കുളിയൊക്കെ കഴിഞ്ഞു അവൻ കുപ്പായം എടുത്തു ഇടാൻ നോക്കിയപ്പോഴാണ് ചെറിയൊരു കീറൽ കണ്ടത്….

ജീവിതങ്ങൾ

രചന: Aneesh Anu

:::::::::::::::::::::::

“അമ്മേ അമ്മേ” കുട്ടൻ കണ്ണ്തിരുമ്മി എഴുന്നേറ്റ് വന്നത് തന്നേ അമ്മേ വിളിച്ചോണ്ടാണ്. അവൻ അവിടമാകെ ഒന്ന് നോക്കി അമ്മയെ എവിടെയും കാണുന്നില്ലല്ലോ.

ഒറ്റയിറക്ക് പട്ടപ്പുര നാല് മരക്കാലുകളിൽ ആണ് ഇരിക്കുന്നത്, അവിടെയായി കീറിയ പട്ടകളിലൂടെ അകത്തേക്ക് സൂര്യൻ എത്തി നോക്കുന്നുണ്ട്.

അണഞ്ഞുതീരാറായിരിക്കുന്ന മണ്ണെണ്ണ വിളക്കാണ് ആ കുടിലിന് വെളിച്ചമേകുന്നത്.

അടുപ്പ് പുകഞ്ഞിട്ട് തന്നേ കുറച്ച് ദിവസമായിരിക്കുന്നു ആകെ ഉള്ള വെണ്ണിറിനകത്ത് പൂച്ചക്കുട്ടി ചുരുണ്ട് കിടന്ന് ഉറങ്ങുന്നുണ്ട്.

അതിനപ്പുറത്ത് സ്റ്റീൽ ഗ്ലാസ്സിൽ എന്തോ അടച്ചു വെച്ചിട്ടുണ്ട് കുട്ടൻ പോയി ഗ്ലാസ് എടുത്തു നോക്കി.

കട്ടൻ ചായ ആണ് അവനൊന്ന് രുചിച്ചു നോക്കി ചായപ്പൊടിയുടെ കയ്പ്പിനൊപ്പം എവിടെയോ ഒരു മധുരം അവന്റെ നാവിൽ തട്ടി.

പതിയെ ഗ്ലാസ് എടുത്തു ഉമ്മറത്ത് പോയിരുന്നു കൂരക്ക് മുന്നിൽ കുന്ന് കൂടി കിടന്ന ചപ്പേല്ലാം അമ്മ അടിച്ചു കൂട്ടി കത്തിച്ചിട്ടുണ്ട്. ഇത്ര വെളുപ്പിനെ അമ്മായിത് എവ്ടെ പോയി എന്തോ.

“കുട്ടാ അമ്മ ഇല്ലത്തേക്ക് പോയിട്ടോ, നീ നല്ല ഉറക്കം ആയിരുന്നു അതാ വിളിക്കാഞ്ഞത്. കാപ്പി കിട്ടിയോ” അയലത്തെ ശാന്തചേച്ചി വേലിക്കൽ നിന്നോണ്ട് വിളിച്ചു പറഞ്ഞു.

‘കിട്ടി ശാന്തേച്ചി’ അവൻ പതിയെ ഉള്ളിലേക്ക് നടന്നു, നിലത്ത് കിടന്നിരുന്ന പുല്ലുപായ എടുത്തു പൊടി തട്ടി ഒരു ഭാഗത്തേക്ക് വെച്ചു.

ചൂലെടുത്തു അവിടമാകെ അടിച്ചുവാരിയിട്ടശേഷം അവൻ ഉമിക്കരിയെടുത്തു വായിലേക്കിട്ട് പല്ലുതേക്കാനായി പുറത്തോട്ട് ഇറങ്ങി.

കുളിയൊക്കെ കഴിഞ്ഞു അവൻ കുപ്പായം എടുത്തു ഇടാൻ നോക്കിയപ്പോഴാണ് ചെറിയൊരു കീറൽ കണ്ടത് ഇനീപ്പോ സ്കൂളിലെ പിള്ളേർക്ക് കളിയാക്കാൻ ഒരു കാരണമായി.ഇനീപ്പോ ഒരു ഉടുപ്പ് കിട്ടണേൽ അടുത്ത ഉത്സവം ആവണം. എല്ലാ വീട്ടിലും അച്ഛന്മാരാണ് കുട്ടികൾക്ക് എല്ലാം വാങ്ങി തരുന്നത് കുട്ടന് അമ്മ മാത്രല്ലേള്ളൂ.

വയറു വല്ലാണ്ട് വിശന്നപ്പോൾ അരിയും പാത്രത്തിൽ വല്ലതും ഉണ്ടോന്ന് തുറന്നു നോക്കി ഒരു അരിമണി പോലും ബാക്കിയില്ല.

