ഈ നിമിഷം, ഈ നിമിഷം നിന്നെ തൃപ്തിപ്പെടുത്താൻ ഞാനൊരുക്കമാണ്. ഞാനും അതൊരുപാട് കൊതിച്ചു പോയി രേണുകാ…പ്ലീസ്

രേണുക – രചന: സിയ യൂസഫ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രേണുക പേടിച്ചുപോയോ…? എന്തിന്…ഞാൻ തന്നെ ഒന്നും ചെയ്യില്ല. അയാൾ പറഞ്ഞു.

സർ മാറി നിൽക്കൂ. എനിക്കു പോണം. ഹരി പുറത്തു നിൽപ്പുണ്ടാകും.

ഹരിയോ…അയാളിവിടെ ഇല്ലല്ലോ…ഞാൻ ചില ഡോക്യുമെന്റ്സ് വീട്ടിൽ വച്ചു മറന്നു. അതെടുക്കാൻ ഹരിയെ പറഞ്ഞയച്ചിരിക്കാ…ശിവപ്രസാദിന്റെ ചിരിയിൽ അവൾക്കെന്തോ പന്തികേട് തോന്നി. മുഖത്തു പൊടിഞ്ഞ വിയർപ്പിനെ സാരിത്തലപ്പാൽ ഒപ്പിക്കൊണ്ടവൾ പറഞ്ഞു…

സർ പ്ലീസ്, നമ്മളെ ഇങ്ങനെ ആരേലും കണ്ടാൽ….? കണ്ടാൽ…? അത്…അതുപിന്നെ…ഞാൻ പോട്ടെ സർ എന്റെ ബസ് പോകും. അവൾ ഡോറിന്റെ ലോക്കിലേക്ക് കൈനീട്ടും മുൻപ് അയാളവളുടെ കയ്യിൽ പിടുത്തമിട്ടു.

ഒരു കുഞ്ഞുണ്ടായെങ്കിലെന്താ താനിപ്പോഴും വളരെ സുന്ദരിയാണ് രേണുകാ…യു ആർ റിയലി ബ്യൂട്ടിഫുൾ…അയാളവളുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.

സർ എന്തൊക്കെയാ ഈ പറയുന്നത്…? എന്റെ കൈ വിട്ടേ…എനിക്കു പോണം. രേണുക അവളുടെ കൈ അയാളിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചു. ബലിഷ്ഠമായ ആ കരങ്ങളിൽ നിന്നും വേർപ്പെടുന്നത് അവൾക്ക് അത്ര എളുപ്പമായിരുന്നില്ല. അവൾ കുതറിക്കൊണ്ടിരുന്നു.

താനെന്തിനാടോ ഇങ്ങനെ പേടിക്കുന്നത്…? ഇവിടിപ്പോ നമ്മൾ മാത്രമേയുള്ളൂ…നമുക്കിടയിൽ എന്തു സംഭവിച്ചാലും ഒരു കുഞ്ഞു പോലും അറിയില്ല. പിന്നെന്താ പ്രശ്നം…ശിവപ്രസാദിന്റെ വാക്കുകൾ അതിരു കടക്കുന്നതായി അവൾക്കു തോന്നി. ഇതുവരെ കാണാത്ത അയാളുടെ മറ്റൊരു മുഖം കാൺകെ അവളുടെ മനസ്സും ശരീരവും തളർന്നുപോയി.

സർ…സാറെന്താ ഉ..ഉദ്ദേശിച്ചത്…? അവളൊരു വിറയലോടെ ചോദിച്ചു. അവളുടെ ചോദ്യം കേട്ടമാത്രയിൽ അയാളവളുടെ കൈ മോചിപ്പിച്ചു. പകുതി പ്രാണൻ തിരിച്ചു കിട്ടിയ അവസ്ഥയായിരുന്നു അവൾക്കപ്പോൾ…

