ഏഴാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ആ രൂപം അനന്തവർമ്മയെ ഞെട്ടിച്ചു…
ഒരു കാലത്തു തന്റെ സർവ്വസ്സവും ആയിരുന്നവൾ. അല്ല എന്നും തന്റെ ജീവന്റെ പാതിയായവൾ…
ഗംഗാലക്ഷ്മി…
അയാൾ വണ്ടി അരികു ചേർത്തു നിർത്തി. പുറത്തിറങ്ങാൻ ഭാവിക്കവേ ഉള്ളിലിരുന്നു ആരോ വിലക്കി. വേണ്ട..തമ്മിൽ കാണാനുള്ള സമായമായിട്ടില്ല. അയാൾ ഗ്ലാസ് അവരെ കാണും പോലെ തിരിച്ചു വെച്ചു. ഗ്ലാസ്സിലൂടെ ഇപ്പോൾ അവരെ നല്ലതുപോലെ കാണാം. ജാനകി പുഞ്ചിരിക്കുകയാണ്…അവൾ ഗംഗയോട് എന്തൊക്കെയോ പറയുന്നു. അതു കൂടാതെ പുറകു വശത്തേയ്ക്ക് വിരൽ ചൂണ്ടുന്നു. അപകടത്തിന്റെ കാര്യമാണോ പറയുന്നത്…അറിയില്ല.
ഗംഗ കവർ അവളുടെ അരികിലേക്ക് വെച്ചു. പുറകിൽ പോയി നോക്കി. തിരിച്ചു വന്നു. ഗംഗയുടെ മുഖത്തു പഴയ ചിരിയില്ല. ജാനകി എന്തോ തമാശ പറഞ്ഞു സ്വയം ചിരിച്ചു. വണ്ടിയിൽ കേറി. അപ്പോഴേയ്ക്കും ഗംഗയും ചിരിച്ചു.
ഗംഗ സാരിയിലാണ്…ഇപ്പോഴും പഴയതുപോലെ തന്നെ. സൗന്ദര്യത്തെക്കാൾ ഐശ്വര്യമാണ് അവരുടെ മുഖത്തു. നെറ്റിയിൽ വലിയൊരു വട്ടപ്പൊട്ടും അതിനു മുകളിൽ കുങ്കുമക്കുറിയും…അയാൾ സീമന്തരേഖയിലേയ്ക്കു നോക്കി. ഇടതൂർന്ന മുടി നടുക്ക് കൂടെ വകുത്തു അതിനൊത്ത നടുക്കായി ചോരച്ചുവപ്പിൽ കുങ്കുമക്കുറിയും…സ്വയമറിയാതെ അയാളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു.
ഒരു വിജയിയുടെ ഭാവത്തിൽ ജാനകി വണ്ടിയെടുത്തു പോകുന്നതും നോക്കി അയാൾ ഇരുന്നു. അയാൾ ഫോണെടുത്തു കാശിയുടെ നമ്പർ ഡയൽ ചെയ്തു. ഫോൺ ചെവിയോട് ചേർത്തു വെച്ചിരുന്നു.
**************************
2 ദിവസം സുഖമമായി കടന്നുപോയി. പൊട്ടിത്തെറികളില്ലാതെ അനന്തവർമ്മയും ശങ്കരനുണ്ണിയും ഔട്ട് ഹൗസ്സിൽ കഴിഞ്ഞു. രാവിലെ പത്രം വായിക്കുകയായിരുന്നു അനന്തവർമ്മ. ഇഡ്ഡലി ചെമ്പിൽനിന്നും ഇഡ്ഡലി മാറ്റിക്കൊണ്ടിരിക്കെയാണ് മുൻവശത്ത് എന്തോ ബഹളം കേട്ടത്. അയാൾ വേഗം പുറത്തേയ്ക്ക് ചെന്നു. അടുക്കളയിൽ നിന്നും ഹാളിലേയ്ക്കുള്ള വാതിൽക്കലെത്തിയതും അയാളുടെ കാൽക്കലേയ്ക്കു വീണു അവിടുത്തെ ഗ്ലാസ് ജഗ് വീണുടഞ്ഞു.
അയാൾ തലയുയർത്തി നോക്കിയതും കിച്ചുവിന്റെ പുതിയൊരു മുഖം അയാൾ കണ്ടു…അടുത്തതായി ഓരോ ഗ്ലാസായി അവൻ എടുത്തെറിയുകയാണ്.
എന്താ മോനെ ഈ കാണിക്കുന്നത്…? ശങ്കരനുണ്ണി അതു ചോദിച്ചതും അടുത്ത ഗ്ലാസ് അയാൾക്കടുത്തേയ്ക്കു വീണു ചിതറി.
അയാൾ പുറത്തേയ്ക്ക് നോക്കി. ഇതൊന്നും തന്നെ ബാധിക്കുന്ന ഒരു കാര്യമേ അല്ല എന്നുള്ള ഭാവത്തിൽ പത്രം വായിക്കുന്നതിൽ മുഴുകിയിരിക്കുകയാണ്.
എന്താ മോനെ ഇത്…? ഇതൊക്കെ വലിച്ചെറിയേണ്ട എന്തു കാര്യാ ഇവിടിപ്പോ ഉണ്ടായേ…? കിച്ചു ശങ്കരനുണ്ണിയെ ദേഷ്യത്തോടെ നോക്കി. അവന്റെ നോട്ടത്തിൽ തീ ജ്വാല ഉയരുന്നുണ്ടെന്നു തോന്നിപ്പോയി.
20 വയസ്സു കഴിഞ്ഞിട്ടേയുള്ളൂ കിച്ചുനു…എഞ്ചിനീയറിങ്ങിന് NRI സീറ്റിൽ അമ്മ കോയമ്പത്തൂര് അഡ്മിഷൻ
എടുത്തു കൊടുത്തിട്ടുണ്ട്. അതു കൊണ്ടു വല്ലപ്പോഴും മാത്രമാണ് വരവ്…കള്ളുകുടിയും പുകവലിയും അടക്കം എല്ലാ തോന്ന്യവാസവും കയ്യിലുണ്ട്. കാണാൻ നല്ല ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരൻ. കാണാൻ തെറ്റില്ലാത്ത രൂപം. നല്ല നിറം. ഒത്ത ശരീരം. കണ്ണിലേയ്ക്കും മുഖത്തേയ്ക്കും പാറികിടക്കുന്ന മുടിയിഴകളും എപ്പോഴും ഗൗരവം നിറഞ്ഞ മുഖവും…അതാണ് കിച്ചു…
ഒന്നുമുണ്ടായില്ലേ…ദേ കണ്ടോ…കണ്ടോന്നു…കയ്യിലിരുന്ന എൻവലപ് അയാൾക്ക് നേരെ നീട്ടി പിടിച്ചു കൊണ്ടവൻ അലറി.
എന്താ കുഞ്ഞേ ഇതിനകത്തു…ഇത്ര കണ്ടു ദേഷ്യം വരാൻ…
വേറെന്താ എന്റെ അച്ഛന്റെ ലീലാവിലാസങ്ങൾ…പണ്ടെങ്ങോ പിഴപ്പിച്ചവൾ ഇപ്പൊ കേസ് കൊടുത്തേക്കുന്നു. ഇങ്ങേരുടെ സ്വത്തിന്റെയൊക്കെ അവകാശി ആ സ്ത്രീയാണെന്നും പറഞ്ഞു…അതിന്റെ നോട്ടീസ്…
അവൻ ഒച്ച കൂടിയതും അനന്തവർമ്മ പത്രം വലിച്ചെറിഞ്ഞു അവനരികിലേയ്ക്കു വന്നു. അവൻ കൂടുതലെന്തോ പറയാൻ വന്നതും കിച്ചുവിന്റെ കരണം പുകയും പോലെ ഒരടി കിട്ടി. കുറച്ചു നിമിഷം തിരിച്ചൊന്നങ്ങാൻപോലും പറ്റാത്തവിധം വേദനയിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്താ നീ പറയുന്നതെന്നു ബോധം വേണം…അതെങ്ങാനാ കുടിച്ചു കുടിച്ചു നശിക്കുകയല്ലേ.
