ആ സ്കൂളിലെ ടീച്ചേസിനുള്ള യൂണിഫോം ഏറ്റവും നന്നായി ചേരുന്നത് ദീപ ടീച്ചര്‍ക്കാണെന്ന് എല്ലാവരും പറയും

ആരോടും പറയാതെ… – രചന : NKR മട്ടന്നൂർ

ദീപയുടെ വാക്കുകള്‍ അല്‍പം ഇടറി തുടങ്ങിയിരുന്നു. ശരി, മോന്‍ നാളെ വിളിക്കൂ. അമ്മ അച്ഛന് ചപ്പാത്തി ഉണ്ടാക്കി കൊടുക്കട്ടെ. ശ്രീക്കുട്ടന്‍ കോള്‍ കട്ട് ചെയ്തു.

ദീപയുടെ ഉള്ളില്‍ സങ്കടം വിങ്ങിയെങ്കിലും അവളതിനെ കരയാന്‍ വിട്ടില്ല. ഇപ്പോള്‍ വരും എന്‍റെ പ്രിയതമന്‍. എല്ലാവരോടും യാത്ര പറഞ്ഞു വരുമ്പോഴേക്കും ഒമ്പതു മണിയാവും. പിന്നെ ഇവിടെ വിശ്രമമാ. നാളേക്കുള്ള ഊര്‍ജ്ജം ശേഖരിച്ചു കഴിഞ്ഞാല്‍ രാവിലെ യാത്രയാവും.

പൊലീസ് കോണ്‍സ്ററബിളാ കക്ഷി….ഹേമചന്ദ്രന്‍….സുന്ദരനും സുമുഖനുമാ. പക്ഷേ കയ്യിലിരിപ്പ് മാത്രം ആരോടും പറയാന്‍ കൊള്ളില്ല. ചപ്പാത്തി ചുട്ടു കൊണ്ടിരിക്കേ ആളെത്തി. വാതില്‍ തുറന്നു കൊടുക്കുമ്പോള്‍ അടിമുടിയൊന്ന് നോക്കി. കുളി കഴിഞ്ഞോന്നാവും നോക്കണത്. കുളി കഴിഞ്ഞേ കാണാവൂ എന്നെ. അത് സ്നേഹം കൊണ്ടൊന്നുമല്ലാട്ടോ. ഭയങ്കര വൃത്തിയും വെടിപ്പുമാ കക്ഷിക്ക്. അത് ശരീരത്തിന് മാത്രേ കാണാനാവൂ. മനസ്സ് മുഴുവന്‍ അഴുക്കാ.

കുളി കഴിഞ്ഞു വരുമ്പോഴേക്കും ചപ്പാത്തിയും കറിയും ചൂടുവെള്ളവും മേശയില്‍ ഒരുക്കി വെച്ചു. കഴിച്ചെഴുന്നേറ്റു പോയി. എച്ചില്‍ പാത്രം എടുക്കുമ്പോള്‍ കണ്ടു തന്‍റെ ബാഗ് പരിശോധിക്കുന്നു. അതു കഴിഞ്ഞാവും മൊബൈല്‍ ഫോണ്‍ പരിശോധന. ചെയ്യട്ടെ എന്താന്ന് വെച്ചാല്‍ ചെയ്യട്ടെ. അടുക്കളയിലേക്ക് പോയി തന്‍റെ പണികളില്‍ മുഴുകി. ഒന്നും ചോദിക്കാതെയാ അന്നു രാത്രി ഉറങ്ങിയത്. അതിനുള്ള ഒന്നും ഈ ദീപയ്ക്കറിയില്ല ചെയ്യാന്‍. സഹിക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍ എല്ലാം. അതു തന്നെ വലിയ ഭാഗ്യം.

കഴിഞ്ഞാഴ്ചയാ എവിടുന്നോ കൂട്ടികൊണ്ടു വന്ന ഏതോ ഒരുത്തിയെയും അയാളെയും ഈ വീട്ടീലാ നാട്ടുകാര്‍ തടഞ്ഞു വെച്ചത്. താന്‍ സ്കൂളിലേക്ക് പോയ് അരമണിക്കൂറിനുള്ളില്‍ കാറില്‍ രണ്ടുപേരും വീട്ടിലേക്ക് പറന്നെത്തി. ഉച്ചവരെ വീട്ടിനുള്ളില്‍ തന്നെ. സംശയം തോന്നിയ ആരോ കാത്തിരുന്നു. കാറില്‍ തിരികേ പോവുമ്പോള്‍ ഗേറ്റില്‍ തടഞ്ഞു വെച്ചു. ഒടുവില്‍ അങ്ങേരുടെ കൂട്ടുകാരനായ എസ് ഐ വന്നു രക്ഷപ്പെടുത്തി കൊണ്ടുപോയി. അതു എന്നോടുള്ള, ചുറ്റുപാടും താമസിക്കുന്നവരുടെ അനുകമ്പ കൊണ്ടായിരുന്നു.

പല തവണ പലയിടങ്ങളില്‍ നിന്നും പിടിക്കപ്പെട്ടിട്ടുണ്ട്. എല്ലാം ഞാന്‍ പലപ്പോഴായി അറിയാറുമുണ്ട്. ഒന്നും ചോദിക്കാന്‍ പാടില്ല. പിന്നെ ഭ്രാന്താണ്. അടിയേറ്റ് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ തന്നെ നിര്‍ത്തി. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇനി അയാള്‍ നന്നാവില്ല. എങ്ങനെ വേണേലും ജീവിച്ചോട്ടെ. ഇത്തിരി സമാധാനം തന്നാല്‍ മതിയായിരുന്നു. എന്നെ അപമാനിക്കാവുന്നതിന്‍റെ പരമാവധി അയാള്‍ ചെയ്തു കഴിഞ്ഞു.

രണ്ടു മക്കളുണ്ട്. മകളും അച്ഛനെ കണ്ട് പഠിച്ചു. പ്ളസ് വണ്ണിന് പഠിക്കുമ്പോള്‍ തന്നെ സിനിമാ തിയേറ്ററിന്ന് ഒരുത്തന്‍റെ കൂടെ പൊലീസ് പൊക്കിയതാ. വീട്ടീന്ന് യൂണിഫോമിലായിരുന്നു പോയിരുന്നത് എന്നാല്‍ അവളുടെ അച്ഛന്‍ പ്രശ്നങ്ങള്‍ അധികമാരുമറിയാതെ ഒതുക്കിയിട്ട് അവളേയും കൂട്ടി വീട്ടിലേക്ക് വരുമ്പോള്‍ യൂണിഫോം ബാഗിലായിരുന്നു. ഞങ്ങളാരും വാങ്ങിക്കൊടുത്തതായിരുന്നില്ല അവളുടെ കളര്‍ വേഷം. എന്‍റെ മകള്‍ അച്ഛനേക്കാളും മിടുക്കിയായ് വളരുന്നുണ്ടല്ലോ എന്നോര്‍ത്ത് അടുക്കള വാതില്‍ പടിയില്‍ തളര്‍ന്നിരുന്നപ്പോള്‍. ഞാനെന്‍റെ ഇഷ്ടം പോലെ ജീവിക്കും ആദ്യം നിങ്ങള്‍ നന്നാവൂ എന്ന മകളുടെ ധിക്കാരം നിറഞ്ഞ ശബ്ദം കേട്ടു…അതോടെ അയാളുടെ നാവടഞ്ഞു.

ഈ ജീവിതത്തോട് വെറുപ്പു തോന്നാഞ്ഞിട്ടോ മടുക്കാഞ്ഞിട്ടോ അല്ല ഇങ്ങനെ പിടിച്ചു നില്‍ക്കുന്നത്. ഇതൊന്നു മറിയാതെ ആ കാതിലെത്താതെ ഞാന്‍ കാത്തു സൂക്ഷിക്കുന്ന എന്‍റെ മകന്‍ ശ്രീഹരിക്കു വേണ്ടിയാ. പത്താം ക്ളാസ് കഴിഞ്ഞ മുതലേ ഞാനവനെ ഹോസ്റ്റലിലേക്ക് പറിച്ചു നട്ടു. നല്ലപോലെ പഠിക്കുമായിരുന്ന അവനും കൂടി ഈ വീട്ടില്‍ കിടന്ന് നശിക്കേണ്ടാ എന്നോര്‍ത്താണ്. എം ടെകിന് പഠിച്ചു കൊണ്ടിരിക്കയാ.

കഴിഞ്ഞാഴ്ച നടന്ന ഒരു കാംപസ് ഇന്‍റര്‍വ്യൂവില്‍ ഒരു ലണ്ടന്‍ കമ്പനി അവനെ സെലക്ട് ചെയ്തിട്ടുണ്ട്. മിക്കവാറും കോഴ്സ് കഴിഞ്ഞാല്‍ അവന് പോവാം ഈ രാജ്യത്തൂന്ന്. അവന് എന്‍റെ മനസ്സാണ്. സ്നേഹിക്കാനും എല്ലാം സഹിക്കാനും മാത്രമറിയുന്നൊരു മനസ്സ്. അചഛന്‍റെ പാത പിന്തുടര്‍ന്ന മകള്‍ പ്രായ പൂര്‍ത്തിയായ ഉടന്‍ തന്നെ പിന്നെയും അവന്‍റെ കൂടെ ചാടിപ്പോയ് രജിസ്ട്രര്‍ വിവാഹം കഴിച്ചു. പിന്നെയും,…. അന്നു രാത്രി തന്നെ അവളെ പൊക്കി വീട്ടിക്കൊണ്ടുവന്നു. ഒരു മാസത്തിനുള്ളില്‍ അവളെ അവനു തന്നെ കെട്ടിച്ചു കൊടുത്തു. എവിടെയോ ജീവിക്കുന്നുണ്ടാവും ഇപ്പോള്‍. കാരണം ഈ അമ്മയെ അവള്‍ക്കും വേണ്ടാതായിട്ട് നാളുകളായി.

മക്കളില്‍ ചിലരൊക്കെ അങ്ങനാവും. നൊന്തു പ്രസവിച്ചും ഒത്തിരി യാതനകള്‍ സഹിച്ചും പറക്കമുറ്റാറാവുമ്പോള്‍ പിന്നെ അച്ഛനും അമ്മയും വഴീന്ന് മാറി നിന്നു കൊള്ളണം. നല്ലതിനായാലും വേറെന്തിനായാലും ഒരു ഉപദേശവും അവര്‍ക്കാവശ്യമില്ല. വഴിയില്‍ തടസ്സാമാവാതിരുന്നാല്‍ മാത്രം മതി. മകള്‍ക്കു കൊടുത്ത പോലെയേ മകനേയും സ്നേഹിച്ചുള്ളൂ. പക്ഷേ അത് വിത്ത് മാറിപോയിരുന്നു.

രാവിലെ സ്കൂളിലെത്തിയപ്പോള്‍ മായ ടീച്ചര്‍ പതിവു പോലെ തന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. ആ സ്കൂളിലെ ടീച്ചേസിനുള്ള യൂണിഫോം ഏറ്റവും നന്നായി ചേരുന്നത് ദീപ ടീച്ചര്‍ക്കാണെന്ന് എല്ലാവരും പറയും. വെളുത്തു സുന്ദരിയായ നാല്‍പതു കഴിഞ്ഞിട്ടും അംഗലാവണ്യം തുളുമ്പി നില്‍ക്കുന്ന, തന്നോട് അസൂയയാ പലര്‍ക്കും. താനതൊന്നും ശ്രദ്ധിക്കാറില്ല.

കാരണം ഒരു പെണ്ണിന്‍റെ സൗന്ദര്യവും ശക്തിയും അവളുടെ കഴുത്തില്‍ താലി ചാര്‍ത്തിയ പുരുഷനിലാണ്. അയാള്‍ എവിടെയൊക്കെ ആദരിക്കപ്പെടുന്നുണ്ടോ അവിടെയൊക്കെ അതേ പരിഗണന അവളും അര്‍ഹിക്കുന്നു. അവള്‍ക്കും കി‍ട്ടും. ഇവിടെ പതിവ്രതയായ സുന്ദരിയായ ഭാര്യയെ അവഗണിച്ച് പരസ്ത്രീകളെ തേടിപോകുന്ന ഒരു കാമഭ്രാന്തന്‍റെ ഭാര്യയ്ക്ക് എന്തു വിലയാണ് സമൂഹം നല്‍കുക.

അവനെന്ത് കൊള്ളരുതായ്മയും ചെയ്യാം. ആരുടെ കൂടെയും പോവാം. എന്നും ഒരേ ഭക്ഷണം മടുത്തെന്നും പറഞ്ഞ് അന്യന്‍റെ ഭാര്യയെ പോലും തേടിപോവാം. സ്ത്രീകള്‍ക്ക് പക്ഷേ ഇതിനൊന്നും യാതൊരു അവകാശവുമില്ല. അവളെല്ലാം സഹിക്കുക ക്ഷമിക്കുക. അതങ്ങനെയാണ്. അയാളിലെ അസുരനെ ഉണര്‍ത്താതെ എല്ലാം സഹിച്ച് ഇതു പോലെ നിസ്സഹായായ സ്ത്രീകള്‍ വേറേയും ഉണ്ടാവില്ലേ ഈ ഭൂമിയില്‍. കാണും, അല്ല കാണണം.പക്ഷേ ഇനിയൊരു പെണ്ണിനും ഈ ഗതി വരുത്തരുതേ ഈശ്വരാ.

എന്‍റെ മകനൊരു ജോലിയില്‍ പ്രവേശിച്ച് കുറച്ചു നാള്‍ എവിടേലും പോയി ഒന്നു പ്രാപ്തനായ് വരട്ടെ. അവനൊരു പെണ്ണും കെട്ടി കുട്ടികളോടൊത്ത് സന്തോഷത്തോടെ ജീവിക്കുന്നത് കാണണമെനിക്ക്. അവന്‍റെ അമ്മയാണെന് നാലു പേര്‍ പറയുമ്പോള്‍ ഒന്നു നെഞ്ചുപൊട്ടി അഭിമാനത്തോടെ കരയണമെനിക്ക്. അതുവരെ അയാളും ജീവിക്കട്ടെ ആവും പോലെ ആറാടട്ടെ.

ഞാനൊന്ന് മനംനൊന്ത് ശപിച്ചാല്‍ ഭസ്മമായ് പോവും അയാള്‍. കാരണം അത്രയും ദ്രോഹിച്ചിട്ടുണ്ടെന്നെ. അയാളുടെ വിധി അയാള്‍ തന്നെ ചോരകൊണ്ടെഴുതുന്നുണ്ട്. അത് ഏതെങ്കിലും ദൈവം കാണുന്നുമുണ്ടാവും….ഇല്ലേ…..?