രേണുക – രചന: സിയ യൂസഫ്
രേണുക സാരി ഞൊറിഞ്ഞുടുക്കുന്നതിനിടയിലാണ് വിലാസിനിയമ്മ മുറിയിലേക്കു വന്നത്. ഇത്ര പെട്ടന്ന് ജോലിക്ക് പോണോ മോളേ…?
അവൾ മുഖമുയർത്തി അവരെ നോക്കി. പോകാതെ പറ്റില്ലമ്മേ…ഇപ്പോ തന്നെ രണ്ടു മാസായില്ലേ…?ഇന്നലേയും ഓഫീസീന്ന് വിളിച്ചേര്ന്നു. ഇനിയും ലീവ് നീട്ടാൻ പറ്റില്ലാന്ന്…ഇന്നെങ്കിലും ചെന്നില്ലെങ്കി അവര് വേറെ ആളെ വെക്കുംന്നാ പറയണേ…
മ്മ്…വിലാസിനിയമ്മ എല്ലാം ഒരു മൂളലിലൊതുക്കി മുറിക്കു പുറത്തിറങ്ങി. അമ്മ വരണതു വരെ അച്ഛമ്മയെ ബുദ്ധിമുട്ടിക്കാതെ നല്ല കുട്ടിയായിട്ട് ഇരിക്കണട്ടോ അമ്മൂ….അവൾ തന്റെ നാലു വയസ്സുകാരിയുടെ നെറുകയിൽ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു. അമ്മു തലകുലുക്കി സമ്മതിച്ചു. അമ്മയോടു യാത്ര പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ഹരികൃഷ്ണൻ കേറിവന്നത്.
ഏടത്തി എങ്ങോട്ടാ രാവിലെത്തന്നെ ഒരു യാത്ര…?
ഞാനിന്നു മുതൽ ജോലിക്ക് പോയിത്തുടങ്ങാണ് ഹരീ. ചെല്ലാൻ പറഞ്ഞിട്ട് അവിടന്ന് വിളി വന്നേരുന്നു…അമ്മയുടെ മുഖത്തേക്കു നോക്കിയാണ് രേണുക മറുപടി പറഞ്ഞത്. എങ്കിലും ഹരിയുടെ മുഖത്തെ ഭാവമാറ്റം അവൾ വ്യക്തമായി തിരിച്ചറിഞ്ഞു.
ഏടത്തി എന്ത് ഭ്രാന്താ ഈ കാട്ടണത്…? ഏട്ടൻ പോയിട്ട് രണ്ടു മാസല്ലേ ആയിട്ടുള്ളൂ…അപ്പഴേക്കും ഒരുങ്ങിക്കെട്ടി എറങ്ങാന്നു വച്ചാ…ആളുകള് എന്താ പറയാന്ന് വല്ല വിചാരോണ്ടോ…?
ഹരിയുടെ വാക്കുകളിലെ അമർഷം അവൾ കാണാതിരുന്നില്ല. അവളുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു. തിരിഞ്ഞു നിന്നുകൊണ്ട് അവളത് മെല്ലെ ഒപ്പിയെടുത്തു. പിന്നെ പറഞ്ഞു….
ഭർത്താവ് മരിച്ചയുടനെ പുറത്തിറങ്ങി വിലസാനുള്ള കൊതിയൊന്നും ഏടത്തിക്കില്ല ഹരീ…ഏട്ടൻ പോയ നൊമ്പരം ഇപ്പഴും ഈ നെഞ്ചിൽ കിടന്ന് പൊകയ്ണ്ട്. അത് മാസങ്ങളല്ല, എത്ര കൊല്ലങ്ങള് കഴിഞ്ഞാലും ന്നെ വിട്ട് പോവൂല്യ….പക്ഷേ…ഇപ്പോ എനിക്ക് പോയേ പറ്റൂ…മുന്നോട്ടുള്ള ജീവിതത്തിനു മാത്രല്ല. ഏട്ടന്റെ പേരില്ള്ള കടങ്ങള്..!! ഞാനിവടെ ഇര്ന്നാല് അതൊക്കെ ആര് വീട്ടും…? നെന്നെക്കൊണ്ട് പറ്റ്വോ അതൊക്കെ കൊടുത്തു വീട്ടാൻ…?
അവളുടെ സ്വരമിടറി. അവളറിയാതെ വാക്കുകൾക്കൊപ്പം തേങ്ങലുകളും ഉയർന്നു കേട്ടു. അവളുടെ ചോദ്യത്തിൽ ഹരി നിശ്ശബ്ദനായി. ഒരു ജോലിയോ വലുമാനമോ ഇല്ലാത്ത തനിക്ക്, ഏട്ടന്റെ ഭാരിച്ച കടങ്ങളെ തോളിലെടുക്കാൻ ത്രാണിയില്ലെന്ന് അവനു നന്നായറിയാം. എന്നാലും മറ്റുള്ളോര്…
അവൻ പറഞ്ഞു മുഴുമിക്കും മുമ്പേ രേണുക പറഞ്ഞു….മറ്റുള്ളോരടെ വായ അടപ്പിക്കാൻ നമ്മള് വിചാരിച്ചാ നടക്വോ ഹരീ…ഈ പറയണോരാരും നമ്മളെങ്ങനാ കഴിയണേന്ന് അന്വേഷിച്ചിട്ടുണ്ടോ ഇതുവരെ…? അല്ലേലും കുറ്റപ്പെടുത്താൻ ഇഷ്ടംപോലെ ആളു കാണും. വേദനയറിയാനോ സഹായിക്കാനോ ആരുണ്ടാവില്യ….
സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് രേണുക നടത്തം തുടങ്ങി. അമ്മേ വരുമ്പോ മിട്ടായി. പിറകിൽ നിന്നും അമ്മുവിന്റെ ശബ്ദം കേൾക്കേ അവൾ തിരിഞ്ഞൊന്നു നോക്കി. “കൊണ്ടു വരാട്ടോ” എന്നു പറയും വിധം അവൾ പതിയെ തലയൊന്നിളക്കി. വാച്ചിലേക്കു നോക്കി വേഗത്തിൽ നടന്നു തുടങ്ങി.
*****************************
ഓഫീസിലെത്തിയപ്പോഴേക്കും സഹപ്രവർത്തകരെല്ലാം അടുത്തു കൂടി. സഹതാപം കലർന്ന അവരുടെ നോട്ടത്തെ നേരിടാനാകാതെ അവൾ തന്റെ കാബിനിലേക്കു നടന്നു. മൗസിൽ കയ്യമർത്തിയപ്പോൾ കൈകൾ വിറയ്ക്കും പോലെ…കണ്ണുകളിൽ ഊറിയ കണ്ണുനീർ മോണിറ്ററിലെ അക്ഷരങ്ങളെ അവ്യക്തമാക്കി. മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടി. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. നിയന്ത്രണം വിട്ടൊഴുകിയ കണ്ണുനീർ മറ്റുള്ളവർ കാണാതിരിക്കാൻ അവൾ കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ചു. ചുണ്ടുകൾ കടിച്ചു പിടിച്ച് അവൾ തേങ്ങലിനെ തടഞ്ഞു വച്ചു. ഡസ്കിലേക്കു മുഖം ചേര്‍ത്തു വച്ച് അവളങ്ങനെ കിടന്നു.
മുന്നിൽ പുഞ്ചിരിയോടെ ആ മുഖമങ്ങനെ മിന്നിമറഞ്ഞു കൊണ്ടിരുന്നു….ജയേട്ടാ…!!അവളുടെ ചുണ്ടുകൾ അയാളുടെ നാമത്തെ ഉച്ചരിക്കുന്നുണ്ടായിരുന്നു.
രേണുകേ…രേണുകേ…ആരോ പുറത്തു തട്ടി വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. സോഫിയാണ്…തന്റെ സഹപ്രവർത്തക…അവളുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതിനാലാകണം, സോഫിയൊന്നും ചോദിച്ചില്ല.
രേണുക എഴുനേറ്റ് വാഷ് റൂമിലേക്ക് നടന്നു. മുഖം കഴുകുന്നതിനിടയിൽ ചുവരിലെ കണ്ണാടിയിൽ കണ്ട തന്റെ പ്രതിബിംബത്തെ നോക്കി അവൾ വാവിട്ടു കരഞ്ഞു. അതുവരെ മനസ്സിൽ അടക്കിപ്പിടിച്ചതെല്ലാം അവളവിടെ ഉപേക്ഷിക്കുകയായിരുന്നു.
ഓഫീസ് ടൈം അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് എം ഡി രേണുകയെ മുറിയിലേക്കു വിളിപ്പിച്ചത്. അവളെ കണ്ടതും അയാൾ സൗമ്യനായി ചിരിച്ചു. അവളും ചിരിക്കാൻ ശ്രമിച്ചു. ഇത്ര പെട്ടെന്ന് ജോലിക്കു കയറാൻ പറഞ്ഞതിൽ ബുദ്ധിമുട്ടായോ തനിക്ക്…?
ഇല്ല സർ…രണ്ടു മാസത്തെ സാവകാശം എനിക്കു വേണ്ടി തന്നില്ലേ…അതുതന്നെ സാറിന്റെ വലിയ മനസ്സ്. അവൾ പറഞ്ഞതിനു മറുപടിയായി അയാളൊന്നു മന്ദഹസിച്ചു. ശേഷം ടേബിളിൽ വച്ചിരുന്ന കവറെടുത്ത് അവൾക്കു നേരെ നീട്ടി. രേണുക സംശയത്തോടെ നോക്കിയപ്പോൾ അയാൾ പറഞ്ഞു…
തന്റെ രണ്ടു മാസത്തെ സാലറിയാണ്. ലീവായിരുന്നെങ്കിലും ഞാനിത് കട്ട് ചെയ്യുന്നില്ല. തനിക്കിപ്പോൾ ആവശ്യങ്ങൾ ഒരുപാടുണ്ടാകുമല്ലോ…? സോ, ഇതിരിക്കട്ടെ.
അത്…അതു വേണ്ട സർ…ചെയ്യാത്ത ജോലിക്ക് പ്രതിഫലം വാങ്ങുന്നത് ശരിയല്ലല്ലോ…അവൾ മടിച്ചു നിൽക്കേ ആ പണം അയാളവളുടെ കയ്യിൽ ബലമായി വച്ചു കൊടുത്തു.
വെറുതെ തന്നെന്നു കരുതണ്ട സമയംപോലെ തന്റെ ശമ്പളത്തിൽ നിന്നും ഞാൻ പിടിച്ചോളാം. അത്രയും പറഞ്ഞ് അയാൾ മുറിവിട്ടപ്പോൾ അവൾ കയ്യിലിരുന്ന പണത്തിലേക്കു തന്നെ കുറച്ചുനേരം നോക്കിനിന്നു. പിന്നെയത് ഭദ്രമായി ബാഗിൽ വച്ച് മുറിക്കു പുറത്തിറങ്ങി.
**************************
കവലയിൽ വന്നു ബസിറങ്ങി നടക്കുന്നതിനിടയിലാണ് അമ്മുവിന്റെ മിട്ടായിക്കാര്യം ഓർമ്മ വന്നത്. നേരെ പണിക്കരുടെ കടയിലേക്ക് കയറി. രണ്ട് ഡയറിമിൽക്ക്…അവളുടെ ശബ്ദംകേട്ട് പുസ്തകത്തിലെന്തോ എഴുതിക്കൊണ്ടിരുന്ന പണിക്കര് തലയുയർത്തി നോക്കി. അവളെ കുറച്ചു നേരം സൂക്ഷിച്ചു നോക്കി. പിന്നെ തോളത്തുകിടന്ന ബാഗിലേക്കായി നോട്ടം.
