്ചോന്ന് പറഞ്ഞപ്പോള്‍. ഈ ഏട്ടനിതെന്ത് പറ്റി എന്നവള്‍ പിറുപിറുക്കുന്നത് കേട്ടു. ഒന്നും ശ്രദ്ധിക്കാതെ ആല്‍ത്തറ ലക്ഷ്യമാക്കി ഓടുകയായിരുന്നു.
അവള്‍ വരാന്‍ ഇനിയും പത്തു മിനിറ്റു കൂടിയുണ്ട്. അപ്പോഴേക്കും ഒന്നു ഭഗവാനെ കണ്ടു തൊഴാമെന്ന് കരുതി ഓടിക്കയറി ആ തിരുമുന്നിലേക്ക്. അതാ മുന്നേ തന്നെ ഭഗവാനു മുന്നില്‍ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്ന പോലെ കൈകൂപ്പി നില്‍ക്കുന്നു.
”ഭക്ത വല്‍സലയായ മീരയേ പോലെ”.
കൃഷ്ണാ ഭഗവാനേ അങ്ങയ്ക്ക് ഒരുപാട് കാമുകിമാരില്ലേ. ഇവളെയും അങ്ങ് മോഹിക്കല്ലേ എന്നു മനമുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട് ആ അരികില്‍ പോയി ഞാനും കൈകള്‍ കൂപ്പിനിന്നു.
ഭഗവാനെ നോക്കാതെ എന്‍റെ കണ്ണുകള്‍ അരികില്‍ നില്‍ക്കുന്ന ഗായത്രിയിലേക്ക് പോയി. ഓ ഗാഢമായ പ്രാര്‍ത്ഥനയിലാ. ഞാനും എന്തൊക്കെയോ പറഞ്ഞു.
‘എന്തേലും പറയേണ്ടതുണ്ടോ ഭഗവാനേ ഞാന്‍ പ്രത്യേകിച്ചും…? അങ്ങെനിക്ക് ഇതാ പൂമ്പാറ്റയെ സ്വന്തമായ് താ…വേണേല്‍ പകരമായ് കദളിപ്പഴം കൊണ്ട് ഇവളെ ഞാന്‍ തുലാഭാരം നടത്താം ഈ തിരുമുന്നില്‍ വെച്ച്.’
എന്താ മാഷേ ഈ പറയണേ…? ആ മനോഹരമായ ശബ്ദം കേട്ടാ ഞാന്‍ കണ്ണു തുറന്നു നോക്കിയത്. ഗായത്രി അതാ അത്ഭുതം നിറച്ച മിഴികളോടെ എന്നെ നോക്കി നില്‍ക്കുന്നു.
എന്താ നിങ്ങള്‍ പറഞ്ഞത്…?
കൃഷ്ണാ ഭഗവാനെ ചതിച്ചോ…?
ഒന്നുമറിയാതെ പോലെ ഞാന്‍ ഭഗവാനെ നോക്കി കൈകൂപ്പി കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു. എത്ര നേരമെന്നറിയില്ല. ഒളി കണ്ണിട്ടു നോക്കി അരികില്‍ ആളില്ലെന്നുറപ്പു വരുത്തിയേ കണ്ണുകള്‍ തുറന്നുള്ളൂ.
പിന്നെ ഒരോട്ടമായിരുന്നു. അരയാല്‍ തറയുടെ ആരും കാണാത്ത ഭാഗത്ത് പോയിരുന്നു. എന്താ സംഭവിച്ചത്…? ഭഗവാനോട് പറഞ്ഞതെല്ലാം ഉറക്കെയായി പോയോ…..? ആവും…അല്ലാതെ പിന്നെങ്ങനാ ഗായത്രി കേട്ടത്. ഭഗവാന്‍ കേട്ടോ എന്നറിയില്ല. പക്ഷേ കേള്‍ക്കേണ്ടവര്‍ കേട്ടു.