അമ്മ ദീനം വന്നു പണിക്ക് പോയിട്ടു ഇന്ന് ആറുനാൾ ആയിരിക്കുന്നു.

ഇത്രേം ദിവസം ശാന്തേച്ചി തന്ന കഞ്ഞി കൊണ്ടാണ് വിശപ്പടക്കിയത്. ഇല്ലത്ത്ന്ന് വരുമ്പോ ന്തേലും തിന്നാൻ കൊണ്ട് വന്നാൽ മതിയാരുന്നു.

“കുട്ടാ വിശക്കുന്നുണ്ടോ ഡാ, അമ്മ വൈകിയോ” ദേവയാനി പതിയെ കൂരക്കകത്തേക്ക് വന്നു.

മുഷിഞ്ഞ ഒരു മുണ്ടും ജാക്കറ്റുമാണ് വേഷം. കൈയിലുള്ള സഞ്ചിയിലേക്കാണ് കുട്ടന്റെ നോട്ടം പോയത്.

“ന്നാ ഇത് കഴിച്ചോ” സഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്ത് അവൾ അവനുനേർക്ക് നീട്ടി.

തുറന്ന് നോക്കിയപ്പോൾ നല്ല നെയ്യിന്റെ മണമുള്ള മൊരിഞ്ഞ ദോശയും ചമ്മന്തിയും അവനു വായിൽ വെള്ളമൂറി.

ഒരു കഷ്ണം വായിലെടുത്തു വെച്ചപ്പോഴാണ് ഓർത്തത് അമ്മ കഴിച്ചു കാണുമോ?

‘അമ്മേ വാ നമുക്ക് കഴിക്കാം’

“മോൻ കഴിച്ചോ അമ്മ ഇല്ലത്ത്ന്ന് കഴിച്ചുലോ” വിശപ്പ് ഉള്ളിലടക്കി കൊണ്ട് അവൾ പറഞ്ഞു. തോർത്ത് മുണ്ടിൽ കെട്ടി കൊണ്ട് വന്ന അരി പതിയെ പത്രത്തിലാക്കുന്ന തിരക്കിലായിരുന്നു ദേവയാനി.

കുട്ടന് മനസിലായി അമ്മ കഴിച്ചിട്ടില്ലെന്ന് അവൻ വേഗം അവളുടെ അടുത്തേക്ക് വന്നിരുന്നു.

‘അമ്മ കഴിച്ചിട്ടില്ലെന്ന് കുട്ടനറിയാം വാ കഴിക്കാം’ ഒരു കഷ്ണം ദോശയെടുത്തു അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു.

അത് വായിലേക്ക് വെച്ചപ്പോഴേക്കും തുളുമ്പി നിന്ന കണ്ണുനീർ വാർന്നോഴുകി.

‘കുട്ടൻ പഠിച്ചു വലുതാവട്ടെ അമ്മേടെ സങ്കടം എല്ലാം മാറും ട്ടോ’ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.

കുട്ടൻ ജനിച്ചതിന്റെ നാലാം നാൾ അവന്റെ അച്ഛൻ മരിച്ചു കുഞ്ഞിന്റെ ജന്മദോഷം തന്തയെ കൊണ്ട് പോയെന്ന് ആരോപിച്ചു അച്ഛൻ വീട്ടുകാർ പിന്നെ തിരിഞ്ഞു നോക്കിയില്ല.

ആർക്കും ബാധ്യതയാവേണ്ടെന്ന് കരുതി തന്റെ വീട്ടിലേക്കും പോയില്ല.

രാഘവേട്ടൻ പോവും മുൻപ് വാങ്ങിയിട്ട മണ്ണിൽ ഒരു കൂര വെച്ച് ഇവിടെ കൂടി. ആർക്കും ബാധ്യതയാകാതെ ആരുടെ മുന്നിലും കൈനീട്ടാതെ തന്റെ മോനുവേണ്ടി ജീവിച്ചു തുടങ്ങിയതാണ്.

“അമ്മേ ഉച്ചക്ക് കഞ്ഞിക്ക് നിക്ക് കടുമാങ്ങ അച്ചാർ കൂടി വേണം ട്ടോ”

‘അമ്പടാ കള്ളാ നീയത് കണ്ടല്ലേ, കൊച്ചമ്പ്രാട്ടി ആരും കാണാതെ തന്നതാ’

‘ഞാൻ കണ്ടല്ലോ, അമ്മ ഓരോന്നും ആലോചിച്ചു കരയണ്ടട്ടോ അമ്മക്ക് കുട്ടനില്ലേ’ അവൻ അവളുടെ മടിയിലേക്ക് ചേർന്നിരുന്നു.

“അമ്മക്ക് കുട്ടൻ ഉണ്ടല്ലൊ അത് മതി” അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു.