മക്കൾ ഓടി അടുക്കളയിൽ വന്നു വിളിച്ചു. അമ്മേ ഒന്ന് വന്നേ.ദേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ.
നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് പുറത്തേക്ക് ചെന്നത്. പുറം തിരിഞ്ഞ് നിൽക്കുന്ന മെലിഞ്ഞ് ഒട്ടിയ രൂപം കണ്ടിട്ട് ഒട്ടും മനസിലായില്ല. മക്കളെയൊന്ന് സംശയത്തോടെ വീണ്ടും നോക്കി. അവർ ഒന്നുമറിയാത്തപോലെ ചുവരിലേക്കും നോക്കി നിൽക്കുന്നു.
ആരാ? എന്താ മനസ്സിലായില്ലല്ലോ.
ഒന്നുതിരിഞ്ഞ ആളിനെ കണ്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി. പ്രകമ്പനം കൊള്ളുന്ന മനസ്സിനെ അടക്കാൻ വല്ലാതെ പാടുപെട്ടു. രണ്ട് കൈകുഞ്ഞുങ്ങളെയും നിരാലംബയായ തന്നെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞൊരു മനുഷ്യൻ. ഇന്നിപ്പോൾ എന്തിനായിരിക്കും ഇങ്ങനെ ഒരു തിരിച്ചു വരവ്. ആരെക്കാണാൻ?
അമ്മയുടെ മുഖഭാവം ശ്രെദ്ദിച്ചിട്ടായിരിക്കും മക്കൾ അടുത്തേക്ക് വന്നത്. പറഞ്ഞു വിടട്ടെ. മൂത്തയാൾ കാതിൽ അടക്കം ചൊല്ലി. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അനുഭവിച്ച ദുഃഖങ്ങളും അപമാനങ്ങളും ദുരിതങ്ങളും അത്ര പെട്ടെന്ന് മറക്കുവാൻ തനിക്ക് കഴിയുമോ? കഴിഞ്ഞ് പോയ കുറെയേറെ വർഷങ്ങൾ. എങ്ങോട്ട് പോയിരിക്കുകയായിരുന്നു ഇത്രയും നാൾ. സ്വന്തം വീട്ടുകാരു പോലും തള്ളിപ്പറഞ്ഞ നാളുകളിൽ കൂടെ നിന്നത് രണ്ട് കുഞ്ഞുങ്ങൾ മാത്രമായിരുന്നു. ഗൾഫിലെ സുഖജീവിതത്തിൽ ആറാടി തിമിർത്തു കഴിഞ്ഞപ്പോഴൊന്നും ഇങ്ങനെ ഒരമ്മയും കുഞ്ഞുങ്ങളും നാട്ടിൽ പട്ടിണിയും പരിവട്ടവുമായി അലയുന്നത് അറിഞ്ഞിട്ടും കാണാത്ത മട്ടിൽ മുഖം തിരിച്ചുപോയൊരു മനുഷ്യൻ. അയാളെ ഊറ്റിപിഴിഞ്ഞു കൊണ്ടിരുന്ന സഹോദരിമാർക്കുപോലും തങ്ങൾ ഒരു ബാധ്യതയും കല്ലുകടിയുമായിരുന്നു.
വിവാഹം കഴിഞ്ഞും കുറെ നാളുകൾക്കു ശേഷമായിരുന്നു ആ സത്യം മനസ്സിലാക്കുന്നത്. അയാൾ നാട്ടിൽ വരുമ്പോഴൊക്കെ ഓടിവന്നിരുന്ന അമ്മായിയുടെ മോളും കൂടെ ഒരു കുഞ്ഞും.. തന്റെ മുന്നിൽ വെച്ചുപോലും അമിതമായി സ്വാതന്ത്ര്യം കാട്ടിയതു കണ്ട് മുറുമുറുത്തപ്പോൾ തിരിച്ചുള്ള മറുപടി ഉപദ്രവങ്ങളായിരുന്നു. ഒരിക്കൽ താൻ നിൽക്കുന്നതറിയാതെയാണ് അമ്മ പറഞ്ഞത് കുഞ്ഞിനെ സ്കൂളിൽ ചേർക്കാൻ നിന്റെ ഒപ്പ് വേണമെന്ന്. അയാളതിന് എന്തോ മറുപടി പറയാനൊരുങ്ങുമ്പോഴാണ് തന്റെ നിഴലനക്കം കണ്ടത്. അന്ന് ആ കേട്ടത് വെറുമൊരു സ്വപ്നം മാത്രമായിരിക്കണേയെന്നു അറിയാതെ ആഗ്രഹിച്ചു പോയി. പക്ഷേ പിന്നീടുള്ള പലരുടെയും അടക്കം പറച്ചിലുകളിൽ നിന്ന് പതിയെ പതിയെ എല്ലാം മനസ്സിലാവുകയായിരുന്നു.
കല്യാണം കഴിഞ്ഞ് അധികം താമസിയാതെ ഒരു അപകടത്തിൽ ഭർത്താവ് മരിച്ചുപോയ അവളുടെ കാര്യങ്ങൾ മുഴുവൻ നോക്കിയിരുന്നത് സ്വന്തം ഭർത്താവായിരുന്നത്രെ. പിന്നീട് ഒരു കുട്ടിയുണ്ടായപ്പോഴും ആരും ചോദ്യം ചെയ്യാൻ മുതിർന്നില്ല. പരസ്യമായ ഒരു രഹസ്യമായി എല്ലാവരുടെയും ഉള്ളിൽ അത് ചാരം മൂടി കിടന്നു. പിന്നെയെപ്പൊഴോ ആണ് തന്നെ വിവാഹം കഴിക്കുന്നതും വിദേശത്ത് പോകുന്നതും. ആ നടുക്കുന്ന സത്യം അറിഞ്ഞ നാൾ മുതൽ അയാളിൽ നിന്ന് മനസ്സും ശരീരവും അകലാൻ തുടങ്ങി. അതിന് അയാൾ ഉപദ്രവങ്ങളിലൂടെ കാര്യം നേടിയെടുത്തും പട്ടിണിക്കിട്ടും കൊല്ലാ കൊല ചെയ്തു.
അവധിക്ക് വരുമ്പോഴൊക്കെയും താൻ കാൺകെ അവളുടെ വീട്ടിൽ അന്തിയുറങ്ങാനും കൂടി ആരംഭിച്ചപ്പോൾ രണ്ട് മക്കളെയും കൊണ്ടു ആ പടിയിറങ്ങേണ്ടി വന്നു. പിന്നീട് ഒരു ബന്ധത്തിനും തങ്ങൾ മൂന്നുപേരും അങ്ങോട്ട് പോയിട്ടില്ല.അന്വേഷിച്ച് വന്നതുമില്ല. ഒരുപാട് കഷ്ടപ്പെട്ടും, ഓടിനടന്നു ജോലിയെടുത്തും മക്കളെ പഠിപ്പിച്ചു. ഇന്ന് ഒരുവിധം സമാധാനത്തോടെ കഴിയുമ്പോഴാണ് വീണ്ടും ഓർക്കാനിഷ്ടമില്ലാത്ത ആ മുഖം മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മക്കൾക്ക് പോലും വെറുപ്പായിരിക്കുന്നു. അവർക്കറിയാം തങ്ങൾ ഇതുവരെ അനുഭവിച്ച വിഷമങ്ങൾ എല്ലാം. ഗൾഫിൽനിന്ന് അയയ്ക്കുന്ന ശമ്പളത്തിന്റെ മുഴുവൻ പങ്കും പറ്റുന്നത് അമ്മയും അയാളുടെ സഹോദരിമാരായിരുന്നു.
ഇന്ന് ഇങ്ങോട്ട് കയറി വരാൻ ഇയാൾക്ക് എന്ത് യോഗ്യതയാണുള്ളത്. അമ്മേ എന്താ പറയേണ്ടത്.
വാതിൽ അടച്ചേക്കട്ടെ. ഒരു ദയയുമില്ലാതെ മൂത്ത മകൻ പറയുന്നത് കേട്ട് അവന്റെ മുഖത്ത് നോക്കി എന്താ പറയേണ്ടതെന്ന് ഒരു നിമിഷം ആലോചിച്ചു. ഞാൻ വരാം. ഞാൻ പറഞ്ഞോളാം.
അവനോടൊപ്പം വെളിയിലേക്കിറങ്ങി ചെല്ലുമ്പോൾ അയാൾ തിണ്ണയുടെ ഓരത്ത് എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിന്നിരുന്നു. ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താ. ഇനിയും സ്വസ്ഥമായിട്ട് ജീവിക്കാൻ ഞങ്ങളെ അനുവദിക്കത്തില്ലേ. അയാൾ തന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൈകൂപ്പി. ഉള്ളിലൊരു ചിരിയാണ് തോന്നിയത്. ഇത് ഏത് അടവാണെന്ന് മാത്രം അറിഞ്ഞാൽ മതി.
