ധ്രുവം – രചന:നൗഫൽ കളമശ്ശേരി
പള്ളിക്കൂഠത്തിൽ തൊട്ട് മനസിൽ പതിഞ്ഞു പോയ ആ മുഖം ഇനിയും അയാളിൽ നിന്നും വിട്ട് പോയിട്ടില്ല.
നാലാം ക്‌ളാസിൽ പഠിക്കുമ്പോളാണ് മനു ആദ്യമായി അവളെ കാണുന്നത്. നീളൻ കണ്ണുകളും, മുടി രണ്ടായി പിന്നി വിവിധങ്ങളായ നിറത്തിലുള്ള റിബണും കെട്ടിയാണ് അവൾ സ്കൂളിലേക്ക് വരാറ്…നെറ്റിയിൽ ചന്ദനക്കുറി, മുഖത്ത് എപ്പോളും ചെറു പുഞ്ചിരിയും അവൾക് കൂട്ടായി ഉണ്ടായിരുന്നു.
ഗൗരി…
മനുവിന്റെ മനസ് മുഴുവൻ ഗൗരിയും അവളെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളും നിറഞ്ഞു നിന്നു. വർഷങ്ങൾക് ശേഷം ആ മുഖം വീണ്ടും കാണാൻ പോവുകയാണ്.
ഇന്നയാൾക്ക് മുപ്പത്തിരണ്ട് വയസ്. ഭാര്യയുണ്ട്, ഉഷ…ഒരു മകളും. മനു ചിന്തയിലാണ്. പാതി രാവിൽ അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് തന്റെ മൊബൈൽ എടുത്ത് നോക്കി. സമയം ഒരു മണി കഴിഞ്ഞു. പെട്ടെന്ന് തന്റെ ഭാര്യ ഉഷ എഴുന്നേറ്റ് ചോദിച്ചു…എന്തെ, ഉറങ്ങുന്നില്ലേ…? എന്ത് പറ്റി…?
ഹേയ്, കിടന്നിട് ഉറക്കം വന്നില്ല…
പറ ചേട്ടാ…എന്ത് പറ്റി…? വൈകുന്നേരം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്. മനസ് ഇവിടെ ഒന്നുമല്ലേ…?
ഒന്നുമില്ലടോ..വാ നമുക്ക് കിടക്കാം.
അയാൾ ഭാര്യയുടെ മുഖത് നോക്കി പുഞ്ചിരിച്ച് കൊണ്ട് തൊട്ടപ്പുറത്തു കിടക്കുന്ന തന്റെ മകൾക് ഒരു മുത്തം നൽകി. രണ്ടാളും ഉറങ്ങാൻ കിടന്നു. മനു കണ്ണടച്ചു ഉറങ്ങാൻ കിടന്നെങ്കിലും മനസിലേക്ക് ഗൗരി എന്ന തൻ്റെ കളിക്കൂട്ടുകാരിയുടെ ഓർമകളിലേക്ക് വഴുതി വീണു.
നാലാം ക്‌ളാസ് മുതൽ ഒൻപതാം ക്ലാസ് വരെ അവർ സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ്. ഗൗരിയുടെ അച്ഛൻ ഒരു ഹോട്ടൽ ജീവനക്കാരനാണ്. അവരുടെ സ്വന്തം നാട് കിഴക്കൻ പ്രദേശത്ത് എവിടെയോ…കൃത്യമായി അറിയില്ല…
ജോലിയൊക്കെ തരപ്പെടുത്തി തന്റെ അച്ഛൻ ഗൗരിയേയും അമ്മയെയും കൂട്ടി ഇവിടെ വന്നു താമസമാക്കിയതാണ്. അവളെ നാലാം ക്‌ളാസിൽ ഇവിടെ സ്കൂളിൽ ചേർത്തു.
ഗൗരി…അവൾ സുന്ദരിയാണ്, മിടുക്കിയാണ്. എല്ലാവരോടും അങ്ങനെ തുറന്നു സംസാരിക്കാറില്ല. സ്കൂളിലെ ഓരോ വർഷം പിന്നിടുമ്പോഴും, ഗൗരിയും മനുവും അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.
അവൾ നന്നായി പടിക്കും, പാട്ട് പാടും, ചിത്രം വരക്കും…മനുവിന്റെ വീടിന്റെ കുറച്ച് ദൂരെയാണ് ഗൗരി താമസിച്ചിരുന്നത്. കൃത്യമായി ഇപ്പോളും മനുവിന് ആ വീട് അറിയില്ല. ഗൗരി കാണാതെ പല വട്ടം അവളുടെ പിറകെ പോയി വീട് കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, മനു അതിൽ പരാജിതനായി.
മനു എന്നും നേരത്തെ വീട്ടിൽ നിന്നും ഇറങ്ങും. സ്കൂളിലേക്ക് പോകുന്ന വഴി ഒരു റെയിൽ പാതയുണ്ട്. അത് കടന്നു വേണം സ്കൂളിലേക് പോവാൻ…മിക്ക ദിവസവും ഗൗരിയുടെ വരവും കാത്ത് അവൻ അവിടെ നിൽക്കും. അവൾ കടന്നു പോയതിനു ശേഷം, അയാൾ അവളുടെ പിറകിൽ നടന്ന് സ്കൂളിലേക്ക് പോവും.
ഒപ്പം സംസാരിച്ച് നടന്നു പോവണമെന്നുണ്ട്. പക്ഷെ എന്തോ മനുവിന്റെ ഉള്ളിൽ എന്തോ ഒരു പേടി. മാത്രമല്ല പിറകെ നടന്നു പോവുമ്പോൾ അവളുടെ അഴിച്ചിട്ട മുടിയും, ഈറൻ മാറാതെ അതിൽ നിന്നും ണിം..ണിം..എന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളും തലയിൽ ചൂടിയിരിക്കുന്ന തുളസി കതിരും നോക്കി അങ്ങനെ ഒരു സ്വപ്ന ലോകത്തെന്ന പോലെ അവൻ സ്കൂളിലേക് എത്തും.
മനുവിന്റെ ഉള്ളിൽ ഗൗരിയെ കുറിച്ചുള്ള ഓർമ്മകൾ ഒരു കുളിർ മഴയായി പെയ്തിറങ്ങി…ക്‌ളാസിൽ അവൾ തന്നോട് വന്ന് സംസാരിക്കുന്നത് പോലെ മറ്റാരോടും അവൾ അങ്ങനെ സംസാരിക്കാറില്ലായിരുന്നു. പല വട്ടം തന്റെ മറ്റു സുഹൃത്തുക്കൾ പരസ്പരം ഗൗരിയെയും അവളുടെ സൗന്ദര്യത്തെയും പറ്റി ചർച്ച ചെയ്യുമ്പോൾ മനു പതിയെ അതിൽ നിന്നും ഒഴിഞ്ഞു മാറുമായിരുന്നു.
ഒരിക്കൽ ഏഴാം ക്‌ളാസിൽ വെച്ച് തന്റെ സുഹൃത്തായ സനൽ വഴിയിൽ വെച്ച് ഗൗരിയോട് ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന് ഉച്ചക്ക് ഗൗരി മനുവിന്റെ അടുക്കൽ വന്ന് വളരെ വിഷമത്തോടെ പറഞ്ഞു…
മനൂ..ആ സനൽ ഇല്ലേ…? തന്റെ കൂട്ടുകാരൻ, അവൻ ഇന്ന് രാവിലെ വഴിയിൽ വെച്ച് എന്നോട് ഇഷ്ടമാണെന്നു പറഞ്ഞു. അവന് എന്താ ഭ്രാന്തുണ്ടോ…? ഇനിയും എന്നെ ഇങ്ങനെ ശല്യം ചെയ്യരുതെന്ന് മനു അയാളോട് ഒന്ന് പറയണം. ഗൗരി കെഞ്ചിയെന്നോണം മനുവിനോട് പറഞ്ഞു.
