രചന: Saran Prakash
:::::::::::::
വിട്ടുമാറാത്ത ഉറക്കത്തിന്റെ ആലസ്യത്തിൽ ഉമ്മറത്തിണ്ണയിൽ കോട്ടുവായിട്ടു ഇരിക്കുമ്പോഴായിരുന്നു ഗേറ്റ് കടന്നു തിടുക്കത്തിൽ ഉഷേച്ചി പാഞ്ഞെത്തിയത്….
ഉമ്മറപ്പടിയിലെ ചെരിപ്പുകളിലേക്ക് കണ്ണോടിച്ചുകൊണ്ട്, ആത്മനിർവൃതിയുടെ ദീർഘ നിശ്വാസത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉഷേച്ചി അകത്തളത്തിലേക്ക് കടന്നു…
നേരം പുലരും മുൻപേ ഓടിക്കിതച്ചെത്തിയ ചേച്ചിയുടെ ആ വരവിൽ വായും പിളർന്നു ഞാൻ ഇരിക്കുമ്പോൾ, വേലിയരികിലെ കോഴിക്കൂട്ടിൽ കൂകാൻ മറന്ന് ആ പൂവനും മിഴിച്ചു നിൽപ്പുണ്ടായിരുന്നു…..
വീണ്ടുമൊരിക്കൽ കൂടി ഗേറ്റ് തുറന്നടയുന്ന ശബ്ദം കേട്ട് തല തിരിക്കുമ്പോൾ, ഉമ്മറപ്പടിയിലെ ഉഷേച്ചിയുടെ ചെരിപ്പിലേക്ക് നോക്കി നെടുവീർപ്പിടുന്ന നീതു ചേച്ചി….
”അവൾ ആദ്യമേ എത്തിയല്ലേ…”??
നിരാശ കലർന്ന നീതു ചേച്ചിയുടെ ശബ്ദത്തിന്റെ പൊരുളറിയാതെ ഞാൻ കണ്ണുചുളിച്ചിരിക്കുമ്പോൾ, തിടുക്കത്തോടെ നീതു ചേച്ചിയും അകത്തളത്തിലേക്കോടി…
കാര്യമെന്തെന്നറിയാനുള്ള ആവേശത്തോടെ അടുക്കളയിലേക്ക് കാതുകൂർപ്പിച്ചിരിക്കുമ്പോഴാണ്, നന്ദിനി പശുവിന്റെ കറന്നെടുത്ത പാലുമായി ചായപ്പീടികയിലേക്ക് പോകാനൊരുങ്ങുന്ന അച്ഛനെ കണ്ടത്….
”അച്ഛാ… ചേച്ചിമാരെത്തീണ്ട്..”
പൊതുവെ അവരുടെ വരവെല്ലാം ആഘോഷമാക്കിയിരുന്ന അച്ഛന്റെ മുഖത്ത് അന്നൊരു തരം നിർവികാരതയായിരുന്നു…
മറുപടി ഒരു മൂളലിലൊതുക്കി പാലുമേന്തി അച്ഛൻ നടന്നകന്നു…
അടുക്കളയിലെ പണികളിൽ മുഴുകിയിരിക്കുന്ന ചേച്ചിമാരുടെ മുഖത്തെല്ലാം ആവേശം അലയടിക്കുന്നുണ്ടായിരുന്നു… പക്ഷേ അമ്മയുടെ മുഖത്തും ഞാൻ കണ്ടത് അച്ഛനിലെ അതേ നിർവികാരത തന്നെയായിരുന്നു…
ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ഇങ്ങനെ….
കാലമിത്രയും ഒരുപോലെ ചിരിച്ചും, ഒരുപോലെ കരഞ്ഞും ജീവിച്ചിരുന്നവർ…. അവർക്കിടയിലാണ് ഇന്ന്, ചിരിയും കണ്ണുനീരും വേറിട്ട് നിൽക്കുന്നത്….
”ശാരദേ,, അവരെത്തി…”
ഉമ്മറത്തുനിന്നും അച്ഛന്റെ ശബ്ദമുയർന്നു….
പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നെ തള്ളിമാറ്റി, ഉഷേച്ചി ഉമ്മറത്തേക്ക് പാഞ്ഞു…. പുറകെ നീതുവേച്ചിയും….
അമ്മ മാത്രം അപ്പോഴും അടുക്കളയിലെ പണികളിൽ മുഴുകിയിരുന്നു…
പറമ്പിൽ നിന്നും ചങ്ങലകിലുക്കമുയരുന്നുണ്ട്… പേപ്പറും പേനയും അളവുകോലുകളുമായി ചിലർ അങ്ങിങ്ങായി നടക്കുന്നുണ്ട്….
