അവള്‍ പുറം തിരിഞ്ഞു നിന്നു. അകത്തേക്ക് കയറി വരുന്നുണ്ട്. അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. ഒരു മുരടനക്കം കേട്ടു

ഒരു പ്രണയകഥ – രചന: NKR മട്ടന്നൂർ

ഒരുവട്ടം കൂടെ വന്നെങ്കില്‍ പിന്നെയും പിന്നെയും അതിന് നിര്‍ബന്ധിച്ചു കൊണ്ടേയിരിക്കും അല്ലേ….? അനു പരിഭവത്തോടെ ചോദിച്ചു.

മഹേഷ് അവളെ നോക്കി ചിരിച്ചു. ജോലി കിട്ടിയ വകയില്‍ തനിക്കൊരു മധുരം തരാമെന്നു കരുതി വിളിച്ചതാണെന്‍റെ പൊന്നേ. മുന്‍പ് ഒരു തവണ എന്‍റെ കൂടെ അമ്പലത്തില്‍ വന്നിട്ടുണ്ട്…അത്രമാത്രം..അല്ലേ…? ഇനി എവിടേക്കും ഇഷ്ടോല്ലെങ്കില്‍ വരേണ്ടാ ട്ടോ.

ഇഷ്ടമില്ലാഞ്ഞിട്ടല്ല. അച്ഛനറിഞ്ഞാല്‍ തീര്‍ന്നോളും വല്ലപ്പോഴുമുള്ള ഈ കണ്ടുമുട്ടല്‍ വരെ. അവളുടെ സ്വരം ആര്‍ദ്രമായി. പഠിപ്പു നിര്‍ത്തി വീട്ടിലിരുന്നോളൂ എന്നാ പറയുന്നതെങ്കിൽ പിന്നെ എന്നെ വല്ല പുഴയിലോ മറ്റോ വന്നു കാണേണ്ടി വരും കേട്ടോ. അവള്‍ വേദനയോടെ ചിരിച്ചു.

അവളങ്ങനെ ചെയ്യുമെന്ന് അവനറിയാം. കട്ടയ്ക്ക് അസ്ഥിയില്‍ പിടിച്ചിരിക്കുകയാ പെണ്ണിന് പ്രേമം. അധികസമയം ഇവിടെ നിന്നാല്‍ ആരെങ്കിലും കാണും. അവള്‍ പോവാനൊരുങ്ങി. ഈ പെണ്ണിന്‍റെയൊരു കാര്യം. മഹേഷ് അവളെ പോവാന്‍ സമ്മതിച്ചില്ല. അതേയ്, പ്രേമിക്കുമ്പോള്‍ ഇത്തിരി ധൈര്യമൊക്കെ വേണം ട്ടോ. ഇതൊരുമാതിരി. അവന്‍ കളിയാക്കി.

ധൈര്യമില്ലാഞ്ഞിട്ടൊന്നുമല്ല. അച്ഛന്‍റെ മുന്നിലെങ്ങാനും ചെന്ന് പെട്ടാല്‍ ഞാനങ്ങുവരും കൂടെ. പിന്നെ വല്ല തടസ്സവും പറഞ്ഞാല്‍. അവള്‍ക്കു സങ്കടായി. ഉം…പൊയ്ക്കോ. എവിടെയും വരേണ്ടാ. ഇനി തന്നെ കാണാന്‍ നിര്‍ബന്ധിക്കയും ഇല്ല.

അനു അവന്‍റെ കയ്യില്‍ പിടിച്ചു.

എന്താ പറഞ്ഞേ…?

