കട്ടിലിൻ്റെ മൂലയിൽ അൽപ വസ്ത്രധാരിണിയായ ശ്രീമതിയുടെ ഇരിപ്പുകണ്ടപ്പോൾ നാഗവല്ലി കുളിച്ചഴുന്നേറ്റു വന്നതു പോലെയായിരുന്നു.

പ്രസന്നം – രചന: ശാരിലി

കീർത്തി നീ റെഡിയാകുന്നില്ലേ…വിനോദ് കടുപ്പിച്ചാണത് പറഞ്ഞത്. കത്തിജ്വലിക്കുന്ന കണ്ണിലൂടെയുള്ള അവളുടെ നോട്ടം പറയാനിരുന്ന വാക്കുകളെ അപ്പാടെ വിഴുങ്ങി കളഞ്ഞു.

കുളി കഴിഞ്ഞ് തലനേരേ ചൊവ്വേ തോർത്താതെ കട്ടിലിൻ്റെ മൂലയിൽ അൽപ വസ്ത്രധാരിണിയായ ശ്രീമതിയുടെ ഇരിപ്പുകണ്ടപ്പോൾ നാഗവല്ലി കുളിച്ചഴുന്നേറ്റു വന്നതു പോലെയായിരുന്നു. നൂലിഴ പോലെ ഇറ്റിറ്റു വീഴുന്ന തുള്ളികൾ മുഖത്തെ വെളിച്ചണ്ണ പാടിൽ തങ്ങി തടഞ്ഞു നിൽപ്പുണ്ട്. സ്ഥിരമായി തൊടാറുള്ള കുങ്കുമപ്പൊട്ടിൻ്റെ പാട് നെറ്റിയിൽ നിന്ന് കൃത്യമായി മാഞ്ഞു പോയിരുന്നതുമില്ല. ആകെ കൂടി ഒരു കാക്ക കുളി കുളിച്ചു വന്നിരിക്കുകയാണ്.

തൂവേരി കൃഷ്ണൻ്റെ മകൾ കീർത്തി, തൻ്റെ പ്രിയ പത്നി. സ്നേഹം വാരിക്കോരി തരുമെങ്കിലും പിടിവാശി അതിനു അവളെ കഴിഞ്ഞേ കേരളത്തിൽത്തന്നെ വേറെ പെണ്ണുങ്ങൾ ഉണ്ടാവുകയുള്ളൂ…

പാതിരാത്രി പരിപ്പുവട കിട്ടണം എന്നു പറഞ്ഞാൽ അന്നേരം കിട്ടിയിരിക്കണം. ഇല്ലങ്കിൽ തൻ്റെ നെഞ്ചത്തും കയ്യിലും പരിപ്പുവട കണക്കിന് ചെറിയ വട്ടങ്ങളുണ്ടാകും. അവളുടെ വെളുത്ത മുല്ല മുട്ടുപോലെയുള്ള പല്ലു പതിപ്പിച്ചുണ്ടാക്കിയവ. സ്നേഹിക്കാനും അവളെക്കഴിഞ്ഞേ ഉള്ളൂ…സ്നേഹം എന്നു പറഞ്ഞാൽ ജീവനു തുല്യമല്ല…ജീവനു മേലേ…

തൻ്റെ കണ്ണുകൾ ഒന്നു കലങ്ങിയാൽ ജോലി കഴിഞ്ഞ് വരാൻ അല്പം വൈകിയാൽ ഒരു കൊച്ചു കുട്ടിയേപ്പോലെ പുറകെ നിന്നു മാറുകയില്ല. കാരണമറിയാതെ ഉറങ്ങുകയുമില്ല. ആ കാന്താരിയാണിപ്പോൾ മൗനവൃതത്തിലിരുന്നു കൊണ്ട് അടുത്ത അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്.

നാണം ഇല്ലേ നിനക്ക് പോത്തുപോലെ പോലെ വളർന്നിട്ടും ചെറിയ പിള്ളേരെ പോലെ ഇതുപോലെ വന്നിരിക്കാൻ…

ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടിയും അതേ വേഗത്തിൽ തിരിച്ചെത്തി…ഒട്ടും ഇല്ല. എന്തേ…വിരോധം ഉണ്ടാ…

അവൾ കലിപ്പിലാണ് കുറച്ചും സമയമെടുക്കും ഈ പാൽപായസം ഒന്നു ചൂടാറുവാൻ. അവൻ തൻ്റെ വസ്ത്രധാരണത്തിലേക്ക് ശ്രദ്ധ തിരിച്ചു. താൻ ഷർട്ടും മുണ്ടും മാറിയിട്ടും അവളാ എ പടത്തിൻ്റെ സ്റ്റില്ലിൽ നിന്നു അടിമുടി അനങ്ങിയില്ല. എടീ കീർത്തി നീ വരുന്നുണ്ടെങ്കിൽ വാ സമയമാകുന്നു. ഭിത്തിയിൽ തൂക്കിയ കണ്ണാടി ചില്ലിലേക്ക് മുഖമുയർത്തി നോക്കിയവൻ പറഞ്ഞു. അതിൽ അവളുടെ രോക്ഷം പൂണ്ട മുഖം തെളിഞ്ഞു കാണാമായിരുന്നു.

ഞാനൊന്നുമില്ല. ഏട്ടൻ ആരുടെ കൂടെ വേണമെങ്കിലും പോയ്ക്കോളൂ. ഏട്ടൻ്റെ മാതാ ശ്രീ അണിഞ്ഞൊരുങ്ങി നിൽപ്പുണ്ടാകും കാറിൻ്റെ മുൻ സീറ്റിൽ തന്നെ ഇരുത്തിക്കോളൂ. പ്രായം നന്നേ കുറവല്ലേ. ഇപ്പോഴും 28 കഴിഞ്ഞുള്ളൂന്നാ വിചാരം. എവിടെയും കാണാത്ത ഒരു ഒരുങ്ങല് കണ്ടാൽ തോന്നും അമ്മക്ക് കൂട്ടിനായി തന്നെ കൂട്ടികൊണ്ടു പോകാണെന്ന്. അമ്മയും മോനും കൂടി പോയാട്ടേ. ഞാനില്ലേ…

ശബ്ദത്തിന് മുൻപത്തേക്കാളും ഘനമേറിയോ എന്നൊരു സംശയം. അവളുടെ ദേഷ്യം മൂക്കിൽ തുമ്പുവരെയെത്തി. ചുവന്നു തുടുത്തു തക്കാളിയെ പോലെയത് മാറിയിരുന്നു. വീണ്ടും കണ്ണാടിയിലേക്ക് നോക്കിയവൻ തലയാട്ടി. ഈ ഉറഞ്ഞു തുള്ളലിൻ്റെ കാര്യം അപ്പോഴാണവനു പിടികിട്ടിയത്.

എൻ്റെ ഈശ്വരാ…എൻ്റെ അമ്മക്ക് ഇത്തിരി സൗന്ദര്യം കൂടിപ്പോയതിന് ഇവൾക്ക് അസൂയയാണ്. ഒരു നല്ല സാരിയുടക്കാൻ പാടില്ല. നല്ല ചെരുപ്പിടാൻ പാടില്ല. ഒരു ആഭരണങ്ങളും ധരിക്കാൻ പാടില്ല. പെണ്ണുങ്ങൾ തന്നെ പെണ്ണുങ്ങൾക്ക് പാരയോ…ഒരു നല്ല ചെരുപ്പ് വാങ്ങിയാൽ പറയും, അമ്മക്കെന്തിനാ കെട്ടിപൂട്ടുള്ള ചെരുപ്പ്. വല്ല വാറു ചെരുപ്പ് പോരേന്നു…ഒരു നല്ല സാരി വാങ്ങിയാൽ പറയും, അമ്മക്കെന്തിനാ കളർ സാരി സെറ്റുമുടുക്കേണ്ട സമയമാണന്ന്.

സത്യം അതൊന്നുമല്ല, അമ്മയുടെ കൂടെ ഇവളെ കണ്ടാൽ ആളുകൾ പല തവണ ചോദിക്കുന്നതെൻ്റെ ചെവിയിലും എത്തിയിട്ടുണ്ട്. അമ്മായമ്മയാണെന്ന് പറയുകയേയില്ല കീർത്തി മോളേ…ചേച്ചിയും അനിയത്തിയേയും പോലെയുണ്ട്.

സഹികെടുമ്പോൾ അവൾ തന്നോടും ചോദിക്കും ഏട്ടാ എനിക്കാണോ അമ്മക്കാണോ ഭംഗി കൂടുതൽ…മറുപടി പറയാതെ ഞാനെല്ലാം തലയാട്ടി കേൾക്കും. താൻ ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായാൽ മതി പിന്നെ കണ്ണുപൊട്ടുന്ന ചീത്ത വിളിയായിരിക്കും. ആ ചേച്ചി അനിയത്തി ബന്ധമാണ് ഇന്നത്തെ പ്രശ്നത്തിൻ്റെ പ്രധാന വില്ലൻ.

അലമാരയിൽ നിന്ന് പെർഫ്യൂ എടുത്ത് കക്ഷത്തിലേക്ക് അടിക്കുമ്പോൾ അതിൻ്റെ ആ ത്രസിപ്പിക്കുന്ന ഗന്ധം മുക്കിലേക്ക് അടിച്ചു കയറി. കീർത്തി…നിൻ്റെ ഈ നിൽപ്പുകണ്ട് ഞാൻ വല്ലതും ചെയ്തു പോകും. പോയി വേഷം മാറെടീ…അവൾ സാവധാനം എഴുന്നേറ്റു. കിണുങ്ങി കൊണ്ട് അവൻ്റെ അടുക്കലോട്ട് ചെന്നു.

വിനുവേട്ടാ, ആശുപത്രില് പോകുന്നതിന് അമ്മയെന്തിനാ…വിനോദിൻ്റെ മനസ്സിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി ഒത്താൽ ഒത്തു. ഒന്നു പരീക്ഷിച്ചു നോക്കാം.

കീർത്തി മോളേ…അമ്മയെ കൊണ്ടു പോകുന്നത് എന്തിനാണെന്ന് അറിയുമോ…ഇത് രണ്ടാം മാസം. ഇനി ഏഴ് മാസം കഴിയണം നമ്മുടെ ഉണ്ണി പുറത്തു വരാൻ…ചില കാര്യങ്ങൾ ഡോക്ടർമാർ ഭർത്താവിനോട് പറയില്ല. സ്ത്രീകളോടെ പറയൂ…നിനക്കു പ്രസവ സമയത്ത് നല്ല ഭക്ഷണം വേണ്ടേ…

വേണം. അവൾ അവനോട് കുറച്ചും കൂടി ചേർന്നു നിന്നു കൊണ്ടു പറഞ്ഞു. അപ്പോൾ അതു ഉണ്ടാക്കിത്തരേണ്ടത് ആരാണ്. അമ്മ…അപ്പോൾ ഡോക്ടർ പറയുന്നത് കേട്ടാലല്ലേ അമ്മക്കത് നിനക്ക് ഉണ്ടാക്കിത്തരാൻ പറ്റൂ. പറഞ്ഞു കഴിഞ്ഞതും കലങ്ങിയ മിഴികൾ തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ അവൾ ശ്രമിച്ചു തുടങ്ങി. അവളുടെ മുഖം ചെറുതായി വിടരുന്നതു കണ്ടപ്പോൾ അവനു സംഗതി ഏറ്റൂ എന്ന് ഉറപ്പായി.

പിന്നെ കീർത്തി വേറെ ഒരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. എന്താ ഏട്ടാ….നീ വായിച്ചിട്ടില്ലേ…ഭർത്താവിൻ്റെ അച്ഛൻ്റെയോ അമ്മയുടെയോ നിറവും ചായയും പിറക്കാൻ പോകുന്ന മക്കൾക്കും കിട്ടുമെന്ന്…നമുക്ക് ഒരു പെൺകുഞ്ഞാണെങ്കിൽ അമ്മയുടെ നിറം കിട്ടേണ്ടേ…അല്ലങ്കിൽ നിൻ്റെ അമ്മയുടെ നിറമാണ് കിട്ടിയതെങ്കിൽ നീയൊന്ന് ആലോചിച്ചു നോക്കിക്കട്ടേ…

അവൾ ആലോചിക്കുന്നതു കണ്ടപ്പോൾ അവളുടെ അമ്മയുടെ കറുത്തിരുണ്ട മുഖമാണ് തന്റെ മുന്നിലൂടെ കടന്നു പോയത്. അവളുടെ ചിന്തകൾ സമയകൂടുതൽ എടുക്കുന്നതു കണ്ടപ്പോൾ അവളെ തട്ടി വിളിച്ചു. കീർത്തി, എന്തു പറ്റി…

ഒന്നുമില്ല ഏട്ടാ…അവൻ ഉള്ളു കൊണ്ട് ചെറുതായി ചിരിച്ചു. സ്വന്തം അമ്മയുടെ കുറവുകൾ ഏതു ഭാര്യയാണ് ഈ ലോകത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിട്ട് ഏട്ടാ ബാക്കി പറ…

വേറെ എന്തു പറയാൻ, ഇവിടുത്തെ അമ്മയുടെ സ്നേഹവും ലാളനയും പിടിച്ചുപറ്റിയാൽ നമുക്കും നമ്മുടെ കുഞ്ഞിനും കൊള്ളാം. എനിക്കൊന്നും വേണ്ടിയട്ടല്ല. നിനക്കു വേണ്ടിയിട്ടാ….ഒരു നിസാരമട്ടിൽ പറഞ്ഞു കൊണ്ടവൻ അവളുടെ മുഖത്തു നിന്ന് തല തിരിച്ചു.

സാരിയെടുക്കാനായി അവൾ അലമാരയിലേക്ക് കൈകൾ നീട്ടിയപ്പോൾ മനസ്സിനു വല്ലാത്ത ഒരു സന്തോഷം തോന്നി. കുറച്ചു നാളത്തേക്കെങ്കിലും ഒരു സന്തോഷം ഉണ്ടായിരിക്കും ഈ വീട്ടിൽ…സാരിയെല്ലാം ഉടുത്ത് പുറത്തിറങ്ങാൻ നേരമാണ് അവളുടെ പതിവു വിളി. ഏട്ടാ ഒരു മിനിറ്റ്…

സാരിക്ക് ഫ്ലീറ്റ് എടുത്തു കൊടുക്കാനെന്ന് ധരിച്ചു കുനിഞ്ഞപ്പോഴാണ്. അവളുടെ ചോദ്യം വീണ്ടും തന്നെ അമ്പരപ്പിച്ചത്. അത് പിന്നെ ഏട്ടാ…ഏഴാം മാസില് ഞാൻ എൻ്റെ വീട്ടില് പോണല്ലോ…അപ്പോൾ എൻ്റെ കാര്യങ്ങൾ നോക്കുക എൻ്റെ അമ്മയല്ലേ…അതുകൊണ്ട് ഞാനൊരു കാര്യമങ്ങ് തീരുമാനിച്ചു. പ്രസവം ഇവിടെത്തന്നെ ഏട്ടൻ്റ അമ്മയുടെ മേൽനോട്ടത്തിൽ…അമ്മക്കും അതു വലിയ സന്തോഷമാകും അല്ലേ ഏട്ടാ…

ആ സാരിത്തലപ്പിൽ കുത്തിപ്പിടിച്ചിരുന്നവൻ ആലോചിച്ചു, ഒരു കെട്ടഴിച്ചപ്പോൾ അടുത്തത് കടും കെട്ടാണല്ലോ എൻ്റെ ഈശ്വരാ…ഇവൾ കൊടുങ്ങല്ലൂരമ്മയാണെങ്കിൽ താഴെ അമ്മ…ചോറ്റാനിക്കരമ്മയാണ്.