അദ്ദേഹത്തിന് പോലും എന്റെ മനസ് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ. പക്ഷെ, ഇത്രയും എത്തിയിട്ട് ഇനി…

എഴുത്ത്: ജെയ്നി റ്റിജു
==================

“നിങ്ങളെന്തൊക്കെ പറഞ്ഞാലും ഞാൻ പിന്മാറാൻ ഒരുക്കമല്ല റോയിച്ചാ. എന്നെ നിർബന്ധിക്കണ്ട. “

എന്റെ ശബ്ദം ഉറച്ചതായിരുന്നു.

“നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ, ഇനിയുമെന്റെ പിന്തുണ നീ പ്രതീക്ഷിക്കണ്ട. ആ കിട്ടുന്ന പണത്തിൽ നിന്നൊരു രൂപ ഈ വീട്ടിൽ കേറ്റാനും പാടില്ല. ” ഇച്ചായന്റെ ശബ്ദവും ഉയർന്നിരുന്നു.

എനിക്കാകെ നിരാശ തോന്നി. എന്റെ റോയിച്ചായൻ. അദ്ദേഹത്തിന് പോലും എന്റെ മനസ് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ. പക്ഷെ, ഇത്രയും എത്തിയിട്ട് ഇനി പിന്മാറാൻ ഞാൻ ഒരുക്കമല്ല. ഈ കാലം മുഴുവൻ ഞാൻ വേദനിച്ചതിനും കരഞ്ഞതിനും എനിക്ക് പകരം ചോദിച്ചേ മതിയാവൂ. അതിന് ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ.

എനിക്ക് എഴുവയസ്സുള്ളപ്പോഴായിരുന്നു പപ്പയും അമ്മയും ഒരു അപകടത്തിൽ മരിക്കുന്നത്. അനിയന് നാലും.പപ്പക്ക് ഒരു കടയുണ്ടായിരുന്നു. കുറച്ചു സ്ഥലവും പിന്നെ ഒരു കൊച്ചു വീടും.. അന്നൊക്കെ എന്തൊരു സന്തോഷം ആയിരുന്നെന്നോ. അവർ മരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു.. ഞങ്ങളെ ആര് ഏറ്റെടുക്കും എന്നായി ചർച്ച.. പപ്പക്ക് പറയാത്തക്ക ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്മക്ക് ആണെങ്കിൽ ഒരു ചേട്ടനും അനിയത്തിയും. കുറെ കടങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കട വിറ്റ് ചാച്ചൻ കടം വീട്ടി. അനിയനെ ആണ്മക്കളില്ലാത്ത ചാച്ചൻ ഏറ്റെടുക്കാമെന്നു സമ്മതിച്ചു.  കട വിറ്റതിൽ ചാച്ചൻ കുറെ പറ്റിച്ചെടുത്തെന്നും അപ്പോൾ ചാച്ചൻ തന്നെയാണ് ഞങ്ങളെ നോക്കേണ്ടതെന്നു കുഞ്ഞുമ്മ . രണ്ടുപേരെ, അതും ഒരു പെങ്കൊച്ചിനെ വളർത്തിയെടുക്കുന്നത് ബാധ്യത ആണെന്ന് ചാച്ചൻ. തർക്കത്തിനൊടുവിൽ എന്നെ മഠത്തിൽ നിർത്താൻ തീരുമാനമായി.. ഇതിൽ ഉടക്ക് വെച്ചാൽ പണി കുഞ്ഞുമ്മക്ക് കിട്ടുമെന്ന് തോന്നിയത് കൊണ്ടോ എന്തോ കുഞ്ഞുമ്മയും അതിനോട് യോജിച്ചു. ഒരു പെൺകുട്ടി ഏറ്റവും നല്ലവളായി വളരാൻ പറ്റിയ സ്ഥലം മഠമാണത്രെ. അങ്ങനെ ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്കായി.

