ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 9

എട്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…

“ജാനകി..അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി…”

ആ പേരവന്റെ കാതിൽ പ്രകമ്പനം സൃഷ്ടിച്ചു. ദേഷ്യം കൊണ്ടവന്റെ കണ്ണു ചുവന്നു. എന്താ നിങ്ങളിവിടെ…? അവൻ ദേഷ്യത്തോടെ ചോദിച്ചു.

എനിക്ക് മിസ്സ് മൃണാളിനി റെഡ്ഢിയെ ഒന്നു കാണണം…അവൾ പുഞ്ചിരിയോടെ എന്നാൽ ഗൗരവത്തോടെ പറഞ്ഞു.

നടക്കില്ല…അവളുടെ പുഞ്ചിരിയെ തൂത്തെറിഞ്ഞു അവിടെ ഗൗരവത്തിന്റെ മുഖം ചാർത്താൻ കെൽപ്പോടെ ശബ്ദത്തിൽ അവൻ പറഞ്ഞു.

എന്തു നടക്കില്ല എന്നു…അവൾ ചോദിച്ചു.

നിന്നെപ്പോലെ ഉള്ളവർക്ക് കാണാൻ തോന്നുമ്പോ ഓടിക്കേറിവരാൻ നിന്റെ കുടുംബസ്വത്തൊന്നുമല്ല ഇതു. മൃണാളിനി റെഡ്ഢിയുടെ വീടാണ്…അവൻ ആവശ്യത്തിലധികം പുച്ഛത്തോടെ ആണത് പറഞ്ഞതു.

ഓഹോ..പിന്നെന്താ നിന്റെ അമ്മ അവർക്കായി സ്വയം പണികഴിപ്പിച്ച ടാജ് മഹാലോ.. ഇത് ഏതു വകുപ്പിലാ മിസ്സ് മൃണാളിനി റെഡ്ഢിയുടെ വീടായത്…? അവൾ മിസ്സ് എന്നത് ഇത്തവണ കുറച്ചു കടുപ്പിച്ചാണ് പറഞ്ഞത്.

മിസ്സോ..വിവരോം വിദ്യാഭ്യാസോം ഒന്നുമില്ലേ നിനക്കു…സാധാരണ കല്യാണം കഴിഞ്ഞ സ്ത്രീകളെ മിസ്സിസ് എന്നാണ് വിളിക്കുന്നത്. മിസ്റ്റർ അനന്തവർമ്മയുടെ സ്വത്താണ് ഈ കോവിലകം. അതായത് എന്റെ അമ്മയുടെ ഭർത്താവിന്റെ…അവൻ പുച്ഛത്തോടെ ആണ് അപ്പോഴും സംസാരിച്ചത്.

മ്..ശെരിയാ..നമുക്കു ഈ ടോപ്പിക്കിനെ പറ്റി ഡീറ്റൈൽഡ് ആയി സംസാരിക്കാം. ആദ്യം ഞാനൊന്നു അകത്തോട്ടു കേറട്ടനിയാ…അവൾ പുഞ്ചിരിയോടെ പറഞ്ഞു.

നടക്കില്ല. ഈ വീട്ടിൽ കേറാൻ ഞാൻ നിന്നെ സമ്മതിക്കില്ല…അവൻ പറഞ്ഞു.

ഓഹോ..അതെനിക്കൊന്നു കാണണമല്ലോ…അതും പറഞ്ഞു ജാനകി അവനെ ഗൗനിക്കാതെ കോവിലകത്തിനകത്തേയ്ക്കു നടന്നു. ദേഷ്യത്താൽ ഇപ്പോൾ പൊട്ടിത്തെറിക്കാൻ പാകത്തിന് നിൽക്കുകയായിരുന്നു കിച്ചു.

ടി.. നിന്നോടല്ലേ മലയാളത്തിൽ പറഞ്ഞേ വീട്ടിൽ കേറരുതെന്നു…

അവൻ പറഞ്ഞതു ഗൗനിക്കാതെ അവൾ ചുറ്റും നോക്കി. കൊട്ടാരത്തിന്റെ പ്രൗഢിയുള്ള അകത്തളം സസൂക്ഷ്മം അവൾ വീക്ഷിച്ചു. അച്ഛന്റെ വാലിൽ തൂങ്ങി നടന്ന പാവാടക്കാരിയായ 5 വയസ്സുകാരിയുടെ രൂപം അവളുടെ ഓർമ്മകളിൽ നിറഞ്ഞു.

പതിയെ അവൾ കിച്ചുവിനെ നോക്കി. അനന്തവർമ്മയുടെ തനി രൂപം. നിറഞ്ഞു നിൽക്കുന്ന രാജ പ്രൗഢി. മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയിഴകൾക്കു പോലും ഐശ്വര്യം. അവളുടെ കണ്ണിൽ എവിടെയോ വാത്സല്യം നിറഞ്ഞു.

നിന്നോടിറങ്ങി പോകാനാ ഞാൻ പറഞ്ഞേ…അവൻ ഒച്ച കൂട്ടി..അവൾ മിണ്ടാതെ നിന്നു..അവളുടെ നോട്ടം അവനിൽ തുളച്ചു കയറുംപോലെ തോന്നി. അവൾ ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നു.

എനിക്ക് കാണേണ്ടത് മൃണാളിനി റെഡ്ഢിയെ ആണ്. അവരെ കാണാതെ ജാനകി പോകില്ല. നീ ഇറങ്ങിയാലും ജാനകി ഇവിടുന്നനങ്ങില്ല…

അവളുടെ ശബ്ദത്തിനു നിശ്ചയദാർഢ്യവും ഉറപ്പും ഉണ്ടായിരുന്നു. കിച്ചുവിന് അത്ഭുതം തോന്നി. തന്റെ അമ്മയിൽ പോലും ഇത്ര ആജ്ഞാശക്തിയുള്ള വാക്കുകൾ ഉണ്ടായിട്ടില്ല…

ആരാ കിച്ചു…?

ഹാളിലെ കോണിൽ നിന്നും മുകളിലേക്കുള്ള പടിയിറങ്ങി വരുന്ന മൃണാളിനിയെ ജാനകി നോക്കി നിന്നു. വർഷങ്ങൾക്കു മുൻപുള്ള ഒരു ദിവസം പെരുമഴയത്തു പൊട്ടിക്കരഞ്ഞുകൊണ്ട്‌ തന്നെ നെഞ്ചോടു ചേർത്തു പിടിച്ചു ആ കോവിലകത്തെ നിന്നും ഗംഗ ഇറങ്ങിയ ആ ദിവസം അവളുടെ കണ്ണിൽ തെളിഞ്ഞു നിന്നു. അന്നവസാനമായി അവരെ അവൾ കണ്ടനിമിഷം. ജനാലയിലൂടെ തന്റെ അച്ഛന്റെ നെഞ്ചിൽ മുഖം ചേർത്തു അന്ന് വരെ തന്റേതുംതന്റെ അമ്മയുടേതും കൂടിയായ ആ മുറിയിൽ നിൽക്കുന്ന ആ സ്ത്രീയെ അറപ്പോടെയാണ് അന്ന് നോക്കിയത്.

അവളുടെ കണ്ണിൽ പക കത്തിയെരിഞ്ഞു. കാതിൽ തുളച്ചു കയറുന്ന ട്രെയിനിന്റെ കൂകി വിളി. കയ്യും കാലും പല ചാരടുകളാൽ ബന്ധിക്കപ്പെട്ട നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെറ്റമ്മയുടെ രൂപം. തൊട്ടടുത്തു കൈകളും കാലും കെട്ടിവരിഞ്ഞിട്ടിരിക്കുന്ന ഒരഞ്ചു വയസ്സുകാരിയുടെ കണ്ണീരിന്റെ കൈപ്പും…

അവളുടെ കണ്ണിൽ നിറഞ്ഞ പകയ്ക്കു ആ നിമിഷം മൃണാളിനിയെ പച്ചയ്ക്ക് കത്തിക്കാനുള്ള കെൽപ്പുണ്ടായിരുന്നു. അവൾ സാവകാശം തന്റെ ഉള്ളിലെ ചിന്തകളെ അടക്കി നിർത്തി. ദേഷ്യത്തിന് ഗൗരവത്തിന്റെമുഖം മൂടിയണിഞ്ഞു. അവൾ അവരെ നോക്കിയിരുന്നു.

മൃണാളിനി അവളെ നോക്കി. 25 വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടി. സാരിയാണ് വേഷം. കണ്ടാൽ അതി സുന്ദരിയാണ്…അവർ അവളെയും കിച്ചുവിനെയും മാറി മാറി നോക്കി. ഇതിനി കിച്ചു ഉണ്ടാക്കിയ പുതിയ പ്രശ്നമാണോ എന്ന സംശയത്തിൽ അവർ നോക്കിയിരുന്നു.

ആരാ കിച്ചു ഇത്…? അവർ വീണ്ടും ചോദിച്ചു. അവൻ എന്തു പറയണം എന്നറിയാതെ ഒരു നിമിഷം നിന്നു.

നമസ്കാരം മിസ്സ് മൃണാളിനി റെഡ്ഢി…അവളുടെ ആ വിളി അവരെ ഞെട്ടിച്ചു.

സോറി കുട്ടി…ഞാൻ മിസ്സല്ല, മിസ്സിസ് ആണ്. മിസ്സിസ് അനന്തവർമ്മയാണ്…അവർ പുഞ്ചിരിയോടെ തിരുത്തി.

സോറി മിസ്സ് മൃണാളിനി റെഡ്ഢി. ഞാനിവിടെ വന്നിരിക്കുന്നത് തന്നെ മിസ്സിസ് അനന്തവർമ്മയുടെ പരാതിയിന്മേൽ ആണ്. അവൾ ഗൗരവത്തിൽ പറഞ്ഞു…

വാട്..ആരാ നീയ്…? അവരുടെ മുഖം ചുവന്നു. വെളുത്തു ചുവന്ന മുഖം ദേഷ്യത്താൽ ഒന്നു കൂടെ ഭംഗിയായി.

ഓഹ് സോറി. പരിചയപ്പെടുത്താൻ മറന്നു. ഞാൻ അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി. അറിയുമായിരിക്കും. എന്നെ..കണ്ടിട്ടില്ലെങ്കിലും ഈ പേര് കേട്ടിട്ടുണ്ടാകും..ഉറപ്പു…

യൂ…മൃണാളിനി കോപത്താൽ ഉറഞ്ഞു.

എന്താ മിസ്സ് മൃണാളിനി റെഡ്ഢിക്കു സഹിക്കുന്നില്ലേ…ഞാൻ ആരെന്നു മനസ്സിലായില്ലെങ്കിൽ പരിചയപ്പെടുത്താം. പേര് ജാനകി സത്യമൂർത്തി. അമ്മ ഗംഗാലക്ഷ്മി. അച്ഛൻ അനന്തവർമ്മ…അവൾ വിജയീ ഭാവത്തിൽ കിച്ചുവിനെയും മൃണാളിനിയെയും നോക്കി.

പിന്നെ മിസ്സ് എന്നു വിളിച്ചത്. അതു വിവരം ഇല്ലാഞ്ഞിട്ടല്ല. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചു ഒരാൾക്ക് ഒരു ഭാര്യ ആണ്. മിസ്റ്റർ അനന്തവർമ്മ നിലവിൽ ഇന്നീ നിമിഷം വരെ ഗംഗാലക്ഷ്മിയിൽ നിന്നും വിവാഹമോചനം നേടിയിട്ടില്ല…അവൾ ഒന്നു നിർത്തി. അവരെ വീക്ഷിച്ചു. വീണ്ടും തുടർന്നു…

അതിനർത്ഥം ഇപ്പോഴും അനന്തവർമ്മയുടെ ഭാര്യ ഗംഗാലക്ഷ്മിയാണ്. അനന്തവർമ്മയ്ക്കു പോലും അക്കാര്യം നിഷേധിക്കാൻ ആകില്ല. സോ വിവാഹം കഴിക്കാതെ ഒരാളോടൊപ്പം ജീവിക്കുന്ന നിങ്ങളെ ഞാൻ എന്തിനു മിസ്സിസ് എന്നു വിളിക്കണം…? അവൾ ചോദ്യഭാവത്തിൽ അവരെ നോക്കി.

അത്രയും നേരം കോപം കൊണ്ടു ജ്വലിച്ചിരുന്ന അവർ ഇപ്പോൾ വികാരങ്ങൾ കൂടിക്കലർന്ന ഒരവസ്ഥയിലാണെന്നവൾക്കു മനസ്സിലായി. പുറത്തു വണ്ടി വന്ന ശബ്ദം കേട്ടു ഔർത്ത് ഹൗസിൽ നിന്നും ഇറങ്ങിയ മനു ജാനകിയെ കണ്ടുകൊണ്ടു കോവിലകത്തേയ്ക്കു ചെന്നതാണ്…

അവന്റെ കണ്മുന്പിൽ നടക്കുന്നത് കണ്ടു നിശബ്ദമായി അവൻ നിന്നു. ആരു ജയിച്ചാലും തോൽക്കാൻ മാത്രം നിൽക്കുന്ന ഒരു പടയാളിയെപ്പോലെ…

ജാനകി പുഞ്ചിരി വീണ്ടെടുത്തു. ഭർത്താവിന്റെ പാതി അവകാശിയാണ് ഭാര്യ. അതായത് നിലവിൽ ഈ കാണുന്ന എല്ലാ സ്വത്തിന്റെയും അവകാശത്തിൽ ഒരു പങ്ക് എന്റെയും എന്റെ അമ്മയുടേതുമാണ്. കീർത്തനയ്ക്കും കിരണിനും ഒരവകാശം ഉള്ളതൊഴിച്ചാൽ ഞാനും അമ്മയും ഇതിന്റെ അവകാശികളിൽ പെടും. അതൊക്കെ കൈകാര്യം ചെയ്തിരുന്നവർ അതിനുണ്ടാക്കിയ സർവ്വ നഷ്ടങ്ങളും ഞങ്ങളെയും ബാധിക്കും. അതു അവരവർ നികത്തിയില്ലെങ്കിൽ ഞാനായിട്ട് നികത്തിക്കും കോടതി മുഖാന്തിരം. ഈ മുന്നറിയിപ്പ് തരാനാണ് ഞാൻ വന്നത്…

അതും പറഞ്ഞവൾ തിരിഞ്ഞത് കിച്ചുവിനടുത്തേയ്ക്കാണ്. പിന്നെ ഇപ്പോൾ കാര്യങ്ങൾ ബോധ്യമായി കാണുമല്ലോ..അല്ലെ…?

ടി..നീ ജയിച്ചു എന്നു കരുതേണ്ട. നിനക്കും നിന്റെ തള്ളയ്ക്കും ഈ സ്വത്തിൽ ഒരു തരി പോലും ഞാൻ തരില്ല…

അടുത്ത നിമിഷം കിച്ചുവിന്റെ കരണം പുകഞ്ഞു. മനു ഞെട്ടി ജാനകിയെ നോക്കി. സംഹാര രുദ്രയായി അവൾ മാറിയിരുന്നു.

