രചന: നീതു
:::::::::::::::::
“””സജിൻ.. എടോ തന്നെ കാണാൻ പ്രായമായ ഒരു സ്ത്രീ പുറത്തുവന്നു നിൽക്കുന്നുണ്ട്..”””
സെറീന അത് പറഞ്ഞപ്പോൾ ആരായിരിക്കും എന്നൊന്ന് ചിന്തിച്ചു ഒരു ഐഡിയയും കിട്ടിയില്ല അതുകൊണ്ടാണ് പുറത്തുപോയി നോക്കിയത്..
മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഉള്ളിൽ നുരഞ്ഞു പൊന്തിയത് ഏത് വികാരമായിരുന്നു എന്ന് അറിയില്ലായിരുന്നു ദേഷ്യമോ പകയോ വെറുപ്പോ എന്തെല്ലാമോ ഉള്ളില്‍ അങ്ങനെ നിറഞ്ഞുനിന്നു…
“””മ്മ്???””
എന്ന് ദേഷ്യത്തോടെ ചോദിച്ചപ്പോൾ, അവർ പറഞ്ഞു..
“””സഹായിക്കണം… ഇരിക്കുന്ന കൂര വരെ ജപ്തി ചെയ്യുന്ന മട്ടാണ്…. അതൊക്കെ ഇടിഞ്ഞു പൊളിഞ്ഞ് എന്നെ താമസ യോഗ്യമല്ലാതെ ആയിരിക്കുന്നു എന്നാലും കേറി കിടക്കാൻ ഒരു ഇടം ഉണ്ടല്ലോ എന്ന് സമാധാനമായിരുന്നു ബാങ്കുകാർ വന്ന് ജപ്തി നോട്ടീസ് പതിച്ചിട്ട് പോയി ഇനി ഉടനെ തന്നെ നടപടി ഉണ്ടാകും എന്നാണ് അവർ പറയുന്നത്.. പിന്നെ എനിക്ക് പോകാൻ വേറെ ഇടമില്ല മോനെ…”””
“”” ധാരാളം അനാഥമന്ദിരങ്ങളും കടത്തിണ്ണകളും ഒക്കെ ഉണ്ടല്ലോ അവിടെ എവിടെയെങ്കിലും പോയി അന്തിയുറങ്ങാം നിങ്ങളെപ്പോലെ ഒരു സ്ത്രീക്ക് എവിടെ വേണമെങ്കിലും ധൈര്യമായിട്ട് ചെല്ലാം… കാരണം.. കാരണം… എന്നെക്കൊണ്ട് പറയിപ്പിക്കരുത്….””
അതും പറഞ്ഞ് വാതിൽ അവർക്ക് നേരെ കൊട്ടിയടച്ചു…
അപ്പോഴേക്ക് ശബ്ദം കേട്ട സെറീന അകത്തുനിന്ന് വന്നിരുന്നു ആരാണ് എന്താണ് എന്നൊക്കെ ചോദിച്ചുകൊണ്ട് അവളുടെ നേരെ കൂർത്ത ഒരു നോട്ടം അയച്ചതും അവൾ വേഗം മിണ്ടാതെ അകത്തേക്ക് പോയി..
ഓർമ്മവച്ച കാലം മുതൽ കാണുന്നത് അമ്മയുടെ കണ്ണീരാണ് ഓരോന്ന് പറഞ്ഞ് അച്ഛൻ എന്നും അമ്മയുമായി വഴക്കാണ് അതിനു പിന്നിലെ യഥാർത്ഥ കാരണം അമ്മ അച്ഛനേക്കാൾ പ്രായ കുറവും ഭംഗിയും കൂടുതലുള്ളതുകൊണ്ടായിരുന്നു ഒരുതരം കോംപ്ലക്സ് ആയിരുന്നു അച്ഛന് പിന്നെ സംശയരോഗവും…
സഹിക്കാൻ പറ്റാതെ ആയപ്പോഴാണ് ഒരു മുഴം കയറിൽ അമ്മ അതിനെല്ലാം മറുപടി കണ്ടെത്തിയത്… അതോടെ ഒറ്റപ്പെടുകയായിരുന്നു ഞാൻ അമ്മയുടെ വീട്ടുകാർ എന്നെ ഏറ്റെടുക്കാൻ തയ്യാറായി പക്ഷേ അന്ന് കണ്ണുനിറച്ച് അച്ഛൻ ചോദിച്ചു അച്ഛന്റെ പൊന്നുമോൻ അച്ഛനെ വിട്ടു പോവുകയാണോടാ എന്ന്..
കുഞ്ഞുങ്ങളോട് അച്ഛനും അമ്മയും സ്നേഹം കാണിച്ചാൽ നിഷ്കളങ്കരായ അവർ അവരെ തന്നെ ചുറ്റിപ്പറ്റി നിൽക്കും….
എനിക്കും സംഭവിച്ചത് അതുതന്നെയായിരുന്നു അമ്മ വീട്ടുകാർ എത്ര നിർബന്ധിച്ചു വിളിച്ചിട്ടും കരയുന്ന അച്ഛന്റെ മുഖം മനസ്സിൽ നിന്ന് പോയില്ല അതുകൊണ്ടുതന്നെ അച്ഛനെ വിട്ടു പോകാൻ എനിക്ക് ആകുമായിരുന്നില്ല ഞാൻ അച്ഛന്റെ കൂടെ നിന്നു..
അത് അമ്മ വീട്ടുകാരെ ചൊടിപ്പിച്ചു അവർക്ക് ഇങ്ങനെയൊരു ബന്ധം ഇനി മേലിൽ ഇല്ല എന്ന് പറഞ്ഞ് അവരെന്നേ കയ്യൊഴിഞ്ഞു… എനിക്കപ്പോഴും ആശ്വാസം അച്ഛൻ എന്റെ കൂടെ ഉണ്ടല്ലോ എന്നതായിരുന്നു..
. പക്ഷേ അപ്പോഴത്തെ അച്ഛനായിരുന്നില്ല പിന്നീട് അങ്ങോട്ട് അച്ഛന്റെ ക്രൂരമായ മുഖം സാവധാനം വെളിയിൽ വന്നു. ഏതോ ഒരു പെണ്ണിനെ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ അച്ഛൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. പിന്നെയങ്ങോട്ട് വല്ലാത്ത കഷ്ടപ്പാടായിരുന്നു എനിക്ക്…
ശാന്തി എന്നായിരുന്നു അവരുടെ പേര്.. അവരെ വിളിച്ചുകൊണ്ടുവന്ന് അച്ഛൻ പറഞ്ഞു ഇനി മുതൽ ഇവളും ഇവിടെ കാണും എന്തുപറഞ്ഞാലും അങ്ങ് അനുസരിച്ചേക്കണം എന്ന്…അമ്മയുടെ സ്ഥാനത്ത് അവരെ കാണാൻ എനിക്ക് അന്നേ കഴിയുമായിരുന്നില്ല..
