ഒരു പരിഹാസ ചിരിയോടെ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ വിസ്പർ കടക്കാരൻ എനിക്കു നേരെ നീട്ടിയപ്പോൾ, അയാളോടായി ഞാൻ പറഞ്ഞു…

രചന: സുധിൻ സദാനന്ദൻ

നീ എന്താ കാർ നിർത്തിയത്…?

ഒരു സാധനം വാങ്ങണം…

എന്ത്…?

വിസ്പർ…

അയ്യേ…വിസ്പറോ…? അതൊക്കെ നമ്മൾ ആണുങ്ങൾ വാങ്ങിക്കുമ്പോൾ നാണക്കേടല്ലേടാ…

മനു…നിന്നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിന്നേപ്പോലെ ഒരുപാടു പേർ ഇപ്പോഴും സമൂഹത്തിലുണ്ടെന്നുള്ളതാണ് സത്യം. നിന്നെ കൊണ്ടെല്ലാം ആർത്തവത്തെക്കുറിച്ചും സാനിറ്ററി നാപ്കിനെകുറിച്ചും മുഖപുസ്തകത്തിൽ വരുന്ന പോസ്റ്റുകൾക്ക് ലൈക്ക് ചെയ്യാനും കമന്റ് അയക്കാനൊക്കെ കഴിയൂ…അതൊന്നും ജിവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയില്ല എന്നും പറഞ്ഞ് അമർഷത്തോടെ ഡോർ തുറന്ന് ഞാൻ പുറത്തിറങ്ങി…

ചേട്ടാ ഒന്നു വേഗം എടുക്ക്…ഞാൻ തിരക്ക്കൂട്ടി. ഒരു പരിഹാസ ചിരിയോടെ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ വിസ്പർ കടക്കാരൻ എനിക്കു നേരെ നീട്ടിയപ്പോൾ, അയാളോടായി ഞാൻ പറഞ്ഞു…

എന്റെ കയ്യിലിരിക്കുന്ന ഈ സാധനം കണ്ട് ചിരി വരാൻ പാകത്തിൽ ഒന്നും തന്നെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലെടോ…ഒരു സ്ത്രീയ്ക്ക് തന്റെ ഗർഭപാത്രം അണുബാധ ഇല്ലാതെ സംരക്ഷിയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും, ആ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടും മനസ്സിലാക്കാൻ താനൊരു പെണ്ണാവണം എന്നില്ല…പെണ്ണിനെ മനസ്സിലാക്കുന്ന നട്ടെല്ലുള്ള ഒരു ആണായാൽ മതി എന്ന് കൂടി ഞാൻ പറഞ്ഞ് തിരിഞ്ഞപ്പോൾ എന്റെ പുറകിലായി മനു നിൽക്കുന്നുണ്ടായിരുന്നു…

ഞാൻ പറഞ്ഞത് അവനും കേട്ടിട്ടുണ്ടെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി. കാർ അവന്റെ വീടിന്റെ മുന്നിൽ എത്തുന്നതു വരെ അവൻ ഒന്നും തന്നെ സംസാരിച്ചില്ല…

ഒരു പുതിയ തിരിച്ചറിവോടെയാണ് അവൻ കാറിൽ നിന്നിറങ്ങിയത് എന്ന് അവൻ പോകാൻ നേരം പറഞ്ഞ നന്ദിയിൽ പ്രകടമായിരുന്നു…

****** ****** ****** *****

അച്ചൂ…ആഹാ…നീ ഇവിടെ കിടക്കാണോ…? ഞാൻ എത്ര വിളിച്ചുകൂവി എന്റെ അച്ചൂസേ…

അറിഞ്ഞില്ല ഏട്ടാ, തീരെ വയ്യ…

അത്‌ എനിക്ക് അറിയാലോ, അല്ലെങ്കിൽ കാറിന്റെ ഹോൺ കേട്ടാൽ ഉമ്മറപ്പടിയിലേക്ക് ഓടി വരൂലോ…ഇതാ നീ മേടിക്കാൻ പറഞ്ഞ സാധനം. ബാഗിൽ നിന്ന് കവർ എടുത്ത് അവൾക്ക് കൊടുത്തു.