അത് പറയുമ്പോൾ അവളുടെ മുഖം വാടിയിരുന്നു. മനുവിന് മനസ്സിൽ വല്ലാത്തൊരു നോവ്. കാരണം ഒരിക്കൽ തന്റെ ഉള്ളിലുള്ള ഇഷ്ടം ഗൗരിയോട് തുറന്ന് പറയാൻ അവൻ ആഗ്രഹിച്ചിരുന്നു. തന്റെ സുഹൃത്തായ സനൽ ഇപ്പോൾ ഇങ്ങനെ ഒരു അഭ്യർത്ഥന നടത്തിയപ്പോൾ അവളിലുണ്ടായ ഈ വിഷമവും, അമർഷവും, ദേഷ്യവും തന്നോടും തോന്നുമോ…എന്നുള്ള ഭയം അന്ന് അയാളിൽ കടന്നു കൂടിയതാണ്.
താനും ഇങ്ങനെ ഗൗരിയോട് തന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ചിലപ്പോൾ തന്നോടും അവൾക് ദേഷ്യവും, വെറുപ്പും തോന്നുമോ…അത് കാരണമായി അവൾ തന്നോട് സംസാരിക്കാതിരിക്കുമോ…? അത് മനുവിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
അങ്ങനെ അയാൾ തന്റെ ഇഷ്ടം ഉള്ളിൽ ഒതുക്കി നടന്നു. വർഷം വീണ്ടും കടന്നു പോയി. ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയം,ഒരിക്കൽ ഗൗരി തന്റെ അടുക്കൽ വന്നു പറഞ്ഞു…മനൂ..എന്റെ അമ്മാവൻ മരണപ്പെട്ടു. നാട്ടിലാണ്. ഞാനും അച്ഛനും അമ്മയും കൂടി നാട്ടിലേക്ക് പോവുന്നു. അവിടെ അമ്മായിയും കുട്ടികളും തനിച്ചാണ്. ചിലപ്പോ ഇനി അവിടെയുള്ള സ്കൂളിൽ ചേർന്നാണ് പഠിക്കുക. നാളെ തന്നെ ടി സി വാങ്ങി മടങ്ങണമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്…
ഒരു ഇടിമിന്നൽ വന്ന് തന്റെ നെഞ്ചിൽ തറച്ച പോലെ മനുവിന് തോന്നി. അവൻ ഒന്നും മിണ്ടാതെ തല കുനിച്ച് ചെറുതായി ഒന്ന് മൂളി. എന്നിട് മറ്റൊന്നും മിണ്ടാതെ ക്ലസ്സിനകത്തേക്ക് കയറി പോയി. പിറ്റേന്ന് രാവിലെ മനു പതിവിലും നേരത്തെ തന്നെ ക്ലാസിലെത്തി.
ബെല്ലടിച്ചു ക്ലാസ് ആരംഭിച്ചിട്ടും ഗൗരി ഇത് വരെ എത്തിയിട്ടില്ല. മാഷ് ക്ലാസ് ആരംഭിച്ചിട്ടും മനുവിന്റെ ശ്രദ്ധ പുറത്തു വരാന്തയിലേക്കാണ്. തൻ്റെ ഗൗരി വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്…
കുറച്ചു നേരം കഴിഞ്ഞ് ഗൗരി തൻ്റെ അമ്മയുടെ കൂടെ നടന്നു വരുന്നത് അവൻ കണ്ടു. പതിവ് പോലെ യൂണിഫോം അല്ല അവളുടെ വേഷം. ഒരു നീല നിറത്തിലുള്ള പാവാടയും, ബ്ലൗസും. അവളുടെ സൗന്ദര്യം ഇരട്ടിയായിരിക്കുന്നു…
ക്ലാസ്സിലെ മറ്റു കുട്ടികൾ പരസ്പരം പിറുപിറുക്കുന്നത് ഞാൻ കേട്ടു. ഗൗരി ടിസി വാങ്ങി അവളുടെ നാട്ടിലേക്ക് പോവുകയാണ്…ഇനി ഇവിടേക്ക് വരില്ല…അങ്ങനെ പലതും…
സൈലെൻസ്…പെട്ടെന്ന് മാഷ് ബെഞ്ചിൽ ആഞ്ഞടിച്ചു. മനു ഞെട്ടിത്തരിച്ചു പോയി. അവൻ എന്ത് ചെയ്യണമെന്നറിയാതെ തല കുനിച്ച് ഇരുന്നു. പെട്ടെന്ന് ബെൽ അടിച്ചു.
ഇടവേളയാണ്…മനു പെട്ടെന്ന് ക്ലാസിനു വെളിയിൽ വന്ന് ടീച്ചേർസ് റൂമിന്റെ അടുത്തേക് ചെന്നു. അവിടെ ഗൗരിയും അമ്മയും പണിക്കർ മാഷുമായി സംസാരിക്കുന്നു. ഗൗരി പെട്ടെന്ന് തിരിഞ്ഞ് മനുവിനെ നോക്കി. മനു അത് കാണാത്ത മട്ടിൽ തിരിഞ്ഞു കളഞ്ഞു. ഗൗരി മാഷിനോട് അനുവാദം ചോദിച്ച് മനുവിന്റെ അടുക്കലേക്ക് ചെന്ന് മനുവിനോട് ചോദിച്ചു.
ഹേ മനൂ..എന്തെ എന്നെ മൈൻഡ് ചെയ്യാണ്ട് പോയത്…?
ഇല്ല, ഒന്നുമില്ല..ടിസി ഒക്കെ ശരിയായോ…? മനു അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ആ..കുറച്ച് കഴിഞ്ഞ് ഹെഡ്മാസ്റ്ററുടെ ഓഫീസിൽ പോയി വാങ്ങണം.
മ്…മനു ഒന്ന് മൂളി. ഗൗരി പതിയെ മനുവിന്റെ അടുത്തേക്ക് ചെന്ന് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
മനൂ..ഞാൻ പോവാ..നീയെന്നെ മറക്കുമോ…? മറക്കരുത് ട്ടോ…എനിക്കീ സ്കൂളിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് നീ. എന്നെ ഇടക്ക് വിളിക്കണം..ഇതാ..അമ്മാവന്റെ വീട്ടിലെ ഫോൺ നമ്പറാ…
ഗൗരി ഒരു ചെറിയ തുണ്ട് കടലാസ് എടുത്ത് മനുവിന് നേരെ നീട്ടി. മനുവിന് ഉള്ളിൽ സങ്കടം അണപൊട്ടി. അത് പുറത്തു കാണിക്കാതെ അവൻ അത് ഉള്ളിൽ കടിച്ചമർത്തി. അപ്പോഴേക്കും ഗൗരിയുടെ അമ്മ അവരുടെ അടുത്തേക്ക് വന്നു.
ഹാ..മനു..നന്നായി പടിക്കണം കേട്ടോ…? ഞങ്ങൾ നാളെ പോകുവാ…ഗൗരിയുടെ അമ്മ മനുവിന്റെ തോളിൽ തട്ടി പറഞ്ഞു.
പെട്ടെന്ന് ഒരു കുട്ടി ഓടി വന്ന് പറഞ്ഞു, ഗൗരി ചേച്ചിയെയും അമ്മയെയും ഹെഡ് മാഷിന്റെ ഓഫീസിലേക്ക് വിളിക്കുന്നു. അപ്പോളേക്കും അടുത്ത ക്ലാസിനുള്ള ബെൽ അടിച്ചു. ഗൗരിയും അമ്മയും കൂടി ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി. ആ വരാന്തയിൽ നിന്ന് അകലുന്നത് വരെ ഗൗരി മനുവിനെ തിരിഞ്ഞ് തിരിഞ്ഞ് നോക്കി…അവൾ കാഴ്ചയിൽ നിന്നും മറയുന്നത് വരെ മനുവും അവളെ നോക്കി നിന്നു.
അന്നാണ് മനു ഗൗരിയെ അവസാനമായി കണ്ടത്…
ഏകദേശം കുറച്ച് മാസങ്ങൾക് ശേഷം മനു ഗൗരി തനിക്ക് തന്ന ഫോൺ നമ്പറിൽ വിളിച്ചു നോക്കി. ഫോൺ എടുത്തത് മറ്റാരോ ആണ്. ഗൗരി അപ്പുറത്തെ വീട്ടിലാണെന്നും കുറച്ച് സമയം കഴിഞ്ഞു വിളിക്കാൻ പറഞ്ഞു ഫോൺ വെച്ചു. ശരി എന്ന് പറഞ്ഞ് മനു ഫോൺ കട്ട് ചെയ്തു.
പിന്നീട് തിരിച്ചു വിളിച്ചതും ഇല്ല. അവനിലെന്തോ ഇപ്പോഴും ആ ഭയം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അവൾ അന്ന് ഫോൺ കോളിനായി കാത്തിരുന്നിരിക്കുമോ…? അറിയില്ല…
വർഷങ്ങൾ കടന്നു പോയി. മനു ഇപ്പോൾ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. ഒരിക്കൽ ഫേസ് ബുക്കിൽ അയാൾ തന്റെ സ്കൂൾ പേജിൽ വെറുതെ പരതി നോക്കിയപ്പോൾ ഒരു പ്രൊഫൈൽ കണ്ടു. ഗൗരി കൃഷ്ണൻ. അതെ തൻ്റെ പഴയ കളിക്കൂട്ടുകാരി. മനു വീണ്ടും കണ്ണോടിച്ചു.
അവൾ ഇപ്പോൾ ചെന്നൈയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ച് കാത്തിരുന്നു. പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. കാലത്ത് ഉറക്കം എണീറ്റ മനു മൊബൈൽ ഫോൺ എടുത്ത് നോക്കി. ഗൗരിയുടെ മെസ്സേജ്…
ഹായ് മനൂ…അറിയോ എന്നെ…?
മനു തിരിച്ചും മെസ്സേജ് അയച്ചു. പിന്നെ അറിയാതെ, അത് കൊണ്ടല്ലേ റിക്വസ്റ്റ് അയച്ചത്…
കൊറേ നേരം അവർ വിശേഷങ്ങൾ പങ്കു വെച്ചു. കുറെ നാളത്തേക്ക് ആ ഫേസ് ബുക്ക് ബന്ധം തുടർന്നു. ഈ സമയത്തും മനു തൻ്റെ ഉള്ളിലെ ഇഷ്ടം ഗൗരിയോട് തുറന്നു പറഞ്ഞില്ല. പിന്നീട് ഗൗരി അവളുടെ ഫേസ് ബുക്ക് തുറക്കാതെ ആയി. എന്താണെന്നറിയില്ല. അയക്കുന്ന സന്ദേശങ്ങൾക്ക് ഒന്നും മറുപടിയും വരുന്നില്ല. വർഷങ്ങൾ വീണ്ടും കടന്നു പോയി.
മനുവിന്റെ വിവാഹം കഴിഞ്ഞു, ഇപ്പോൾ രണ്ടു വയസുള്ള ഒരു മകളുണ്ട്. മനു തൻ്റെ ഭാര്യ ഉഷയോട് ഗൗരിയെ കുറിച്ചും, ആ പഴയ ഓർമകളെ കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഇരിക്കെ ഒരിക്കൽ വീണ്ടും മനുവിന് ഗൗരിയുടെ മെസ്സേജ് വന്നു.
ഹായ് മനൂ..സുഖമല്ലേ…? സോറി ഡാ ഞാൻ കുറച്ച് വിഷമത്തിലൊക്കെ ആയിപോയി. എന്റെ അച്ഛൻ മൂന്നു വർഷം മുൻപ് മരണപ്പെട്ടു. വീട്ടിൽ അമ്മ തനിച്ചായി, ഞാൻ നാട്ടിലേക്ക് തിരിച്ചു പോന്നു. വല്ലാത്തൊരു അവസ്ഥ ആയിരുന്നു. പിന്നെ, എൻ്റെ വിവാഹം കഴിഞ്ഞു. ഭർത്താവ് ഇടുക്കി വില്ലജ് ഓഫീസിൽ ക്ലാർക്ക് ആണ്. താമസവും ഇവിടെ തന്നെ. ഞാനിപ്പോ ജോലിക്ക് പോവുന്നില്ല. ഒരു മകനുണ്ട് ധ്രുവ്. ഇപ്പോൾ ഒരു വയസായി…
മനു തൻ്റെ കുടുംബ വിശേഷങ്ങളും ഗൗരിയുമായി പങ്കു വെച്ചു. ഗൗരി അടുത്ത ആഴച കുടുംബമായി ഇവിടേക്ക് വരുന്നുണ്ടെന്നും തന്നെയും കുടുംബത്തെയും കാണാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു.
