ഗാന ഗന്ധര്‍വ്വന്‍ – രചന : NKR മട്ടന്നൂർ
ഞാന്‍ ആ അരികില്‍ ഇരുന്നു. അത്ഭുതം നിറഞ്ഞ എന്‍റെ മിഴികളിലേക്ക് നോക്കി ചോദിച്ചു….?
എന്തിനാ ഈ കണ്ണുകളില്‍ ഇത്ര ആരാധനാ…?
പറയുവാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ ഉഴറുമ്പോള്‍. എന്നെ ഒന്നു ചേര്‍ത്തു പിടിച്ചെങ്കില്‍ എന്നു കൊതിച്ചു നില്‍ക്കുമ്പോള്‍. വിറയാര്‍ന്ന എന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു. ഞാനും നിന്നേ പോലൊരു മനുഷ്യനല്ലേ …? നിന്‍റെ സിരകളിലോടുന്ന രക്തം പോലെ തന്നെയാ എന്‍റെ ധമനികളിലുള്ളതും.
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അല്ലാ…അങ്ങ് വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന ഗന്ധര്‍വ്വനല്ലേ..
”ഗാനഗന്ധര്‍വ്വന്‍…”
ഓര്‍മ്മ തെളിഞ്ഞ കാലം മുതല്‍ ഞാന്‍ കേള്‍ക്കണതാ ഈ സ്വരം. ”ഹരിമുരളീരവം ” എന്തുമാത്രം കേട്ടിരിക്കുന്നു. കൊതി തീര്‍ന്നില്ലിനിയും. ”പ്രമദവനം” പാടാന്‍ അങ്ങേയ്ക്കല്ലാതെ ആര്‍ക്കാ കഴിയ്യ്വാ…..?
ഈ ജന്മത്തോളം പുണ്യമായ വേറൊരു സൃഷ്ടിയുണ്ടോ ഈ ഭൂമിയില്‍ ഈശ്വരന്‍റേതായിട്ട്…
മതീട്ടോ…എനിക്കറിയാം ഇതെല്ലാം മോള്‍ക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടു പറയണതാ.
ആവട്ടെ…. അങ്ങനെ എങ്കില്‍ അങ്ങനെ. എന്നാലും കുഞ്ഞുന്നാളിലേ നെഞ്ചില്‍ ചേര്‍ത്തുവച്ച ഒരു മോഹമുണ്ട് പറയട്ടെ. നിരാശനാക്ക്വോ എന്നെ…?
മം…പറഞ്ഞോളൂ. എനിക്കു സാധിച്ചു തരാന്‍ പറ്റണതാണേല്‍ ചെയ്യാം ഞാന്‍.
കഴിയല്ല്വോ… അത് ഈ ഗന്ധര്‍വ്വനേ കഴിയൂ.
ഉം…എന്നാല്‍ ചോദിച്ചോളൂ. ഈയുള്ളവളുടെ വല്യ മോഹാട്ടോ. കോപിക്കരുത്. ഇല്ലാന്നേ…പറഞ്ഞോളൂ. ഈ പുല്‍പായയില്‍ വന്നൊന്നിരിക്ക്വോ…?
മം..ശരി. ഇരുന്നു …ഇനി പറഞ്ഞോളൂ. ഈ മടിയില്‍ തലവെച്ച് ഇത്തിരി നേരം കിടന്നോട്ടേ ഞാന്‍….?
ഓ….ഈ മോഹങ്ങള്‍ ഒരു പാട് ഉണ്ടല്ലോ…?ഇല്ലാന്നേ…കഴിയാറായി. കുറച്ചു നിമിഷം ഒരു മകളായ് കാണാവോ എന്നെ….കണ്ണുകളില്‍ നിറഞ്ഞ വാത്സല്യത്തോടെ ആ മടിയില്‍ എന്‍റെ തല ചേര്‍ത്തു കിടത്തി. കഴിഞ്ഞോ മോഹം….?അയ്യോ ഇല്ലാന്നേ….!ദാ….ഒരു ഡയറി തുറന്നു ഞാനാ കൈകളില്‍ കൊടുത്തു. എണ്ണിയാല്‍ തീരാത്തത്രേം പാടി കഴിഞ്ഞതല്ലേ. ചിലപ്പോള്‍ ഈ വരികള്‍ മറന്നു പോയെങ്കിലോ എന്നോര്‍ത്തു കൊണ്ടു വന്നതാ. ഒന്നു പാടാമോ ഈ പാട്ട്. ഒരു നിമിഷം ആ മുഖം ധ്യാനത്തിലെന്ന പോലെ മിഴികളടച്ചു.
മകളേ…പാതി മലരേ നീ …
മനസ്സിലെന്നെ അറിയുന്നോ…?
കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടുമുണരുന്നോ…?
