അതെടുത്ത് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് വാതിലിന്റെ താഴ് വീഴുന്ന ശബ്ദം കേട്ടത്. അവളൊന്നു ഞെട്ടി…

രേണുക – രചന: സിയ യൂസഫ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അതോ ആ സമയം ഏട്ടൻ തന്റെ മരണത്തെ മുന്നിൽ കണ്ടിരുന്നോ…? അവളുടെ തേങ്ങൊലികൾ നേർത്തു വന്നു. അമ്മേന്നു വിളിച്ച് അമ്മുമോള് ഓടിവന്നപ്പോഴാണ് രേണുക ചിന്തകളിൽ നിന്നുമുണർന്നത്. അവൾ കണ്ണു തുടച്ചുകൊണ്ട് എഴുനേറ്റിരുന്നു.

അമ്മയെന്തിനാ കരയണേ…?

ഒന്നൂല്യ മോളെ…

അമ്മ കരഞ്ഞാ അമ്മൂന് വെഷമാവും…അമ്മൂം കരയും…

ഇല്ല മോളേ, അമ്മയിനി കരയില്ലാട്ടോ.

അമ്മ കരയണത് അച്ഛനും ഇഷ്ടാവില്യ…അവൾ കുഞ്ഞിനെ തന്നോട് ചേർത്തു നിറുത്തി മൂർധാവിൽ ചുംബിച്ചു. എന്റെ അച്ഛനെവിടെ അമ്മേ….? അച്ഛമ്മ പറഞ്ഞല്ലോ അച്ഛനിനി തിരിച്ചു വരില്ലാന്ന്…അച്ഛൻ ദൂരെ ദൂരെ പോയേക്കാന്ന്. അവളുടെ കുഞ്ഞിക്കണ്ണുകൾ വിടരുന്നതു നോക്കി രേണുക പറഞ്ഞു….

അച്ഛൻ എങ്ങും പോയിട്ടില്ലാട്ടോ….എപ്പഴും നമ്മടെ കൂടെത്തന്നെണ്ട്…നമ്മക്ക് കാണാൻ കഴിയുന്നില്ലേലും അച്ഛൻ നമ്മളെ കാണുന്നുണ്ട്. നമ്മള് പറയുന്നത് കേൾക്കുന്നുണ്ട്…

ആണോ അമ്മേ…അച്ഛൻ അമ്മയോട് മിണ്ടിയോ മോള് കാണാതെ…?

ഉം…പിന്നേ…അച്ഛനാ പറഞ്ഞത് ഇനി കരയരുതെന്ന്. കരഞ്ഞാല് അച്ഛൻ മിണ്ടൂലാന്നും മോളെ നന്നായിട്ട് നോക്കണംന്നും പറഞ്ഞു. ആ കുഞ്ഞു മുഖത്തു വിരിഞ്ഞ പാൽപുഞ്ചിരി നോക്കി അവളും പതിയെ ചിരിച്ചു. മോൾക്കമ്മ മിട്ടായി കൊണ്ടുവന്നിണ്ട്. ഇപ്പൊ തരാട്ടോ….രേണുക ബാഗിൽ നിന്നും മിഠായിയെടുക്കുന്നതിനിടയിലാണ് വിലാസിനിയമ്മയും അവർക്കു പിറകിലായി ഹരിയും മുറിയിലേക്കു വന്നത്.

ചെറിയച്ഛൻ പോയോ അമ്മേ….? കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു. ഉവ്വ്…കുറച്ചു നേരായി പോയിട്ട്. പിന്നേയും എന്തോ പറയാനുണ്ടെന്ന കാരണത്താൽ അവരവിടെത്തന്നെ നിന്നു. ഇടയ്ക്കിടെ പരസ്പരം നോക്കുന്നുണ്ടെങ്കിലും അവളത് കണ്ടില്ലെന്നു നടിച്ച് അമ്മുവിന് മിഠായി കൊടുക്കുന്ന മട്ടിലിരുന്നു.

മോളേ രാഘവൻ ഇവനോട് നാളെമുതൽ അവരടെ തടിമില്ലിൽ കണക്കെഴുതാനായി ചെല്ലാൻ പറഞ്ഞിണ്ട്. അമ്മ പറഞ്ഞു….”എന്നെ വീട്ടിലിരുത്താനുള്ള ചെറിയച്ഛന്റെ തന്ത്രം….” അവൾ മനസ്സിലോർത്തു. അപ്പോ വീട്ടിലെ കാര്യങ്ങൾ നാളെമുതൽ ഹരി നോക്കുമെന്നർത്ഥം.

അപ്പോ കടങ്ങളോ….അതാര് വീട്ടും…? അവൾ ഇരുവരേയും മാറിമാറി നോക്കി. കടം വീട്ടാനുള്ള പണവും ചെറിയച്ഛൻ തരാമെന്നേറ്റിട്ടുണ്ട്. ഹരിയതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അത്ഭുതം സ്ഫുരിച്ചു. അച്ഛനിങ്ങനെയൊക്കെ വയ്യാതെ കിടന്നിട്ടും ഒരു നേരത്തെ മരുന്നിനു പോലും പത്തുപൈസ തരാത്ത ആളാണ് ചെറിയച്ഛൻ…എന്നിട്ടിപ്പോ….എനിക്കിത് വിശ്വസിക്കാൻ പോലും കഴിയുന്നില്ലല്ലോ അമ്മേ….

അവളുടെ സംശയത്തിനുള്ള മറുപടി പറഞ്ഞത് ഹരിയായിരുന്നു. ചെറിയച്ഛൻ പണം തരാമെന്നു പറഞ്ഞതു സത്യമാണ്. പക്ഷേ അതിനു പകരമായി ഏടത്തിയുടെ പേരിലുള്ള ആ വീടും സ്ഥലവും ചെറിയച്ഛന്റെ പേരിൽ കൊടുക്കേണ്ടി വരും. അവന്റെ വാക്കുകൾ ഒരു തീമഴ പോലെ അവളിലേക്കു പെയ്തിറങ്ങി. കുറച്ചു സമയത്തേക്ക് അവളൊന്നും മിണ്ടിയില്ല. അവൾക്കൊരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഉടമ്പടി ആയിരുന്നില്ല അത്.

അതു ശരിയാവില്ലമ്മേ….ഒരുപാട് കടങ്ങൾക്കു നടുവിൽ നിൽക്കുന്ന സമയത്തു തന്നെയാണ് ഏട്ടനൊരു വീടിനെപ്പറ്റി ചിന്തിച്ചതും അതിനായി ഇറങ്ങിത്തിരിച്ചതും….എന്നിട്ടിപ്പോ ഏട്ടൻ പോയെന്നു കരുതി ആ ശ്രമം ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല. ഏട്ടനോടൊപ്പം ഏട്ടന്റെ സ്വപ്നങ്ങളും മരിച്ചിട്ടില്ലമ്മേ….ആ സ്വപ്നം ഞാനേറ്റെടുക്കും….അതിനെത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നാലും. എന്റെ ചൂടു ശ്വാസം നിലയ്ക്കുന്നതു വരെ ഞാനതിന് വേണ്ടി പ്രയത്നിച്ചിരിക്കും…എന്റെ ഏട്ടനുവേണ്ടി എനിക്ക് ചെയ്യാനുള്ളത് ഇനി അതുമാത്രമാണ്….

അമ്മയ്ക്കു വേണ്ടിയല്ലേ ഏട്ടൻ ആ പണി തുടങ്ങിവച്ചത്….? അമ്മയുടെ മുഖത്തെ സന്തോഷമല്ലേ ഏട്ടൻ ആഗ്രഹിച്ചത്….? ഹരീ…നിന്റെ വിവാഹം പുതിയ വീട്ടിൽ വച്ചായിരിക്കണമെന്ന് ഏട്ടനെപ്പഴും പറയുമായിരുന്നില്ലേ…? എന്റെ പ്രാണനുറങ്ങുന്ന മണ്ണും സ്വപ്നം കണ്ട ആ വീടും അതൊരിക്കലും വിട്ടുതരില്ലെന്ന് ചെറിയച്ഛനോട് പറഞ്ഞേക്കൂ…സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നുകൂടി പറഞ്ഞേക്കൂ ചെറിയച്ഛനോട്…