മനു വീണ്ടും ആ പഴയ സ്കൂൾ കുട്ടിയുടെ പ്രായത്തിലേക്ക് ചുരുങ്ങി. മനുവിന് കിടന്നിട് ഉറക്കം വരുന്നില്ല. നാളെയാണ് തന്റെ കളിക്കൂട്ടുകാരി ഗൗരിയെ നീണ്ട പതിനേഴു വർഷങ്ങൾ കഴിഞ്ഞ് അയാൾ വീണ്ടും കാണാൻ പോവുന്നത്.
പെട്ടെന്ന് മൊബൈലിൽ അലാറം അടിച്ചു. സമയം രാവിലെ ആറ്. ഭാര്യ ഉഷ ഉറക്കിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. മനു കണ്ണടച്ചു ഉറക്കം നടിച്ച് അവിടെ തന്നെ കിടന്നു. കുറച്ച് കഴിഞ്ഞ് ഉഷ ചായയുമായി വന്നു.
അതേയ്..ഇന്നല്ലേ ഗൗരിയും, കുടുംബവും വരുന്നത്. നമുക്ക് ഫുഡ് എന്താ ചെയ്യേണ്ടത്. ഓർഡർ ചെയ്താലോ…? ഉഷ ചോദിച്ചു.
മനു കട്ടിലിൽ എഴുന്നേറ്റ് ഇരുന്ന് പറഞ്ഞു…ഹേയ്, അത് വേണ്ട. നമുക്ക് ഇവിടെ തന്നെ ഒരുക്കാം. അപ്പോളേക്കും തന്റെ കുഞ്ഞു മകൾ എഴുന്നേറ്റ് മനുവിന്റെ മടിയിൽ വന്നിരുന്നു. മനു മകൾക്ക് മുത്തം നൽകി കൊണ്ട് ഉഷയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഇന്ന് ഞാനും കൂടാം തൻ്റെ കൂടെ പാചകത്തിന്…
ഓ, പഴയ കൂട്ടുകാരി വരുന്നത് കൊണ്ടാവും…ഉഷ തമാശയായി ചിരിച്ച് കൊണ്ട് പറഞ്ഞു. മനുവും ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു…ആ..അങ്ങനെ എങ്കിൽ അങ്ങനെ…അങ്ങനെ രണ്ടാളും കൂടി ചെറിയ രീതിയിൽ സദ്യയും പായസമൊക്കെ ഒരുക്കി കാത്തിരുന്നു.
ഏകദേശം പതിനൊന്നു മണിയായപ്പോൾ വീട്ടു പടിക്കൽ ഒരു വെള്ള നിറത്തിലുള്ള കാർ വന്നു നിന്നു. അപ്പോൾ ഉഷ മനുവിനെ നോക്കി കളിയാക്കി എന്നോണം ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. മനു ചെറിയ ചമ്മലോടെയും ആകാംഷയോടെയും ഒരു കൊച്ചു കുട്ടിയെ പോലെ ഓടി ചെന്ന് ഗേറ്റ് തുറന്നു.
അതാ..തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുക്കാരി ഗൗരി. കയ്യിൽ തൻ്റെ കുഞ്ഞുമായി കാറിൽ നിന്നും ഇറങ്ങി. അവൾ മനുവിനെ നോക്കി ചിരിച്ചു. മനു ആ പഴയ സ്കൂൾ കുട്ടി ആയി മാറുകയായിരുന്നു. എന്ത് സംസാരിക്കണം…? എങ്ങനെ സംസാരിക്കണം…? എന്നറിയാതെ വാക്കുകൾ കിട്ടാത്ത അവസ്ഥ.