അയ്യോ…ഇനി അതിനു വല്ല പുകിലും കാണ്വോ..? എന്നു ചിന്തിച്ചങ്ങിരിക്കവേ കൊലുസിന്‍റെ ശബ്ദം പിറകിലൂടെ അരികിലേക്ക് വരുന്നു. ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോള്‍ ഗായത്രി ….!ഭാഗ്യം. മുഖത്ത് തെളിഞ്ഞ പുഞ്ചിരിയുണ്ട്. അരികിലൊന്നും ആരുമില്ല.
തുറന്നു പറയൂ…ആരോ തന്ന ധൈര്യവുമായ് ഞാനവള്‍ക്കു മുന്നില്‍ എഴുന്നേറ്റ് നിന്നു. ആ നില്‍പ്പു കണ്ടവര്‍ക്ക് തോന്ന്വാ ഞാനും അവളും മുന്നേ പ്രണയത്തിലാണെന്നാവും. പുഞ്ചിരിയിലാ കടന്നു വന്നതെങ്കിലും ഒന്നും മിണ്ടാതെ പോവാനൊരുങ്ങിയ ഗായത്രിയെ ഞാന്‍ വഴി തടഞ്ഞു നിന്നു. ആ കണ്ണുകളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു.
‘ഭഗവാനോട് പറഞ്ഞതൊക്കെ സത്യമാണ് ട്ടോ…ഇയാളെ എനിക്കു തന്നാല്‍ ഞാനാ തുലാഭാരം നടത്തും ഈ നടയില്‍ വെച്ച് തന്നെ …..’
ഒരു നിമിഷം അവള്‍ പകച്ചു നിന്നുവെങ്കിലും അടുത്ത നിമിഷം. അമ്പലത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചാ എന്നെ കിട്ടുമെന്ന് ആരാ മാഷിനോട് പറഞ്ഞേ…..? അതിന്ന് വീട്ടില്‍ വന്ന് എന്‍റെ അച്ഛനോട് അല്ലേ ചോദിക്കേണ്ടത്…? അല്ലാ അങ്ങനെ അല്ലേ നാട്ടുനടപ്പ്..?
അതും പറഞ്ഞു മുത്തു പൊഴിയണ പോലൊരു ചിരിയും സമ്മാനിച്ച് ഓടിപ്പോയീ കാന്താരി.
കൈവെള്ളയില്‍ നുള്ളി നോക്കി. ഹോ…വേദനിക്കുന്നുണ്ട്. കണ്ണുകള്‍ക്കു മുന്നില്‍ അതാ ആ മഞ്ഞ പട്ടു പാവാടയിലൊരു പൂമ്പാറ്റ പറന്നു പോവുന്നു. ഒന്നു ചൂളമടിക്കണമെന്ന് തോന്നി. അതും കൈവിട്ടു പോയി. ഗായത്രി തിരിഞ്ഞു നോക്കി കൈ വിശി കാണിക്കുന്നു.
ഭഗവാനേ കൃഷ്ണാ. അമ്പതു കിലോ കദളിപ്പഴം തരാമെന്നേറ്റതു കൊണ്ടാണോ അങ്ങ് എല്ലാം ഇപ്പോള്‍ തന്നെ ശരിയാക്കിത്തന്നത്…..?
എന്താടോ ആ പെണ്ണിനോട് ഇന്നു തുറന്നു പറഞ്ഞോ തന്‍റെ മനസ്സിലുള്ളതെല്ലാം……? അല്ലാ നല്ല സന്തോഷത്തിലാണല്ലോ..? തിരിഞ്ഞു നോക്കുമ്പോള്‍ ഏതോ ഒരു യാചകരൂപം.
”കൃഷ്ണാ അങ്ങ് എല്ലാവരോടും പറഞ്ഞോ എന്‍റെ പ്രണയം…”
അയാളുടെ കയ്യിലൊരു അമ്പതു രൂപ ചുരുട്ടി വെച്ചു കൊടുത്തു. ബൈക്കില്‍ വീട്ടിലേക്ക് പറക്കുകയായിരുന്നു. മതി എന്‍റെ കൃഷ്ണാ നീ എത്ര വേഗമാണെന്‍റെ പ്രാര്‍ത്ഥന സഫലമാക്കി തന്നത്…?
ഒരു ഉണ്ണിക്കണ്ണനും കൂടി ഉണ്ടായിരുന്നു ഗായത്രിയുടെ മടിയില്‍. പെണ്ണാണേല്‍ വയറൊഴിഞ്ഞപ്പോള്‍ നല്ല പോലെ തിന്നിട്ട് തടിച്ചു കൊഴുത്തു. ആകെ എഴുപത്താറു കിലോ വച്ചപ്പോഴേ തട്ടൊന്ന് അനങ്ങിയുള്ളൂ. മൂന്നാലു കിലോ കൂടി വച്ചോന്ന് പറഞ്ഞത് ഞാനാ.
അതാ ആ പഴയ പൂമ്പാറ്റയും ഒരു കുഞ്ഞു കള്ളക്കണ്ണനും പുഞ്ചിരി പൊഴിച്ച് മേലേക്കുയരുന്നു. ”എന്‍റെ ഭഗവാനേ മതിയോ അങ്ങേയ്ക്ക് …?
ഇതു രണ്ടാവട്ടമാണ് ട്ടോ…! ആദ്യമായ് തന്നത് ഗായത്രിയുടെ പേരില്‍ ഞാന്‍ നേര്‍ന്നതായിരുന്നു…ആ തുലാഭാരം. മൂന്നു വര്‍ഷം കഴിഞ്ഞും ഒരു കുഞ്ഞിനെ തരാതിരുന്നപ്പോഴാ ഗായത്രി പിന്നേയും ഒരു തുലാഭാരം നേര്‍ന്നത്…ഇത് അതാണ് ട്ടോ…ഇനി എനിക്കൊരു മകളെ കൂടി തരേണം… അന്നു ഞാനും അവളുമാ ഈ തട്ടിലിരിക്കുക…അന്നും കദളിപ്പഴം തന്നെ മതിയല്ലോ അല്ലേ…?
എനിക്കറിയാം എന്‍റെ ഭഗവാനെ അങ്ങൊരു കുഞ്ഞിക്കാലു കാട്ടിത്തരാതെ ഞങ്ങളെ പരീക്ഷിച്ചത് ഈ കദളിപ്പഴം കൊതിച്ചതു കൊണ്ടു തന്നെയാവും ല്ലേ…? അതിനൊട്ടും പരിഭവമില്ലാട്ടോ…ഞാനിന്ന് ഒരുപാട് സന്തോഷവാനാ…മോഹിച്ച പെണ്ണിനെ തന്നും മോഹങ്ങളെല്ലാം നടത്തിത്തന്നും എന്നും ഇതുപോലെ അങ്ങയുടെ കൂടെ നടത്തുന്നുണ്ടല്ലോ….?
എന്‍റെ മാഷേ….ഇനിയും പറഞ്ഞു തീര്‍ന്നില്ലേ ഭഗവാനോട് നിങ്ങളുടെ പരിഭവങ്ങളും പരാതികളും…..?ഗായത്രി അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു…
ഇപ്പോള്‍ പരാതിയല്ലാല്ലോ ഞാന്‍ പറഞ്ഞത്…ഭഗവാനോട് നന്ദി പറയുകയായിരുന്നു…. എന്നും കൂടെ നടത്തുന്നതിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുകയായിരുന്നു. മതീട്ടോ എല്ലാം ഒന്നിച്ചു പറഞ്ഞു തീര്‍ക്കല്ലേ….എന്നുമീ നടയില്‍ വരേണ്ടതല്ലേ അപ്പോഴൊക്കെ പറയാനെന്തെങ്കിലും ബാക്കി വെയ്ക്കണേ….?
പെണ്ണതാ നിന്നു ചിരിക്കുന്നു…കൂടെ അവളുടെ കയ്യില്‍ കിടന്ന് ഒരു കൊച്ചുണ്ണിക്കണ്ണനും…മതീട്ടോ ഈ സ്നേഹവും സന്തോഷവും മതി….
( വിശ്വാസം അതല്ലേ എല്ലാം ..)