“ചേട്ടാ… ഭാഗം വെപ്പ് തുടങ്ങി ട്ടോ..”
പതിഞ്ഞ സ്വരത്തിൽ മറ്റാരും കേൾക്കാതെ ഉഷേച്ചി ഫോണിലൂടെ അളിയനെ വിളിച്ചു പറയുമ്പോൾ, എന്നിലെ ഊഹങ്ങൾക്കെല്ലാം ദൃഢതയേറിയിരുന്നു….
മുക്കും മൂലയും അതിരുമെല്ലാം തിട്ടപ്പെടുത്തികൊടുത്ത്, അച്ഛൻ ഉമ്മറപ്പടിയിൽ വന്നിരിപ്പായി…
അതിഥികൾക്കെല്ലാം ചായയുമായെത്തിയ അമ്മയുടെ കൈകളിൽ നിന്നും ട്രേ ഏറ്റുവാങ്ങാൻ ചേച്ചിമാർ തമ്മിലൊരു മത്സരം തന്നെയുണ്ടായിരുന്നു.
ഉഷേച്ചിയുടെ മെലിഞ്ഞ കൈകളെ തട്ടിയകറ്റി നീതുവേച്ചിയുടെ ബലിഷ്ഠമായ കരങ്ങൾ അത് കരസ്ഥമാക്കുമ്പോൾ ഒരു യുദ്ധം ജയിച്ച യോദ്ധാവിന്റെ മുഖഭാവമായിരുന്നു നീതുവേച്ചിയിൽ….
അളന്നു ചിട്ടപ്പെടുത്തിയ മണ്ണിൽ, അതിരു തിരിക്കാൻ കുറ്റികൾ അടിച്ചാഴ്ത്തുമ്പോൾ, ആ അടിയുടെ ശബ്ദത്തേക്കാൾ മുഴക്കമുണ്ടായിരുന്നു താളം പിഴച്ച അച്ഛന്റെ ഹൃദയത്തുടിപ്പിന്….
എന്നെപോലെ അമ്മയും ആ മുഴക്കം കേട്ടതിനാലാകാം, ഒഴുകിവീണ കണ്ണുനീർ സാരി തലപ്പുകൊണ്ട് തുടച്ചുമാറ്റുന്നുണ്ടായിരുന്നു…
അല്ലേലും മക്കളെക്കാളേറെ സ്നേഹിച്ച, മണ്ണിനെ അറുത്തുമുറിക്കുമ്പോൾ ഹൃദയം നൊന്തില്ലങ്കിലല്ലേ അത്ഭുതമുള്ളു…
പക്ഷേ ചേച്ചിമാരുടെ കണ്ണുകൾ, അവർക്കുവേണ്ടി അളന്നുമുറിച്ചിട്ട ഭാഗത്തെ മൺതരികൾ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു…
”കുറച്ചുകൂടിയാകമായിരുന്നു” എന്ന നീതുവേച്ചിയുടെ പരിഭവത്തിനു അമ്മയുടെ കണ്ണുകൾ എന്നിലേക്കാഴ്ന്നപ്പോൾ, ആ നോട്ടത്തിന്റെ പൊരുളറിഞ്ഞു മറുപടി നൽകിയത് ഉഷേച്ചിയായിരുന്നു…..
“അവൻ ഒരാൺകുട്ടി അല്ലേ…”
നിശബ്ദത തളം കെട്ടിയ ആ നിമിഷത്തിൽ, ഉമ്മറത്തിരിക്കുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലം പതിച്ചു….
ആ കണ്ണുനീർ തുള്ളി പറയുന്നുണ്ടായിരുന്നു…
”നാളിതുവരെ മക്കളേ എന്നല്ലേ ഞാൻ വിളിച്ചിട്ടുള്ളു…”
ശരിയാണ്… ഏതൊരച്ഛനും അമ്മയ്ക്കും പിറന്നുവീഴുന്നത് തന്റെ മക്കളാണ്… അവിടെ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല….
ഭാഗം കിട്ടിയ സ്വത്തുവകകളിൽ തൃപ്തിയടയാതെ പരിഭവങ്ങളുമായി ചേച്ചിമാർ പടിയിറങ്ങി പോകുമ്പോഴും, ഉമ്മറത്തിണ്ണയിൽ അച്ഛൻ നിർവികാരതയോടെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു…. അതിരുകെട്ടിയ ആ തൊടിയിലേക്ക്… തന്റെ ഏറെ നാളത്തെ അധ്വാനത്തിലേക്ക്….
”സാരല്ല്യ… നമ്മുടെ മക്കളുടെ നല്ലതിന് വേണ്ടിയല്ലേ…”
അച്ഛന്റെ ഉള്ളറിഞ്ഞാവണം, അമ്മ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്….