ഈ കൊതുമ്പു കളിയോടം..കാണാത്ത തീരമണയുന്നോ..മകളെ പാതി മലരേ നീ…..പാടിക്കൊണ്ടിരുന്നു…
മതിയായിരുന്നു ഈ നിമിഷങ്ങള്‍ മതിയായിരുന്നു. മരിക്കട്ടെ ഞാന്‍…ഈ മടിയില്‍ കിടന്ന്….ഈ നിമിഷം മരിച്ചു വീണെങ്കില്‍….
മോളേ……ആരോ ഉടൽ ഉലച്ചു….കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ അച്ഛന്‍….നീ ആരോടാ വീണേ ഈ സംസാരിക്കണത്…?എത്ര നേരായ് ന്നറിയ്യ്വോ ഞാന്‍ ഈ വാതിലില്‍ മുട്ടി വിളിക്കണൂ. ഒടുവില്‍ കൊളുത്തു പറിച്ചാ അകത്തേക്ക് കടന്നത്…! കട്ടിലില്‍ എഴുന്നേറ്റിരുന്നു.
അച്ഛാ സോറി….ട്ടോ…ഞാന്‍ ഇത്ര നേരവും കണ്ടു കൊണ്ടിരുന്നത് ഒരു സ്വപ്നമായിരുന്നു.
മതി…ഈ പെണ്ണിനെ സ്വപ്നത്തിലെങ്കിലും വന്നു കണ്ടല്ലോ. ചുവരില്‍ ചിരി തൂകി നില്‍ക്കുന്ന ആ അടുത്തേക്ക് പോയി. ഇവള്‍ക്ക് കണ്‍കണ്ട ദൈവമാ നിങ്ങൾ. ആരു കളിയാക്കിയാലും എനിക്കൊന്നുമില്ലാ ട്ടോ. ഈ ശബ്ദം കേള്‍ക്കാതെ ഈ വീണയ്ക്കുറങ്ങാനാവില്ല. ഈ മുഖം കണി കാണാതെ ഉണരാനും. എന്‍റെ കൂടെ കാണണേ എന്നും. പോവല്ലേ എന്നെ തനിച്ചാക്കി. അവള്‍ ആ പാട്ടുപെട്ടി തുറന്നു…
”വടക്കും നാഥാ സര്‍വ്വം നടത്തും നാഥാ
ആ നടയ്ക്കല്‍ ഞാന്‍ സാഷ്ടാംഗം നമിക്കുന്നിതാ….” ഗനഗംഭീരമാര്‍ന്ന സ്വരം ആ അകത്തളങ്ങളില്‍ മുഴുകി. അവള്‍ പ്രഭാത കര്‍മ്മങ്ങളിലേക്കും.
കുളിച്ചു ഈറന്‍ മുടിയില്‍ തുളസിക്കതിരും ചൂടി ചൂടുള്ള ഒരു കപ്പ് കാപ്പിയുമായ് അച്ഛനരികെ ചെല്ലുമ്പോള്‍ പത്രപാരായണത്തിലായിരുന്ന അച്ഛന്‍. അതില്‍ നിന്നും മുഖമുയര്‍ത്തി എന്നെ നോക്കി.
വയസ്സ് ഇരുപത്തി രണ്ടായീ ട്ടോ. ഈ ഇഷ്ടങ്ങളൊക്കെ ഇഷ്ടപ്പെടാന്‍ കഴിയുന്നൊരാളുണ്ടാവ്വോ എവിടേലും ..?അതു കേട്ടപ്പോള്‍ എനിക്കു ചിരി വന്നു…എന്താ അച്ഛാ ഈ പറയണേ…?ആ ഗാന ഗന്ധര്‍വ്വനോട് ആര്‍ക്കേലും ഇഷ്ടംല്ല്യാതിരിക്ക്വോ ..? ആര്‍ക്കേലും വെറുക്കാനാവ്വോ ആ ജന്മത്തെ…..? അദ്ദേഹം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയണത് തന്നേ ഒരു പുണ്യമല്ലേ അച്ഛാ….?
മതീട്ടോ …അച്ഛന്‍ തോറ്റു…ന്‍റെ മോളു പറയണതാ ശരീ…ഇനി അഥവാ ആര്‍ക്കും ന്‍റെ മോളേ വേണ്ടാച്ച്വാലും എനിക്കു വേണം ന്‍റെ കുട്ട്യേ…!! മരിക്കണതു വരെ ഈ കൈകൊണ്ടുണ്ടാക്കണത് കഴിക്കാന്‍ കഴിയണതും ഒരു പുണ്യാന്നേ.
ദേ…അച്ഛാ വേണ്ടാട്ടോ. ഓടി വന്നു പിന്നിലുടെ കെട്ടിപ്പിടിച്ചു. അപ്പോഴും പാടുന്നുണ്ടായിരുന്നു ഗന്ധര്‍വ്വ നാദത്തില്‍..
മധുരം ജീവാമൃത ബിന്ദു…ഹൃദയം പാടും ലയ സിന്ധൂ……മധുരം ജീവാമൃത ബിന്ദു….
അതേ…ആ ഗന്ധര്‍വ്വ നാദം ചിലര്‍ക്കു അമൃത് തന്നെയല്ലേ…. ജീവാമൃതം..