മകനേ നിനക്കായ് – രചന: അബ്ദുൾ റഹീം പുത്തൻചിറ
“മോളെ അവനുള്ള കഞ്ഞി എടുത്തു വെച്ച”…കട്ടിലിൽ കിടന്നു ആ വൃദ്ധ വിളിച്ചു ചോദിച്ചു.
ഉവ്വ് അമ്മാമേ….
“എന്നാ മോള് കിടന്നോ അവൻ വന്നാൽ ഞാൻ ഇടുത്തു കൊടുത്തോളം”
ഉവ്വെ…കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ രണ്ടാളുകൾ പിടിക്കണം. അതു മാത്രമോ…പകൽ പോലും ശരിക്കും കണ്ണു കാണാത്ത ആളാ ഈ പറയണേ…പണ്ടെങ്ങോ നാടു വിട്ടു പോയ മകൻ വന്നാൽ ഭക്ഷണം ഇടുത്തു കൊടുക്കാമെന്ന്…അമ്മാമക്കു വട്ടാണ്. പത്തിരുപത് വർഷം മുൻപ് നാടുവിട്ടു പോയ മകന് വേണ്ടി ഇന്നും ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്നത്….
എന്റ സ്കൂളിലെ കൂട്ടുകാരികൾ എന്നെ കളിയാക്ക. ഈ അമ്മാമയുടെ വട്ടിനെ പറ്റി പറഞ്ഞു. എന്താ ചെയ്യാ എന്റ അമ്മയെ പറഞ്ഞാൽ മതിയല്ലോ….അമ്മയാണല്ലോ എന്നെ ഇവിടെ നിർത്തി പോയത്. അമ്മാമക്കു ഒരു കൂട്ടാകും പോലും…സൗമ്യ അവളുടെ പരാതികളുടെ കെട്ടഴിച്ചു.
“നീ കിടക്കുന്നില്ലേ” ആ വൃദ്ധ വീണ്ടും വിളിച്ചു ചോദിച്ചു.
“ആ…ഞാൻ വരാ…ഇനി അമ്മാമയുടെ മോൻ വന്നാൽ ചമ്മന്തി ഇല്ലാതെ ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ട….”
“ആ…ചമ്മന്തി എന്തായാലും വേണം…ഇല്ലങ്കിൽ അവനു ദേഷ്യമാ” ആ വൃദ്ധ ഇന്നലെ നടന്ന കാര്യങ്ങളെന്നപോലെ ഓർത്തു പറഞ്ഞു.
എല്ലാം കഴിഞ്ഞു അവൾ പായയെടുത്തു താഴെ വിരിച്ചു അമ്മാമയെ നോക്കി കിടന്നു.
“”മാമൻ വന്നിട്ടു വേണം ഇനിക്കു രണ്ടു വർത്താനം പറയാൻ…അമ്മാമ്മയെ വിട്ട് എന്തിനാ പോയതെന്നും ചോദിച്ചു രണ്ടു കൊടുക്കണം”
വൃദ്ധ പല്ലില്ലാത്ത മോണ കാട്ടി അവളെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഇരുപത് വർഷം മുൻപ് നാടുവിട്ടു പോയ മകന് വേണ്ടി എന്നും ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയാണ് ഭവാനിയമ്മ…എന്നെങ്കിലും അവൻ വരും എന്ന പ്രതീക്ഷയിൽ…അവർക്ക് ഒരു കൂട്ടായി മകളുടെ മകൾ സൗമ്യയും…
************************
ആ ഗ്രാമത്തിലെ അവസാന ബസ്സും വന്നു പോയി. ഇരുട്ടിൽ നിന്നും കയ്യിൽ ഒരു ബാഗുമായി അയാൾ ഇറങ്ങി തൊട്ടടുത്ത കടയിലേക്ക് കയറി…
“കേശവേട്ടനില്ലേ” അയാൾ ചോദിച്ചു.
“അച്ഛൻ കിടന്നു ആരാ”
“ഒരു തീപ്പെട്ടി തന്നെ” അയാൾ ചോദിച്ചു.
“ആരാ മോനെ അത്…” അകത്തു നിന്നും ഒരു വൃദ്ധൻ ചുമച്ചുകൊണ്ടു പുറത്തേക്കു വന്നു…
“അറിയില്ല അച്ഛാ …ഇവിടെ മുൻപ് കണ്ടു പരിചയം ഇല്ല”
“ആരാ…?” അയാളുടെ മുഖത്തേക്കു വെളിച്ചം തെളിച്ചുകൊണ്ടു വൃദ്ധൻ ചോദിച്ചു.
“ഞാനാ കേശവേട്ട….ഭവാനിയമ്മയുടെ മകൻ..ദേവൻ…” ഭവാനിയമ്മയുടെ മകൻ ദേവൻ. ആ പേരു പിറുപിറുത്തു കൊണ്ട് കേശവേട്ടൻ അവനെ സൂക്ഷിച്ചു നോക്കി.
“മോനെ നീ…എവിടെയായിരുന്നടാ നീ ഇത്ര നാളും…എത്ര കാലമായി ആ തള്ള നിന്നെയും കാത്തിരിക്കുന്നു. നടക്കാൻ ആവദുള്ള കാലം വരെ അവസാന വണ്ടിയും പോകുന്നതുവരെ അവർ ഇവിടെ വന്നു ഇരിക്കുമായിരുന്നു. കുറച്ചു നാളായിട്ടുള്ളൂ കിടപ്പിലായിട്ടു…എന്തിനാട നീ അവരെ വിട്ടു പോയത്. ആ തള്ളയുടെ കാട്ടി കൂട്ടൽ കണ്ടു നിന്നെ ഞാൻ ഒരുപാട് ശപിച്ചിട്ടുണ്ട്” അതു പറയുമ്പോൾ കേശവേട്ടന്റെ ചുണ്ടുകൾ വിറച്ചു.
“അറിയില്ല കേശവേട്ടാ…അന്നു തോന്നിയ ഒരു ബുദ്ധിമോശം…അമ്മയെ കാണണം അവരുടെ കാൽക്കൽ വീണു മാപ്പു ചോദിക്കണം” അതും പറഞ്ഞു അയാൾ കരഞ്ഞു.
“നന്നായി മോനെ….ഇപ്പോഴെങ്കിലും നിനക്കു അങ്ങനെ തോന്നിയല്ലോ…വേഗം ചെല്ല്. അവർക്ക് ഒരുപാട് സന്തോഷമാകും” കേശവേട്ടനോട് യാത്ര പറഞ്ഞു അയാൾ ഇരുട്ടിലൂടെ തന്റെ വീട് ലക്ഷ്യമാക്കി നടന്നു.
വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും വീട്ടിലേക്കുള്ള വഴി അയാൾക്ക് കൃത്യമായിരുന്നു.
“അമ്മേ…മുറ്റത്തു നിന്നും അയാൾ വിളിച്ചു. “ആരാത്” ശബ്ദം കേട്ടു സൗമ്യ വിളിച്ചു ചോദിച്ചു. “ആരാ മോളെ..” വൃദ്ധ ചെവിയോർത്തു. “അറിയില്ല അമ്മാമേ…ആരോ വിളിക്കുന്നുണ്ട്”
“ഞാനാ അമ്മേ ദേവൻ” ദേവൻ എന്നു കേട്ടതും ആ വൃദ്ധ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. “അമ്മാമ്മ എഴുന്നേൽക്കണ്ട ഞാൻ വാതിൽ തുറക്കാം…”വാതിൽ തുറന്നു ആളെ കണ്ടു സൗമ്യക്ക് മനസിലായില്ല.
എങ്കിലും ദേവൻ എന്ന വാക്കു അവൾ എന്നും കേൾക്കുന്നതാണ്. അമ്മയുടെ പുന്നാര ആങ്ങള….അമ്മാമയുടെ കഞ്ഞിയുടെ അവകാശി…എന്റെ “മാമൻ” അവൾ മനസിൽ പറഞ്ഞു.
അയാൾ അകത്തു കടന്നു ആ വൃദ്ധയുടെ അടുത്തിരുന്നു. “അമ്മേ…വൃദ്ധയുടെ കൈ പിടിച്ചു അയാൾ വിളിച്ചു.
“മോനേ..നീ…വന്നോ…എവിടെയായിരുന്നു ഇത്ര നാളും…എന്തിനാ നീ എന്നെവിട്ടു പോയത്…എന്റ ദേവി എന്റ പ്രാർത്ഥന കേട്ടു. കണ്ണടയുന്നതിനു മുൻപ് നിന്നെ കാണണമെന്നു ഞാൻ പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല” അതും പറഞ്ഞു ആ വൃദ്ധ കരഞ്ഞു.
“എന്നോട് ക്ഷമിക്കമ്മേ…അറിവില്ലായ്മകൊണ്ടു ഞാൻ അമ്മയെ വിട്ടു പോയി. ഇനി..ഇനി..ഞാൻ എന്റമ്മയെ വിട്ടു എവിടേക്കും പോകില്ല” അതും പറഞ്ഞു അയാൾ കരഞ്ഞു കൊണ്ട് വൃദ്ധയുടെ കാൽക്കൽ ഇരുന്നു.
“എന്റെ മോനെ ഇനി ഞാൻ എവിടേക്കും വിടില്ല. എത്ര നാളായി നിന്നെ കാത്തിരിക്കുന്നു. എനിക്ക് അറിയാമായിരുന്നു എന്നേലും നീ വരുമെന്ന്. എല്ലാരും എന്നെ കളിയാക്കി. എന്റെ മോനെ ഇനിക്ക് അറിഞ്ഞൂടെ….നൊന്തു പെറ്റ വയറിനല്ലേ വേദനയറിയൂ” അതു പറയുമ്പോൾ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“മോൻ എന്തേലും കഴിച്ച…മോളെ എന്റെ മോന് കഞ്ഞിയെടുത്തെ…” സൗമ്യയെ നോക്കി വൃദ്ധ പറഞ്ഞു. ഈ കാഴ്ചയൊക്കെ കണ്ടു മതി മറന്നു നിൽക്കായിരുന്നു അവൾ. അമ്മാമയുടെ വാക്കുകൾ അവളുടെ കാതിൽ വീണില്ലായിരുന്നു. അയാൾ അവളെ നോക്കി…
“സൗദാമിനിയിടെ മോളാ…ഇനിക്കു കൂട്ടായി ഇവളെ ഇവിടെ നിർത്തിയേക്കാ. അവളെ ഇവിടെ അടുത്തേക്കാ കെട്ടിച്ചേക്കുന്നേ…അവളുടെ കൂടെ നിൽക്കാൻ വേണ്ടി ഒരുപാട് നിർബന്ധിച്ചു. ഞാൻ എവിടേം പോയില്ല…നീ വരുമ്പോൾ ഞാൻ ഇവിടെ വേണ്ടേ…എന്നെ കണ്ടില്ലെങ്കിൽ നീ വിഷമിച്ചാലോ”
ആ വാക്കുകൾ അയാളുടെ കണ്ണുകളെയും ഹൃദയത്തെയും നനച്ചു. അയാൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. മനസുകൊണ്ട് അയാൾ അമ്മയോട് മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു.