നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ കീറിപ്പറഞ്ഞു പോവുമ്പോൾ ഒരു പ്രത്യേക സുഖമാണ്. ഇപ്പോൾ അതും ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു…

രചന: ഗായത്രി ശ്രീകുമാർ

കടൽത്തീരത്തിരുന്ന് സ്വപ്നം കാണുന്നത് വല്ലാത്തൊരു അനുഭൂതിയാണ്.

ഉപ്പുള്ള മണൽത്തരികളെ തലോടിക്കൊണ്ട്…കൂട്ടിനൊരു തണുത്ത കാറ്റുമുണ്ടാവും…

അകലെ നിന്നും പരിചയമുള്ള ഒരു മുഖം. ഹരിയേട്ടൻ…

നവവധുവിൻ്റെ കൈ പിടിച്ച് നടന്നു വരുകയാണ്. വിവാഹ ശേഷം ആളാകെ മാറിയിരിക്കുന്നു. മുഖത്തെ ഗൗരവമൊക്കെപ്പോയി. ഇത്രയും സന്തോഷത്തോടെ ഇതുവരെ കണ്ടിട്ടില്ല…

എന്നെ കണ്ടില്ലെന്ന് തോന്നുന്നു. കാണരുതെന്നാണ് പ്രാർത്ഥനയും…അസുഖം വന്നില്ലായിരുന്നെങ്കിൽ അവളുടെ സ്ഥാനത്ത് ഇപ്പോൾ…

വേണ്ട…ഒന്നും ഓർക്കണ്ട. ഓർമകളുടെ ഒടുക്കം ഭയപ്പെടുത്തുന്ന ഇരുട്ടാണ്. അവിടെ ഞാൻ ഒറ്റപ്പെടും…

ജീവിതം നിറയെ സ്വപ്നങ്ങൾ ആയിരുന്നു. സർക്കാർ ജോലി…ഹരിയേട്ടനുമായുള്ള വിവാഹം…ഞങ്ങളുടെ കുട്ടികൾ…അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങൾ…

ഇതിനെയെല്ലാം കുറിച്ച് പിന്നെ ചിന്തിച്ചാൽ പോരെയെന്ന് ഹരിയേട്ടൻ ചോദിക്കുമായിരുന്നു. എന്നാലും എൻ്റെ സ്വപ്നങ്ങൾ എനിക്ക് പ്രിയപ്പെട്ടവയാണ്.

ആരും വിളിക്കാതെയാണ് ഒരു ദിവസം സ്തനാർബുധം കടന്നു വന്നത്. എൻ്റെ ചിന്തകളിൽപ്പോലും അങ്ങനെയൊരു പേര് ഉണ്ടായിരുന്നില്ല. അസുഖം സ്ഥിതീകരിച്ചപ്പോൾ ആശ്രയമാവുമെന്ന് വിചാരിച്ചതും ഹരിയേട്ടൻ്റെ തോളുകളാണ്. പക്ഷേ…

നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ കീറിപ്പറഞ്ഞു പോവുമ്പോൾ ഒരു പ്രത്യേക സുഖമാണ്. ഇപ്പോൾ അതും ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു…

ഹരിയേട്ടൻ കണ്ണിൽ നിന്നു മറഞ്ഞു. അവർക്കു നല്ലതുമാത്രം വരട്ടെ…

ഇപ്പോൾ ഇവിടെ വന്നത് അമൽ വിളിച്ചിട്ടാണ്. ക്യാൻസർ എനിക്ക് സമ്മാനിച്ച സുഹൃത്ത്…കുറച്ചു കാലത്തെ പരിചയം കൊണ്ട് മനസ്സിൽ പതിഞ്ഞ വ്യക്തിത്വം. പരസ്പരം പരാതിയോ പരിഭവങ്ങളോ ഇല്ല. അമലിനു ക്യാൻസറിൻ്റെ രണ്ടാം ഘട്ടമായിരുന്നു. ഇപ്പോൾ അവനും ജീവിതം തിരിച്ചുപിടിച്ചു വരുന്നു…

ഞാൻ വൈകിയോ…? അമലിൻ്റെ ശബ്ദം.

ഇല്ല…ഞാൻ കുറച്ച് നേരത്തെയാണ്.

സുന്ദരിയായിരിക്കുന്നല്ലോ…?

സുന്ദരി…?

സ്തനങ്ങളും തലമുടിയുമില്ലാത്ത ഞാൻ ആ വാക്കു കേട്ടിട്ട് കുറേയായിരിക്കുന്നു…

കടൽത്തീരത്തിരുന്ന് സ്വപ്നം കാണാൻ നല്ല രസമാണല്ലേ…

തൻ്റെയൊപ്പം സ്വപ്നം കാണാൻ എന്നെയും കൂട്ടുമോ…? അവൻ എൻ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. കാര്യായിട്ടാടോ…ഇനിയും നിറം കൊടുക്കാൻ ഒരുപാട് സ്വപ്നങ്ങൾ ബാക്കിയില്ലേ നമുക്ക്…?എനിക്ക് വാക്കുകൾ കിട്ടാതെയായി.

ജോലി വാങ്ങണ്ടേ തനിക്ക്…? പിന്നെ നമുക്കൊരു പെൺകുഞ്ഞിനെ ദത്തെടുത്ത് നമ്മുടെ മോളായി വളർത്താം…അവൻ്റെ വിരലുകൾ എൻ്റെ മുഖത്തേക്ക് നീണ്ടു വന്നു. ഞാൻ പോലുമറിയാതെ ഒലിച്ചിറങ്ങിയ രണ്ടു തുള്ളി കണ്ണുനീർ തുടച്ചു.

ഇപ്പോൾ ഞാൻ അമലിൻ്റെ തോളിൽ തലവച്ച് കിടക്കുകയാണ്…അവനെൻ്റെ കൈകളെ ചേർത്തു പിടിച്ചിട്ടുണ്ട്…പുതിയ ആശകൾ ജനിക്കുന്നു…

ഞാൻ വിശ്വസിക്കുന്നു, എൻ്റെ സ്വപ്നങ്ങൾ മരിക്കുകയില്ല. എത്ര ദൂരെപ്പോയാലും ഈ തിരകളെപ്പോലെ വീണ്ടും വീണ്ടും അതെല്ലാം എന്നിലേക്ക് തന്നെ തിരികെ വന്നു കൊണ്ടിരിക്കും…