അവന്റെയും കൂട്ടുകാരുടെയും ക്രൂരതക്ക് ഇരയായി മരിക്കുമ്പോഴും അവള് ഒരുപക്ഷേ സ്വപ്നം കണ്ടത് അച്ഛന്റെ സ്നേഹം ആയിരുന്നിരിക്കണം

രചന: മിനിമോൾ രാജീവൻ

ഉമ്മറത്തെ മണി മുഴങ്ങി.

“മോന്‍ എവിടെ…?”

വാതിൽ തുറന്ന ഭാര്യയോട് അയാൾ ചോദിച്ചു.

“അവന്‍ ഇന്ന് നേരത്തെ ഉറങ്ങി.”

ഒറ്റ വാക്കില്‍ ഒതുങ്ങി ആ മറുപടി.

“മ്ഹും…” അയാൾ മൂളി.

കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾ ആയുള്ള പതിവ് ചോദ്യവും മറുപടിയും. അവള്‍ക്കു അത് ശീലമായി. എങ്കിലും അവള്‍ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം. അത് ഇന്നും ആ കാതുകള്‍ക്ക് വിലക്കപ്പെട്ട കനിയാണ്. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൾ അടുക്കളയിലേക്കു നടന്നു.

“എന്റെ ചായ..വസ്ത്രം..എനിക്ക് ഒന്ന് കുളിക്കണം..ചൂടുവെള്ളം വേണം..എന്റെ ഭക്ഷണം..” തീർന്നു പതിവ് പരിപാടി.

ഉറങ്ങി കിടന്ന മകനെ അവന്റെ മുറിയുടെ വാതിൽ തുറന്നു ഒന്ന് കൂടി നോക്കി. ശേഷം അയാൾ സ്വന്തം മുറിയിലെ കിടക്കയിലേക്ക് ചാഞ്ഞു. വീണ്ടും പഴയത് പോലെയുള്ള ഒരു പുതിയ ദിവസം.

******

“രാമപുരം കവല…രാമപുരം…”

കിളിയുടെ നീട്ടിയുള്ള പറച്ചില്‍ ആണ് അയാളെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തിയത്. ഒരു നിമിഷം സ്ഥിരകാലബോധം നഷ്ടപ്പെട്ടവനെ പോലെ അയാൾ വീണ്ടും സീറ്റിലേക്കു കൂനി പിടിച്ച് ഇരുന്നു.

“നാശം…ഓരോരോ ആള്‍ക്കാര് ഇറങ്ങിക്കോളും…മനുഷ്യനെ മെനക്കെടുത്താന്‍ ആയിട്ട്…ചേട്ടാ ബസ് ഇവിടെ വരെയേ ഉള്ളു ഇവിടെ ഇറങ്ങണം.” ഉള്ളിലുള്ള അമര്‍ഷം മറച്ചു വച്ച് കണ്ടക്ടർ പറഞ്ഞു.

അയാൾ പതിയെ സീറ്റില്‍ നിന്നും എണീറ്റു. നെഞ്ചോട് അടുക്കി പിടിച്ചു വച്ച ബാഗ് ഒന്ന് കൂടി ശക്തിയായി ചേര്‍ത്തു പിടിച്ചു. ശേഷം വേച്ച് വേച്ച് ബസ്സില്‍ നിന്നും ഇറങ്ങി. ചിത്തഭ്രമം ബാധിച്ചവരെ പോലെ ഒരു വേള അയാളുടെ കൃഷ്ണമണികള്‍ എങ്ങു എന്നില്ലാതെ ചലിച്ചു. ശേഷം അയാൾ പതിയെ നടന്നു തുടങ്ങി.

“പാവം..രാഘവന്റെ ഓരോ അവസ്ഥയെ..ടൗണിലേക്ക് പോകുന്നു എന്ന് ആരോ പറഞ്ഞിരുന്നു രാവിലെ..എന്താ അല്ലെ.. മനുഷ്യന്റെ ഓരോ അവസ്ഥ..”

“അയാള്‍ക്ക് ഇത് ഒന്നും കിട്ടിയാൽ പോര…”

കവലയിലെ ചായക്കടയില്‍ സഹതാപത്തിന്റെയും അമര്‍ഷത്തിന്റെയും സ്വരങ്ങള്‍ ഉയർന്നു. മുന്നോട്ടുള്ള ഓരോ ചുവടും തന്നെ പുറകോട്ടു വലിക്കുന്നത് ആയി തോന്നി അയാള്‍ക്ക്. നടന്നിട്ടും നടന്നിട്ടും എത്താത്തത് പോലെ. വല്ലാത്ത പരവേശം. കാവിന് മുന്നില്‍ എത്തിയപ്പോൾ അയാൾ ഒന്ന് നിന്നു. കണ്ണ് ഒന്ന് നിറഞ്ഞു.

“വഴി തെറ്റി…എല്ലാം തെറ്റി…തിരിച്ചു പോക്ക് ഇല്ല”. അയാൾ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു. ഏന്തി വലിഞ്ഞു പടിപ്പുര കടന്നു ആ പടിയില്‍ തന്നെ അയാൾ തളര്‍ന്നു ഇരുന്നു.

“ദാഹം…തൊണ്ട വരളുന്നു.”

അന്നാദ്യമായി അയാളുടെ സ്വരം ഉയരാന്‍ മടിച്ചു നിന്നു. കണ്ണ് നീര് വന്നു കാഴ്ചയെ മറച്ചു.

******

“രാഘവാ…പെണ്‍ കുഞ്ഞാണ് കേട്ടോ…അമ്മയെ പോലെ തന്നെ സുന്ദരി കുട്ടി ആണ്”

വയറ്റാട്ടി തള്ളയുടെ സ്വരം കാതില്‍ തിളച്ച എണ്ണ കോരി ഒഴിച്ച പോലെ ആണ് അയാള്‍ക്ക് തോന്നിയത്. ആദ്യത്തെ കണ്‍മണി ആണ്‍കുട്ടി ആയിരിക്കണം. അതായിരുന്നു അയാളുടെ ആഗ്രഹം. അത് കൊണ്ട് തന്നെ ജനിച്ചു വീണ മുതൽ അയാൾ സ്വന്തം ചോരയെ വെറുത്തു.

പെണ്‍ ആയി ജനിച്ചത് കൊണ്ട് മാത്രം ഒരു അച്ഛന്റെ സ്നേഹം അവൾക്ക് വിലക്കപ്പെട്ട കനിയായി മാറി. മൂന്നു വര്‍ഷങ്ങള്‍ക്കു ഇപ്പുറം അയാൾ വീണ്ടും അച്ഛനായി. മൂത്ത മകളെ അവജ്ഞതയോടെ മാത്രം നോക്കി കണ്ട അയാൾ രണ്ടാമതു ജനിച്ച മകനെ സ്നേഹം കൊണ്ട് മൂടി.

******

മുടി രണ്ട് ഭാഗത്ത് പിന്നി കെട്ടി പഴകിയ ഒരു പാവാടയും ഷർട്ടും ഇട്ടു പാട വരമ്പത്ത് കൂടെ ഓടി വരുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം അയാളുടെ കണ്‍മുന്നില്‍ തെളിഞ്ഞു.

“അച്ഛാ..സ്കൂളിലെ ഏറ്റവും നല്ല കുട്ടിക്കുള്ള സമ്മാനം എനിക്കാണ്..നോക്കിക്കേ…”

കൈയിൽ ഒരു കുഞ്ഞു ട്രോഫിയുമായി ഓടി വന്ന ആ പത്തു വയസ്സുകാരിയെ അയാൾ യാതൊരു ദയയും കൂടാതെ തള്ളി മാറ്റി.

“നശിച്ച ജന്മം…അങ്ങ് മാറി നിക്ക്…”

ആ കുഞ്ഞിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീണ നീര്‍ തുള്ളികളെ കണ്ടില്ലെന്ന് നടിച്ച് അയാൾ മകന് അരികിലേക്ക് നടന്നു. കൈയിൽ കരുതിയ വര്‍ണ ശമ്പളമായ മിഠായി പൊതി അവന് നേരെ നീട്ടി.

“ഇത് എല്ലാ പരീക്ഷയിലും ജയിച്ചതിന് എന്റെ മോന് ഉള്ള അച്ഛന്റെ സമ്മാനം…”

മകനെ വാരി പുണര്‍ന്നു അയാൾ അവനെ സ്നേഹിക്കുമ്പോൾ ഒന്നുമറിയാതെ കരയുന്ന ആ പത്തു വയസ്സുകാരിയെയും കെട്ടി പിടിച്ചു അടുക്കളയില്‍ നിന്നും കണ്ണീര്‍ വാര്‍ക്കാന്‍ മാത്രമേ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളു.

******

“അച്ഛാ എനിക്ക് ഡിഗ്രീക്ക് അഡ്മിഷൻ കിട്ടി. ടൗണിലെ കോളേജ് ആണ്. എത്രയും പെട്ടെന്ന് ചേരണം.”

മടിച്ചു മടിച്ചു അവൾ അത്രയും പറഞ്ഞു നിര്‍ത്തി.

“പഠിപ്പ്..പെണ്ണ് പഠിച്ചിട്ട് എന്ത് ആക്കാന്‍ ആണ്..”

അയാൾ പുച്ഛത്തോടെ പറഞ്ഞു.

“അവള്‍ക്ക് പഠിക്കണം”

അന്ന് ആദ്യമായി ആ അമ്മയുടെ നാവ് ഉയർന്നു. അയാളുടെ എതിര്‍പ്പിനെ മറി കടന്നു അവൾ പഠിത്തം ആരംഭിച്ചു. അവളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ ആരംഭം.

******

മുഖത്ത് മഴ തുള്ളി പതിച്ചപ്പോൾ ആണ് അയാൾ കണ്ണ് തുറന്നത്. കൈയിൽ ഇരുന്ന ബാഗിലേക്ക് ഒരു വേള കൈ നീണ്ടു. ഒരു ഡയറി. അയാൾ അത് തുറന്നു…

“ഇന്ന് മുതൽ കോളേജില്‍ പോയി തുടങ്ങി. നല്ല കോളേജ് ആണ്. പിന്നെ എന്റെ സ്വപ്നം ആണല്ലോ ഇത്…”

അയാളുടെ കണ്ണ് നിറഞ്ഞു. അടുത്ത പേജ്കള്‍ അയാൾ മറിച്ചു…

“ഇന്ന് വല്യ ഒരു സാമൂഹിക സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റണം എന്ന് തോന്നി പോയി…”

“ഇന്ന് ആരോരുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരെ കണ്ടു. മാതാപിതാക്കള്‍ ഇല്ലാതെ ജീവിക്കുന്ന മക്കള്‍. മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍. എന്തൊരു വിരോധാഭാസം ആണ് അല്ലെ. എന്നെ സ്നേഹിക്കാന്‍ എല്ലാരും ഉണ്ടല്ലോ എന്ന് തോന്നി പോയി. സ്നേഹം പുറത്ത് കാണിക്കുന്നില്ലെങ്കിലും അച്ഛന് എന്നോട് സ്നേഹം ഇല്ലാതിരിക്കില്ല…മക്കളോട് സ്നേഹമില്ലാത്ത മാതാപിതാക്കൾ ഉണ്ടോ…? ഇല്ല…”

“ഇന്ന് ആണ് അവനെ പരിചയപ്പെട്ടത്…ചുരുങ്ങിയ സമയം കൊണ്ട് അവനെന്റെ നല്ല സുഹൃത്ത് ആയതു പൊലെ തോന്നി…”

“ഇന്ന് അവന്‍ എന്നോട് ഒരു കാര്യം പറഞ്ഞു. അവന് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന്. എന്റെ സ്വപ്നങ്ങളെ കുറിച്ച് ഞാൻ അവനോടു പറഞ്ഞു . ജീവിതത്തിൽ എന്നും ഒരു താങ്ങായി കൂടെ നില്‍ക്കാം എന്ന് അവന്‍ പറഞ്ഞു. വീട്ടില്‍ വന്ന് അച്ഛനോട് ആലോചിക്കാന്‍ പറഞ്ഞു ഞാൻ…”

“ഞാൻ നിഷേധി ആണെന്ന് തോന്നുമോ അച്ഛന്…?”

“സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരേലും ഒക്കെ ഉള്ളതു ഒരു സുഖമാണ്. അച്ഛനില്‍ നിന്നും ഇത് വരെ കിട്ടാത്ത വാത്സല്യം അവനില്‍ നിന്നും കിട്ടുന്നത് പോലെ തോന്നുന്നു. നാളെ അവന്റെ അച്ഛനും അമ്മയും എന്നെ കാണാന്‍ വരുന്നു എന്ന് പറഞ്ഞു. ടൗണിലെ അവന്റെ വീട്ടില്‍ പോകാൻ ആണ് പറഞ്ഞത്. ചെറിയ ഭയം തോന്നുന്നുണ്ട്. പക്ഷേ…എന്നെ മറ്റാരെക്കാളും മനസ്സിലാക്കിയത് അവന്‍ അല്ലെ…ആ വിശ്വാസം ഉണ്ട്…”

….കണ്ണ് നീര് വന്നു അയാളുടെ കാഴ്ചയെ മറച്ചു. പിന്നീടുള്ള പേജുകള്‍ ശൂന്യം ആയിരുന്നു.

******

ഉമ്മറത്തെ മണി മുഴങ്ങി.

“മോന്‍ എവിടെ…?”

വാതിൽ തുറന്ന ഭാര്യയോട് അയാൾ ചോദിച്ചു. പതിവ് ഉത്തരം കിട്ടാൻ വൈകിയത് കൊണ്ടാവണം അയാൾ ഒന്ന് തിരിഞ്ഞു നിന്നു അവളെ ഒന്ന് നോക്കിയത്‌.