”അതേ… അവർക്കുള്ളതുതന്നെയാണ്… എങ്കിലും അറിഞ്ഞുകൊടുക്കും മുൻപേ തട്ടിപറിച്ചെടുത്തപ്പോൾ….!!!”
തേട്ടിവന്ന സങ്കടത്തലാകാം, അച്ഛന്റെ സ്വരമിടറുന്നുണ്ടായിരുന്നു….
വേലികെട്ടി തിരിച്ച ആ തൊടിയിലെ പുല്ലിനോടും പുൽച്ചാടിയോടും വേലിക്കിപ്പുറത്തുനിന്നു ഒരന്യനെ പോലെ സംസാരിക്കുന്ന അച്ഛനെ നോക്കി,, അമ്മയുടെ കണ്ണുകൾ പലയാവർത്തി നിറയുന്നതും പിന്നീടുള്ള ദിവസങ്ങളിൽ ഞാനറിയുന്നുണ്ടായിരുന്നു….
തടമെടുക്കാതെയും, നനക്കാതെയും ഉണങ്ങി പോകുന്ന തെങ്ങിൻ തൈകളെയും, കവുങ്ങുകളെയും നോക്കി അച്ഛന്റെ ഉള്ളം നീറുന്നത് അമ്മ പറയാതെ തന്നെ ഞാൻ അറിയുന്നുണ്ടായിരുന്നു…
അന്നൊരിക്കൽ,, മണ്ണിനേക്കാൾ ചന്തം അത് പൊന്നായി കഴുത്തിൽ കിടക്കുമ്പോഴാണെന്ന് പറഞ്ഞ ചേച്ചിമാരുടെ കണ്ണുകളിലേക്ക് നോക്കി അമ്മ കേഴുന്നുണ്ടായിരുന്നു….
“അച്ഛന്റെ ഒരു ജന്മത്തെ അധ്വാനമാണത്.. കൈവിട്ടു കളയരുത്… അച്ഛനുള്ളിടത്തോളം കാലമെങ്കിലും…”
പക്ഷേ പൊന്നിലും പണത്തിലും ആർത്തിക്കേറിയ ചേച്ചിമാർ, അമ്മയുടെ വാക്കുകൾ തള്ളിക്കളഞ്ഞ്, എന്നെ നോക്കി…
“പറ്റിയ ആളുണ്ടെൽ നീ ഒന്ന് ശരിയാക്ക്..”
ഒരു മൂളലിലൂടെ ഞാൻ മറുപടി നൽകുമ്പോൾ,, നിസ്സഹായതയോടെ അച്ഛനെന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…
അന്നൊരുനാൾ ഒരു ഭ്രാന്തനെപ്പോലെ ഞാൻ ആ വേലിയതിരുകൾ, തകർത്തെറിയവേ,, അരികിലെത്തിയ അമ്മ നിറകണ്ണുകളോടെ പിടിച്ചുമാറ്റുമ്പോൾ,, ആ നിമിഷങ്ങൾ കണ്ട് മിഴിച്ചുകൊണ്ടു നിന്നിരുന്ന അച്ഛനരികിലെത്തി കയ്യിൽ കരുതിയ ഒരു പൊതി ഞാൻ ആ കൈകളിൽ ഏൽപ്പിച്ചു…
അമ്പരപ്പും ആകാംക്ഷയും നിറഞ്ഞ കണ്ണുകളോടെ ആ പൊതികെട്ട് അച്ഛൻ അഴിച്ചെടുക്കുമ്പോൾ,, വീതം വെച്ച് നൽകിയ അച്ഛന്റെ അധ്വാനത്തിന്റെ ആധാരത്തിൽ വീണ്ടും അച്ഛന്റെപേര് എഴുതിച്ചേർത്തപ്പോൾ,, ആ കണ്ണുകളിൽ പണ്ടെങ്ങോ മാഞ്ഞുപോയൊരു തിളക്കം ഞാൻ കാണുന്നുണ്ടായിരുന്നു…
“ഇതെങ്ങനെ??”
അച്ഛന്റെ ആ ചോദ്യത്തിനും,, രാപ്പകലില്ലാതെ അധ്വാനിച്ചതു നേടിയെടുക്കാനുള്ള എന്റെ സ്വപ്നത്തിനുമുള്ള ഉത്തരമെന്നോണം,,
പകർന്നു നൽകിയ സ്നേഹത്തേക്കാൾ വില തൊടിയിലെ മൺതരികൾക്ക് കല്പിച്ച്, കുറഞ്ഞുപോയതിൽ പരിഭവവുമായി പടിയിറങ്ങി പോയ ചേച്ചിമാരുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു…
“അവൻ ഒരാൺകുട്ടി അല്ലേ…”