അയാൾ പറഞ്ഞു….എനിക്കറിയാം ഇത്ര ചെറുപ്പത്തിലേ വിധവയാകേണ്ടി വന്ന ഒരു പെണ്ണിന്റെ മനസ്സ്. ഒന്നായി ജീവിച്ചു കൊതിതീരാത്തൊരു പെണ്ണിന്റെ ദുഖം.നിന്റെയുള്ളിലുമില്ലേ ഒരാണിന്റെ സാമീപ്യം ആഗ്രഹിക്കുന്നൊരു മനസ്സ്…? അയാൾ അവൾക്കരികിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു. എന്നിട്ട് പതിയെ പറഞ്ഞു…ആഗ്രഹങ്ങൾ മൂടി വെക്കാനുള്ളതല്ല. അത് സഫലീകരിക്കാനുള്ളതാണ്. ഈ നിമിഷം…ഈ നിമിഷം നിന്നെ തൃപ്തിപ്പെടുത്താൻ ഞാനൊരുക്കമാണ്. ഞാനും അതൊരുപാട് കൊതിച്ചു പോയി രേണുകാ…പ്ലീസ്…

ഛേ…അവൾ വെറുപ്പോടെ മുഖം തിരിച്ചു. നിങ്ങൾ…നിങ്ങളുടെ ഉള്ളിൽ…എന്നെ സഹായിച്ചതിനെല്ലാം ഇങ്ങനെയൊരു ഉദ്ദേശം ഉണ്ടായിരുന്നോ…? ഇത്രത്തോളം വൃത്തികെട്ടൊരു മനസ്സോടെയാണോ നിങ്ങളെന്നെ നോക്കിക്കണ്ടത്…? എനിക്കിപ്പോൾ നിങ്ങളോടു തോന്നുന്നത് വെറുപ്പാണ്. നിങ്ങളെ ഇതുവരെ ഒരു സഹോദരന്റെ സ്ഥാനത്തു കണ്ടതിലുള്ള വെറുപ്പ്. അവളുടെ ശബ്ദമുയർന്നു.

കണ്ണുകൾ നിറയുന്നുണ്ടെങ്കിലും അവ തീജ്വാല കണക്കെ ആളിപ്പടരുകയായിരുന്നു. ശിവപ്രസാദിനെ വകഞ്ഞു മാറ്റി അവൾ മുന്നോട്ടു കുതിച്ചു. പക്ഷേ….അയാൾ അവൾക്ക് മുന്നിൽ വീണ്ടും തടസ്സം സൃഷ്ടിച്ചു.

മോഹിച്ചതെല്ലാം നേടിയെടുത്ത ശീലമേ ഈ ശിവപ്രസാദിനുള്ളൂ…നിന്നെയും ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ അതും ഞാൻ നേടിയെടുത്തിരിക്കും. അയാളുടെ കഴുകൻ കണ്ണുകളവളെ വട്ടമിട്ടു പറന്നു.

വഴീന്നു മാറ്….അവൾ അലറി. ഇല്ലെങ്കിൽ….? അവളുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു. ചുണ്ടുകൾ വിറച്ചു. സർവ്വ ശക്തിയുമെടുത്ത് അയാളുടെ കരണത്തേക്ക് അവൾ ആഞ്ഞു വീശി. അപ്രതീക്ഷിതമായേറ്റ അടിയിൽ അയാൾ വേദനകൊണ്ട് പുളഞ്ഞു. തിരിച്ച് അവളെ എന്തെങ്കിലും ചെയ്യാനാകും മുമ്പ് അവൾ മുറിക്കു പുറത്തിറങ്ങിയിരുന്നു.

കണ്ണുകൾ തുടച്ചു സാരി ശരിയാക്കി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് തൊട്ടു മുൻപിൽ ഹരി. അവളുടെ ഉള്ളൊന്നു പിടഞ്ഞു. ഏടത്തി ഇതുവരെ പോയില്ലേ….? അവന്റെ ചോദ്യത്തിന് മൂർച്ച കൂടിയിരുന്നു.

അതുപിന്നെ…ഞാൻ…അവൾ പറയാൻ തുടങ്ങും മുമ്പേ ശിവപ്രസാദിന്റെ ശബ്ദം കേട്ടു…

ആഹ് താൻ വന്നോ…ഇയാളിപ്പോ പറഞ്ഞേയുള്ളൂ ഹരിയിപ്പോ വരുമെന്ന്…ഇനി ഞാൻ ഡ്രോപ്പ് ചെയ്യേണ്ട ആവശ്യമില്ലല്ലോ രേണൂ…നിങ്ങൾ ഒരുമിച്ച് പോവില്ലേ…? അതുകേട്ട് ഹരി ദേഷ്യത്തോടെ അവളെ നോക്കി. രേണുക എന്തു പറയണമെന്നറിയാതെ സ്തബ്ദയായി നിന്നു. ഉള്ളിൽ ചിരിച്ചു കൊണ്ട് ശിവപ്രസാദ് അവളെ നോക്കി.