ദേ..എടി പോടിന്നു നിന്റെ വീട്ടിൽ നിന്നെ ഇങ്ങനെ വളർത്തി വിട്ടവരെ വിളിക്കണം. ഞാൻ നിന്റെ ചേച്ചിയല്ലേ അനിയൻ കുട്ടാ…അങ്ങനെ വിളിക്കണം..ഇനി മുതൽ..കേട്ടല്ലോ…?

അതും പറഞ്ഞവൾ അവനു നേർക്കൊന്നു കൂടി നടന്നതും അവൻ പുറകോട്ടു നീങ്ങി.

പേടിക്കേണ്ട..ചേച്ചി പാവമാട്ടോ..അപ്പൊ മോൻ ശെരിക്കൊന്നു വിളിച്ചേ ചേച്ചിന്ന്…അവൻ മിണ്ടാതെ നിന്നതും ജാനകി കയ്യൊന്നനക്കി.

ചേ..ചേച്ചി…അവൻ വിക്കി വിളിച്ചു.

മിടുക്കൻ. ഇനി ഇങ്ങനായിരിക്കണം കേട്ടല്ലോ…? നമുക്കിനിയും കാണാം..വരെട്ടെടാ…അതും പറഞ്ഞവൾ തിരിഞ്ഞപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന മനുവിനെ കണ്ടത്.

കണ്ടതും കാണാതാപോലെ അവൾ നടന്നിറങ്ങി. കാർ സ്റ്റാർട്ട് ചെയ്തു വേഗത്തിൽ റിവേഴ്സ് എടുത്തു പോയി. കിച്ചു അവളോടുള്ള ദേഷ്യം മുഴുവനും അടുത്തിരുന്ന ഗ്ലാസ് ടീപോയിലേയ്ക്കു ഒരു ഫ്‌ളവർ വേസ് വലിച്ചെറിഞ്ഞു പൊട്ടിച്ചു തീർത്തു. മനു അവരെ നോക്കി ഒന്നും മിണ്ടാതെ നടന്നു.

*********************

ഔട്ട് ഹൗസ്സിലേയ്ക്കു നടക്കുന്ന വഴിയെല്ലാം മനുവിന്റെ മനസ്സിൽ ജാനകി നിറഞ്ഞു നിന്നു. അവൾക്കീ ലോകത്തോട് തന്നെ ദേഷ്യമാണ്. ധർഷ്ട്യമോ തന്റേടമോ ഒക്കെയുണ്ട്. അവളെ മനസ്സിലാകുന്നതേ ഇല്ല…

അവൾക്കൊരിക്കലെങ്കിലും തന്നെ ഉൾക്കൊള്ളാൻ ആകുമോ…? അറിയില്ല. അവൾ എന്നോ അനുഭവിച്ച സങ്കടത്തിന്റെ ആഴമാകും അവളെ ഇങ്ങനെ ആക്കിത്തീർത്തത്. ആവോ..

മനുവേട്ടാ…കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് 6 വയസ്സുകാരനായ അവനരികിലേക്കോടി വരുന്ന കിലുക്കാംപെട്ടി പോലെയൊരു സുന്ദരിക്കുട്ടി. പട്ടുപാവാടയെയും കുപ്പിവളകളെയും സ്നേഹിച്ചിരുന്നവൾ. ഉത്സവത്തിന് അവൾക്കായി കുഞ്ഞു കുപ്പിവളകൾ അമ്മയോട് വഴക്കിട്ടു വാങ്ങുമ്പോൾ അനുഭവിച്ചിരുന്ന സുഖം എന്തായിരുന്നു.