“മോള്…അവള് ഇനിയും വന്നിട്ടില്ല…” ഏങ്ങലടിച്ചു കൊണ്ട് അവര് പറഞ്ഞു.

“എവിടെയെങ്കിലും ഊര് ചുറ്റുന്നുണ്ടാവും. അസത്ത്…” അയാൾ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.

******

അന്ന് ആദ്യമായി അയാൾ അവള്‍ക്ക് വേണ്ടി സമയം കളഞ്ഞു. അവളെ തിരഞ്ഞു നടന്നു. പിറ്റേന്ന് അയാൾ അവളെ കണ്ടു പിടിച്ചു. പക്ഷേ അവൾ ആകെ മാറി പോയിരുന്നു. വെള്ളത്തിൽ ഇറങ്ങാന്‍ കൂടി പേടിയുള്ള അവൾ ഒരു രാത്രി മുഴുവന്‍ കഴിഞ്ഞതു നഗരത്തിലെ ഓവു ചാലില്‍ ആയിരുന്നു. കൂട്ടിന് ഉണ്ടായിരുന്നത് തെരുവ് പട്ടികളും. നഗ്നമായ അവളുടെ മേനിയില്‍ പുഴുക്കള്‍ വിഹാരം തുടങ്ങിയിരുന്നു.

******

സ്നേഹം നടിച്ച് അവളെ വലയില്‍ വീഴാത്താൻ അവന് അധികം ബുദ്ധിമുട്ട് ഇല്ലായിരുന്നു. സ്വന്തം പിതാവിനാൽ വെറുക്കപ്പെട്ട അവളെ തന്റെ വരുതിയിലാക്കാന്‍ അവന് ചിലവായതു കുറച്ചു സ്നേഹം നിറഞ്ഞ വാക്കുകൾ മാത്രം ആയിരുന്നു.

അവന്റെയും കൂട്ടുകാരുടെയും ക്രൂരതക്ക് ഇരയായി മരിക്കുമ്പോഴും അവള് ഒരുപക്ഷേ സ്വപ്നം കണ്ടത് അച്ഛന്റെ സ്നേഹം ആയിരുന്നിരിക്കണം. അപകടത്തിൽ നിന്നും തന്നെ രക്ഷിക്കാൻ അച്ഛൻ വരുമെന്ന് ഉള്ള ഏതൊരു മകളുടെയും വിശ്വാസം.

******

നിറഞ്ഞ കണ്ണുകളോടെ അയാൾ ഡയറി അടച്ചു. പരാജയപ്പെട്ടു പോയ ഒരു അച്ഛന്റെ കണ്ണ് നീര്. മക്കള്‍ എല്ലാരും ഒരു പോലെ ആണെന്ന് മനസ്സിലാക്കാതെ പോയ മണ്ടന്‍. അയാൾ സ്വയം തലയിലു അടിച്ചു കൊണ്ടേ ഇരുന്നു. തെക്കേ പറമ്പില്‍ കത്തി തീര്‍ന്ന ചിതയുടെ ശേഷിപ്പ് തന്റെ നെഞ്ചില്‍ ആണ് കത്തുന്നതെന്ന് അയാള്‍ക്ക് തോന്നി.

“മകളെ…മാപ്പ്…മാപ്പ്…”

അയാൾ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് ആ മണ്ണോട് മുഖം ചേര്‍ത്തു. അവളുടെ ഡയറിയിലെ അവൾക്ക് പ്രിയപ്പെട്ട വരികള്‍ അയാൾക്കുള്ള ഓര്‍മ്മപ്പെടുത്തൽ ആയിരുന്നു.

“ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം, ഒറ്റത്തവണ ഓരോ പുറവും നോക്കി വയ്ക്കുവാൻ മാത്രം നിയോഗം, പഴയ താളൊക്കെ മറഞ്ഞുപോയി
എന്നേക്കുമെങ്കിലും, ചിത്രങ്ങളായി കുറിമാനങ്ങളായി ചിലതെത്രയും ഭദ്രം…” (കടപ്പാട്)

(ഒന്നിന്റെ പേരിലും മക്കള്‍ക്ക് ഇടയില്‍ പക്ഷഭേദം കാണിക്കാതിരിക്കുക. ആണ്‍ ആയാലും പെണ്‍ ആയാലും മക്കളെ ഒരു പോലെ സ്നേഹിക്കുക. സ്നേഹം നിറച്ച വാക്കുകളുമായി അവര്‍ക്കു ചുറ്റും കെണി വിരിക്കുന്ന കാട്ടാളന്മാർ ഉള്ള ലോകത്ത് മക്കളെ സ്നേഹത്തിന്റെ തണലില്‍ വളർത്തി സംരക്ഷിക്കുക)