നീയിതൊന്നും കണ്ട് ടെൻഷനിടിക്കണ്ട. ഒരു കമ്പനിയൊക്കെ ആവുമ്പോ ഇതൊക്കെ സർവ്വ സാധാരണയാണ്. പിന്നെ ഞങ്ങൾക്കിടയിലിത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തന്റെ ഏട്ടൻ മരിക്കുന്നതിനു മുമ്പേ ഇതൊക്കെ പതിവാ…ഞാൻ ചെയ്തു തരുന്ന സഹായങ്ങൾക്കുള്ള പ്രത്യുപകാരം. ഹരിയും ഇതിനെ ആ സെൻസിൽ തന്നെ എടുത്താൽ മതി…അപ്പോ ഓ കെ നാളെ കാണാം…

അവൾക്കു നേരെ ഒരു കള്ളച്ചിരിയെറിഞ്ഞ് വിജയീ ഭാവത്തിൽ അയാൾ അകത്തേക്കു കയറി. ആത്മാഭിമാനം നഷ്ടപ്പെട്ട് അവൾ തല താഴ്ത്തി നിന്നു. ആ നിമിഷം ഭൂമി പിളർന്ന് താഴേക്കു പോയിരുന്നുവെങ്കിലെന്ന് അവളാശിച്ചു.

***************************

അമ്മയെ വിളിച്ചിറക്കി പഴയ വീട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങുകയാണ് ഹരി. എന്റെ ഏട്ടനോട് സ്നേഹം അഭിനയിച്ച് വഞ്ചിച്ച ഇവരുടെ കൂടെ ഇവിടെ ഇനി നമുക്ക് താമസിക്കണ്ട അമ്മേ…ഈ വീടിനു പോലും ഇവരുടെ ദുർഗന്ധമാണ്. അവൻ പറഞ്ഞുകൊണ്ടിരുന്നു. വിലാസിനിയമ്മ കാര്യമറിയാതെ കുഴങ്ങി. അമ്മയിപ്പോ കൂടുതലൊന്നും അറിയണ്ട…പതിവ്രതയായ ഈ മരുമകളുടെ ചിത്രം തൽക്കാലത്തേക്കങ്ങ് മനസ്സീന്ന് മായ്ച്ചു കളഞ്ഞേക്ക്…

ഹരീ ഞാൻ പറയുന്നതൊന്നു കേൾക്ക്…സത്യത്തിൽ…രേണുക യാചിച്ചു.

നിങ്ങളൊന്നും പറയണ്ട….ഞാൻ കണ്ടതിലും കേട്ടതിലും കൂടുതലായി ഇനിയെന്ത് അറിയാനാണ്…? അവളുടെ കണ്ണീരിനെ അവഗണിച്ച് അയാൾ അമ്മയുമായി മുറ്റത്തേക്കിറങ്ങി.

നീയെന്ത് കണ്ട കാര്യാ ഹരീ പറേണത്…? എനിക്കൊന്നും മനസ്സിലാവണില്ല. അമ്മ അവനെ സംശയത്തോടെ നോക്കിയപ്പോൾ ഹരി രേണുകയെ നോക്കി. കണ്ടതെന്താന്ന് പറയണോ ഞാൻ അമ്മോട്….? അവളൊന്നും മിണ്ടാതെ അമ്മുവിനെ ചേർത്തു പിടിച്ചു തേങ്ങി. നിശ്ശബ്ദത തളംകെട്ടി നിന്ന ആ രാത്രി രേണുകയ്ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

അവൾ ജയനെ കുറിച്ചോർത്തു. നിറഞ്ഞു കവിഞ്ഞ മിഴികൾ തെക്കേ മൂലയിലേക്കു പാഞ്ഞു. ജയേട്ടാ ഞാനെന്തു തെറ്റ് ചെയ്തിട്ടാ എല്ലാരും എന്നോടിങ്ങനെ….അവൾ പൊട്ടിക്കരഞ്ഞു.