ഞാനിപ്പോൾ ആരുമില്ലാത്തവനായിപ്പോയി. ആർക്കും വേണ്ടാത്തവനായി പോയി. നിങ്ങളെ ഒന്ന് അവസാനമായിട്ട് കാണണമെന്നുണ്ടായിരുന്നു. ഇനി തിരിച്ചു പൊയ്ക്കൊള്ളാം.കൂപ്പിയ കരങ്ങൾക്കിടയിലൂടെ കണ്ണുനീർ ഒരു ചുടുരക്തം പോലെ ഇറ്റിറ്റ് വീണു. നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന താലി ചുട്ടു പൊള്ളുന്നത് പോലെ. ഇന്ന് ഞാൻ ഒന്നുമില്ലാത്തവനാണ്. അതുകൊണ്ട് ആർക്കും എന്നെയിപ്പോൾ വേണ്ടാതായിരിക്കുന്നു. പണം ഉണ്ടെങ്കിൽ മാത്രമേ ബന്ധങ്ങളും ഉണ്ടാവൂ എന്ന് ഞാനിപ്പോൾ പഠിച്ചു. ഇനി ഞാൻ ഇറങ്ങുവാണ്. മക്കളോട് പറയണം, ഈ അച്ഛനെ ശപിക്കരുതെന്നും ഒരു തെറ്റ് പറ്റിപ്പോയതാണെന്നും.
ഇടറി വീണ വാക്കുകളിലെ കുറ്റബോധവും വേദനയും ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന ആ പഴയ ദുർബലയായ ഭാര്യയെ പിടിച്ചു കുലുക്കിയുണർത്തുന്നുണ്ടോ. അറിയാതെ മക്കളെ ഒന്ന് നോക്കി. അവർ മറ്റെവിടെയൊക്കെയോ ചിതറിയ നോട്ടത്തോടെ നിൽപ്പുണ്ട്.വെയിൽ വാടിയ വഴിയിലേക്കിറങ്ങുമ്പോൾ അയാൾ ഒന്ന് വെച്ചു പോയി. മുന്നോട്ട് അറിയാതെ ആഞ്ഞു പോയ തന്നെ തടഞ്ഞ് മക്കൾ പുറത്തേക്കിറങ്ങി.
രണ്ട് വശത്തും ചേർത്ത് പിടിച്ച് തിരികെ അച്ഛനെയും കൂട്ടി പടികയറിവരുന്ന മക്കളെ കണ്ണുനീരിനിടയിലൂടെയാണ് കണ്ടത്. മുന്നിൽ വന്നു കൈ കൂപ്പി കരയുന്ന ആ മനുഷ്യൻ ഒരിക്കൽ തന്റെ എല്ലാമായിരുന്നുവല്ലോ എന്ന് ഉരുകുന്ന ഹൃദയത്തോടെ ഓർത്തുപോയി. കാലം തെറ്റുകൾ മനസ്സിലാക്കി മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു. ഇനി എന്ത് ശിക്ഷ വേണമെങ്കിലും നടപ്പിലാക്കാൻ തനിക്ക് മാത്രമാണ് അധികാരം. പക്ഷെ ഭാര്യ എന്നതിനേക്കാൾ ഒരമ്മയുടെ ഹൃദയമാണ് തന്നെ ഇപ്പോൾ ഭരിക്കുന്നത്. മക്കൾ ചേർത്ത് പിടിച്ചിരിക്കുന്നത് അവരുടെ അച്ഛനെയാണ്.
പകരത്തിനു പകരം ചോദിക്കാൻ തനിക്കെന്ത് അവകാശം. ക്ഷമ ഒരമൂല്യ രത്നം പോലെയാണെന്ന് കുട്ടിക്കാലത്ത് അച്ഛൻ എപ്പോഴും പറഞ്ഞു തന്നിട്ടുണ്ട്. അതിന്റെ തിളക്കം ആണ് നമ്മുടെ ജീവിതത്തിൽ ഉടനീളം പ്രകാശിക്കേണ്ടതെന്നും. പ്രതികാരം നമുക്ക് പറഞ്ഞിട്ടുള്ളതല്ല. ഇന്ന് തന്റെ മാപ്പ് കൊടുക്കൽ മക്കൾക്ക് വേണ്ടിയാണ്. അവർ പിന്നീടൊരിക്കലും തന്റെ നേരെ കൈ ചൂണ്ടാതിരിക്കാൻ. അകത്തേക്ക് അച്ഛനെയും കൊണ്ട് കയറുന്ന മക്കൾ തന്നെ നോക്കിയൊന്ന് ചിരിച്ചു. ചെയ്യുന്നത് ശരിയല്ലേ എന്ന മട്ടിൽ.
പിണക്കങ്ങളും പ്രതികാരങ്ങളും നൊമ്പരങ്ങളും അലിഞ്ഞില്ലാതായ സ്വച്ഛമായ ഒരു ഹൃദയം ഒരേ താളത്തിലപ്പോൾ മിടിച്ചുകൊണ്ടിരുന്നു.