കുട്ടി ജോലിക്ക് പോയിത്തുടങ്ങീലേ….അയാളുടെ ചിരിയിലെന്തോ വല്ലായ്മ തോന്നിയെങ്കിലും അവളൊന്നു മൂളി. ഭരണിയിൽ കയ്യിട്ട് രണ്ടു ഡയറിമിൽക്കെടുത്ത് നീട്ടിക്കൊണ്ട് പണിക്കര് പറഞ്ഞു….പോണ്ടോര് പോയി. എന്നു വച്ച് നമ്മക്ക് വീട്ടീത്തന്നെ ഇരിക്കാൻ പറ്റ്വേ…ജീവിതത്തിനും ഒരു വഴി കാണണ്ടേ ല്ലേ…ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യം പറയാൻ പണിക്കര് പണ്ടേ കേമനാണെന്ന് ജയേട്ടൻ പറഞ്ഞിരുന്നത് എത്ര ശരിയാണ്.
അവളൊന്നും പറയാതെ മിട്ടായിയുടെ വില അയാൾക്കു നീട്ടി….ഇതിപ്പോ അഞ്ഞൂറിന്റെ നോട്ടാണല്ലോ…ബാക്കി തരാൻ ഇവടെ ചില്ലറ കാണില്ലാട്ടോ…അയാളുടെ വഷളൻ ചിരിയിൽ അവൾക്കു വെറുപ്പ് തോന്നി. ബാഗിൽ തപ്പിക്കിട്ടിയ ചില്ലറത്തുട്ടുകൾ അയാൾക്കു കൊടുത്ത് അവൾ വേഗം തിരിഞ്ഞു നടന്നു.
വീടിന്റെ പടവുകൾ കയറുമ്പഴേ കണ്ടു…ജയേട്ടന്റെ ചെറിയച്ഛൻ ഉമ്മറത്തിരിക്കുന്നത്. അവളെ കണ്ടതും വായിലെ മുറുക്കാൻ തുപ്പൽ മുറ്റത്തേക്ക് നീട്ടിത്തുപ്പി. ചെറിയച്ഛനെപ്പൊ വന്നു…?മുഖത്തൊരു ചിരി വരുത്തി രേണുക ചോദിച്ചു.
കുറച്ചു നേരായി…ആളിത്തിരി ഗൗരവത്തിലാണെന്ന് അവൾക്കു മനസ്സിലായി. വാതിൽപ്പടിമേൽ അമ്മയും,, ഉമ്മറത്തെ തൂണും ചാരി ഹരിയും മിണ്ടാതെ നിന്നു. മോളെവിടെ അമ്മേ…? അവൾ അന്വേഷിച്ചു. മോള് ഉറങ്ങീന്ന് അമ്മയുടെ മറുപടിയും വന്നു.
ചില ധിക്കാരങ്ങള് കാണുമ്പോ എങ്ങനേ വരാതിരിക്യാ….ഏട്ടൻ പോയീച്ചാലും കാരണവൻമാരായി ഞങ്ങളിൽ ചെലരൊക്കെ ണ്ടല്ലോ ഇവടെ…ചെറിയച്ഛന്റെ വാക്കുകൾക്ക് മൂർച്ച കൂടുന്നതായി അവൾക്കു തോന്നി. അവളമ്മയെ നോക്കി…അവരുടെ മുഖത്തെ ദൈന്യത അവളെ നിരാശപ്പെടുത്തി.