അവൾ പുറംതിരിഞ്ഞു അകത്തേക്കു പോയി. ഹരി അമർഷത്തോടെ അമ്മയെ നോക്കി. സെറ്റുമുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടയ്ക്കുകയായിരുന്നു അവരപ്പോൾ…അമ്മുവിനുള്ള പാല് തിളപ്പിക്കുന്ന നേരത്ത് രേണുകയുടെ മനസ്സിൽ മുഴുവനും ചെറിയച്ഛനായിരുന്നു. ജയൻ അവളെ വിവാഹം ചെയ്തത് അയാൾക്കന്നേ ഇഷ്ടമല്ലായിരുന്നു. അച്ഛന്റെ അനിയനാണെങ്കിലും അയാളൊരിക്കലും ഏട്ടന്റേയോ കുടുംബത്തിന്റേയോ നന്മയും ഉയർച്ചയും ആഗ്രഹിച്ചിട്ടില്ല. താൻ ജോലിക്കു പോകുന്നതു കണ്ടാൽ പലപ്പോഴും പുച്ഛത്തോടെ മുഖം തിരിക്കുമായിരുന്നു.

ഇതിപ്പൊ തന്നെ ഈ വീട്ടിൽ നിന്നും പുറത്താക്കാനുള്ള അയാളുടെ തന്ത്രമാണ്. തന്റെ പേരിലുള്ള സ്വത്ത് പോയിക്കഴിഞ്ഞാൽ പതിയെ ഹരിയെ കയ്യിലെടുത്ത് തനിക്കവകാശമില്ലാത്ത ഈ വീട്ടിൽ നിന്നും തന്നേയും മോളേയും പുറംതള്ളും. കൊള്ളാം ചെറിയച്ഛന്റെ കൂർമ്മ ബുദ്ധി…

എന്നാൽ ഈ ഇളം വെയിലേറ്റാലൊന്നും ഈ രേണുക വാടിവീഴില്ല…തളർന്നു പോകില്ല…ജയിച്ചു കാണിക്കും ഞാൻ….എന്റെ തോൽവി ആഗ്രഹിക്കുന്നവർക്കു മുന്നിൽ അന്തസ്സോടെ തലയുയർത്തിപ്പിടിച്ചു നടക്കും ഞാൻ. ആത്മവിശ്വാസത്തിന്റെ ഒരു ചെറുപുഞ്ചിരി അവളുടെ അധരങ്ങളിൽ പതിയെ മൊട്ടിട്ടു.

കിടക്കാൻ നേരത്താണ് അമ്മയും ഹരിയും തമ്മിലുള്ള സംഭാഷണം കേട്ടത്. അമ്മ അവനോട് ജോലിക്കാര്യത്തെപറ്റി ചോദിക്കുകയാണ്. ഇവര് ആ സ്ഥലം കൊടുക്കാത്തേന്റെ ദേഷ്യാ ചെറിയച്ഛന്…ഇനി എനിക്ക് ആ ജോലി കിട്ടുമെന്ന് തോന്നുന്നില്ല. അവൻ ഭയങ്കര ദേഷ്യത്തിലാണ്. നാളേക്ക് വെക്കാൻ ഒരു മണി അരിയില്ല. നിനക്ക് ആരോടെങ്കിലും കുറച്ചു പൈസ വാങ്ങിക്കാൻ കിട്ട്വോ…?

അപ്പോഴാണ് തന്റെ കയ്യിലുള്ള പണത്തിന്റെ കാര്യം അവൾക്കോർമ്മവന്നത്. അത് അമ്മയെ ഏൽപ്പിക്കണമെന്ന് കരുതിയതാണ്. ഈ പുകിലുകൾക്കിടയിൽ മറന്നുപോയി. ഇതാമ്മേ…ഹരിയോടു പറഞ്ഞ് എന്താന്നുവച്ചാ വാങ്ങിപ്പിച്ചോളൂ..മോളേ ഇത്…എന്റെ ശമ്പളത്തിന്റെ ബാക്കി പൈസ ഇന്നു കിട്ടിയതാണ്. ഹരിയുടെ രൂക്ഷ നോട്ടത്തെ അവഗണിച്ചു അവൾ അകത്തേക്കു പോയി.

************************

ബസ്സിറങ്ങി ഓഫീസിലേക്കു നടക്കുന്നതിനിടയിലാണ് ഒരു ബുള്ളറ്റ് രേണുകയ്ക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചത്. പലിശക്കാരൻ വറീതാണ്. അയാളെ കണ്ടതും അവൾ ഒന്നു പരുങ്ങി. വറീതേട്ടാ ഞാൻ…

അവൾ പറയാനൊരുങ്ങും മുമ്പേ അയാൾ പറഞ്ഞു…ദിവസത്രേയീന്നാ കൊച്ചേ വിചാരം…? മുതലോ ഇല്ല, എന്നാ പലിശയെങ്കിലും തരണ്ടേ…രേണുക ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു. ആ സമയത്താണ് അവർക്കു മുന്നിൽ ഒരു കാർ ബ്രേക്കിട്ടത്. ഡ്രൈവിങ് സീറ്റിൽനിന്ന് തല പുറത്തേക്കിട്ടത് അവളുടെ എം ഡി ശിവപ്രസാദാണ്.

എന്താ രേണുക…എന്താ ഇവിടെ നിൽക്കുന്നത്. ഇയാളാരാ…? അത്…അത് സർ…അവൾ എന്തു പറയണമെന്നറിയാതെ കുഴങ്ങി നിന്നപ്പോൾ വറീത് പറഞ്ഞു….ഞാൻ പറയാം സാറേ…ഈ കൊച്ചിന്റെ ഭർത്താവ് ആറേഴു മാസം മുമ്പ് എന്റെ കയ്യീന്ന് ഇരുപത്തയ്യായിരം രൂപ വാങ്ങിയാരുന്നു. മൊതലില്ലേലും പലിശ കൃത്യമായി തന്നോണ്ടിരുന്നതാ…ഇപ്പൊ മൂന്നു മാസായിട്ട് മൊതലൂല്യ പലിശേല്യ…അങ്ങേര് പോയ കാര്യൊക്കെ ഞാനറിഞ്ഞു. അതോണ്ടാ ഇതുവരെ ചോദിക്കാതിരുന്നത്. ഇനീം ചോദിക്കാതെ പറ്റുവോ…നമ്മടെ എടപാട് ഇതായിപ്പോയില്ലേ…

രേണുക തലകുനിച്ചു നിന്നു. അതിനിങ്ങനെ വഴിയിൽ തടഞ്ഞു നിർത്തിയാണോ ചോദിക്കേണ്ടത്…?

എന്റെ സാറേ…വീട്ടിലൊന്നും ഇപ്പൊ കേറിച്ചെല്ലാൻ പറ്റത്തില്ലന്നേ… പിന്നെ നമ്മള് വേണ്ടാതീനം കാട്ടീന്നാവും കേസ്. പിടിപാടൊക്കെ ഇപ്പൊ ഇവര് പെണ്ണുങ്ങക്കല്ലേ…ഇതാവുംമ്പോ പേടിക്കണ്ട. മാത്രല്ല, നാലാള് കണ്ടാല്ള്ള നാണക്കേടോണ്ട് നമ്മടെ പണോം വേഗം കിട്ടും. വറീതിന്റെ ചിരി ദഹിക്കാതെ ശിവപ്രസാദ് അയാളെ നോക്കി പല്ലിറുക്കി. എന്നിട്ട് കോ സീറ്റിൽ വച്ചിരുന്ന ബാഗിൽ നിന്നും ഒരു ബ്ലാങ്ക് ചെക്കെടുത്ത് തുക എഴുതി അയാൾക്കു നീട്ടി.

താൻ പറഞ്ഞ തുക അത്രയുമുണ്ട്. ഇനി ഈ പേരും പറഞ്ഞ് ഇവരെ ബുദ്ധിമുട്ടിച്ചേക്കരുത്. വറീത് അത്യധികം ആഹ്ലാദത്തോടെ ചെക്കു വാങ്ങി രേണുകയെ നോക്കി. ഇതൊന്നും വേണ്ട സർ, ഇയാളുടെ പണം ഞാൻതന്നെ കൊടുത്തോളാം. എനിക്കിത്തിരി സാവകാശം തന്നാ മതി. അവളുടെ വാക്കുകൾക്ക് കാതോർക്കാതെ ശിവപ്രസാദ് വണ്ടിയെടുത്ത് പോയി. തൊട്ടു പിന്നാലെ വറീതും രംഗം വിട്ടു. അപമാനിതയായി തലകുമ്പിട്ടുകൊണ്ട് രേണുക നടന്നു. മനസ്സിന്റെ കോണിലെവിടെയോ ആരുമറിയാതൊരു തേങ്ങൽ ഉയര്‍ന്നുകേട്ടു….

അന്നുമുഴുവനും അവൾ ശിവപ്രസാദിനെ അഭിമുഖീകരിച്ചില്ല. ഒരു മടി…അയാൾ ചെയ്തതൊരു സഹായമായിരുന്നെങ്കിലും അവളുടെ അഭിമാനത്തിനതൊരു വ്രണമായിരുന്നു. ഉച്ചയൂണിനു ശേഷം ശിവപ്രസാദ് അവളെ വിളിപ്പിച്ചു. ഒരല്പം മടിയോടെയാണ് അവളയാളെ നേരിട്ടത്…പണം നൽകിയതിന്റെ പേരിൽ താൻ വറീഡാവുകയൊന്നും വേണ്ട. അതൊരു കടമായി കണ്ടാൽ മതി. ഉള്ളപ്പോൾ തിരിച്ചു തന്നാലും മതി…ഒന്നുമല്ലെങ്കിലും ഞാനും ജയനും പഴയ ക്ലാസ്മേറ്റ്സ് അല്ലേ…

രേണുക ഒന്നും പറഞ്ഞില്ല. ശിവപ്രസാദ് അവളെ കുറിച്ചെല്ലാം ചോദിച്ചു മനസ്സിലാക്കി. ആദ്യം വിമുഖത കാട്ടിയെങ്കിലും അവളെല്ലാം തുറന്നു പറഞ്ഞു….സാറിനു ബുദ്ധിമുട്ടാവില്ലെങ്കിൽ ഹരിക്കൊരു ജോലി ശരിയാക്കി കൊടുക്കോ…? അവൻ പി ജി വരെ പഠിച്ചിട്ടുണ്ട്. ഈ സമയത്ത് അതെനിക്ക് വലിയൊരു ആശ്വാസമായിരിക്കും. അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു. ശബ്ദമിടറിയിരുന്നു. എന്തോ ആലോചിച്ച ശേഷം അയാൾ അവളോടു പറഞ്ഞു…ഇന്ന് ഓഫീസ് കഴിയുന്നതിനു മുമ്പു തന്നെ ഹരിയോടു എന്നെ വന്നൊന്നു കാണാൻ പറയൂ…കഴിയുമെങ്കിൽ ഇവിടെത്തന്നെ നമുക്കൊരു ജോലി ശരിയാക്കാം. അയാൾ ഓകെ ആണെങ്കിൽ നാളെത്തന്നെ ജോയിൻ ചെയ്യുകയും ചെയ്യാം.

രേണുകക്ക് വല്ലാത്ത സന്തോഷം തോന്നി. അവൾ അയാളോട് നന്ദി പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെടോ…തനിക്ക് എന്തു പ്രശനമുണ്ടേലും എന്നോടു പറയാം…എന്നെ നല്ലൊരു സുഹൃത്തായി മാത്രം കണ്ടാൽ മതി. അവൾ തിരിഞ്ഞു നടക്കാനൊരുങ്ങവേ അയാൾ പറഞ്ഞു…

രേണുകയ്ക്ക് വേണമെങ്കിൽ ഒരു ലോൺ പ്രൊവൈഡ് ചെയ്യാൻ കമ്പനിക്കു കഴിയും…തന്റെ സാലറി സർട്ടിഫിക്കറ്റ് ജാമ്യം നൽകിയാൽ മതി. അധികം കാലതാമസമൊന്നും വരില്ല. വീടുപണി മുഴുവനാക്കാൻ അതുപകരിക്കും. ആലോചിച്ചു പറഞ്ഞാൽ മതി. അവൾ വിളിച്ചതനുസരിച്ച് ഹരികൃഷ്ണൻ വന്നു. ശിവപ്രസാദിന് അയാളെ താൽപര്യമാവുകയും ജോലി ഓഫർ ചെയ്യുകയും ചെയ്തു. പിറ്റേന്നു തന്നെ ജോയിൻ ചെയ്യുകയും ചെയ്തു.