ഒടുവിൽ മനസ്സിൽ ഒരു വലിയ മൂകത സൃഷ്ടിച്ചാണ് ഒരു യാത്ര പോലും പറയാതെ അവൾ പോയത്. ഇപ്പോഴും താൻ അവളെ പ്രാണനെപ്പോലെ സ്നേഹിക്കുന്നു. മറ്റാരെങ്കിലും ആ മനസ്സിൽ കാണുമോ എന്നുറപ്പ് പോലുമില്ലാതെ…ആഹ്..എങ്ങനെ കാണാനാ. ഇതല്ലേ സാധനം…പ്രേമം എന്നു പറഞ്ഞു ചെന്നാൽ ചവിട്ടി കൂട്ടില്ല എന്നുറപ്പൊന്നുമില്ല…അതും പറഞ്ഞവൻ നടന്നു.

അവൻ ഔട്ട് ഹൗസിൽ ചെന്നയുടൻ ശങ്കരനുണ്ണിയോട് പോലും യാത്ര പറയാതെ ബൈക്കെടുത്തു പോയി.

************************

പിറ്റേന്ന് രാവിലെ വൈകിയാണ് മൃണാളിനി ഉണർന്നത്. രാത്രി മുഴുവൻ അവരുടെ ഓരോ സ്വപ്നത്തിലും തെളിഞ്ഞു നിന്നതു തന്റെ മുൻപിൽ ഇരിക്കുന്ന ജാനകിയുടെ മുഖമായിരുന്നു. എഴുന്നേറ്റു കുളി കഴിഞ്ഞു ഹാളിലേയ്ക്കു വന്നതും സോഫയിൽ ഇരിക്കുന്ന അനന്തവർമ്മയെയാണ് അവർ കണ്ടത്.

അവരുടെ കണ്ണുകൾ വിടർന്നു. പുച്ഛം മുഖത്തു നിറഞ്ഞു. ആഹാ..ഇനി ഞാൻ ഉണ്ടെങ്കിൽ ഈ പടി കയറില്ല എന്നു വീമ്പു പറഞ്ഞിറങ്ങിയിട്ടിപ്പോൾ എന്താണ് അഡ്വക്കേറ്റ് അനന്തവർമ്മ തൃക്കോവൂർ കോവിലകത്തിൽ…അവർ പുച്ഛത്തോടെ ചോദിച്ചു.

അയാൾ അവരെ കണ്ടതും കാലിന്മേൽ കാലു കയറ്റി വെച്ചു. ആ നോട്ടത്തിൽ അവരോടുള്ള വെറുപ്പ് മുഴുവനും ഉണ്ടായിരുന്നു. അയാൾ പുഞ്ചിരിച്ചു.

മൃണാളിനി…എന്റെ ഗുരുവിന്റെ മകൾ എന്ന സ്ഥാനം ഞാൻ നിനക്കു തന്നു. ഗുരു പുത്രി സഹോദരി സമം. അന്ന് നീയാ സ്വാതന്ത്ര്യം മുതലെടുത്തു എന്റെ ജീവിതത്തിലേയ്ക്കിടിച്ചു കയറി. എന്നെനിക്കു നഷ്ടമായത് എന്റെ ജീവിതം തന്നെയാണ്. പരാതിക്കോ പരിഭവത്തിനോ ഇന്ന് വരെ ഞാൻ വന്നിട്ടില്ല. കാരണം ജീവിതത്തിൽ ഒരുപാട് മോശം പ്രവർത്തികൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിനുള്ള ശിക്ഷയായി ഞാൻ അതൊക്കെ സ്വയം ഏറ്റെടുത്തു. എന്റെ മക്കളെപോലും നീ എന്നിൽ നിന്നകറ്റി. എന്നിട്ടും ഞാൻ വന്നില്ല ഒന്നിനും…അയാൾ പറഞ്ഞു നിർത്തി.

അഹന്തയും ദേഷ്യവും നിറച്ചവർ അയാളെ നോക്കി നിന്നു. എന്നിട്ടിപ്പോൾ ആരെ കാണാൻ വന്നതാ…ആ പറഞ്ഞ തെറ്റുകളുടെ ഫലം ഇന്ന് നിങ്ങളെ തേടി വന്നല്ലോ…ഈ പ്രായത്തിൽ ഒരു മകളെ കൂടെ കിട്ടിയില്ലേ…സന്തോഷം…അവർ പറഞ്ഞു.