ഓർഫനജ് എന്നാണ് പേരെങ്കിലും സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളും അവിടെ ഉണ്ടായിരുന്നു. ആദ്യമൊക്കെ ഇടയ്ക്കിടെ ചാച്ചൻ അവനെയും കൊണ്ട് എന്നെ കാണാൻ വരുമായിരുന്നു. വരുമ്പോൾ എന്തെങ്കിലും കഴിക്കാനൊക്കെ കൊണ്ടുവരും. ചിലപ്പോൾ ഓരോ കുഞ്ഞുടുപ്പും. വല്ലപ്പോഴും കുഞ്ഞുമ്മയും ഇതുപോലെ വരും.. അവരുടെ വരവിനായി കാത്തിരുന്ന ഞായറാഴ്ചകൾ. പിന്നീടങ്ങോട്ട് വരവുകൾ കുറഞ്ഞു തുടങ്ങി. ഓരോ തവണയും വന്നുപോകുമ്പോൾ എന്നെയും കൊണ്ടുപോകുമോ എന്ന് ചോദിച്ചുള്ള എന്റെ  കരച്ചിൽ സഹിക്കാതെയാണ് അവർ വരാത്തതെന്ന് പറഞ്ഞു സിസ്റ്റേഴ്സ് എന്നെ കളിയാക്കുമായിരുന്നു. പക്ഷെ, എത്ര ശ്രമിച്ചിട്ടും എനിക്ക് മാത്രം നേരിട്ട നീതിനിഷേധത്തോട് പൊരുത്തപ്പെടാൻ എനിക്ക് കഴിയുന്നില്ലായിരുന്നു. ആദ്യമൊക്കെ എന്നെ കണ്ടപ്പോൾ കരഞ്ഞിരുന്ന അനിയൻ പിന്നീട് അതിനോട് പൊരുത്തപ്പെട്ടു. അവിടെ അവനൊരു ചേച്ചിയും അനിയത്തിയുമുണ്ടല്ലോ. അവനെയും കുറ്റം പറയാൻ കഴിയില്ല. അവനെ അവർ നന്നായി തന്നെയാണ് നോക്കുന്നതും.

അവധിക്ക് വേണമെങ്കിൽ കുട്ടികളെ സ്വന്തം വീടുകളിൽ കൊണ്ടുപോകാം എന്നൊരു നിയമമുണ്ടായിരുന്നു. ആദ്യവർഷത്തെ അവധിക്ക് ചാച്ചൻ വന്നു എന്നെ കൊണ്ടുപോയി. മതിമറന്നു ആഘോഷിച്ച കുറച്ചു ദിവസങ്ങൾ. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേ അമ്മായി വഴക്ക് തുടങ്ങി. എന്നെ കൊണ്ടുവിടാൻ. കുറെ നാൾ നിന്നാൽ പിന്നെ ഞാൻ പോവില്ലെന്നു പറഞ്ഞു വാശി പിടിച്ചാൽ,  നാട്ടുകാരും ബന്ധുക്കളുമെല്ലാം ഇടപെട്ടാൽ പിന്നെ ഞാൻ അവരുടെ തലയിൽ ആകുമെന്ന്.. എത്ര കരഞ്ഞിട്ടും അവിടെ ജോലിക്കാരിയായിട്ട് നിൽക്കാമെന്നു പറഞ്ഞിട്ടും അവരെന്നെ മഠത്തിൽ തിരിച്ചു കൊണ്ടുചെന്നാക്കി..അവരെ പറഞ്ഞിട്ട് കാര്യമില്ല. ഒരെട്ട് വയസുകാരി എന്ത് ജോലി ചെയ്യാൻ.

പിന്നീടുള്ള അവധിക്കാലങ്ങൾ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. അവരുടെ വീട്ടിൽ എനിക്കൊരു അപരിചിതത്വവും ഒറ്റപ്പെടലും ഫീൽ ചെയ്തു തുടങ്ങിയിരുന്നു. എന്റെ കൂടപ്പിറപ്പ് എന്നെക്കാളധികം അവരെ സ്നേഹിക്കുന്നതും കെയർ ചെയ്യുന്നതും എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു അത് അവന്റെ കുറ്റമായിരുന്നില്ലെങ്കിലും. ബുദ്ധിയുറക്കാത്ത പ്രായത്തിൽ പിരിഞ്ഞ സ്വന്തം ചേച്ചിയെക്കാൾ അവൻ കൂടെ വളർന്ന സഹോദരിമാരെ സ്നേഹിക്കുന്നതിൽ തെറ്റ് പറയാനാവില്ലല്ലോ. പിന്നീട് ഞാനങ്ങോട്ടു പോകാതെയായി..അവധിക്കാലങ്ങളിൽ മഠത്തിൽ ജോലികളുണ്ടായിരുന്നു. കൊച്ചു കുട്ടികളെ പരിചരിക്കാനും. അവിടെ ഞാൻ സന്തോഷവതിയായിരുന്നു,അല്ലെങ്കിൽ അവിടുത്തെ കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ഒതുങ്ങാൻ ഞാൻ ശീലിച്ചു.

