(രചന:ശാലിനി മുരളി) -വേണ്ട.അച്ഛന്റെ കൂടെ ഇനി ജീവിക്കണ്ടാ.ഈ അച്ചനെ ഞങ്ങൾക്ക് വേണ്ടാ.
കോടതിമുറിയിൽ ഒരു വല്ലാത്ത നിശബ്ദത പടർന്നു.വിസ്താരക്കൂട്ടിൽ നിന്നിരുന്ന അവളെ പലർക്കും കാണാൻപോലും പറ്റുന്നുണ്ടായിരുന്നില്ല.ഒരു കൊച്ചു കുട്ടി.പിന്നിലായി നിന്ന അവളുടെ അമ്മ മുഖം കുനിച്ച് ആരെയും നോക്കാതെ നിന്നു.ചോദ്യങ്ങളും പറച്ചിലുകളുമെല്ലാം കഴിഞ്ഞു വിധി പിന്നത്തേക്ക് നീട്ടി വെച്ച് കോടതി പിരിയുമ്പോൾ പലരുടെയും കണ്ണുകൾ ആ പെൺകുട്ടിയെ തിരഞ്ഞു കൊണ്ടിരുന്നു.
അവളപ്പോൾ അമ്മയുടെ കയ്യും പിടിച്ചു ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞു മാറി മെല്ലെ നടന്നു.അമ്മയ്ക്ക് വിഷമം ഉണ്ടോ.ഞാൻ അങ്ങനെ പറഞ്ഞതിൽ?അനുരാധ മകളെ തന്നിലേക്ക് ചേർത്തു പിടിച്ചു.ഒരമ്മയുടെ മനസ്സ് അറിയുന്നവരാണ് യഥാർത്ഥ മക്കൾ. നീയെന്റെ അഭിമാനം കൂടിയാണ് സംരക്ഷിച്ചത്.വീട്ടിൽ എത്തിയപാടെ അനുരാധ അടച്ചിട്ടിരുന്ന മുറിയിലേക്കാണ് കയറിയത്.
അപ്പു ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു.അല്ലെങ്കിലും അവൻ എന്തെങ്കിലും അറിഞ്ഞിട്ട് എത്ര നാളുകളായി.നട്ടെല്ലിന് സാരമായ ക്ഷതം ഏറ്റ് എഴുന്നേൽക്കാൻ ആവാതെ അവന്റെ ജീവിതം ഇപ്പോൾ മറ്റുള്ളവരുടെ കാരുണ്യത്തിനായി കേഴുകയാണ്.
ഒരു വിവാഹം ഒരു പെൺകുട്ടിയുടെ ജീവിതം മാറ്റിമറിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്.നല്ലതും ചീത്തയും തിരിച്ചറിയാൻ ഒരു മനുഷ്യനെ കുത്തിതുറന്നു നോക്കാൻ കഴിയുമായിരുന്നെങ്കിൽ എത്രയോ പെൺകുട്ടികളുടെ ജീവിതം ഈയാം പാറ്റകളെ പോലെ നിമിഷ നേരം കൊണ്ട് ഇല്ലാതാകുമായിരുന്നില്ല.ഒരുപാട് നല്ല ആലോചനകൾ മാറി പോയപ്പോൾ ഇനിയും ഒത്തിരി നോട്ടമൊന്നും വേണ്ട.നിനക്ക് താഴെ ഇനിയും ഒരു പെൺകുട്ടി കൂടി ഉള്ളതാണെന്ന് പറഞ്ഞു അമ്മ വല്ലാത്ത നീരസം കാട്ടിക്കൊണ്ടിരുന്നു.ഒടുവിൽ ഒരാലോചന വന്നത് ആർക്കും വലിയ അഭിപ്രായ വ്യത്യാസം ഒന്നും തോന്നിയില്ല.
വിദേശത്ത് മിനിസ്ട്രിയിൽ ജോലിയുള്ള പയ്യൻ.കാണാനും വലിയ തെറ്റില്ല.വിവാഹം വലിയ ആർഭാടമായി തന്നെ നടന്നു.അധികം താമസിയാതെ തന്നെ കൂടെ കൊണ്ടുപോവുകയും ചെയ്തു.വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ കുറെ നാളുകൾ മുന്നോട്ട് പോയി.എങ്കിലും ചിലപ്പോഴൊക്കെ സ്വയം ചോദിച്ചിട്ടുണ്ട് എന്തൊക്കെയോ എവിടെയൊക്കെയോ ചില അപാകതകൾ കാണുന്നില്ലേ എന്ന്.സ്ത്രീകളെ കുറിച്ചുള്ള സംസാരങ്ങളിൽ ആള് വല്ലാതെ വാചാലമാകാറുണ്ടായിരുന്നു.ജോലി കഴിഞ്ഞാലും വീട്ടിലെത്താൻ വൈകുന്നതും ഉറക്കത്തിനിടയിൽ കണ്ണുതുറന്നു നോക്കുമ്പോൾ ശൂന്യമായ കിടക്കയുടെ പാതിയും മനസ്സിൽ വല്ലാത്തൊരു കരടായി കിടന്നു.
മദ്യപാനത്തിന്റെ അളവുകളിലുള്ള മാറ്റങ്ങൾ നിയന്ത്രിക്കാൻ നോക്കിയെങ്കിലും ഒരു ഫലവും കണ്ടില്ല.അതിനോടൊപ്പം ഒരു ഇടിത്തീ പോലെ സംശയരോഗവും ഉപദ്രവങ്ങളും കൂടിയത് ജീവിതം വഴിമുട്ടിയ അവസ്ഥയിലേക്കാക്കി.മകന് മൂന്ന് വയസ്സ് മാത്രം പ്രായം.ജോലിക്ക് പോകുമ്പോൾ പുറത്തു നിന്ന് വാതിൽ ലോക്ക് ചെയ്‌തും ജനലഴികകൾ തുറക്കാതിരിക്കാനായി ചെറിയ ആണികൾ അടിച്ചു വെച്ചും കൂട്ടിലടച്ച പേടമാനിനെ പോലെ അവളോടുള്ള അയാളുടെ ക്രൂരതകൾ തുടർന്നുകൊണ്ടിരുന്നു.
ചില രാത്രികളിൽ പുറത്ത് പോകാനൊരുങ്ങിയതുപോലെ വേഷം മാറിയും മുഖം മിനുക്കിയും ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങുന്ന അയാളെ കാണുമ്പോൾ എന്തെന്നില്ലാത്ത വെറുപ്പ് ആണ് തോന്നിയിരുന്നത്.ആ രാത്രിയിലെ അയാളുടെ നിദ്രകൾ പുറത്ത് ഏതെങ്കിലും സ്ത്രീകളോടൊപ്പം ആയിരിക്കുമെന്ന് ഇതിനോടകം അവൾ മനസ്സിലാക്കിയിരുന്നു.മദ്യത്തിന്റെയും സിഗററ്റിന്റെയും ശ്വാസം മുട്ടിക്കുന്ന രൂക്ഷ ഗന്ധത്തോടൊപ്പം ശരീരത്തിലൂടെ ഒരു തേരട്ടയെ പോലെ ഇഴഞ്ഞു നീങ്ങുന്ന വിരലുകൾ അവളിൽ മനം പിരട്ടലാണുണ്ടാക്കിയത്.
മറ്റൊരു പെണ്ണിനെ സ്പർശിച്ച വിരലുകൾ കൊണ്ട് തന്റെ ദേഹത്ത് തൊടുന്ന വൃത്തികെട്ട കൈകൾ വെട്ടിമാറ്റാനുള്ള പകയായിരുന്നു മനസ്സിലപ്പോൾ.അതിന്റെ തീചൂടിൽ ചുട്ടുപഴുത്തു കിടക്കുമ്പോൾ ‘ശവം’ എന്ന് മുരണ്ടുകൊണ്ട് ചാടി കുതിച്ച് എഴുന്നേറ്റു പോകുന്ന അയാൾ പുറത്ത് കാർ സ്റ്റാർട്ട് ചെയ്യുന്നതിന്റെ ഒച്ചകൾ പോലും ചിലപ്പോൾ അവളിൽ ഇടിമുഴക്കങ്ങൾ പോലെയാണ് തോന്നിപ്പിച്ചത്.
മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേരാൻ എത്തിയ തൃശൂർക്കാരായ ഒരു കുടുംബവുമായി അവൾക്ക് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു.അനുരാധ നല്ലൊരു ഫാമിലിയിൽ നിന്നുള്ളതാണെന്നാണല്ലോ ഞങ്ങളൊക്കെ കേട്ടിരിക്കുന്നത്.പിന്നെയെങ്ങനെയാണ് ഇത്തരമൊരു ബന്ധത്തിൽപെട്ടുപോയത്.സ്വരം താഴ്ത്തിയാണ് ശ്രീദേവിച്ചേച്ചിയുടെ ഭർത്താവ് അത് ചോദിച്ചത്.ഞങ്ങൾ വർഷങ്ങളായിട്ടു സുഹൃത്തുക്കളാണ്. അതുകൊണ്ട് എനിക്ക് രാജീവനെ നല്ലത് പോലെയറിയാം.അനുരാധയെപ്പോലൊരു കുട്ടി ഇയാൾക്ക് ഒട്ടും പറ്റിയതായിരുന്നില്ല.ഇനിയിപ്പോ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോവുക.ശ്രീദേവി ചേച്ചിയുടെ മുഖത്തും അപ്പോൾ തന്നോടുള്ള സഹതാപം മാത്രമാണ് കണ്ടത്.
പ്രായം തികഞ്ഞുപോയാൽ പെണ്മക്കൾ ഒരു ബാധ്യത ആണെന്ന് കരുതുന്ന എല്ലാ അച്ചനമ്മമാർക്കും ഉള്ള ഒരു പാഠമാകട്ടെ തന്റെ ജീവിതം.ഒരു പ്രതികാരം പോലെയാണ്.അവൾ സ്വന്തം ജീവിതത്തെ കണ്ടത്.എതിർത്തു പറയുമ്പോൾ കടുത്ത ഉപദ്രവങ്ങൾ ആയിരുന്നു.ഒരിക്കൽ അയാൾ അവളുടെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി.ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങൾ.അന്ന് ഹോസ്പിറ്റലിൽ അയാൾ തന്നെ അവളെയും കൊണ്ടുപോയപ്പോഴാണ് അവൾ രണ്ടാമതും ഗർഭിണിയാണെന്ന സത്യം പോലും മനസ്സിലാക്കിയത്.വാഷ്ബേസിന്റെ വക്കിൽ മുഖം ഇടുപ്പിച്ചു മുഖമാകെ നീര് വന്നപ്പോഴും അയാൾ തിരിഞ്ഞു നോക്കിയില്ല.
ഒരു രാത്രിയിൽ കൂടെ വന്ന സുഹൃത്ത് മദ്യത്തിന്റെ ലഹരിയിൽ കയറി പിടിക്കാൻ വന്നപ്പോൾ നിയന്ത്രണം വിട്ട് കത്തിയെടുത്തു ഓങ്ങി.ഇറങ്ങിപ്പൊക്കോണം ഈ നിമിഷം. ഇല്ലേൽ ഞാൻ കുത്തിക്കീറും.അയാൾ പെട്ടെന്ന് വാതിൽ തുറന്നു പുറത്തിറങ്ങി.പക്ഷേ താൻ വിളിച്ചു കൊണ്ട് വന്ന കൂട്ടുകാരനെ അപമാനിച്ചു വിട്ടുവെന്നു
പറഞ്ഞു കൊടും പീഡനങ്ങൾ അഴിച്ചു വിട്ടു.ഒടുവിൽ ഇനി ജീവിക്കണ്ടായെന്നുതന്നെ തീരുമാനിച്ചു ബാത്‌റൂമിൽ കയറി വാതിലടച്ചു.
കയ്യിലപ്പോൾ മൂർച്ചയുള്ള ഒരു ബ്ലേഡും തകർന്നൊരു മനസ്സും മാത്രമായിരുന്നു കൂട്ട്.വാതില് തുറക്കമ്മേ.എനിക്ക് പേടിയാ.വാതില് തുറക്ക്.പുറത്ത് പിഞ്ചിളം കൈ കൊണ്ട് തട്ടിവിളിച്ചു കരയുന്ന മകന്റെ ശബ്ദം അവളെ ഒരു ഞടുക്കത്തിലെന്നവണ്ണം ഉണർത്തി.വാതിൽ തുറന്ന് ഇറങ്ങിയപ്പോൾ കരഞ്ഞു വിളിച്ചു നിൽക്കുന്ന കുഞ്ഞിനെ അവൾ മാറോടു ചേർത്ത് ആർത്തലച്ചു.
ഇനി വയ്യാ.ഇവിടെ നിന്നാൽ ഇനി അയാൾ തന്നെയും കുഞ്ഞിനേയും പച്ചക്ക് കത്തിക്കും.വയറ്റിൽ വളരുന്ന ഒരു കുഞ്ഞ് ജീവനെപ്പോലും ചിന്തിക്കാതെ കൊടിയ ഉപദ്രവമേല്പിക്കുന്ന ഒരു ഭർത്താവിന്റെ കൂടെയുള്ള ജീവിതം മതിയായി കഴിഞ്ഞിരുന്നു.പക്ഷേ ജോലിക്ക് പോകുമ്പോഴെല്ലാം പുറത്ത് നിന്ന് വാതിൽ താഴിട്ട് പൂട്ടിയിട്ട് പോകുന്ന ഒരു വീട്ടിൽ നിന്ന് എങ്ങനെ രക്ഷപ്പെടാനാണ്.പിന്നെ കുറെ ദിവസങ്ങൾ അയാളുടെ വലിയ ശല്യംഉണ്ടായില്ല.പുറത്ത് നിന്ന് വീട് പൂട്ടാൻ പോലും അയാൾ മറന്നു തുടങ്ങിയിരുന്നു.അടുത്തൊരു പുതിയ ബന്ധം അപ്പോഴയാൾക്ക് അത്ര ഹരമായി തുടങ്ങിയിരുന്നു.മകന് ഒരിക്കൽ പനി കൂടി ഹോസ്പിറ്റലിൽ കൊണ്ട് പോയി തിരികെ വരുമ്പോൾ കാറിൽ അയാൾക്കൊപ്പം സഞ്ചരിച്ച ഒരു സ്ത്രീയെ അവൾ തിരിച്ചറിഞ്ഞു.
പുതിയതായി അടുത്ത ഫ്ലാറ്റിൽ താമസിക്കാനെത്തിയവർ.
അന്ന് ചോദിക്കരുതെന്നു വിചാരിച്ചിട്ടും മനസ്സിനെ അടക്കാനായില്ല.അതിനെക്കുറിച്ചുള്ള തർക്കങ്ങൾ ഒടുവിൽ വലിയ കലാപത്തിലാണ് അവസാനിച്ചത്.അവൾക്ക് നേരെ ചവിട്ടാൻ ഉയർത്തിയ കാലിൽ ഓടിവന്നു പിടിച്ച മകനെ അയാൾ തൊഴിച്ചെറിഞ്ഞു.തെറിച്ചുപോയ അവൻ നടുവടിച്ചാണ് വീണത്.നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു ബോധം നഷ്ട്ടപ്പെട്ട മകനെയുമെടുത്തു പുറത്തേക്കാണ് ഓടിയത്.
വാരിയെല്ലുകൾക്കു ക്ഷതമേറ്റ് നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആ പിഞ്ചുകുഞ്ഞ്.ഹോസ്പിറ്റലിൽ നിന്ന് കുറെ ദിവസങ്ങൾക്ക് ശേഷം തിരികെ വരുമ്പോൾ അവൻ ചോദിച്ച വാക്കുകൾ അവളിൽ ഇന്നും ഒരു നെരിപ്പോട് പോലെ എരിഞ്ഞു കൊണ്ടിരിക്കുന്നു.ഇനിയെനിക്ക് ഒരിക്കലും എഴുന്നേൽക്കാൻ പറ്റില്ലേ അമ്മേ.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.നാട്ടിലേക്കുള്ള യാത്രയിൽ അയാളോടൊരു യാത്ര ചോദിക്കാൻ പോലും അവളുടെ മനസ്സ് അനുവദിച്ചില്ല.നാട്ടിൽ ഒരുപാട് ചികിത്സയും വഴിപാടുമൊക്കെ ആയി കുറച്ചു ഭേദം കണ്ടു തുടങ്ങിയിരുന്നു.പക്ഷേ പണത്തിന്റെ കുറവ് അപ്പോഴെല്ലാം ഒരു ചോദ്യചിഹ്നം പോലെ അവർക്കിടയിൽ ഉയർന്നു വന്നു.അപ്പോഴേക്കും അവൾക്കൊരു മകൾ കൂടി ഉണ്ടായിക്കഴിഞ്ഞിരുന്നു.സ്വന്തം അച്ഛനെ ജനിച്ചതിൽ പിന്നെ കണ്ടിട്ടേയില്ല.എന്നിട്ടും ഏട്ടന്റെ ഈ അവസ്ഥക്ക് കാരണം തങ്ങളുടെ അച്ഛനാണെന്ന അറിവ് കുഞ്ഞ് മനസ്സിന് പോലും താങ്ങാനായില്ല.അച്ഛനോടുള്ള പക അവളിൽ അടിമുടി നിറഞ്ഞു നിന്നു.
എല്ലാവരുടെയും നിർബന്ധം കൊണ്ട് ആണ് ഒരു വക്കീലിനെ കണ്ടതും ഡിവോഴ്സ് നോട്ടീസ് കൊടുത്തതും.രണ്ട് കുഞ്ഞുങ്ങൾക്ക് ചിലവ് കാശും നഷ്ടപരിഹാരവും വാങ്ങിച്ച് തരാം എന്ന് വക്കീലിന്റെ ഉറപ്പിൽ ആണ് വിസ്താരത്തിനു ചെല്ലുന്നത്.അയാളെ ഒരിക്കൽ മാത്രം കോടതിയിൽ വെച്ച് കണ്ടു.പിന്നീടൊക്കെയും കോടതി മുറിയിൽ വരുന്ന സഹോദരിമാർ അവളുടെ നേരെ കാർക്കിച്ചു തുപ്പുകയും അസഭ്യം പുലമ്പുകയുംചെയ്തു.അനുരാധയിൽ അതൊന്നും യാതൊരു ചലനങ്ങളും സൃഷ്ടിച്ചില്ല.
പക്ഷേ ഇന്ന് തന്റെ മകൾ തന്നെ പ്പോലും അതിശയിപ്പിച്ചു കളഞ്ഞിരിക്കുന്നു..
എത്ര ശക്തമായ ഭാഷയിലും സ്വരത്തിലുമാണ് അവളിന്ന് കോടതിയിൽ അയാൾക്കെതിരെ മൊഴി കൊടുത്തത്.പാവം കുട്ടി അന്നത്തെ ആ ഉപദ്രവത്തിൽ ഈഅമ്മയുടെ വയറ്റിൽനിന്ന് അലിഞ്ഞുപോകേണ്ടിയിരുന്നവൾ.അനുരാധയുടെ മൂകമായ മനസ്സും നിറഞ്ഞൊഴുകിയ കണ്ണുകളും മകൻ കാണാതെ അവൾ മറച്ചു പിടിച്ചു.
എല്ലാം ശരിയാകും കേട്ടോ.എന്റെ കുട്ടന് എത്രയും പെട്ടെന്ന് എഴുന്നേറ്റു നടക്കാം.എന്റെ കുഞ്ഞിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചിട്ട് വേണം അമ്മയ്ക്ക് മരിക്കാൻ.അവൾ അവന്റെ തലമുടിയിലും മുഖത്തും ആർദ്രമായിതലോടിക്കൊണ്ടിരുന്നു.അപ്പോൾഅവൻ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു.ഇല്ലാ ഞാനെങ്ങോട്ടും വിടില്ല എന്റെ അമ്മയെ എന്ന മട്ടിൽ