****************************

പതിയെ മങ്ങിത്തുടങ്ങിയ അവളുടെ സ്വപ്നങ്ങൾക്ക് നിറം തൂവിത്തുടങ്ങുകയായിരുന്നു. ഹരിയും ആളാകെ മാറി. ഏടത്തിയോട് ബഹുമാനവും സ്നേഹവും അയാളിൽ പ്രകടമായി. അവളുടെ ജോലിയും ഒന്നുകൂടി മെച്ചപ്പെട്ടു. ഒപ്പം ശമ്പളവും…മുടങ്ങിക്കിടന്ന വീടുപണി പുനരാരംഭിച്ചു…അധികം വൈകാതെ അവർ പുതിയ വീട്ടിലേക്ക് താമസം മാറി.

രേണുക, ജയന്റെ കുഴിമാടത്തിനരികെ ചെന്നു നിന്നു. അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ഏട്ടാ….അവളൊരു തേങ്ങലോടെ വിളിച്ചു. എല്ലാം ഏട്ടന്റെ ആഗ്രഹംപോലെ ഭംഗിയായി. ഏട്ടൻ സ്വപ്നം കണ്ട നമ്മുടെ പുതിയ വീട്. ഇവിടെയിന്ന് കടക്കാരുടെ ശല്യമില്ല. കമ്പനിയുടെ ലോൺ കൊണ്ട് ബാങ്കിലെ ബാധ്യത തീർത്തു. ആധാരം അമ്മയെ ഏൽപ്പിച്ചിട്ടുണ്ട്. ഇത്രയൊക്കെ ആയിട്ടും ഉള്ളു തുറന്നു സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ ഏട്ടാ…ഇതൊന്നും കാണാൻ ഏട്ടനില്ലല്ലോ എന്നാലോചിക്കുമ്പോൾ…അവളുടെ ഹൃദയം നുറുങ്ങി…ദുഃഖഭാരത്താൽ അവളാ മണ്ണിൽ തളർന്നിരുന്നു…

**********************

ഉച്ചയ്ക്കു ശേഷം ഓഫീസ് അവധിയായിരുന്നു. സ്റ്റാഫുകൾ ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി. ഞാൻ സൈൻ ചെയ്യേണ്ട ഫയൽ എവിടെയാ രേണുക വച്ചത്….? ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ശിവപ്രസാദ് രേണുകയോട് ചോദിച്ചത്. അതു സാറിന്റെ ടേബിളിൽ തന്നെയുണ്ടല്ലോ….അവൾ തിരിഞ്ഞു നിന്നു. അവിടെ കാണുനില്ല….ഞാനാണല്ലോ കൊണ്ടുവന്നു വച്ചത് എന്ന് പറഞ്ഞ് ആധിയോടെ അവൾ അകത്തേക്കു കടന്നു.

ഫയൽ ടേബിളിൽ തന്നെയുണ്ടായിരുന്നു. അതെടുത്ത് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് വാതിലിന്റെ താഴ് വീഴുന്ന ശബ്ദം കേട്ടത്. അവളൊന്നു ഞെട്ടി…മുഖമുയർത്തി നോക്കുമ്പോഴതാ തൊട്ടു മുന്നിൽ ലോക്ക് ചെയ്ത ഡോറും ചാരി കയ്യും കെട്ടി ചുണ്ടിലൊരു നിഗൂഢ ചിരിയുമായി അവളെത്തന്നെ നോക്കി നിൽക്കുന്നു ശിവപ്രസാദ്….

അവളുടെ ഉള്ളൊന്നു പിടഞ്ഞു….നെറ്റിമേൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു. ശബ്ദം പുറത്തേക്കു വരാത്ത വിധം തൊണ്ട വരണ്ടുണങ്ങി…സാർ….അവൾ ശബ്ദമില്ലാതെ വിളിച്ചു….

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…