ഭർത്താവു മരിച്ച പെണ്ണുങ്ങള് ഒരു കൊല്ലം കഴിഞ്ഞേ സ്വന്തം വീടു പോലും കണ്ട ചരിത്രൊള്ളൂ ഈ അമ്പലത്തറ തറവാട്ടുകാർക്ക്….ഏട്ത്തി അതൊന്നും പറഞ്ഞു കൊട്ത്തില്യാന്നു തോന്നണു മരുമോൾക്ക്….? ചെറിയച്ഛൻ വിലാസിനിയമ്മയെ നോക്കിയപ്പോൾ അവർ എന്തു പറയണമെന്നറിയാതെ രേണുകയെ നോക്കി.
ഏടത്തിയോട് പറഞ്ഞതാ ചെറിയച്ഛാ…പക്ഷേ അവര് കേക്കണ്ടേ…ഏട്ടന്റെ കടത്തിന്റെ പേരും പറഞ്ഞാ ഈ എറങ്ങി നടക്കല്.
ഹരി അതുപറഞ്ഞപ്പോ ഉള്ളിലൊരു നീറ്റല്…എറങ്ങി നടക്കുന്നു പോലും…!! എവിടേക്ക്…? ആർക്കു വേണ്ടി….? അവളുടെ മിഴികൾ നിറഞ്ഞൊഴുകി. മറുത്തൊന്നും പറയാൻ പറ്റാത്ത വിധം വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്നു. വീണു പോകുമെന്ന് തോന്നിയപ്പോൾ ചുമരിനോട് ചേർന്നു നിന്നു.
അപ്പോഴാണ് കണ്ണുകൾ തിരുമ്മി ‘അമ്മേന്നും’ വിളിച്ച് അമ്മു ഓടിവന്നത്. വന്നപാടെ അവളെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞു. അമ്മയുടെ കണ്ണീരിന്റെ കാരണമറിയാതെ ആ കൊച്ചു കുഞ്ഞ് അവളുടെ കണ്ണുകളിലേക്ക് നോക്കി മിഴിച്ചു നിന്നു.
കാര്യം പറയുമ്പോ കരഞ്ഞിട്ടെന്താ….പറയണേന്റെ ഗൗരവം മനസ്സിലാക്കാ വേണ്ടത്….ഭർത്താക്കൻമാരോട്ള്ള സ്നേഹം അവര് മരിക്കണതു വരെ മാത്രം പോരാ….മരിച്ചാലും വേണം….അത് കാണിക്കണ്ടത് കുറച്ചു കാലെങ്കിലും വീട്ടില് അടങ്ങിയൊതുങ്ങി ഇരുന്നിട്ടാ…അല്ലാതെ പ്ര്രാബ്ധണ്ടെന്നും പറഞ്ഞ് ഉടുത്തൊരുങ്ങി ജോലീന്നും പറഞ്ഞ് പോയിട്ടല്ല…
ചെറിയച്ഛന്റെ വിശദീകരണം അവളുടെ കരച്ചിലിന്റെ ആഴം കൂട്ടി. എന്ത് കരച്ചിലാത് രേണൂ…ആ കുഞ്ഞിനെ കൂടി വെഷമിപ്പിക്കാൻ…അതും പറഞ്ഞ് അമ്മ അമ്മൂനെ അവളിൽ നിന്നും വേർപ്പെടുത്തി അവർക്കരികിലേക്കു നിർത്തി.
ഞാൻ…ഞാൻ പിന്നെ എന്താ ചെയ്യണ്ടേ അമ്മേ….? ഇവരൊക്കെ പറയണതു പോലെ ഏട്ടനോട് സ്നേഹല്യാത്തോണ്ടാണോ ഞാൻ ജോലിക്കു പോണത്….? ന്റെ മോളെ മാത്രം ഓർത്തിട്ടാ ഞാൻ പിടിച്ചു നിക്കണത്. അല്ലാച്ചാല് ഏട്ടൻ പോയ ആ നിമിഷം ഞാനും അവസാനിപ്പിച്ചേനെ ന്റെ ഈ ജീവിതം. അവൾ കരച്ചിലടക്കാനാവാതെ അകത്തേക്കോടി കട്ടിലിൽ ചെന്നു വീണു.