ഈ പ്രായത്തിലല്ല. എന്റെ നല്ല പ്രായത്തിൽ ഉണ്ടായ മകളാണ് അവൾ. അതിനെപ്പറ്റി നിനക്കറിയില്ലെങ്കിലും നിന്റച്ഛൻ സത്യസായി റെഡ്ഢിക്കു നന്നായി അറിയാമായിരുന്നു. നീയും അറിയാതിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. പിന്നെ ആ മകളുടെ കാര്യം പറഞ്ഞാൽ, നീ വളർത്തിയ എന്റെ മക്കളേക്കാൾ ഉറപ്പുള്ളവളാണ് അവൾ…എന്റെ ജാനകി…

അയാൾ ഒന്നു നിർത്തി തുടർന്നു. പിന്നെ ഇപ്പോൾ വന്നത് കോവിലകത്തിൽ കയറി താമസിക്കാൻ അല്ല.

പിന്നെന്തിനാ മകനെ കാണാനാണോ…അവർ ചോദിച്ചു.

മ്..അതേ..നീ വളർത്തിയ എന്റെ മകനെ ഒന്നു കണ്ടേയ്ക്കാം എന്നു കരുതി…അയാൾ പറഞ്ഞു.

ഹോ..പുത്ര വാത്സല്യം നിറഞ്ഞൊഴുകുന്നു. എന്നെ കാണാൻ ആരും വരേണ്ട…പുറകിൽ നിന്നു കിച്ചു വിളിച്ചു പറഞ്ഞു.

മൃണാളിനിയും അനന്തവർമ്മയും തിരിഞ്ഞു നോക്കി. അനന്തവർമ്മ മൃണാളിനിയെ നോക്കി. അവർ വിജയീ ഭാവത്തിൽ നിന്നു.

നിന്നെ കണ്ടു വാത്സല്യം കാട്ടാൻ വന്നതല്ല ഞാൻ…അയാൾ അവരെ നോക്കി. മുഖത്തെ ചിരി മങ്ങിയിട്ടുണ്ട്. അയാൾ വിജയീ ഭാവത്തിൽ രണ്ടുപേരെയും നോക്കി തുടർന്നു.

ത്രികോവൂർ കോവിലകത്തിനെ ബാധിക്കുന്ന ഒരു കാര്യം പറയാൻ വന്നതാണ്…

എന്തു കാര്യം…? കിച്ചു ചോദിച്ചു.

C I സഖറിയായുടെ മരണം അന്വേഷിക്കാൻ പുതിയ ഓഫീസറെ നിയമിച്ചു. S അജയ് ദേവ് I P S…

ഇതുവരെ അന്വേഷിച്ചതിൽ ഒരു കേസ് പോലും തെളിയിക്കപ്പെടാതിരുന്നിട്ടില്ല. അതാണ് അയാളുടെ ചരിത്രം. ചാർജ് നാളെയെടുത്താൽ ആദ്യം പോലീസ് ജീപ്പ് വന്നു നിൽക്കുക ത്രികോവൂർ കോവിലകത്തിന്റെ മുറ്റതായിരിക്കും. അതൊന്നോർമിപ്പിക്കാൻ വന്നതാ…അതു പറഞ്ഞയാൾ കിച്ചുവിനെ നോക്കി. അവന്റെ മുഖത്തയാൾ ഭയം കണ്ടു.

“നല്ല കാര്യം അനന്തവർമ്മ…നാളെയല്ല ഞാൻ ഇന്നേ ചാർജെടുത്തു…” ശബ്ദം കെട്ടിടത്തേയ്ക്കു എല്ലാവരും നോക്കി.

തുടരും…