ആ സമയത്താണ് മൊബൈൽ ശബ്ദിച്ചത്. എടുത്തു നോക്കി…അറിയാത്ത നമ്പറാണ്. ആരായിരിക്കും….? അതുമീ അസമയത്ത്….ഒന്നു സംശയിച്ചു നിന്ന ശേഷം അവൾ ഫോൺ ചെവിയോടു ചേർത്തു. കാതിൽ വന്നലച്ചത് ശിവപ്രസാദിന്റെ ശബ്ദമായിരുന്നു.

എന്താ രേണുകാ ഉറങ്ങിയില്ലേ ഇതുവരെ…? അതോ…ഇന്ന് ഉറങ്ങാനേ കഴിയുന്നില്ലെന്നുണ്ടോ…? അയാളുടെ നിഗൂഢമായ ചിരിയിൽ അവൾക്കു അമർഷം തോന്നി.

ഈ രാത്രിയിൽ നിങ്ങൾക്കെന്നെ വിളിക്കേണ്ട ആവശ്യമെന്താ…എന്റെ ജീവിതം തകർത്തിട്ടും നിങ്ങൾക്ക് തൃപ്തിയായില്ലേ…?അവൾ പൊട്ടിത്തെറിച്ചു.

അപ്പോ ഞാനൂഹിച്ചതു പോലെ അവിടെ പലതും സംഭവിച്ചിട്ടുണ്ട് അല്ലേ…നന്നായി…എനിക്കു നേരെ കയ്യുയർത്തിയ നിനക്ക് ഈ ജന്മം മുഴുവനും സ്വസ്ഥത തരില്ല ഞാൻ…നീ നോക്കിയിരുന്നോ….പിന്നെ ഇപ്പൊ വിളിച്ചത്, അതു നിന്നെയൊരു കാര്യം ഓർമ്മപ്പെടുത്താനാ…ഈ പ്രശ്നത്തിന്റെ പേരും പറഞ്ഞ് നാളെ മുതൽ ഓഫീസിൽ വരാതിരുന്നാൽ…ഓർമ്മയുണ്ടല്ലോ ലോണിന്റെ കാര്യം….അതു തന്നു തീർക്കാതെ ആ പടിയിറങ്ങാൻ നിന്നെ ഞാനനുവദിക്കില്ല. പുലിവാലു പിടിക്കാൻ നിൽക്കാതെ നല്ല കുട്ടിയായി ഓഫീസിൽ വന്നേക്കണം കേട്ടല്ലോ…അപ്പോ ഓകെ…ഗുഡ്നൈറ്റ്…

ചിരിയോടെ അയാൾ ഫോൺ വച്ചു. അവൾ ബെഡിലേക്ക് തളർന്നിരുന്നു. ഹൃദയം പൊട്ടിത്തകർന്ന അവളുടെ കണ്ണുകൾ വീണ്ടും ഇരുട്ടിലൂടെ തെക്കിനെ തേടി.

ഓഫീസിലെത്തിയപ്പോഴാണ് ഹരി ജോലി ഉപേക്ഷിച്ച വിവരം രേണുക അറിഞ്ഞത്. പലരും കാരണമന്വേഷിച്ചെങ്കിലും അവൾ മൗനമവലംബിച്ചു. ശിവപ്രസാദിനെ നേരിടാൻ അവൾ നന്നേ പ്രയാസപ്പെട്ടു. നേർക്കുനേർ എതിരിടേണ്ട സന്ദർഭങ്ങളിലെല്ലാം അയാളൊരു അർത്ഥംവച്ച ചിരിയോടെ അവളിൽ ചൂഴ്ന്നിറങ്ങി. കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി. തൊട്ടടുത്തുണ്ടായിട്ടും ഹരിയും അമ്മയും അവർക്ക് അന്യരായി മാറിയിരുന്നു. ഓഫീസിലെ ശിവപ്രസാദിന്റെ സാമിപ്യവും അവളുടെ മനം മടുപ്പിച്ചു.