മം…..കാണേണ്ടെങ്കില്‍ കാണേണ്ടാന്ന്. കഷ്ടപ്പെട്ടു വരികയും വേണ്ടാ

ശരി ഞാന്‍ പോയേക്കാം. വീട്ടു വരാന്തയില്‍ വെള്ളപുതപ്പിച്ചു കിടത്തിയാലും, ഇനി അനൂ…,കുനൂന്നും വിളിച്ചേച്ച് ആ വഴിക്കൊന്നും വന്നേക്കരുത്. അവള്‍ നനഞ്ഞ മിഴികളോടെ പോവാനെഴുന്നേറ്റു. നാലഞ്ചാളുകള്‍ വന്നു കണ്ടു ഇതുവരെ.

പെണ്ണിന്‍റെ പേരു ചോദിക്കാന്‍ വേണ്ടി അകത്തേക്ക് കയറി വരുന്നവരെ കഷ്ടപ്പെട്ടാ മുടക്കി മടക്കി അയക്കുന്നത്. നാളെയും ഒരു കൂട്ടര്‍ വരുന്നുണ്ടെന്നാ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞു. കൊള്ളാവുന്ന വല്ലതുമാണെങ്കില്‍ ഞാനിതങ്ങ് ഉറപ്പിക്കും. അവള്‍ക്കു ദേഷ്യവും സങ്കടവും വന്നു.

വീട്ടീ വന്നു മാന്യമായി പെണ്ണു ചോദിച്ചാല്‍, ചിലപ്പോള്‍ അമ്മയുടെ കാലു പിടിച്ചു ഞാന്‍ അച്ഛനെക്കൊണ്ട് എങ്ങനേലും സമ്മതിപ്പിച്ചോളാം. അല്ലെങ്കില്‍ അനു പിന്നെ കാണില്ല ഈ ഭൂമിക്ക് മീതെ. കണ്ണു തുടച്ച് അവളെഴുന്നേറ്റു. പാര്‍ക്കിലെ ഒരു ഒഴിഞ്ഞ കോണിലായിലായിരുന്നു അവര്‍.

ഒരുപാട് പേര്‍ ഒാരോ മൂലയിലിരുന്നു സ്വര്‍ഗ്ഗം പണിയുന്നുണ്ട്. ആരേയും നോക്കാതെ തലയിലൂടെ ഷോള്‍ പുതച്ചു കൊണ്ടവള്‍ നടന്നു. പുറത്തെ ഗേറ്റിലെത്തിയപ്പോള്‍ വെറുതേയൊന്ന് തിരിഞ്ഞു നോക്കി. അവന്‍ അവളെത്തന്നെ നോക്കി നില്‍പുണ്ടായിരുന്നു.

വേഗം നടന്നു. നാളെ ഒരുങ്ങി നില്‍ക്കാന്‍ അച്ഛന്‍ അമ്മയോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. അച്ഛന്‍റെ വാക്കിന് എതിര്‍ വാക്കില്ല വീട്ടില്‍. അനുസരിക്കയല്ലാതെ വേറെ നിര്‍വ്വാഹവുമില്ല. അനുവിന്‍റെ ഹൃദയം നിറയെ നൊമ്പരമായിരുന്നു. ആരും കാണാതെ കരഞ്ഞു….ഒരുപാട്. രാവിലെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു.

വേദനിപ്പിക്കരുതേ ന്‍റെ കൃഷ്ണാ….ഒരുവിധം അണിഞ്ഞൊരുങ്ങി വെറുതേയിരുന്നു. നാലുപേര്‍ ഉണ്ടെന്ന് അമ്മയാ പറഞ്ഞത്. ചായ ട്രേയുമായ് അവര്‍ക്കു മുന്നില്‍ പോയി. പതിവു പോലെ ആരുടെ മുഖത്തേക്കും നോക്കാതെ ചായ ടീപ്പോയിമേല്‍ വെച്ചിട്ട് അകത്തേക്ക് പോയി.