അവർക്ക് എന്നും ഞാൻ ഒരു അധികപ്പറ്റായിരുന്നു ഒരുപിടി ചോറുണ്ണണേൽ പോലും അവരുടെ കറുത്ത മുഖം കാണണം കുറെ ദിവസം പാതിക്ക് വെച്ച് കഴിക്കാതെ എണീറ്റ് പോയിട്ടുണ്ട്…
ഇതിനിടയിൽ ആരോ പറഞ്ഞു കേട്ടു അമ്മ മരിക്കാൻ കാരണം അച്ഛന് അവരുമായി ഉണ്ടായിരുന്ന ബന്ധമാണ് എന്ന്… അത് സത്യമാണോ എന്ന് അറിയില്ല… അതിനെപ്പറ്റി കൂടുതൽ ചിന്തിക്കാനും പോയില്ല…
കാരണം അത് സത്യമായിരുന്നു എന്നാണ് ഒടുവിൽ കിട്ടുന്ന ഉത്തരം എങ്കിൽ എനിക്കത് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ഒരുപക്ഷേ ജീവിതം തന്നെ വെറുത്തു പോയേനെ അതുകൊണ്ട് മനപ്പൂർവ്വം മനസ്സിനെ ഒതുക്കി നിർത്തി…
ഒടുവിൽ ജോലി സ്ഥലത്ത് ഉണ്ടായ ഒരു അപകടത്തിൽ അച്ഛൻ തളർന്നപ്പോൾ അവരുടെ യഥാർത്ഥ മുഖം പുറത്തേക്ക് വന്നു…
എന്തൊക്കെയോ പറഞ്ഞ് വീടും സ്ഥലവും സ്വന്തം പേരിൽ ആക്കി… പിന്നീട് ആ കാണിച്ച സ്നേഹമെല്ലാം അങ്ങ് മാറി…
കഴുത്തിന് താഴേക്ക് തളർന്ന അച്ഛന്റെ മുന്നിലൂടെ അവർ പരപുരുഷ ബന്ധം സ്ഥാപിച്ചു….അച്ഛന്റെ മനസ്സിന്റെ വികലത കൊണ്ട് മാത്രം ഒരു സമാധാനവും കൊടുക്കാതെ എന്റെ അമ്മയോട് ചെയ്ത തെറ്റിനൊക്കെ അച്ഛൻ അപ്പോൾ അനുഭവിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി…
അവരുടെ മുറിയിൽ നിന്നു ഉയരുന്ന സീൽകാരങ്ങളും പൊട്ടിചിരികളും കേട്ട് എത്രയോ രാത്രികളിൽ ഞാൻ ചെവി കൊട്ടിയടച്ച് കിടന്നിട്ടുണ്ട്…. ചിലപ്പോൾ അച്ഛനെ ചെന്ന് നോക്കും.. ആ മിഴികളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങിയേക്കുന്നത് കാണാം….
ഒരു ദിവസം രാവിലെ വിളിച്ചു നോക്കിയപ്പോൾ അച്ഛൻ മിണ്ടിയില്ല..പേടി തോന്നി എനിക്ക് ഞാൻ അവരെ വിളിച്ച് കാര്യം പറഞ്ഞു…
“”” ഹാവു!! അങ്ങനെ ഇനി അയാളെ നോക്കണ്ട””””
എന്നായിരുന്നു അവരുടെ വായിൽ നിന്ന് അന്നേരം വന്ന മറുപടി..അന്ന് അച്ഛന്റെ ചെയ്ത കത്തി തീർന്നപ്പോൾ ആ പടിയിറങ്ങിയതാണ് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല നേരെ വന്നത് അമ്മയുടെ വീട്ടിലേക്ക് ആയിരുന്നു… അവരാരും സ്വീകരിക്കില്ല എന്നത് തന്നെയായിരുന്നു ഇത്രയും നാൾ ഉള്ള വിശ്വാസം…
എന്നൊക്കെ പറഞ്ഞാലും അവർക്ക് അവരുടെ രക്തത്തെ തള്ളി പറയാൻ കഴിഞ്ഞില്ല… സ്വീകരിക്കാനും അതുകൊണ്ടുതന്നെ എന്റെ പഠന ചെലവ് ഏറ്റെടുത്ത് ഒരു ബോർഡിങ് സ്കൂളിൽ ചേർത്തു….
ഇനി എന്റെ ഭാവി ഇതാണ് മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ല എന്ന് ഉറപ്പായതുകൊണ്ട് കഴിവിന്റെ പരമാവധി പഠിക്കാൻ പരിശ്രമിച്ചിരുന്നു..
അതിൽ ഉന്നത വിജയം നേടുകയും ചെയ്തു എന്റെ അവിടുത്തെ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും അത്യാവശ്യം മാർക്കോടെ തന്നെ പാസ് ആയിരുന്നു…
പിന്നീട് കോളേജിൽ ചേർത്തതും എല്ലാം അവർ തന്നെയാണ് ക്യാമ്പസ് സെലക്ഷൻ കിട്ടി ഒരു നല്ല ജോലി നേടിയെടുക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആത്മവിശ്വാസം ആയിരുന്നു സ്വന്തം കാലിൽ ഇനിയെങ്കിലും നിൽക്കാമല്ലോ എന്ന്..
എന്നെ സഹായിച്ചതിന് ഇരട്ടിക്ക് ഇരട്ടി അവർക്ക് ഞാൻ തിരിച്ചു കൊടുത്തിരുന്നു… പണമായും മറ്റു സഹായങ്ങൾ ആയും…
ഇതിനിടയിൽ ഇവിടെ നഗരത്തിന്റെ മധ്യത്തിൽ തന്നെ ലക്ഷൂറിയസ് ഫ്ലാറ്റ് വാങ്ങി.. ആദ്യം കൂട്ടുകാരിയായി ഇപ്പോൾ ലീവിങ് ടുഗതറായും സെറീനയും കൂടെ കൂടി….
ഇതുവരെക്കും പോവാൻ തോന്നാത്തത് അച്ഛനുറങ്ങുന്ന ആ മണ്ണിലേക്ക് ആയിരുന്നു അതിന്റെ കാരണം അവർ തന്നെയായിരുന്നു അവരെ വീണ്ടും കാണേണ്ടി വരുമല്ലോ എന്ന ചിന്ത അത്രയ്ക്ക് ഞാൻ അവരെ വെറുത്തിരുന്നു അവരാണ് ഇപ്പോൾ എന്റെ സഹായവും ചോദിച്ചു വന്നത്..
ഒരു ശതമാനം പോലും എനിക്ക് അവരെ സഹായിക്കാൻ തോന്നിയില്ല പക്ഷേ അച്ഛനുറങ്ങുന്ന ആ മണ്ണ് വീണ്ടെടുക്കണം എന്ന് എനിക്ക് നിർബന്ധമായിരുന്നു അതുകൊണ്ടുതന്നെ ബാങ്കുകാർ ലേലത്തിന് വെച്ചപ്പോൾ അത് വേടിച്ചെടുത്തതും ഞാൻ തന്നെയായിരുന്നു…..
പക്ഷേ വീണ്ടും ഒന്നും അനുഭവിക്കാൻ നിൽക്കാതെ അവരും അമ്മ തൂങ്ങി നിന്ന് അതേ സ്ഥാനത്ത് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു… ഒരുപക്ഷേ ഞാൻ സഹായിച്ചിരുന്നെങ്കിൽ അവർ ഇനിയും ജീവിക്കുമായിരുന്നു പക്ഷേ എനിക്ക് ഇപ്പോഴും അതൊരു തെറ്റായി തോന്നിയിട്ടില്ല…ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മനസ്സാക്ഷിയുടെ കോടതിയിൽ ഞാൻ അല്പം പോലും തെറ്റുകാരൻ അല്ല അത് അവർ അനുഭവിക്കേണ്ടതായിരുന്നു…
അത്രയ്ക്ക് എന്റെ ജീവിതത്തിൽ ഞാൻ അവരെ വെറുക്കുന്നുണ്ട്…ഇനിയാ വീടൊന്ന് പുതുക്കി പണിയണം… പണ്ടത്തെ ആ ഭംഗി ഒട്ടും ചോർന്നു പോകാതെ തന്നെ… കാരണം, എന്റെ അമ്മയെയും ചേർത്തുപിടിച്ച് കരഞ്ഞു ഉറങ്ങിയ ഒരുപാട് രാത്രികളുടെ ഓർമ്മ അവിടെ തങ്ങി നിൽക്കുന്നുണ്ട്….