ഗൗരി തൻ്റെ ഭർത്താവിനെ മനുവിന് പരിചയപ്പെടുത്തി. വീട്ടിൽ കയറി പരസ്പരം കുടുംബ വിശേഷങ്ങളിൽ മുഴുകി. ഉഷ അവരുടെ വിവാഹ ആൽബവും മറ്റും കാണിച്ച് കൊടുത്തു. അങ്ങനെ ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും അവിടവിടെയായി വിശ്രമിക്കുമ്പോൾ, തൻ്റെ മകളുടെ കൂടെ വിശേഷങ്ങൾ പങ്കു വെക്കുന്ന ഗൗരിയുടെ അടുത്തേക്ക് മനു ചെന്നു. മനുവിനെ കണ്ടതും ഗൗരി ഒന്ന് പുഞ്ചിരിച്ചു.
പിന്നെ വേറെന്താ മനൂ…നാളുകൾ എത്ര പെട്ടെന്നാ കടന്നു പോയത് അല്ലെ മനൂ…എങ്കിലും നിനക്ക് എന്നെ ഓർക്കാനും വിളിക്കാനും ഇത്ര വർഷങ്ങൾ വേണ്ടി വന്നല്ലോ…?
മനു മനസ്സിൽ പതിയെ പണ്ട് ഗൗരിയെ അമ്മാവന്റെ വീട്ടിലേക്ക് ഫോൺ ചെയ്തത് ഓർത്തു. പക്ഷെ അയാൾ അത് അവളോട് പറഞ്ഞില്ല. എന്നാലും നിനക്കെന്നെ ഒന്ന് വിളിക്കാമായിരുന്നു. എത്ര സുന്ദരമായിരുന്നു നമ്മുടെ ആ കുട്ടിക്കാലം…ഗൗരി തുടർന്നു. മനു എന്ത് മറുപടി പറയണമെന്നറിയാതെ വെറുതെ മൂളിക്കൊണ്ട് അവിടെ തന്നെ ഇരുന്നു.
പെട്ടെന്ന് ഗൗരിയുടെ ഭർത്താവ് അവിടേക്ക് വന്നു പറഞ്ഞു…നമുക്ക് ഇറങ്ങേണ്ടെ…? മനൂ സമയം വൈകി. ഞങ്ങൾ ഉടനെ ഇറങ്ങും. ഇനി നിങ്ങൾ കുടുംബമായി ഒരിക്കൽ അങ്ങോട്ട് വരണം.
ഓ..അതിനെന്താ…വരാം.. .മനു പറഞ്ഞു. തിരികെ പോവാൻ നേരം മനു, ഗൗരിയുടെ കുഞ്ഞിനെ കൈകളിൽ എടുത്ത് നെറ്റിയിൽ ചുംബിച്ചു. അയാളുടെ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഒഴുകാതെ ഒഴുകി വീഴുന്നുണ്ടായിരുന്നു.
ഗൗരി ഉഷയോട് യാത്ര ചോദിച്ച്, മനുവിന്റെ മകളെ ചേർത്ത് നിർത്തി കവിളിൽ ഒരു മുത്തം നൽകി. കാറിലേക്ക് കയറും മുൻപ്, ഗൗരി ഒരിക്കൽ കൂടി മനുവിന്റെ മുഖത്തേക്ക് നോക്കി.
ആ കണ്ണുകളിൽ മനു കണ്ടത്, താൻ മുന്നേ അവളോട് പറയാൻ ആഗ്രഹിച്ച ഇഷ്ടം ആയിരുന്നോ…?
തനിക്ക് ഗൗരിയോട് തോന്നിയ അതേ ഇഷ്ടം അവൾക്കും തന്നോട് ഉണ്ടായിരുന്നുവോ…?
അറിയില്ല…തന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ തന്നോട് ഒരു പക്ഷെ വെറുപ്പ് തോന്നുമോ…എന്ന ഭയം കൊണ്ട് മനു പറയാൻ ഒളിച്ചു വച്ച ഇഷ്ടം…അറിയില്ല…
ഇനി അങ്ങനെ ആണെങ്കിൽ തന്നെയും രണ്ടാളും ഇപ്പോൾ രണ്ടു ധ്രുവങ്ങളിലാണ്…ഈ ജന്മത്തിൽ പരസ്പരം ഒരുമിച്ച് ചേരാൻ പറ്റാത്ത വിധം രണ്ടു ധ്രുവങ്ങളിൽ…