പുറത്തെ സംസാരത്തിന് കാതോര്‍ത്തു. അച്ഛന്‍റെ കൂട്ടുകാരന്‍റെ മകനാണ് പയ്യന്‍. മുന്നേ അച്ഛനോട് സൂചിപ്പിച്ചതുമാണ് പോലും. പയ്യന് ജോലി കിട്ടിയിട്ട് മതി വിവാഹം എന്നു തീരുമാനിച്ചു കാത്തിരുന്നതാ. ഈശ്വരാ ഇതെന്തായാലും നടക്കുകതന്നെ ചെയ്യും. മുടക്കുവാനൊരു വഴി തെളിയിച്ചു തരണേയെന്‍റെ കൃഷ്ണാ. അവള്‍ മനമുരുകി പിന്നെയും വിളിച്ചു.

പെണ്ണിനോട് എന്തേലും സംസാരിക്കാനുണ്ടേല്‍ ആവാംട്ടോ. അച്ഛന്‍റെ ശബ്ദം അവളുടെ കാതില്‍ മുഴങ്ങി. അവള്‍ പുറം തിരിഞ്ഞു നിന്നു. അകത്തേക്ക് കയറി വരുന്നുണ്ട്. അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. ഒരു മുരടനക്കം കേട്ടു.

അതേയ്, എനിക്കൊരാളെ ഇഷ്ടമാ. തീരെ ശബ്ദം താഴ്ത്തിയാ പറയുന്നത്. ആള്‍ കയ്യെത്താ ദൂരത്തുണ്ടെന്നവള്‍ക്കറിയാം. ആ ഇഷ്ടം എന്‍റമ്മയ്ക്കറിയാം. അച്ഛനോട് പറഞ്ഞെങ്ങനേലും സമ്മതിപ്പിക്കാനിരിക്കയാ ഞാന്‍. വേറൊരാളെ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പെണ്ണിനെ നിങ്ങള്‍ക്ക് വേണോ…?

മം…എന്നിട്ട്….?

ഈശ്വരാ ഈ ശബ്ദം. ഞെട്ടിത്തരിച്ചവള്‍ തിരിഞ്ഞു നോക്കുന്നതിനു മുന്നേ പിന്നിലൂടെ കെട്ടിപ്പിടിച്ചു. മുടിച്ചുരുളില്‍ മുഖം ഒളിപ്പിച്ചു. ആ കൈ വിടുവിച്ചവള്‍ തിരിഞ്ഞു നിന്നു. എന്‍റെ കൃഷ്ണാ….നിങ്ങളായിരുന്നോ….? ഈ ആലോചന മുടക്കുവാനാണോ ഞാനീ പ്രാര്‍ത്ഥിച്ചത്. എനിക്കു വയ്യെന്‍റെ കൃഷ്ണാ. അവള്‍ക്കു കരച്ചില്‍ വന്നു.

ഏട്ടാ എല്ലാം അറിഞ്ഞു കൊണ്ട് തന്നെയായിരുന്നോ ഈ നാടകങ്ങള്‍….?മഹേഷ് അവളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. എന്‍റെ പെണ്ണ് വരുന്ന ആലോചനകള്‍ എങ്ങനെയാ മുടക്കുന്നതെന്നറിയണമായിരുന്നു. പിന്നെ എല്ലാം അതിന്‍റെ മുറ പോലെ നടക്കട്ടേന്നും കരുതി. എനിക്കൊരു വലിയ ആഗ്രഹമുണ്ടായിരുന്നു കല്യാണം കഴിക്കുന്നത് പ്രണയിച്ചാവണമെന്നത്.

അനുവിന്‍റെ അച്ഛന്‍റ അനുവാദം കിട്ടിയിട്ടാ ഞാന്‍ തന്‍റെ മുന്നില്‍ വന്നത്. അവളവന്‍റെ നെഞ്ചില്‍ മുഖം ഒളിപ്പിച്ചു. ഇപ്പോഴും ആ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ട്. പക്ഷേ അത് സന്തോഷം അടക്കാനാവാത്തതിന്‍റേയാ….!