പഠിക്കാൻ മോശമല്ലാതിരുന്ന എന്നെ പ്ലസ്ടുവിന് ശേഷം സിസ്റ്റേഴ്സ് ടി ടി സിക്ക് ചേർത്തു.പഠനത്തിന് ശേഷം പള്ളിവക സ്കൂളിൽ ഒരു ജോലിയും കിട്ടി. ഇതിനിടയിൽ ചാച്ചന്റെ മൂത്തമകളുടെ വിവാഹം..എന്നേക്കാൾ രണ്ടുവയസ്സിനിളയതായിരുന്നു അവൾ.അത്യാവശ്യം ആർഭാടപൂർവമായ വിവാഹം.വിളിച്ചു ചെന്ന ഏതൊരു ബന്ധുവിനെയും പോലെ ഞാൻ ആ വിവാഹത്തിൽ പങ്കുകൊണ്ടു. അവിടെ എന്റെ കൂടപ്പിറപ്പ്, സഹോദരിയുടെ വിവാഹത്തിൽ ഉത്തരവാദിത്തമുള്ള ഒരു സഹോദരനെപ്പോലെ ഓടിനടക്കുന്നുണ്ടായിരുന്നു.

അധികം വൈകാതെ എനിക്ക് റോയിച്ചായന്റെ ആലോചന വന്നു. മഠത്തിലെ ഒരു സിസ്റ്ററുടെ സഹോദരന്റെ മകനായിരുന്നു റോയിച്ചൻ. ടൗണിലൊരു തുണിക്കട നടത്തുന്നു. അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്. അപ്പച്ചനും റോയിച്ചനും മാത്രമായിരുന്നു വീട്ടിൽ. എല്ലാം അറിഞ്ഞുകൊണ്ട് എന്നെ മാത്രം മതിയെന്ന് പറഞ്ഞായിരുന്നു വിവാഹം. എന്റെ കഴുത്തിൽ കെട്ടാനുള്ള മിന്നും മാലയും റോയിച്ചൻ തന്നെ വാങ്ങി. മൂത്ത മോളുടെ കല്യാണം നടത്തിയതിന്റെ കടബാധ്യതയുടെ പേര് പറഞ്ഞു ചാച്ചൻ ഒന്നും തന്നില്ല. കുഞ്ഞുമ്മ പഴയ രണ്ടുവളയും ഒരു കമ്മലും തന്നു. വിവാഹമോതിരം എന്റെ അനിയന്റെ വകയായിരുന്നു. അപ്പോഴേക്കും അവൻ മെഡിക്കൽ റെപായി ജോലിക്ക് പോയി തുടങ്ങിയിരുന്നു. പള്ളിയിൽ വെച്ച് മിന്നുകെട്ട്..ലളിതമായിരുന്നു ചടങ്ങുകൾ. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം. ഓർഫനേജിലെ കുഞ്ഞനിയന്മാർക്കും അനിയത്തിമാർക്കും ഒരു നേരത്തെ ഭക്ഷണം. അത്രമാത്രം.അപ്പോഴും എല്ലാവരും പറഞ്ഞു, അവിടെ ഒരു വീടും അൻപതു സെന്റ് സ്ഥലവും ഉണ്ടല്ലോ. അതിൽ പകുതി അവളുടേത് അല്ലെ എന്ന്. റോയിച്ചായൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല താനും.  സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം.  ജീവിതം അർത്ഥപൂര്ണമാക്കിക്കൊണ്ട് ഒരു മോളും ഉണ്ടായി. അനിയൻ ഇടക്കൊക്കെ വന്നുപോയി. എങ്കിലും അത്രക്ക് അടുപ്പമൊന്നും ഉണ്ടായില്ല.

അതിനിടയിൽ ചാച്ചന്റെ ഇളയമോൾക്ക് വിവാഹലോചന തുടങ്ങി. അതിനു വേണ്ടി ഞങ്ങളുടെ സ്ഥലം പണയം വെക്കണമെന്നും ഞാൻ അതിൽ ഒപ്പിട്ട് കൊടുക്കണം എന്നും പറഞ്ഞു ചാച്ചനും അനിയനും കൂടെ വന്നു.ഒരു കാരണവശാലും സമ്മതിക്കില്ലെന്നു ഞാനും. പറഞ്ഞ തുക കൊടുത്തു സമയത്ത് വിവാഹം നടന്നില്ലെങ്കിൽ അത് അവനു അഭിമാനക്ഷതമാകുമെന്ന്. എന്റെ വിവാഹത്തിന് ഇങ്ങനെ ഓരോപ്ഷൻ ആരും പറഞ്ഞു കേട്ടില്ല. എന്തൊക്കെയോ പറഞ്ഞു ഞാനും അവരും തമ്മിൽ ഇടഞ്ഞു. എനിക്ക് സ്വന്തബന്ധങ്ങളുടെ വിലയറിയില്ലത്രേ.

“ശരിയാണ്. എനിക്കറിയില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ? ഞാൻ അറിഞ്ഞിട്ടില്ലത്. ഞാൻ അനുഭവിച്ചിട്ടില്ല. ഇനിയിപ്പോ അതെന്നെ പഠിപ്പിക്കാൻ ആരും ശ്രമിക്കണ്ട. ഈ കാര്യം പറഞ്ഞിനി ആരും വരുകയും വേണ്ട. “

ഞാൻ അറുത്തു മുറിച്ചു പറഞ്ഞു. അതോടെ ഞാൻ മോശക്കാരിയായി. അവനെ പറഞ്ഞു പറഞ്ഞു വെറുപ്പിച്ചു. അവൻ എന്നോട് മിണ്ടാതെയായി. സ്വന്തമായി വീടും സ്ഥലവും ഉണ്ടായിട്ടും ഈ വീട് പണയം വെക്കാൻ ചാച്ചൻ ആവശ്യപ്പെടുന്നത് ഇവനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലെന്ന് എത്ര പറഞ്ഞിട്ടും അവനു മനസ്സിലായില്ല.

“തിന്ന ചോറിനു നന്ദി കാണിക്കണം “

എന്നാണവൻ എന്നോട് പറഞ്ഞത്. അവൻ കാണിക്കട്ടെ. ഞാനെന്തിന് കാണിക്കണം. ഞാൻ തിന്നിട്ടില്ലല്ലോ. ഓർഫനെജിൽ ഞാൻ കരഞ്ഞു തീർത്ത ദിവസങ്ങളുടെ പക അല്ലെങ്കിൽ പ്രതിഷേധം മാത്രമേ എന്റെ മനസ്സിലുള്ളു.

അങ്ങനെ ഞാൻ അവരോട് മിക്കവാറും അകന്നു എന്ന് തന്നെ പറയാം. ഈ കാര്യങ്ങളിലൊന്നും റോയിച്ചായൻ അഭിപ്രായം പറഞ്ഞിരുന്നില്ല. അതിനിടയിൽ അവൻ എങ്ങനെയൊക്കെയോ കടം മേടിച്ചു കല്യാണം നടത്തി.അങ്ങനെയിരിക്കെ ഒരു ദിവസം അവൻ ബൈക്കപകടത്തിൽപ്പെട്ടു എന്നും സീരിയസ് ആണെന്നും പറഞ്ഞു ഫോൺ വന്നു. പിണക്കം മറന്നു ഞാൻ ഹോസ്പിറ്റലിലേക്ക് ഓടി. തലയ്ക്കു കാര്യമായ ക്ഷതം ഉള്ളതുകൊണ്ട് പ്രതീക്ഷക്ക് വകയില്ലെന്നു ഡോക്ടർ പറഞ്ഞെങ്കിലും എത്ര പണം മുടക്കേണ്ടി വന്നാലും അവനെ രക്ഷിച്ചെടുക്കണം എന്നായിരുന്നു എന്റെ ആവശ്യം. ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു എങ്കിലും.

