ഗന്ധർവൻ – രചന: വിഷ്ണു പാരിപ്പള്ളി
ആദ്യഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അഹമ്മദ്…എന്നുള്ള വിളി കേട്ടാണ് ഞാൻ മുഖം ഉയർത്തിയത്.
എതിരെയുള്ള മരത്തിൽ ചാരി നെഞ്ചിൽ കൈകൾ പിണച്ചു വച്ച് ഋഷി എന്നെ നോക്കി മനോഹരമായി ചിരിച്ചു കൊണ്ട് നിൽക്കുന്നു. സന്തോഷവും സങ്കടവും എന്നെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. പാഞ്ഞു ചെന്നു അവനെ കെട്ടിവരിഞ്ഞു ഞാൻ
പൊട്ടികരഞ്ഞു. ഋഷി ആശ്വസിപ്പിക്കും പോലെ എന്റെ ചുമലിൽ തഴുകി കൊണ്ടിരുന്നു.
ന്റള്ളാ…ഞാൻ ശെരിക്ക് പേടിച്ചോയി…അത് നിന്ന എന്തെങ്കിലും ആക്കീറ്റ് ണ്ടാകും എന്ന് വിചാരിച്ചു ഞാൻ. നിന്ക്ക് എന്തെങ്കിലും ആയി പോയോന്ന് പേടിച്ചു…ഏങ്ങലടിച്ചു കൊണ്ട് ഞാൻ പതം പറഞ്ഞു കരഞ്ഞു.
ഞാൻ അതിനെ ഓടിച്ചു കളയാൻ പോയതല്ലേ. അതിനു നീ ഇങ്ങനെ വിഷമിക്കണോ. ഞാൻ പറഞ്ഞിട്ടില്ലേ ഇവിടുന്നു പോകുന്ന വരെ അഹമ്മദിനെ വിട്ടു ഞാൻ എങ്ങും പോവില്ലന്ന്. ആശ്വസിപ്പിച്ചുകൊണ്ട് ഋഷി എന്നെ മുന്നോട്ടു നയിച്ചു.
തിരിച്ചു നടക്കുമ്പോൾ എനിക്കു കുടിക്കാൻ ഋഷി കാട്ടു തേൻ എടുത്തു തന്നു. കുടിച്ചിട്ട് മതി വരാതെ ഞാൻ അവന്റെ തേൻ പുരണ്ട വിരലുകൾ വായിൽ ഊറിയെടുത്തു. കൊതിയൻ…ഋഷി എന്റെ തലയിൽ കളിയായി അടിച്ചിട്ട് മുന്നേ ഓടി. ഞാൻ പിന്നാലെ പാഞ്ഞു അവന്റെ തോളിലേക്ക് ചാടി കയറി.
എന്നെ കുതറിച്ചു നിലത്തിടാൻ അവൻ ശ്രമിച്ചെങ്കിലും ഞാൻ വിടാതെ തോളിൽ തൂങ്ങി കിടന്നു. എന്നെയും കൊണ്ട് അവൻ പൂക്കൾ പൊഴിഞ്ഞു കിടക്കുന്ന പുല്ലിലേക്ക് വീണു കിടന്നു ചിരിച്ചു. പിന്നെ തലയിൽ കൈ താങ്ങി കൊണ്ട് എന്റെ നേരെ ചരിഞ്ഞു കിടന്നു ചോദിച്ചു.
ഇവിടുന്നു പോയാൽ നീ എന്നെ മറക്കോ…?
അയിന് ഈട്ന്ന് ആര് പോന്നെ…നിന്നെം ഈ സ്ഥലോം ബിട്ടിറ്റ് ഞാനിനി ഏട്ത്തെക്കും പോന്നില്ല…ഞാൻ ഉറപ്പിച്ചു പറഞ്ഞു.
*******************
എനിക്ക് പേരറിയാത്ത എന്തൊക്കെയോ കാട്ടുകിഴങ്ങുകൾ ഋഷി തന്നെയാണ് കൊണ്ട് വന്നത്. അത് തീയിൽ ചുട്ടെടുക്കണം. അതിനുള്ള ശ്രമം ആണ്.