നിങ്ങൾ..നിങ്ങൾ എന്നെ തല്ലി അല്ലെ…?
തല്ലും..ഇനിയും തല്ലും. കാരണം ഞാൻ നിന്നെ ജനിപ്പിച്ച നിന്റെ അച്ഛനാ…വളർത്തുമ്പോൾ ശാസിച്ചും ശിക്ഷിച്ചും വളർത്തണം മക്കളെ. നിന്നെ വളർത്തിയ ആ സ്ത്രീയ്ക്ക് അതറിയില്ലായിരുന്നു. അതിന്റെ കുഴപ്പമാ നിനക്ക്. പിന്നെ ഇപ്പോൾ തല്ലിയത്…എന്നെ ചീത്ത പറഞ്ഞതിനല്ല…അനന്തവർമ്മ ഒന്നു നിർത്തി. ദേഷ്യത്താൽ ചുവന്നിരുന്നു ആ മുഖം.
അവൾ…ഗംഗാലക്ഷ്മിയെ നീ വിളിച്ച പേരിനാണ് നിനക്കു കിട്ടിയ അടി. അനന്തവർമ്മ പറഞ്ഞു നിർത്തി.
നിങ്ങൾ അവർക്ക് വേണ്ടി എന്നെ തല്ലിയല്ലേ…? എന്റെ അമ്മയെ നിങ്ങൾക്ക് വെറുപ്പാണല്ലേ. ആ സ്ത്രീയുടെ പേരിനോട് പോലും സ്നേഹവും. പക്ഷെ ഒരു കാര്യമുണ്ട്, എനിക്കും കീർത്തിക്കും എന്റെ അമ്മയ്ക്കും ഇല്ലാത്ത ഒരവകാശവും ഒരുത്തിക്കും ഞാൻ വിട്ടുകൊടുക്കില്ല..ഇപ്പോഴേ പറയുവാ…അവൻ അതും പറഞ്ഞിറങ്ങിപ്പോയി. അതും നോക്കി അനന്തവർമ്മ നിന്നു.
സാറേ മോൻ ഇനിയും പ്രശ്നമുണ്ടാക്കുമോ…? ശങ്കരനുണ്ണി ചോദിച്ചു.
ഇല്ല ശങ്കരേട്ടാ…അവനെ ഇപ്പോൾ ഇളക്കി വിട്ടത് അവളാ…കാത്തിരുന്നു കാണാം. പിന്നെ ആ പൊട്ടിച്ചിട്ടതൊക്കെ വാരി കളഞ്ഞേക്കു…അവൻ ഇപ്പോൾ ചെയ്യുന്നതൊക്കെ അവൾക്കുവേണ്ടിയാ…അതൊന്നും നല്ലതിനാകില്ല…അതും പറഞ്ഞു അയാൾ വലിച്ചെറിഞ്ഞ പത്രം എടുത്തു ഭംഗിയായി മടക്കിവെച്ചു.
*************************
കോവിലകത്തിനകത്തു സപ്രമഞ്ചത്തിൽ ഇരുന്നു ആടുകയായിരുന്നു മൃണാളിനി റെഡ്ഢി. അവരുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം നിറഞ്ഞിരുന്നു.
കിരൺ ദേഷ്യപ്പെട്ടാണ് തിരിച്ചു എത്തിയത്. അവൻ വന്നപാടെ കണ്ണിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞവൻ ദേഷ്യം തീർത്തു.
കിച്ചു…
ദേഷ്യത്തിൽ നിന്ന അവൻ ശാന്തനാകാൻ മൃണാളിനിയുടെ ആ വിളി മതിയായിരുന്നു. എന്താ മോനൂ ഉണ്ടായേ…? സോഫയിലേയ്ക്കിരുന്ന അവനരികിൽ ചെന്നു മുടിയിഴകൾ തലോടി അവർ ചോദിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കയ്യിലിരുന്ന എൻവലപ് മൃണാളിനി അവനിൽ നിന്നും വാങ്ങി. അവരതു സൂക്ഷ്മമായി വായിച്ചു നോക്കി. അവരുടെ മുഖത്തെ ചിരി മാഞ്ഞു. വായിക്കുംതോറും ഗൗരവം നിറഞ്ഞു ആ മുഖത്തു.
അപ്പൊ ഈ കണ്ട സ്വത്തിനൊക്കെ അവകാശികൾ വന്നു തുടങ്ങി അല്ലെ…അവർ ചോദിച്ചു.
പാടില്ല അമ്മേ…ഇതൊക്കെ നമ്മുടേതാ…വേറാരും വേണ്ട ഇതിനൊക്കെ അവകാശികളായിട്ടു…കിച്ചു പറഞ്ഞു.
വേണം കിച്ചു…കൊല്ലണം അവരെ…പക്ഷെ ഒറ്റയടിക്കല്ല. കാത്തിരിക്കാം എവിടെ വരെ പോകുമെന്ന്…ഗൂഢമായ ഒരു ചിരി അവരുടെ ചുണ്ടിൽ നിറഞ്ഞു. അവന്റെ മുഖത്തും ഗൗരവം നിറഞ്ഞു.
എന്റമ്മയുടെ മനസ്സു നോവിക്കാൻ ഭാവിച്ചാൽ വെറുതെ വിടില്ല ഞാൻ ഒരെണ്ണത്തെയും…അവൻ പിറുപിറുത്തു.
അകത്തേയ്ക്കു പോയി. മുറിയിലെ ഷെൽഫ് നിറയെ പല ബ്രാണ്ടുകളുടെ കുപ്പികളായിരുന്നു. അതിൽ നിന്നും ഒരെണ്ണമെടുത്തു ബാൽകണിയിലേയ്ക്കു നടന്നു. അവിടെ സജ്ജീകരിച്ചിരിക്കുന്ന മേശയിൽ അവിടെ മുറിക്കകത്തു നിന്നും ഗ്ലാസ്സും ഫ്രിഡ്ജിൽ നിന്നും സോഡയും വെള്ളവും എടുത്തിരുന്നു. കൂട്ടത്തിൽ മിച്ചറും പൊട്ടിച്ചിട്ടു…
ഓരോ ഗ്ലാസ് കഴിക്കുമ്പോളും അവന്റെ മനസ്സിൽ രണ്ടേ രണ്ടു പേരുകളെ ഉണ്ടായിരുന്നുള്ളു.
“ജാനകി സത്യമൂർത്തി…ഗംഗാലക്ഷ്മി…”
അവന്റെ തലച്ചോറിൽ പലതരം ചിന്തകൾ ഉടലെടുത്തു. ഒടുവിൽ ചില തീരുമാനങ്ങളിൽ അവൻ എത്തിച്ചേർന്നു. അവയെ ഓർമ്മിപ്പിക്കും പോലെ അവന്റെ ചുണ്ടിലും ഗൂഢമായൊരു പുഞ്ചിരി നിറഞ്ഞു.
************************
പിറ്റേന്ന് രാവിലെ താമസിച്ചായിരുന്നു കിച്ചു ഉണർന്നത്. അവൻ താഴേയ്ക്ക് വന്നപ്പോൾ ഹാളിലെ ടി വിയിൽ ഹിന്ദി ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുകയായിരുന്നു മൃണാളിനി. അവനെ കണ്ടതും അവർ പുഞ്ഞിരിച്ചു.
ഇന്നലെ നീ ഓവർ ആയിരുന്നു കിച്ചു…അവർ ശാസനയോടെ പറഞ്ഞു.
സോറി അമ്മേ…
മ്…ഇത്രയും വേണ്ട. നിന്റെ ലഹരികളിൽ ഞാൻ വിലക്ക് ഏർപ്പെടുത്തറില്ല. പക്ഷേ…
ഇല്ല ഇനി ഇങ്ങനെ ഉണ്ടാകില്ല അമ്മേ…അവൻ വാക്കു കൊടുത്തു. അവൻ അടുക്കളയിൽ നോക്കി ചായ പറഞ്ഞതും ജോലിക്കാരി ചായയുമായി വന്നു. ചായ കുടിച്ചുകൊണ്ടിരിക്കുന്ന കിച്ചുവിനെ കണ്ണെടുക്കാതെ മൃണാളിനി നോക്കി. അവൻ അതു കണ്ടതും ചോദ്യ ഭാവത്തിൽ അവരെ നോക്കി.
നിനക്കു ഒരു ദേവയാനിയെ അറിയുമോ…? ആ ചോദ്യം അവനെ ഞെട്ടിച്ചു.
അമ്മേ ഞാൻ…അല്ല ഞങ്ങൾ…
കിച്ചു..വേണ്ട..എന്റടുത്തു കള്ളം വേണ്ട..അവൾ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു. ഞാൻ കോണ്ടാക്റ്റ് ചെയ്തിരുന്നു. അവിടുത്തെ അഡ്മിനിസ്ട്രേറ്ററെ…ഇട് വാസ് എ റേപ് അറ്റെമ്റ്റ്…
അവന്റെ മുഖം താണു. ആരൊക്കെ…എന്തൊക്കെ…എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. ബട് പെൺവിഷയം ഇനി ഞാൻ കേൾക്കരുത്. നിന്റെ ചെയ്തികളെ ഞാൻ വിലക്കുകയല്ല. എന്തു ചെയ്താലും അതിനെ സുരക്ഷിതമായി മറച്ചു പിടിക്കാനുള്ള കഴിവും വേണം…അവർ പറഞ്ഞു.
അമ്മേ ഞാൻ…അവൻ പറയാൻ വന്നതിനെ അവർ തടഞ്ഞു. വേണ്ട…ലീവ് ഇട്…അവർ പറഞ്ഞതും ആ സംസാരം അവിടെ നിലച്ചു. പറയാൻ ശ്രമിച്ച പല വാക്കുകളും അവന്റെ തൊണ്ടയിൽ കുടുങ്ങി നിന്നു. അവർ അകത്തേയ്ക്കു പോയതും പുറത്തൊരു വണ്ടി വന്നു നിന്നതും ഒരുമിച്ചായിരുന്നു.
കിച്ചു പുറത്തേക്കിറങ്ങി നോക്കി…വണ്ടിയിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി. അവൻ അവളെ സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ടു മറന്ന മുഖം.
സാരി ആയിരുന്നു വേഷം. കാണാൻ നല്ല ഐശ്വര്യമുള്ള മുഖം. മൂക്കിൽ വെട്ടിത്തിളങ്ങുന്ന വൈരക്കൽ മൂക്കുത്തി…നെറ്റിയിൽ ചന്ദനക്കുറിയ്ക്കു താഴെ ചെറിയൊരു പൊട്ടും…കാതിൽ സാമാന്യം വലിപ്പത്തിൽ ഒരു ജിമിക്കയും…ആ കമ്മൽ അവളുടെ വട്ട മുഖത്തിനൊരു അഴക്കായിരുന്നു.
അവൾ അവിടമാകെ ഒന്നു നോക്കി. പിന്നെ പുഞ്ചിരിയോടെ കിച്ചുവിനടുത്തേയ്ക്കു നടന്നു. ആരാ…? അവൻ ചോദിച്ചു.
ഞാനോ…അവൾ ചുറ്റും നോക്കി ചോദിച്ചു.
പിന്നെ ഞാനോ…ആരാന്ന് പറയ്…അവൻ വലിയ താൽപര്യമില്ലാത്ത പറഞ്ഞു. അവൾ ആ മുഖത്തു നോക്കി പുഞ്ചിരിയോടെ പറഞ്ഞു…
“ജാനകി…അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി…”
തുടരും…