മുറിയിൽ വച്ചിരുന്ന മാലയിട്ട ജയകൃഷ്ണന്റെ ഫോട്ടോയെടുത്ത് അവൾ മാറോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞു…എന്തിനാ ന്നെ തനിച്ചാക്കി പോയത് ഏട്ടാ…? ചെറിയച്ഛൻ പറയണതു കേട്ടില്ലേ…ന്റെ മനസ്സ് ഏട്ടനല്ലാതെ മറ്റാരും മനസ്സിലാക്കണില്ലല്ലോ….ഞാൻ വീട്ടിലായാലും ഓഫീസിലായാലും ന്റെയുള്ളില് ഏട്ടനല്ലാതെ മറ്റൊന്നൂല്യാന്ന് ഞാനെങ്ങനാ അവരെ പറഞ്ഞ് മനസ്സിലാക്കിക്യാ…ഓരോ ദിവസവും ഏട്ടൻ കെട്ടിയ താലിയെ സാക്ഷിയാക്കി ഏട്ടന്റെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ചവളല്ലേ ഞാൻ…!!എന്റെ കണ്ണടയുവോളം ഏട്ടനെ കണ്ണിൽ കാണിക്കണേന്ന് ഈശ്വരനോട് അപേക്ഷിച്ചവളല്ലേ ഞാൻ….എന്നിട്ടും…
കരച്ചിലടക്കി….ഒരുനിമിഷം അവളുടെ മിഴികൾ വീടിന്റെ തെക്കേ മൂലയിലേക്കു പാഞ്ഞു…ഒപ്പം അവളുടെ ഓർമ്മകളും…..
**************************
ടൗണിലെ റോഡിനോടു ചേർന്നായിരുന്നു ജയകൃഷ്ണൻ കൂൾബാർ നടത്തിയിരുന്നത്. അത്യാവശ്യം തിരക്കുള്ള സ്ഥലമായിരുന്നതു കൊണ്ട് അയാൾക്ക് നല്ല വരുമാനവും കിട്ടിയിരുന്നു. കോളേജിലേക്ക് വരുന്ന വഴി രേണുകയും കൂട്ടുകാരികളും അവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു. ആ പരിചയമാണ് ഇരുവരേയും തമ്മിലടുപ്പിച്ചതും വീട്ടുകാരെ എതിർത്ത് രേണുകയെ ജയകൃഷ്ണന്റെ ഭാര്യയാക്കിയതും…
വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ സമയത്താണ് റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ജയകൃഷ്ണന്റെ കൂൾബാറും പൊളിച്ചു മാറ്റേണ്ടി വന്നത്. അതവരെ സാമ്പത്തികമായി തകർത്തെങ്കിലും അതുവരെ മിച്ചംപിടിച്ചതു വച്ച് അയാൾ പുതിയൊരു സംരംഭം തുടങ്ങി വച്ചു. എന്നാൽ അതൊരു വൻ പരാജയമായിരുന്നു. അവിടെനിന്നായിരുന്നു അയാളുടെ തകർച്ചയുടെ തുടക്കവും…
ആ സമയത്താണ് അയാളുടെ അച്ഛനെ ക്യാൻസർ പിടികൂടിയ വിവരം അറിയുന്നതും ചികിത്സ ആരംഭിക്കുന്നതും…ഹരികൃഷ്ണൻ ആ സമയത്ത് കോളേജ് കഴിഞ്ഞിട്ടേയുള്ളൂ…എട്ടന്റെ തണലിൽ നിന്നതല്ലാതെ ജോലിക്കൊന്നും അവനും ശ്രമിച്ചിരുന്നില്ല. ഏട്ടനാണെങ്കിൽ അവനെ നിർബന്ധിച്ചതുമില്ല…പലരിൽ നിന്നും കടംവാങ്ങി അച്ഛനെ ചികിത്സിച്ചെങ്കിലും കടങ്ങൾ മാത്രം ബാക്കി നിർത്തി അച്ഛൻ മരണത്തെ വരിച്ചു. പിന്നേയും രണ്ടു വർഷങ്ങൾ കടന്നു പോയി.