ഒരുദിവസം പതിവു പോലെ എം ഡി സൈൻ ചെയ്യേണ്ട ഫയലുമായി അവൾ ശിവപ്രസാദിന്റെ കാബിനിലേക്കു ചെന്നു. അടഞ്ഞു കിടന്ന ഡോർ വലിച്ചു തുറക്കാനൊരുങ്ങവേ…അകത്തുനിന്നും
അടക്കിപ്പിടിച്ചൊരു ചിരി. അവൾ കൈ പിന്നോട്ടു വലിച്ചു. തിരിഞ്ഞു നടക്കാനൊരുങ്ങിയ അവളെ ആരോ പിടിച്ചു നിർത്തും പോലെ…അവൾ കാതോർത്തപ്പോൾ ആ ശബ്ദത്തിനുടമയെ അവൾ തിരിച്ചറിഞ്ഞു. ക്ലാര….അവിടത്തെ മറ്റൊരു സ്റ്റാഫ്…രണ്ടു പേരുടേയും ശൃംഗാരം കലർന്ന സംഭാഷണം അവളിൽ അവജ്ഞയുളവാക്കി.

വെറുപ്പോടെ മുഖം തിരിച്ചെങ്കിലും അവൾക്കതൊരു അവസരമായിരുന്നു. തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ആ മൃഗത്തെ ജയിക്കാനുള്ളൊരു അവസരം.

************************

അന്നൊരു ഞായറാഴ്ചയായിരുന്നു. രേണുക നേരത്തെ തന്നെ കുളിച്ചൊരുങ്ങി. വൈധവ്യത്തിനു ശേഷം അന്നാദ്യമായി അവൾ പൊട്ടുകുത്തി….കണ്ണെഴുതി…അമ്മുവിനെ അയൽവീട്ടിലാക്കി ബാഗുമെടുത്തവൾ പുറത്തിറങ്ങി.

അവൾ സഞ്ചരിച്ച ഓട്ടോ ചെന്നു നിന്നത് വലിയൊരു ഗേറ്റിനു മുന്നിലാണ്…മുറ്റത്ത് ഇരുവശങ്ങളിലായി പലതരത്തിലുള്ള ചെടികൾ നട്ടു വളർത്തിയിരുന്നു. ആ പടുകൂറ്റൻ ബംഗ്ലാവിന്റെ ചുവരിൽ പതിച്ച കോളിങ് ബെല്ലിൽ അവൾ വിരലമർത്തി. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം സുന്ദരിയായ മധ്യവയസ്കയായൊരു സ്ത്രീ വാതിൽ തുറന്നു വന്നു. അവൾ വശ്യമായൊന്നു ചിരിച്ചു.

ആരാ…? അവർ ചോദിച്ചു. സാറില്ലേ…? ഇത്തിരി നാണം കലർന്ന അവളുടെ ചിരികണ്ട് അവരവളെ അടിമുടി നോക്കി. നിങ്ങളാരാ…?

ഞാൻ…ഞാൻ സാറിന്റെ ഓഫീസിലെ സ്റ്റാഫാണ്. സാറിന്ന് വരാൻ പറഞ്ഞിരുന്നു. പക്ഷേ മാഡം ഇവിടെ കാണില്ലെന്നാണല്ലോ പറഞ്ഞത്. അനിയത്തിടേയോ മറ്റോ കല്യാണമുണ്ടെന്നും ഇന്നുതന്നെ പോകുമെന്നും പറഞ്ഞിട്ട് പോയില്ലേ….? അതു കേട്ടുകൊണ്ടാണ് ശിവപ്രസാദ് സിറ്റൗട്ടിലേക്കു വന്നത്. രേണുകയെ കണ്ടതും അയാളൊന്നു ഞെട്ടി. അയാളിലെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ടുനിന്ന ഭാര്യ രശ്മിയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു.

ഇവളേതാ ശിവ…ഇവൾക്കെന്താ ഇവിടെ കാര്യം…? രശ്മി ചോദിച്ചു.

ഇവളെന്റെ സ്റ്റാഫാണെന്ന് പറഞ്ഞത് സത്യമാണ്, പക്ഷേ…ബാക്കിയെല്ലാം ഇവള് പറയുന്നത് പച്ച കള്ളമാണ് രശ്മീ…അയാളുടെ വാക്കുകളിൽ എന്നുമില്ലാത്തൊരു പതർച്ച അവൾ തിരിച്ചറിഞ്ഞു.

അതുശരി എന്നോട് വരാൻ പറഞ്ഞതും പോരാ ഇപ്പൊ എന്നെ കള്ളിയാക്കുവാണോ സാറ്…അവളിത്തിരി പരിഭവത്തോടെ തോളിൽ കിടന്ന ബാഗിൽ കയ്യിട്ട് തന്റെ മൊബൈൽ ഫോണെടുത്ത് അങ്ങോട്ടുമിങ്ങോട്ടും തോണ്ടി. എന്നാലേ ഇതൊന്നു കേട്ടു നോക്ക് സത്യമെന്താന്ന് മാഡത്തിനപ്പോ മനസ്സിലാകും…മൊബൈൽ റെക്കോർഡറിലൂടെ പുറത്തു വന്ന ശബ്ദം ശിവപ്രസാദിന്റെതായിരുന്നു.

അതേയ്…നമ്മളിങ്ങനെ ചുമ്മാ എന്തേലും പറഞ്ഞോണ്ടിരുന്നാ മതിയോ…നാളത്തെ കഴിഞ്ഞാ രശ്മിയങ്ങ് പോകും…അവളുടെ അനിയത്തീടെ കല്യാണാ…ഞാനെന്തായാലും തലേ ദിവസമേ പോകുന്നുള്ളൂ. അതുവരെ ഞാനൊറ്റയ്ക്കാണ് നമുക്കൊന്ന് കൂടണ്ടേ…ഓഡിയോ അവസാനിക്കുമ്പോഴേക്കും അയാൾ വിയർത്തു തുടങ്ങിയിരുന്നു. രശ്മിയുടെ ദഹിപ്പിക്കുന്ന നോട്ടം അയാളെ ഉരുക്കിത്തുടങ്ങി.

ഇത്…ഇതു ഞാൻ നിന്നോടു പറഞ്ഞതല്ലല്ലോ…വെപ്രാളത്തിൽ വായിൽ നിന്നും വീണുപോയ വാക്കുകൾ വലിയൊരു അബദ്ധമാണെന്ന് പിന്നീടാണ് അയാളോർത്തത്…

അപ്പോ സാറിത് എന്നോടു പറഞ്ഞതല്ലെന്ന് സത്യം. അതിനർത്ഥം മറ്റൊരാളുമായി സാറ് അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നല്ലേ…? അതുവരെ അയാൾകണ്ട രേണുകയായിരുന്നില്ല അവളപ്പോൾ…പെണ്ണെന്നാൽ….കണ്ണീരല്ലെന്ന് അതൊരു ഓർമ്മപ്പെടുത്തലായിരുന്നു.

ഛെ…നിങ്ങളിത്രക്ക് വൃത്തികെട്ടവനാണെന്ന് ഞാൻ കരുതിയില്ല. എന്റെ ഡാഡിടെ പണമില്ലെങ്കിൽ തന്നെ ഒന്നിനും കൊള്ളില്ല. അതു മറക്കണ്ട…രശ്മിയുടെ കുറ്റപ്പെടുത്തലിൽ നാണംകെട്ട് ശിവപ്രസാദ് തലതാഴ്ത്തി നിന്നു. രേണുകയോടുള്ള അടങ്ങാത്ത കോപം അയാളിൽ ആളിക്കത്തി.

എന്റെ കുടുംബ ജീവിതം തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുവാണോടീ നീ…എന്നിട്ട് നിനക്ക് എന്തു കിട്ടാനാടീ…?അയാൾ അവൾക്കു നേരെ പാഞ്ഞടുത്തു.

എന്റെ ജീവിതം തകർത്തപ്പോ നിങ്ങൾക്കെന്തു കിട്ടിയോ…അതു തന്നെയാണ് എനിക്കും വേണ്ടത്…അയാളോടുള്ള വെറുപ്പു മുഴുവനും അവളിൽ പ്രകടമായി. അവൾ രേണുകയ്ക്കു നേരെ തിരിഞ്ഞു. നിങ്ങളുടെ ദാമ്പത്യം തകർക്കണമെന്ന് യാതൊരു നിർബന്ധവും എനിക്കില്ല മാഡം. പക്ഷേ…ഭർത്താവിനൊപ്പം ജീവിച്ചു കൊതിതീരാത്തൊരു പെണ്ണാ ഞാനും…ഒരു പെണ്ണ് എന്തും സഹിക്കും അവളുടെ പ്രാണന്റെ പാതി മറ്റൊരു പെണ്ണിനെ ആഗ്രഹിക്കുന്നതൊഴിച്ച്…എന്നാൽ നിങ്ങളുടെ ഭർത്താവ് നിങ്ങളെ വഞ്ചിക്കുകയാണ്. താലികെട്ടി സ്വന്തമാക്കിയ ഭാര്യ വീട്ടിലുള്ളപ്പോൾ മറ്റു സ്ത്രീകളുടെ കിടപ്പറ മോഹിക്കുന്ന ഇയാളുടെ കൂടെ ജീവിക്കുന്നതിലും അന്തസ് മരിക്കുന്നതിലാണ്…

അവളതു പറഞ്ഞു തീർന്നതും ശിവപ്രസാദ് കൈയോങ്ങിക്കൊണ്ട് അവൾക്കു നേരെ ആക്രോശിച്ചു. തൊട്ടുപോകരുതെന്നെ….അയാളൊന്നു പിന്നോട്ടാഞ്ഞു. അവൾ പറഞ്ഞു….

നിങ്ങളെന്താ കരുതിയത് സ്ത്രീയെന്നു വച്ചാ വെറും അപലകളാണെന്നോ….? അതോ നീയൊക്കെ വച്ചുനീട്ടുന്ന നോട്ടുകെട്ടിനു പിന്നാലെ നീയൊക്കെ പറയുന്നിടത്തേക്ക് വാലാട്ടി വരുന്ന വെറും പട്ടികളാണെന്നോ…പ്രത്യേകിച്ചും എന്നെപ്പോലെ വിധവയായ പെണ്ണുങ്ങൾ…

നാലു വർഷമേ ഒരുമിച്ചു ജീവിക്കാൻ ദൈവം വിധിച്ചുള്ളൂ എങ്കിലും നാനൂറ് കൊല്ലത്തെ സ്നേഹം തന്നിട്ടാ എന്റെ ജയേട്ടൻ പോയത്. അതുകൊണ്ട് ഈ ജന്മം ജീവിച്ചു തീർക്കാൻ എനിക്ക് മറ്റൊരുത്തന്റെ ചൂട് വേണ്ട…എന്റെ ഏട്ടന്റെ ഓർമ്മകൾ മാത്രം മതി…ഇല്ലാത്ത ബന്ധത്തിന്റെ പേരും പറഞ്ഞ് ഹരിയേയും അമ്മയേയും എന്റെ ശത്രുക്കളാക്കി. ഇനി എന്നെങ്കിലും എന്റെ ജീവിതത്തിനു ഭീഷണിയായി വന്നാൽ…ഇനി ഈ രേണുകയായിരിക്കില്ല നിങ്ങളോട് സംസാരിക്കുക, ഇതിനേക്കാൾ വീര്യമുള്ള മറ്റൊരു രേണുകയായിരിക്കും…ഇതെന്റെ താക്കീതാണ്…ചങ്കുറപ്പുള്ളൊരു പെണ്ണിന്റെ താക്കീത്…

കോപാഗ്നി ജ്വലിച്ച മിഴികളോടെ അവൾ അവസാനമായി അയാളെ ഒന്നുകൂടി നോക്കി.പിന്നെ…പതിയെ പിന്തിരിഞ്ഞു.

“നിങ്ങൾക്കുള്ളത് ഉടനെ ഞാൻ തരുന്നുണ്ട്…” രശ്മി അയാളെ നോക്കി പല്ലിറുക്കി അകത്തേക്കു പോയി. ഉരുണ്ടു വീണ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ ഗേറ്റു കടന്നു.

ഏടത്തീ…പിന്നിലെ വിളി കേട്ടവൾ ഞെട്ടിത്തിരിഞ്ഞു.

ഹരി..നീയിവിടെ…?

ഞാൻ…ഞാനേടത്തിയെ പിന്തുടർന്നു വന്നതാണ്. പക്ഷേ എനിക്കു തെറ്റുപറ്റി. ഏടത്തിയെന്നോടു ക്ഷമിക്കണം…ഹരി കണ്ണുനിറച്ചു തലതാഴ്ത്തി നിന്നു.

ഇതുമതി, ഇത്രേം കേട്ടാമതി ഏടത്തിക്ക്…അവളും കണ്ണുതുടച്ചു…

രേണുക…അവളാണ് പെണ്ണ്…അവളായിരിക്കണം പെണ്ണ്….

അവസാനിച്ചു….

പ്രതികരണങ്ങളിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട്….