അതേ അച്ചൂസേ…ഞാൻ കുളിച്ചിട്ടു വരാം. ഇനി നീ അടുക്കളയിൽ കയറണ്ട. പുറത്തു നിന്നു ഞാനെന്റെ അച്ചൂസിനു ഇഷ്ടപ്പെട്ട മസാലദോശ വാങ്ങി കൊണ്ടു വന്നിട്ടുണ്ട്. ഒറ്റയ്ക്ക് എടുത്ത് കഴിയ്ക്കല്ലേട്ടോ കൊതിച്ചീ…കുളിച്ചു വന്ന് ഒരുമിച്ച് കഴിയ്ക്കാട്ടോ…

കുളിച്ചു വന്ന് നോക്കുമ്പോൾ അവൾ ഉറങ്ങാൻ തുടങ്ങുകയായിരുന്നു. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്ന് അറിയാവുന്നത് കൊണ്ട്, വിളിച്ച് എണീപ്പിച്ച് മസാലദോശ വായിൽ വച്ചു കൊടുക്കുമ്പോൾ, എന്നിലേക്ക് ചേർന്ന് ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കഴിക്കുകയായിരുന്നു അവൾ.

മാസത്തിലെ ഈ ദിവസങ്ങൾ ഒഴിച്ചാൽ എന്നേക്കാൾ ചുറുചുറുക്കോടെ വീടു മുഴുവനും ഓടി നടക്കുന്നതാണ്…അത്രയ്ക്കു വയ്യാതെ ആണ് പാവം…ഉറങ്ങിക്കോ എന്ന് പറഞ്ഞ് നെറുകയിൽ ഒരു ചുംബനവും നൽകി അരികിലായി ഞാനും കിടന്നപ്പോൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് അവളും കിടന്നു.

മനുഏട്ടനോട് അത് വാങ്ങി കൊണ്ടുവരാൻ പറഞ്ഞതിന് തിരിച്ചുവന്നാൽ എന്നോട് ദേഷ്യപ്പെടുമോ എന്ന് പേടിച്ചാ ഞാൻ ഇരുന്നത്…

പത്താം ക്ലാസ്സിലെ ബയോളജി ടീച്ചറെ സംശയം കൊണ്ട് ഉത്തരം മുട്ടിച്ച ബാക്ക് ബെഞ്ചിലെ ഉഴപ്പന്മാരിൽ ഒരാളായിരുന്നു ഞാൻ. അവിടെ നിന്നും ഒരു പെണ്ണ് എന്താണെന്നും അവൾ എങ്ങനെ ആണെന്നും ഈ അനാഥ ചെക്കനു മനസ്സിലാക്കി തന്നതു എന്റെ അച്ചൂസാണ്. നീ പഠിപ്പിച്ചത് ഒന്നും ഞാൻ മറക്കില്ല. അതു കൊണ്ട് എനിക്ക് ഒരു മാനക്കേടും തോന്നിയില്ല. എന്റെ ഭാര്യയ്ക്ക് ഉള്ളത്, നെഞ്ചുവിരിച്ചു തന്നെയാ വാങ്ങി കൊണ്ടുവന്നേട്ടോ എന്ന് ഞാൻ പറഞ്ഞു കഴിയും മുമ്പേ അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ കഥകൾ പറഞ്ഞു തുടങ്ങിയിരുന്നു…

****** ****** ****** ******

ആർത്തവം ഒരു മോശം സംഭവമല്ല. അമ്മയാകാൻ സ്ത്രീക്ക് പ്രകൃതി നൽകിയ വരമാണത്. ആ സമയങ്ങളിൽ അവരെ അറുപ്പോടെയും വെറുപ്പോടെയും നോക്കാതെ, ഒന്ന് ചേർത്ത് പിടിക്കുക. അതാണ്‌ ഓരോ സ്ത്രീയും ഒരു പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത്…