ഉണങ്ങിയ തൊണ്ടിൽ നിന്നും ചകിരി അവൻ കുറച്ചെടുത്തു അത് തിരുമി നേർത്തതാക്കി വച്ചിരുന്നു. പിന്നെ ഒരു വശം കൂർത്ത ഉരുളൻ തടിയുടെ കൂർത്ത ഭാഗം മറ്റൊരു തടിയുടെ മുകളിൽ വച്ചു അതിന്റെ മറുവശം ഒരു ചിരട്ട വച്ചു അമർത്തി പിടിച്ചു. പിന്നെ കാട്ടുവള്ളി ഉരുളൻ തടിയിൽ ചുറ്റി അരണി കടയുന്ന പോലെ എന്നോട് ചെയ്യാൻ പറഞ്ഞു. ഞാൻ വള്ളിയിൽ പിടിച്ചു വലിച്ചു ഉരുളൻ തടി കറക്കാൻ തുടങ്ങി. അപ്പോൾ ഋഷി ചകിരി ശക്തിയിൽ കറങ്ങുന്ന കൂർത്ത ഭാഗത്തേക്ക് ചേർത്ത് വച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചകിരിയിൽ നിന്നും പുകചുരുളുകൾ ഉയരാൻ തുടങ്ങി.
എന്റെയും ഋഷിയുടെയും മുഖം ഒരേ സമയം വിടർന്നു. ഋഷി പതിയെ അതിലേക്കു ഊതിപ്പോൾ ചകിരി തീ പിടിച്ചു. ആഹ്ലാദത്തോടെ ഞാൻ അത് നോക്കി ഇരുന്നു. കൂട്ടിയിട്ടിരുന്ന ഉണങ്ങിയ കരിയിലയ്ക്ക് ഇടയിൽ കത്തുന്ന ചകിരി വച്ചു തീ പിടിപ്പിച്ചു. ഉണങ്ങിയ മര കഷ്ണങ്ങൾ ഞാൻ പെറുക്കി കത്തുന്ന കരിയിലയ്ക്ക് മുകളിൽ വച്ചു. നന്നായി തീ പിടിച്ചപ്പോൾ കനലുകൾക്ക് മേലെ വച്ച് ഋഷി കിഴങ്ങുകൾ ചുട്ടെടുക്കാൻ തുടങ്ങി.
അപ്പോഴേക്കും ഞാൻ മുളങ്കുഴലുകളുമായി പോയി കുടിക്കാനുള്ള വെള്ളം കൊണ്ട് വന്നു. ഇലയ്ക്ക് മീതെ വെന്ത കിഴങ്ങുകൾ ഓരോന്നായി ഋഷി എടുത്തു വച്ചു. ഇത്രയ്ക്ക് സ്വാദിഷ്ടമായ ഒരു വിഭവം എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല എന്നെനിക്കു തോന്നി. അത്ര രുചികരമായിരുന്നു അത്.
കഴിച്ചിട്ട് ഞാൻ മരത്തണലിൽ ഋഷിയുടെ മടിയിൽ തല വെച്ചു കിടന്നു. എനിക്കു വേണ്ടി അവൻ പുല്ലാങ്കുഴൽ വായിച്ചു. മരത്തിൽ നിന്നും മഞ്ഞ പൂക്കൾ പൊഴിഞ്ഞു ഞങ്ങളുടെ മേലെ വീഴുന്നുണ്ടായിരുന്നു. ആ മധുര ഗാനം കേട്ടു ഞാൻ മയങ്ങി.
ഉണരുമ്പോൾ കരിയിലയും ഉണങ്ങിയ മര കഷ്ണങ്ങളും വീണ്ടും വാരിയിട്ട് ഋഷി തീ കൂട്ടുന്നത് കണ്ടു. കണ്ണ് തിരുമി എണീറ്റ് ഞാൻ ഇനിയും അതെന്തിനാണെന്നു ചോദിച്ചപ്പോൾ കനൽ കെട്ടു പോകാതിരിക്കാൻ എന്ന് അവൻ മറുപടി പറഞ്ഞു.
സന്ധ്യയ്ക്ക് ഒരുമിച്ചാണ് കുളിച്ചത്. ഇരു കരയിലേക്കും ഞങ്ങൾ മത്സരിച്ചു നീന്തി. ഞാൻ എത്ര ശ്രമിച്ചിട്ടും ഋഷിയെ തോല്പിക്കാൻ എനിക്ക് പറ്റിയിരുന്നില്ല. അതിൽ എനിക്ക് പരിഭവം ഒന്നും തോന്നിയില്ല. കാരണം അവൻ ജയിക്കുന്നത് എനിക്കും ഇഷ്ടമായിരുന്നു.
********************
രാവിലെ ഉണരുമ്പോൾ ഋഷി അടുത്തുണ്ടായിരുന്നില്ല. ഞാൻ എണീറ്റ് താഴേ വന്നു. ചുറ്റും തിരഞ്ഞെങ്കിലും അവനെ കണ്ടില്ല. എന്തെങ്കിലും കഴിക്കാനുള്ളത് തേടി പോയിട്ടുണ്ടാകും എന്ന് കരുതി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു കുളത്തിലെ വെള്ളത്തിലേക്ക് കാലിറക്കി ഇരിക്കുമ്പോൾ പിന്നിൽ എന്തോ ഊതുന്ന ഒച്ച കേട്ടു ഞാൻ മുഖം തിരിച്ചു നോക്കി. ഒരു സർപ്പം ഫണം വിരിച്ചു നിൽക്കുന്നു.
ന്റള്ളാ…എന്ന് അലറി വിളിച്ചു കൊണ്ട് ഞാൻ കുളത്തിലേക്ക് എടുത്തു ചാടി. വിറച്ചു കൊണ്ട് നോക്കുമ്പോൾ സർപ്പത്തെ കൈയിൽ വച്ചു ഋഷി നിന്ന് പൊട്ടിചിരിക്കുകയാണ്. എനിക്കു ശരിക്കും ദേഷ്യം വന്നു.
പോടാ…എന്ന് ആക്രോശിച്ചു കൊണ്ട് ഞാൻ വെള്ളം കൈകൊണ്ടു അവന്റെ മേലേക്ക് തെറിപ്പിച്ചു. ദേഹത്ത് വെള്ളം വീഴാതെ ഒഴിഞ്ഞു മാറി ചെക്കൻ അതിനെ പതിയെ നിലത്തു വച്ചു. സർപ്പം ഇഴഞ്ഞു പോകുന്നത് കണ്ടു ഞാൻ ചാടി കരയിൽ കയറി. അവനെ പിടിക്കാൻ ചെന്നപ്പോൾ ചെക്കൻ ചിരിച്ചു കൊണ്ട് കുതറി മാറി.
എന്നെ ഓടി തോല്പിക്കാൻ പറ്റുമോന്നു നോക്ക്…എന്നെ നോക്കി വെല്ലുവിളിക്കും പോലെ പറഞ്ഞിട്ട് അവൻ തിരിഞ്ഞു ഓടി. വാശിയോടെ ഞാൻ പിന്നാലെ പാഞ്ഞു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…
ഋഷി…വേണ്ട…എന്ക്ക് കയ്യട…മണികൾ കിലുങ്ങുന്ന പോലെ ചെക്കന്റെ ചിരിയാണ് മറുപടി കിട്ടിയത്. നീ ബാ നമ്മക്ക് മടങ്ങി പോവ…
എന്നെ തൊട്ടാൽ മാത്രേ ഇനിയൊരു തിരിച്ചു പോക്കുള്ളൂ…ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചെക്കൻ ഓർമിപ്പിച്ചു. വീണ്ടും ഞാൻ പിന്നാലെ പാഞ്ഞു. ഇടയ്ക്ക് അവൻ കണ്ണിൽ നിന്നും മറഞ്ഞു.
ഋഷി…ഉറക്കെ വിളിച്ചു കൊണ്ട് കാൽ മുട്ടിലേക്ക് കൈ കുത്തി നിന്ന് ഞാൻ കിതച്ചു. അപ്പോൾ അവൻ പോയ ഭാഗത്തു നിന്നും ഓടക്കുഴൽ വിളി കേട്ടു. ആ ദിക്കിലേക്ക് ഞാൻ ഓടി. വീണ്ടും വഴി തെറ്റി ഞാൻ നിന്നു. പലകുറി അവന്റെ പേര് ചൊല്ലി വിളിച്ചു. അപ്പോൾ വീണ്ടും ആ വേണു നാദം കേൾക്കുന്നു.
ഓടിയും ഇടക്ക് അണച്ചു കൊണ്ട് നിന്നും ചെന്നു ചാടിയതു ഞാൻ ആദ്യം വന്നു കയറിയ കടൽ തീരത്താണ്. അമ്പരപ്പോടെ ഞാൻ ചുറ്റും നോക്കി. ഋഷിയെ എങ്ങും കാണാനില്ല. തിരിഞ്ഞു വനത്തിലേക്ക് നോക്കി ഞാൻ ഉച്ചത്തിൽ അവനെ വിളിച്ചു. ഒന്നല്ല, രണ്ടല്ല, പലവട്ടം…മറുപടി ഇല്ല.
എനിക്കു സങ്കടം വരുന്നുണ്ടായിരുന്നു.
അപ്പോൾ പിന്നിൽ ബോട്ടിന്റെ എഞ്ചിൻ മുരളുന്ന ഒച്ച കേട്ടു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. മൂന്നു ബോട്ടുകൾ തീരത്തേക്ക് അടുക്കുകയാണ്.
********************
മുങ്ങൽ വിദഗ്ദ്ധരും പോലീസും എന്റെ നാട്ടിലെ കുറച്ചു പേരുമായിരുന്നു മൂന്ന് ബോട്ടുകളിലായി എത്തിയത്. ബോട്ട് തകർന്നതും ഞങ്ങളെ കാണാതായതും മറ്റും നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു എന്ന് അവർ പറഞ്ഞാണ് അറിഞ്ഞത്. രണ്ടു ദിവസമായി അവർ ഈ ചുറ്റുവട്ടത്ത് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
ഇവിടെ നിന്നും പുകച്ചുരുൾ ഉയരുന്നതു ശ്രദ്ധയിൽ പെട്ട് ആരെങ്കിലും അകപ്പെട്ടിരിക്കാം എന്ന് ഊഹിച്ചു എത്തിയതാണ്. കൂടെ വേറെ ആരെങ്കിലും ഉണ്ടോ…എന്ന ചോദ്യത്തിന് ഒരാൾ കൂടി ഉണ്ടെന്നും വനത്തിനുള്ളിൽ ആണെന്നും ഞാൻ മറുപടി പറഞ്ഞു.
എന്റെ പിന്നാലെ അവരും ഉള്ളിലേക്ക് നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴി തെറ്റിയെന്ന് എനിക്കു മനസിലായി. ഞാൻ ചുറ്റിനും നോക്കി ഋഷി…എന്ന് ഉച്ചത്തിൽ വിളിച്ചു. എന്റെ ഒച്ച കാടിനുള്ളിൽ വട്ടം ചുറ്റി തിരിച്ചു വന്നു.
ഒടുവിൽ രണ്ടു വിഭാഗമായി പിരിഞ്ഞു ഞങ്ങൾ ഋഷിയെ തിരയാൻ തീരുമാനിച്ചു. ഇരുൾ വീഴുന്നത് വരെ തിരച്ചിൽ തുടർന്നു. എത്ര തേടി അലഞ്ഞിട്ടും ആ കുളവും ഏറുമാടവുമുള്ള സ്ഥലം കണ്ടു പിടിക്കാൻ എനിക്കു കഴിഞ്ഞില്ല. ഒടുവിൽ ഞാൻ നിലത്തേക്കിരുന്നു വിങ്ങി കരഞ്ഞു. കൂടെ ഉള്ളവർ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
രാത്രിയിൽ രണ്ടു ഭാഗത്തായി ഞങ്ങൾ തങ്ങി. പോലീസ് ഉദ്യോഗസ്ഥർ ഫോണിൽ സംസാരിക്കുന്നത് കണ്ടു. ഇടക്ക് എന്നോട് സംശയംങ്ങൾ ചോദിച്ചു. എനിക്കു അറിയുന്ന കാര്യങ്ങൾ വിശദമായി ഞാൻ പറഞ്ഞു കൊടുത്തു.
രാത്രിയിൽ ഒരു മരച്ചുവട്ടിൽ ഞാൻ തനിച്ചു പോയിരുന്നു. എത്ര നിയന്ത്രിച്ചിട്ടും ഋഷിയുടെ മുഖം ഓർമിച്ചപ്പോൾ എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഇനി അവനെന്തെങ്കിലും ആപത്തിൽ പെട്ടിട്ടാണ്ടാവുമോ എന്ന് ഞാൻ ഭയന്നു. അവനെ തിരിച്ചു കിട്ടാൻ ഞാൻ പടച്ചോനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
രാത്രിയിൽ എപ്പോഴെങ്കിലും അവൻ എന്റെ അടുത്ത് എത്തുമെന്ന് തന്നെ ഞാൻ വിചാരിച്ചു. ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു എനിക്ക്. അവന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അറിയണം. ഇരുട്ടിലേക്ക് പോയി ഞാൻ അവനെ ഉറക്കെ വിളിച്ചു. എന്റെ ഒച്ച കേട്ടു എവിടെ നിന്നെങ്കിലും ആ വേണു നാദം ഉയരുന്നുണ്ടോ എന്ന് ഞാൻ കാതോർത്തു…ഒന്നും ഉണ്ടായില്ല…
ഉറക്കം വരാതെ കരഞ്ഞു കരഞ്ഞു ഞാൻ നേരം വെളുപ്പിച്ചു. രാവിലെ വീണ്ടും തിരച്ചിൽ തുടർന്നു. ഉച്ചയോടെ രണ്ടു ദിക്കിലായി പോയ ഞങ്ങൾ ഒരു സ്ഥലത്തു ഒന്നിച്ചു. ഞാൻ പറഞ്ഞത് പോലെയുള്ള ഒരു സ്ഥലം അവരും കണ്ടില്ല. ഒരു മനുഷ്യജീവിയെ പോലും വരുന്നവഴിക്കെങ്ങും കണ്ടില്ലെന്നും അവർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ മാറി നിന്ന് ചർച്ച ചെയ്യുന്നുണ്ടായിരുന്നു…
മറ്റുള്ളവർ വീണ്ടും എന്നോട് ഋഷിയെ കുറിച്ച് ഓരോന്ന് ചോദിച്ചു. ഒടുവിൽ തിരിച്ചു പോകാൻ തീരുമാനം ആയി. ഇനിയും ഇവിടെ തങ്ങുന്നതിൽ അർത്ഥമില്ലെന്നും ജീവനോടെ ഒരാൾ ഇതിനുള്ളിൽ ഉണ്ടെങ്കിൽ ഇതിനകം കണ്ടെത്തേണ്ടതായിരുന്നുവെന്നും അവർ പറയുന്നത് കേട്ടു എന്റെ നിയന്ത്രണം വിട്ടു.
ഋഷിയെ കൂടാതെ എങ്ങോട്ടുമില്ലെന്ന് ഞാൻ അറിയിച്ചു. എല്ലാവരും കൂട്ടത്തോടെ എന്നെ ശകാരിക്കാൻ തുടങ്ങി. തനിച്ചു ഇവിടെ വിട്ടിട്ടു പോകാൻ പറ്റില്ലെന്ന് അവർ തീർത്തു പറഞ്ഞു. ഞാൻ വിശദീകരിച്ച കുളവും ഏറുമാടവും പോലും കണ്ടെത്താൻ കഴിയാത്തതു കൊണ്ട് അതെല്ലാം എന്റെ തോന്നൽ മാത്രമാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തനിച്ചായപ്പോൾ തോന്നിയ മാനസിക വിഭ്രാന്തി…അത് കേട്ടതോടെ ഞാൻ കാട്ടിലേക്ക് തിരിഞ്ഞു നടന്നു.
എനിക്കു ഋഷിയെ വേണം. അവനില്ലെങ്കിൽ ശ്വാസംമുട്ടി മരിക്കുമെന്ന് പോലും എനിക്ക് തോന്നി. പിന്നാലെ വന്നു അവരെന്നെ തൂക്കിഎടുത്തു കൊണ്ട് പോയി. ഭ്രാന്ത് പിടിച്ചവനെ പോലെ ഞാൻ അലറി. കുതറി പിടഞ്ഞു…
എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ പേര് വിളിച്ചു ഞാൻ കരഞ്ഞു കൊണ്ടിരുന്നു. ബോട്ടിൽ എത്തിച്ചിട്ടും എന്റെ മേലുള്ള പിടി വിടാതെ അടക്കി പിടിച്ചു അവർ എന്റെ ചുറ്റും ഇരുന്നു. ഇവരുടെ കൈയിൽ നിന്നും രക്ഷപെട്ടു ഋഷിയുടെ അടുത്തേക്ക് പോകാൻ കഴിയില്ലെന്ന് എനിക്കു ഉറപ്പായി. ബോട്ട് മുന്നോട്ടു നീങ്ങുമ്പോൾ ഞാൻ ആ ദ്വീപിലേക്ക് തല തിരിച്ചു നോക്കി.
അവിടെ എവിടെയെങ്കിലും നിന്ന് എന്റെ ഋഷി എന്നെ തേടി ഓടി വരുന്നുണ്ടോ എന്ന് എന്റെ കണ്ണുകൾ തിരിഞ്ഞു. അവനെ മാത്രം കണ്ടില്ല.
ഒടുവിൽ ഋഷിയെ പോലെ തന്നെ ആ ചെറിയ ദ്വീപും എന്റെ കാഴ്ചയിൽ നിന്ന് മറഞ്ഞു…
അവസാനിച്ചു…