തലയ്ക്കു ഓപ്പറേഷൻ ചെയ്തുവങ്കിലും അവനു കിടക്കയിൽ നിന്നും എഴുന്നേൽക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല..രാത്രിയും പകലും ഇല്ലാതെ ഞാൻ അവനോടൊപ്പം നിന്നു. എത്ര ശ്രമിച്ചിട്ടും വെറുക്കാൻ കഴിയാത്ത എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉണ്ട് എന്ന് എനിക്ക് മനസിലായത് അന്നായിരുന്നു. അവനീ ചേച്ചിയെ തിരിച്ചറിയുന്നുണ്ടായിരുന്നു എന്നതിന് ഇടയ്ക്കിടെ ഒഴുകുന്ന കണ്ണുനീർ മാത്രമായിരുന്നു തെളിവ്.

ഇതിനിടയിൽ ചാച്ചനും മക്കളും വന്നും പോയുമിരുന്നു..ഞങ്ങൾ എത്രയൊക്കെ ശ്രമിച്ചിട്ടും ദൈവം അവനെ തിരിച്ചു വിളിച്ചു. അവന്റെ മൃതദേഹതിനരികിൽ ഇരിക്കുമ്പോൾ, ചാച്ചന്റെ മക്കൾ അലമുറയിട്ട് കരയുമ്പോഴും  എനിക്കെന്തോ നിർവികാരതയായിരുന്നു. അത്രയടുപ്പം പുലർത്തിയിരുന്നില്ല എങ്കിലും എനിക്ക് ഒരു കൂടപ്പിറപ്പ് ഉണ്ട് എന്നൊരു വിശ്വാസം, അത് എന്നെ ഒരുപാട് ആശ്വസിപ്പിച്ചിരുന്നു എന്ന് അവന്റെ മരണത്തോടെയാണ് ഞാൻ മനസ്സിലാക്കിയത്. ഈ ലോകത്തിൽ അവനുമായുള്ള ബന്ധം അവസാനിച്ചു എന്ന തിരിച്ചറിവ് എന്നിൽ ഒരു ശൂന്യത നിറച്ചു.

അവനു ഇൻഷുറൻസ് ആയി നല്ലൊരു തുക കിട്ടാനുണ്ടായിരുന്നു. അത് അവർ എടുത്തോട്ടെ എന്ന് വെച്ചു..നോമിനി ചാച്ചൻ ആയിരുന്നു താനും.  പക്ഷെ, കുറച്ചു നാളുകൾക്ക് ശേഷം അവർ അവന്റെ വിരലടയാളം പതിപ്പിച്ച ഒരു മുദ്രപത്രവുമായി വന്നു. അവന്റെ ഭാഗം അവൻ ചാച്ചന്റെ മക്കളുടെ പേരിൽ എഴുതി വെച്ചിട്ടുണ്ടത്രേ. അത് കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വന്നത്. ഞാനതിനെ ശക്തിയുക്തം എതിർത്തു. ഈ മുദ്രപത്രം വ്യാജമാണെന്നും അവൻ വയ്യാതെ കിടന്നപ്പോൾ ഉണ്ടാക്കിയതാണെന്നും പറഞ്ഞു വഴക്കായി, കേസായി.

ബന്ധുക്കൾ മിക്കവരും അവരുടെ ഭാഗം ചേർന്നു.അവനെ വളർത്തിയത് അവരല്ലേ അപ്പോൾ അവന്റെ സ്വത്തിനു അവർക്ക് അവകാശമുണ്ടെന്ന് ചിലർ. അല്ലെങ്കിലും അവനു കൂടപ്പിറപ്പായിരുന്നത് നിന്നെക്കാൾ ആ കുട്ടികൾ ആയിരുന്നില്ലേ, അവൻ യഥാർത്ഥത്തിൽ അവർക്ക് കൊടുക്കാൻ തന്നെയാണ് ആഗ്രഹിച്ചിരിക്കുക എന്നും. പക്ഷെ, ഞങ്ങളുടെ പപ്പയുടെ സ്വത്ത്‌, അത് ഞങ്ങൾക്ക് രണ്ടുപേർക്കും തുല്യ അവകാശമുള്ളതാണ്. അതിൽ ഒരാൾ ഇല്ലാതായാൽ, അയാൾ വിവാഹിതനല്ലാത്ത പക്ഷം അവകാശി ഞാൻ തന്നെയാണെന്ന് ചിലർ. കേസും വഴക്കും മുറുകിയപ്പോഴാണ് അതുവരെ സ്ട്രോങ്ങ്‌ ആയി ഒന്നും പറയാതിരുന്ന റോയിച്ചായൻ ഇടപെട്ട് തുടങ്ങിയത്.നാട്ടുകാർ പലതും പറയുന്നുണ്ട് പോലും. നാണക്കേടായിട്ട് പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ലെന്ന്.

” ബിൻസി, ഈ കേസും തേങ്ങയുമൊക്കെ ഇവിടെ അവസാനിപ്പിച്ചോണം. ഇനിയിതിന്റെ പേരും പറഞ്ഞു നീ ഇവിടെ നിന്നിറങ്ങി പോകാൻ പാടില്ല. പലവട്ടം ഞാൻ പറഞ്ഞു ഇതൊന്നും നമുക്ക് വേണ്ടെന്ന്. ആരാണെന്ന് വെച്ചാൽ എടുത്തോട്ടെ. “

” പറ്റില്ലിച്ചായാ, അവനെ അവർ പിഴിയുകയല്ലായിരുന്നോ ഇതുവരെ. പണ്ട് എന്റെ അപ്പന്റെ പണവും ഇങ്ങേർ കുറെ പറ്റിച്ചെടുത്തതാ. ആ മഠത്തിൽ അനാഥപ്പിള്ളേരുടെ കൂടെയാ ഞാൻ ജീവിച്ചത്. എല്ലാ രാത്രിയും കരഞ്ഞു കരഞ്ഞു തന്നെയാണ് ഞാനുറങ്ങിയിട്ടുള്ളത്. എനിക്കവരെ സ്നേഹിക്കേണ്ട കാര്യമില്ല. ഇതിൽ നിന്നൊരു രൂപ ഞാനവർക്ക് കൊടുക്കില്ല. ഇതെന്റെ വാശിയാ.”

” എങ്കിൽ, അവസാനമായി ഒരുകാര്യം കൂടി പറഞ്ഞേക്കാം. നീ പോയി നേടിക്കൊണ്ടുവരുന്നതിൽ ഒരു രൂപ പോലും ഈ വീട്ടിൽ കേറ്റാനോ എന്റെ മക്കൾക്ക്  വേണ്ടി ഉപയോഗിക്കാനോ ഞാൻ സമ്മതിക്കില്ല. ഇതെന്റെയും വാശിയാണെന്ന് കൂട്ടിക്കോ. “

റോയിച്ചായൻ ആദ്യമായാണ് എന്നോട് ഇത്ര ദേഷ്യത്തോടെ സംസാരിക്കുന്നത്. അദ്ദേഹത്തിന് അത്രക്ക് മാനസിക സമ്മർദ്ദമുണ്ടായിരിക്കാം.പക്ഷെ, പിന്തിരിയാൻ ആവശ്യപ്പെടരുത് ഇച്ചായാ..ഇതിൽ എനിക്ക് ജയിച്ചേ തീരു. എനിക്ക് വേണ്ടിയല്ല, എന്റെ മക്കൾക്കും വേണ്ടിയല്ല. മഠങ്ങളിലും ആശ്രമങ്ങളിലും വളരുന്ന എന്റെ അനിയത്തിമാർക്ക് വേണ്ടി. അവരിൽ ഒരാളെയെങ്കിലും എനിക്ക് പഠിപ്പിക്കണം, ഒരാളെയെങ്കിലും വിവാഹം കഴിപ്പിച്ചയക്കണം.  ജീവിച്ചിരിക്കുമ്പോൾ മനുഷ്യനു മനസ്സിലാക്കാതെ പോകുന്ന വേദനകൾ  തിരിച്ചറിയാൻ ആത്മാക്കൾക്ക് കഴിയുമെങ്കിൽ അവന്റെ ആത്മാവ് എന്റെ തീരുമാനതോടൊപ്പം നിൽക്കും എന്നെനിക്ക് ഉറപ്പുണ്ട്. ഇവിടെ എന്റെ മുന്നിൽ  വാശികളോ തെറ്റുകളോ ഇല്ല. ശരികൾ മാത്രം. ഒരുപക്ഷെ എനിക്ക് മാത്രം മനസ്സിലാകുന്ന ചില ശരികൾ……

Scroll to Top