ഓരോ കടവും വീട്ടാൻ വേണ്ടി അയാൾ വീണ്ടും വീണ്ടും കടക്കാരനായിക്കൊണ്ടിരുന്നു. അപ്പോഴേക്കും അയാൾ മറ്റൊരാളുടെ കീഴിലെ പണിക്കാരൻ മാത്രമായി മാറിയിരുന്നു. അമ്മക്കെന്നും ആമവാതവും ശ്വാസംമുട്ടലുമാണ്. തണുപ്പ് ഒട്ടും അടുത്തു പോലും വന്നുകൂടാ…എന്നാലോ…മഴക്കാലമെത്തിയാൽ ഒരു തുള്ളി പോലും വെള്ളം പുറത്തേക്കു പോകുകയുമില്ല. അങ്ങനെയാണ് പുതിയൊരു വീട് എന്ന സ്വപ്നം അയാളിൽ ചേക്കേറുന്നത്.
ഈ അവസ്ഥയിൽ അതു വേണോ ജയേട്ടാ…അവൾ ചോദിച്ചെങ്കിലും അയാൾ അത് തീരുമാനിച്ചു കഴിഞ്ഞിരുന്നു. കടങ്ങള് വീടീട്ട് വീടു വെക്കലൊന്നും നടക്കില്ല രേണൂ…പിന്നെ അമ്മയ്ക്കും ആഗ്രഹം കാണില്ലേ നല്ലൊരു വീട്ടിലൊക്കെ അന്തിയുറങ്ങണംന്ന്…അയാൾ പറയും…
അവളുടെ താലിമാല വരെ വിറ്റിട്ടാണ് ആ പറമ്പിൽ തന്നെ, ജയകൃഷ്ണന്റെ ഓഹരി ഭാഗത്ത് തറപ്പണി മുഴുവനാക്കീത്…കാശിനു അത്യാവശ്യം ഏറിവന്നപ്പോഴാണ് രേണുക ജോലി എന്ന സ്വപ്നത്തിലെത്തുന്നത്. പ്രതീക്ഷിച്ച പോലെ നല്ലൊരു ജോലിയും കിട്ടി. ബാങ്കിൽ നിന്നും വായ്പയെടുത്ത് വീടുപണി പുനരാരംഭിച്ചു. ആ വീട് അയാൾ കണ്ട ഏറ്റവും വലിയ സ്വപ്നമായിരുന്നു. എപ്പോഴും അയാളതിനെ കുറിച്ച് വാചാലനാവും.
ഇടയ്ക്കെപ്പഴോ പറഞ്ഞു…ഇനീപ്പോ ഞാൻ സ്വപ്നം കണ്ടതു പോലെ ആ വീട്ടിൽ താമസിക്കാൻ എനിക്കു ഭാഗ്യമുണ്ടായില്ലെങ്കി….എന്നെ ആ മണ്ണിൽ തന്നെ അടക്കം ചെയ്യണേ രേണൂ…അന്നതിനെ സ്നേഹത്തോടെ ശാസിച്ചെങ്കിലും ആ വാക്കുകൾ അറം പറ്റുമെന്ന് അവളൊരിക്കലും കരുതിയില്ല. അതോ, ആ സമയം ഏട്ടൻ തന്റെ മരണത്തെ മുന്നിൽ കണ്ടിരുന്നോ…..?
ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…